ഒരു മനുഷ്യൻ, ഒരു കുളം, കുറേ തവളകൾ; അവയ്ക്കായി ആവാസവ്യവസ്ഥയൊരുക്കി ഹാഡ്ലി രഞ്ജിത്ത്


അമൃത എ.യു.

6 min read
Read later
Print
Share

ഹാഡ് ലീ രഞ്ജിത്

അടുത്തറിയുന്തോറും നമ്മെ അത്ഭുതപ്പെടുത്തുന്നതാണ് പ്രകൃതി. ഒട്ടനവധി ജീവജാലങ്ങളുടെ കലവറ. ജീവജാലങ്ങളിൽ പ്രധാനപ്പെട്ടതാണ് തവളകൾ ഉൾപ്പെടുന്ന ഉഭയ ജീവികൾ. ലോകത്ത് വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഏറ്റവും മുന്നിലാണ് ഉഭയജീവികൾ. ഉഭയജീവികളിൽ 41% ഇനങ്ങളും വംശനാശ ഭീഷണി നേരിടുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 190 ലധികം ഉഭയജീവികൾ കാണപ്പെടുന്നുണ്ട്. മഴക്കാലമായാൽ ഇടതടവില്ലാതെ അയഞ്ഞും മുറുകിയും പാട്ടുപാടുന്ന തവളകൾ അവയിലൊന്നുമാത്രം. ഇന്ന് ഇത്തിരിപ്പോന്ന ഈ തവളകളും വംശനാശത്തിന്റെ ഭീഷണിയിലാണ്. ഏറ്റവും ഗുരുതരമായ വംശനാശത്തിന്റെ വക്കിലെത്തിയ തവളകളിലൊന്നാണ് പുള്ളിപ്പച്ചിലപ്പാറൻ. ഇത് മനസിലാക്കി പുള്ളിപ്പച്ചിലപ്പാറനെ സംരക്ഷിക്കുന്നതിനായി ഒരു കുളമൊരുക്കിയിരിക്കുകയാണ് മൂന്നാർ സ്വദേശിയായ ഹാഡ്ലി രഞ്ജിത്ത്. പക്ഷേ ഇന്ന് ആ കുളത്തിൽ ഇന്ന് പുള്ളിപ്പച്ചിലപ്പാറനെക്കൂടാതെ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായി തുടങ്ങിയ ആറോളം സ്പീഷിസുകളിൽപ്പെട്ട തവളകളാണ് ജീവിക്കുന്നത്. തവളകളുടെ ഇരതേടലും ഇണചേരലും പ്രജനനവുമെല്ലാം ഇന്ന് ഇവിടെ നടക്കുന്നു.

പശ്ചിമഘട്ട മലനിരകൾ തവളകളുടെ ഒരു ഹോട്ട്സ്പോട്ട് ആണ്. മൂന്നാറിലും തവളകളുടെ സ്പീഷിസിന്റെ എണ്ണം വളരെയധികം കൂടുതലാണ്. അമ്പതിലധികം തവള വർഗങ്ങളാണ് മൂന്നാറിൽ നിന്നും കണ്ടെത്തിയിട്ടുള്ളത്. അതിൽ പലതും ഇന്ന് ലോകത്ത് ഒരിടത്തും വസിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. പശ്ചിമഘട്ട മലനിരകളിലും മൂന്നാറിലും നോക്കുമ്പോഴും തവളകളും ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്നവയാണ്. അത്തരത്തിൽ വംശനാശ ഭീഷണി നേരിടുന്നവയിൽപെട്ട പുള്ളിപ്പച്ചിലപ്പാറനായാണ് രഞ്ജിത്ത് പ്രത്യേക ആവാസവ്യവസ്ഥ പുനർ നിർമിച്ചിട്ടുള്ളത്.

തുടക്കം ടൂറിസ്റ്റ് ഗൈഡായി
പതിമൂന്ന് വർഷങ്ങൾക്ക് മുമ്പാണ് രഞ്ജിത്ത് പ്രകൃതിയെ അടുത്തറിഞ്ഞ് തുടങ്ങിയത്. നാട്ടിൽ വെറുതേയിരുന്ന സമയത്താണ് ടൂറിസ്റ്റ് ഗൈഡായി ഒരു കമ്പനി വിളിച്ചത്. വെറുതേ പോയി നോക്കാം എന്നുള്ളതായിരുന്നു ചിന്ത. പ്രകൃതിയെപ്പറ്റിയോ മൂന്നാറിനെപ്പറ്റിയോ കാര്യമായി ഒന്നും അറിയില്ലായിരുന്നു. വിദേശികളാണ് കൂടുതലും എത്തുന്നത്. ആദ്യം എല്ലാം ഗൂഗിൾ ചെയ്താണ് വരുന്ന വിദേശികൾക്ക് ഓരോന്നും പരിചയപ്പെടുത്തിയത്. കൂടുതൽ കാലമൊന്നും ഗൈഡായി തുടരുമെന്ന് കരുതിയിരുന്നില്ല. പക്ഷേ ഗൈഡായി തുടരുന്നതിനിടെ നിരവധി ഗവേഷകർ വന്നുപോയി. ഇവരിൽ പലരും പറഞ്ഞാണ് തവളകളെക്കുറിച്ച് മനസിലാക്കിയത്. പക്ഷികളേയും സസ്തനികളേയുംകുറിച്ചൊക്കെ അറിയാമായിരുന്നെങ്കിലും തവളകളെക്കുറിച്ച് യാതൊന്നും അറിയില്ലായിരുന്നു. ഗൈഡുകളിൽ നിന്ന് കിട്ടിയ വിവരങ്ങളെ തുടർന്നാണ് ചെറിയ ജീവികളെക്കുറിച്ച് പഠിച്ചതും തവളയെപ്പറ്റി കൂടുതൽ മനസിലാക്കാനും ശ്രമിച്ചത്.

മൂന്നാറിൽ തവളകളുടെ സ്പീഷിസുകളുടെ എണ്ണം വളരെ കൂടുതലാണ്. മൂന്നുദിവസം കൊണ്ട് ഏകദേശം ഒരു 30 സ്പീഷിസുകളെ വളരെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. വളരെ ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന 15 ഓളം തവളകളെ മൂന്നാറിൽ കണ്ടെത്താൻ സാധിച്ചിട്ടുണ്ടെന്നും തവളകൾ മാത്രമല്ല പാമ്പുകൾ പുഴുക്കൾ എന്നിവയും ഇവിടെ കാണാറുണ്ടെന്നും രഞ്ജിത്ത് പറയുന്നു.

മൂന്നാറിലെ ഏലതോട്ടത്തിന് നടുവിൽ 60 ഏക്കർ വരുന്ന വിൻഡ്മയർ എസ്റ്റേറ്റിനകത്താണ് തവളകൾക്കായി രഞ്ജിത്ത് കുളമൊരുക്കിയിട്ടുള്ളത്. 2 കുളങ്ങളാണുള്ളത്. ഈ എസ്റ്റേറ്റിൽ കീടനാശിനി പ്രയോഗം വളരെ കുറവാണ് എന്ന കാരണം കൊണ്ടാണ് ഇവിടെ തന്നെ കുളങ്ങൾക്കായി സ്ഥലം തിരഞ്ഞെടുക്കാൻ കാരണം. ഇവിടെ മറ്റ് സ്ഥലങ്ങളിലെക്കാൾ തവളകളുടെ എണ്ണവും ഈ എസ്റ്റേറ്റിൽ കൂടുതലാണ്. ഈ എസ്റ്റേറ്റിനകത്ത് വെള്ളം നനയ്ക്കുന്നതിന് വേണ്ടി നിർമ്മിച്ചിട്ടുള്ള കുളത്തിന് സമീപത്ത് വംശനാശഭീഷണി നേരിടുന്ന പച്ചിലപ്പാറൻ തവളയെ കണ്ടിട്ടുണ്ട്. ടൂറിസ്റ്റ് ഗൈഡായി പോകുമ്പോഴാണ് അന്ന് ആദ്യമായിട്ട് പച്ചിലപ്പാറനെ കാണുന്നത്. പിന്നീടും പലതവണ ഇവിടേക്ക് വരുമ്പോഴൊക്കെ തവളയെ അവിടെ കാണാൻ സാധിച്ചു. പക്ഷേ വെള്ളം കുറഞ്ഞ സമയത്ത് അതിന്റെ അഭയസ്ഥാനം നഷ്ടമായതായി കണ്ടു. ഇതോടെയാണ് ഈ തവളകൾക്ക് വേണ്ടി ഒരു കുളമൊരുക്കിയാലോ എന്ന ചിന്ത വന്നത്. ആദ്യത്തെ കുളത്തിൽ തവളകൾ വന്നതോടെ രണ്ടാമതൊരു കുളം കൂടി നിർമിച്ചു. പക്ഷേ അത് കഴിഞ്ഞ മഴയിൽ നശിച്ചു പോയി.

പുള്ളിപച്ചിലപ്പാറൻ
പറക്കാൻ കഴിവുള്ളതുകൊണ്ട് തന്നെ ഫോൾസ് മലബാർ ഗ്ലൈഡിംഗ് ഫ്രോഗ് എന്നും പുള്ളിപ്പച്ചിലപ്പാറനെ അറിയപ്പെടുന്നു. പച്ചനിറത്തിലുള്ള തവളയുടെ പുറത്ത് ചെറിയ കറുത്ത വരകളോടെയാണ് ഇവയെ കാണുന്നത്. ഇന്ന് ഏറ്റവുമധികം ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന തവളകളിലൊന്നാണിത്. 7 മുതൽ 8 സെന്റീമീറ്റർ വരെ നീളമുള്ളതാണ് ഇതിന്റെ പെൺ തവളകൾ. മറ്റു തവളകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത് വലുതാണ്.

ഇതിന്റെ ഇണചേരൽ സ്വഭാവം ഭയങ്കര രസകരമായതും ദൈർഘ്യമേറിയതുമായതാണ്. വൈകുന്നേരം ഒരു ആറുമണിയൊക്കെ കഴിഞ്ഞാൽ മിക്കവാറും തവളകൾ കരയുന്നത് നമ്മൾ കേൾക്കാറുണ്ട്. ആ കരയുന്നത് ആൺ തവളകളാണ്. പെൺ തവളകളെ ആകർഷിക്കുന്നതിനു വേണ്ടിയാണ് ഇവ കരയുന്നത്. പെൺ തവളകളെ ആകർഷിക്കുന്നതിനു വേണ്ടിയുള്ള ഒരു രീതിയാണ് കരച്ചിൽ. ഇണ ചേരൽ ആരംഭിക്കുന്നത് ഇങ്ങനെയാണ്.

ഇലകളിലാണ് ഇവ മിക്കവാറും മുട്ട ഇടുന്നത്. മുട്ടയിടുന്നതിന് പറ്റിയ വലിയ ഇലകൾ ഇല്ലാത്ത സാഹചര്യത്തിൽ ഇലകൾ വെച്ച് കൊടുക്കാറുണ്ടെന്ന് രഞ്ജിത്ത് പറയുന്നു. അതിലും മുട്ടയിടാറുണ്ട്. ടാർപ്പോളിൻ ഷീറ്റ് വെച്ചാണ് കുളമുണ്ടാക്കിയിട്ടുള്ളത്. ചില സമയങ്ങളിൽ അതിന്റെ ഇടയിൽ പോലും ഇവ മുട്ട ഇടാറുണ്ട്. പെൺ തവള ഒരു ദ്രാവകം പുറപ്പെടുവിക്കുകയും അത് കാൽ വെച്ച് പതപ്പിച്ച ശേഷം അതിലേക്ക് മുട്ടയിടുകയുമാണ് ചെയ്യുന്നത്. ഏകദേശം രണ്ട് മണിക്കൂറിന് ശേഷം പെൺ തവളയുടെ പുറത്ത് പറ്റിപ്പിടിച്ചിരിക്കുന്ന ആൺ തവള പുറത്തേക്ക് പോകുകയും പെൺ തവള മറ്റൊരു ഇല എടുത്ത് ഇതിനെ മറച്ച് വെക്കുകയും ചെയ്യുന്നു. പതിയെ മൂടി അതിനെ ഒരു ഫണൽപോലെ ആക്കുകയാണ് ചെയ്യുന്നത്. പിന്നീട് ആറോ ഏഴോ മണിക്കൂറുകൾ വരെ ഈ രണ്ട് ഇലകളും ഒട്ടിപ്പിടിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പെൺ തവള പോകുക. പ്രജനനത്തിന് വെള്ളത്തിന്റെ സാന്നിധ്യം പ്രധാനപ്പെട്ടതാണ്.

വാൽമാക്രിയായിരിക്കുമ്പോൾ ഒരു കടുകിന്റെ അത്രയായിരിക്കും തലയുടെ വലിപ്പം, ഒപ്പം ഒരു വെള്ള നിറമുള്ള ചെറിയ വാലും ഉണ്ടാകും. ഇവ ഇലയുടെ കൂട്ടിൽ നിന്നും ഇത് പതിയെ വെള്ളത്തിലേക്ക് വീഴുകയും ഒന്നോ രണ്ടോ മാസം കുളത്തിൽ കഴിഞ്ഞതിന് ശേഷം പുറത്തേക്ക് വരുകയുമാണ് ചെയ്യുക. ആദ്യം പിൻഭാഗത്തെ കാലുകളും പിന്നീട് മുന്നിലെ കാലുകളും ഉണ്ടാകും. പുറത്തേക്ക് വന്ന് ഒരു മാസത്തോടെയാണ് തവളയായി മാറുക. കുഞ്ഞ് തവളയുടെ പുറത്ത് ഇലയുടെ പുറത്തുള്ളത്പോലെ കു‍ഞ്ഞ് കറുത്ത വരകളുണ്ടാകും.

പ്രായപൂർത്തിയാകുമ്പോൾ ഈ കറുത്ത വരകളെ സസൂക്ഷ്മം നിരീക്ഷിച്ചാലേ കാണാൻ സാധിക്കുകയുള്ളൂ. ഈ കറുത്ത വരകൾ മങ്ങിയത് പോലെയായിരിക്കും. ഇതിന് രണ്ടിനും ഇടയിലുള്ള സമയത്താണ് പുള്ളിപ്പച്ചിലപ്പാറനെ കാണാൻ ഏറ്റവും മനോഹരമായിരിക്കുന്നത്. പച്ചയിൽ കറുത്ത വരകൾ ഉള്ളതുകൊണ്ട് തന്നെ ഗ്രീൻ ടൈഗർ എന്നും വിളിക്കാറുണ്ട്.

വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ തവളകൾക്കായുള്ള ആദ്യത്തെ പ്രോഗ്രാം
വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ റാപ്പിഡ് ആക്ഷൻ പ്രോഗ്രാം വഴിയാണ് തവളകളുടെ സംരക്ഷണത്തിന് വേണ്ടി രഞ്ജിത്തിന് സഹായം ലഭിച്ചത്. തവളകൾക്കായുള്ള അവരുടെ ആദ്യത്തെ പ്രോജക്ടായിരുന്നു. പക്ഷികൾക്കും സസ്തനികൾക്കും വേണ്ടിയെല്ലാം ഇതിന് മുമ്പ് സഹായം ചെയ്തിട്ടുണ്ടായിരുന്നു. വംശനാശ ഭീഷണി നേരിടുന്ന പുള്ളിപ്പച്ചിലപ്പാറനടക്കമുള്ള തവളകളെ സംരക്ഷിക്കേണ്ടതുണ്ടെന്നും അതിനായി സഹായം ചെയ്യാമോ എന്നും ചോദിച്ച് വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയെ രഞ്ജിത്ത് സമീപിക്കുകയായിരുന്നു.

എന്നാൽ സംഗതി വിജയിക്കുമോ എന്നായിരുന്നു അവരുടെ ചോദ്യം. എന്നാൽ കൃത്യമായൊരു ഉത്തരം പറയാൻ തനിക്കും കഴിയുമായിരുന്നില്ലെന്ന് രഞ്ജിത്ത് പറയുന്നു. ഒടുവിൽ ഫണ്ട് ലഭിക്കുകയും കുളം നിർമിക്കുകയും ചെയ്തു. ഒരാഴ്ച കൊണ്ടാണ് കുളം നിർമ്മിച്ചത്. അടുത്തുള്ള അരുവിയിൽ നിന്ന് വെള്ളം എടുക്കുന്നുണ്ടായിരുന്നു. മൂന്നുമാസങ്ങൾക്ക് ശേഷമാണ് ആദ്യമായി ഒരു തവളയെ കുളത്തിൽ കണ്ടത്. പിന്നെ അതിലേക്ക് ചിത്രശലഭങ്ങളും പുഴുക്കളും ചിലന്തിയുമെല്ലാം അതിനെ ചുറ്റിപ്പറ്റി ഉണ്ടായി. കുളം നിർമ്മിച്ച് ഏകദേശം 9 മാസമായപ്പോഴാണ് പച്ചിലപ്പാറൻ അതിലേക്ക് എത്തുന്നത്. ഇപ്പോഴും ആ കുളത്തിന് ചുറ്റും വേറെ കുറേ തവളകളെ കാണാറുണ്ട്. വല്ലപ്പോഴും മാത്രമാണ് പുള്ളിപ്പച്ചിലപ്പാറൻ എത്തുന്നത്. തവളകളെക്കുറിച്ചും അവയുടെ വംശനാശത്തെക്കുറിച്ചുമെല്ലാം അറിഞ്ഞതോടെ വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ തവളകളെ നിരീക്ഷിക്കുന്നതിനായി ഇപ്പോൾ അവരുടെ സ്റ്റാഫിനെ മൂന്നാറിൽ നിയോഗിച്ചിട്ടുണ്ട്.

ഇല്ലാതാകുന്ന പ്രകൃതിയും ജീവജാലങ്ങളും
കേരളത്തിലെ ഏറ്റവും കൂടുതൽ വനങ്ങൾ ഉള്ളത് ഇടുക്കിയിലാണ്. പക്ഷേ കഴിഞ്ഞ 20 വർഷത്തിനുള്ളിൽ 100 സ്ക്വയർ കിലോമീറ്ററിനുള്ളിൽ വനനശീകരണം ഉണ്ടായിട്ടുണ്ട്. ആവാസ വ്യവസ്ഥ നഷ്ടമാകുന്നതാണ് മിക്ക തവളകളുടെയും വംശനാശത്തിന് കാരണമാകുന്നത്. കാടുകൾ പല കഷ്ണങ്ങളായി മാറി. കെട്ടികിടക്കുന്ന വെള്ളം ഇല്ലാതായി. ഇനി അഥവാ അങ്ങനെ കെട്ടിക്കിടക്കുന്ന വെള്ളം ഉണ്ടായാൽ തന്നെ അത് വൃത്തിയില്ലാത്തതായിരിക്കും. അങ്ങനെ തവളകൾക്ക് അഭയസ്ഥാനം നഷ്ടമാകുന്ന സാഹചര്യമാണ് ഉള്ളത്. മൂന്നാറിൽ ഇപ്പോൾ നിറയെ തേയില തോട്ടങ്ങളാണ്. മുൻപ് ഇവിടെയെല്ലാം പുൽമേടുകളായിരുന്നു. ഈ പുൽമേടുകളെ നശിപ്പിച്ച് തേയില തോട്ടങ്ങളായതോടെ ഇവിടെയുണ്ടായിരുന്ന കുറേയധികം തവളെ കാണാതായി. അവയുടെ ആവാസ വ്യവസ്ഥ നഷ്ടമാവുകയായിരുന്നു. ഇത് കൂടാതെ ഇടതൂർന്നതും വലുതുമായ ഷോല വനനിരകൾ മാറ്റിക്കൊണ്ട് കുറേയധികം യൂക്കാലിപ്റ്റസ് പ്ലാന്റേഷനുകൾ വന്നു. അതും തവളകളുടെ ആവാസ വ്യവസ്ഥയെ തകർത്തു. അതേ സമയം തേയില തോട്ടത്തിൽ ഇപ്പോൾ പുതിയൊരു ആവാസവ്യവസ്ഥ ഉണ്ടായി വരുന്നതായി കാണാം. പ്രകൃതിയിലെ ജീവികൾ പുതിയ സാഹചര്യവുമായി പൊരുത്തപ്പെട്ടുവരുന്നതാകണം. കാലാവസ്ഥാവ്യതിയാനവും ആവാസവ്യവസ്ഥയുടെ ശോഷണവുമുൾപ്പെടെ ഒട്ടനവധി പ്രശ്നങ്ങൾ ഇത്തരത്തിലുള്ള ചെറിയ ജീവികളുടെ വംശനാശത്തിന് പോലും കാരണമാകുന്നു.

മൂന്നാറിൽ ടൂറിസ്റ്റുകളുടെ എണ്ണം വളരെയധികം കൂടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ റോഡപകടങ്ങളിൽ നിരവധി തവളകളെ നഷ്ടപ്പെടാറുണ്ട്. ഒരു കാട്ടിൽ നിന്നും മറ്റൊരു കാട്ടിലേക്കുള്ള പോക്ക് കുറയുന്നതിന് റോഡപകടങ്ങൾ കാരണമാകുന്നുണ്ട്. ഇതിലൂടെ തവളകളുടെ സഞ്ചാരവും കുറഞ്ഞിട്ടുണ്ട്. റോഡ് മുറിച്ച് കടക്കേണ്ടുന്ന സാഹചര്യങ്ങൾ മിക്കപ്പോഴും തവളകൾക്കും ഉണ്ടാകുന്നുണ്ട്. റോഡരികിൽ ആനയാണെങ്കിൽ നമ്മൾ ശ്രദ്ധിക്കാറുണ്ട്. പക്ഷേ തവളകളെയോ പാമ്പിനെയോ ഒന്നും ആരും ശ്രദ്ധിക്കാറില്ല. ആദ്യമൊന്നും ഇതിനെക്കുറിച്ചൊന്നും ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ രാത്രി യാത്ര ചെയ്യുമ്പോൾ ഇത്തരത്തിൽ അപകടത്തിൽപ്പെട്ട് ചത്ത തവളകളെ നിരവധി കാണാറുണ്ട്. ശ്രദ്ധിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂവെന്നും രഞ്ജിത്ത് പറയുന്നു.

കീടനാശിനി പ്രയോഗം മറ്റൊരു പ്രധാന പ്രശ്നമാണ്. തവളകൾ അവയുടെ ചർമ്മത്തിലൂടെയാണ് ശ്വസിക്കുന്നത്. അതുകൊണ്ടാണ് വെള്ളം അവയ്ക്കൊരു പ്രധാന ഘടകം ആകുന്നതും മഴക്കാലത്ത് തവളകൾ കൂടുതൽ ആക്റ്റീവ് ആകുന്നതും. എന്നാൽ തേയിലത്തോട്ടത്തിലും മറ്റും കീടനാശിനി പ്രയോഗം കൂടുതലാണെങ്കിൽ ശ്വസിക്കുന്നതിലൂടെ തവളകൾ കൊല്ലപ്പെടുന്നതിന് കാരണമാകുന്നു. ഓരോ മാസവും കീടനാശിനി പ്രയോഗം കൂടുകയും വേറെ വേറെ കീട നാശിനികളാണ് പ്രയോഗിക്കുന്നത്. ഇത് തവളകളെ വളരെയധികം ബാധിക്കുന്നുണ്ട്. കീടനാശിനികൾ തവളകളുടെ ദേഹത്തേക്ക് നേരിട്ട് പതിക്കുകയാണ് ചെയ്യുന്നത്. പകൽ സമയങ്ങളിൽ കൂടുതലും തവളകളെ പുറത്ത് കാണാറില്ല. ഇടയ്ക്കിടയിലും മറ്റുമായി ഒളിച്ചിരിക്കുന്നതായാണ് കാണുന്നത്. കീടനാശിനി പ്രയോഗിക്കുമ്പോൾ ഇത് തവളയുടെ ദേഹത്തേക്ക് നേരിട്ട് എത്തുന്നു. അടുത്ത് തന്നെ മഴ ലഭിക്കുകയാണെങ്കിൽ വലിയ കാര്യമായി ബാധിക്കാറില്ല അല്ലെങ്കിൽ മിക്കപ്പോഴും ചത്ത് പോകുന്നതിനാണ് സാധ്യത.

ചെറിയ ജീവജാലങ്ങളും സംരക്ഷിക്കപ്പെടണം
ഇന്ന് കടുവകൾക്ക് സംരക്ഷണം ഒരുക്കുന്നുണ്ട്. കടുവകൾ ഏകദേശം 3000ത്തിനു മുകളിൽ ഉണ്ട്. പക്ഷേ കേരളത്തിലെ പുൽമേടുകളിൽ ഉള്ള ഒരു തവളയുടെ എണ്ണം വിക്കിപീഡിയയിൽ ഇപ്പോഴും 300 എന്നാണ് പറയുന്നത്. കടുവയേയും മറ്റ് വലിയ മൃഗങ്ങളെ സംരക്ഷിക്കുന്നതുപോലെ തന്നെ തവളകൾ പോലുള്ള ചെറിയ ജീവികളെയും സംരക്ഷിക്കേണ്ടതുണ്ട്. ടൂറിസമാണ് ഇന്ന് എന്റെ വരുമാന മാർഗം. പക്ഷേ ടൂറിസത്തിന്റെ പ്രത്യാഘാതമായി പ്രകൃതിയേയും ജീവികളേയും വളരെയധികം മോശമായി ബാധിക്കുന്നുണ്ട്. ഗൈഡായിരിക്കുന്നതുകൊണ്ട് തന്നെ അതിനെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ സാധിച്ചു. വരുമാനം ലഭിക്കുമ്പോൾ അതിൽ നിന്നൊരു ഭാഗം പ്രകൃതിയെ സംരക്ഷിക്കുന്നതിനായും മാറ്റി വെക്കുകയാണ് രഞ്ജിത്ത്.

Content Highlights: Hadlee Renjith, exotic frogs, nature, world enviornment day 2023, nature wonders, munnar

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
plastic

3 min

നിര്‍മ്മിക്കുന്നവയില്‍ 40%-വും ഒറ്റത്തവണ ഉപയോഗമുള്ളത്; കുന്നുകൂടുന്ന പ്ലാസ്റ്റിക്

Jun 5, 2023


Plastic Pollution

5 min

'ഇന്ത്യയിലെ ആളോഹരി പ്ലാസ്റ്റിക് ഉപഭോഗം 2021-ൽ ഒരാൾക്ക് 15 കിലോ'

Jun 5, 2023


Tree

5 min

ജൂൺ 5 പരിസ്ഥിതി ദിനാചരണം മാത്രമല്ല, പരിസ്ഥിതിവിരുദ്ധരുടെ കൂടി ദിനം

Jun 5, 2023

Most Commented