മനു രാവിലെ പൂന്തോട്ടത്തിലേക്കുപോയി. അവന്റെ അമ്മയും അവിടെ ഉണ്ടായിരുന്നു. ചെടികൾക്കിടയിലെ കള നീക്കുകയും, മറ്റ് പരിചരണങ്ങൾ നൽകുകയുമായിരുന്നു അവന്റെ അമ്മ.

To advertise here,

ഹായ് എന്തുരസം! മനുവിന് സന്തോഷമായി

തോട്ടത്തിൽ നിറയെ പൂക്കൾ വിരിഞ്ഞുനിൽക്കുന്നു. പലനിറത്തിലും വലുപ്പത്തിലുമുള്ള പൂക്കൾ. പലതരം പൂമ്പാറ്റകളും വണ്ടുകളും പൂക്കളിൽനിന്നും പൂക്കളിലേക്കുപറന്ന് തേൻ കുടിക്കുന്നു.

ഇന്നലെ താൻ ഉദ്യാനത്തിൽ വരുമ്പോൾ ഈ പൂക്കളിൽ പലതും മൊട്ടുകളായിരുന്നു. ഇന്ന് അവയെല്ലാം മനോഹരങ്ങളായ പൂക്കളായി വിരിഞ്ഞുനിൽക്കുന്നു.

മൊട്ടുകൾ വിരിയുന്നത് എപ്പോഴാണ്? അവ വിരിയുന്നത് നമുക്ക് കാണാൻ കഴിയുമോ? അതായിരുന്നു മനുവിന്റെ ചിന്ത.

അവന്റെ സംശയങ്ങൾ അമ്മ തീർത്തുകൊടുത്തു.

''ചിലയിനം പൂക്കളുടെ മൊട്ടുകൾ വിരിയുന്നത് നമുക്ക് കാണാൻ കഴിയും. ഉദാഹരണത്തിന് നിശാഗന്ധി. രാത്രിയിൽ വിരിയുന്ന ഇത് വളരെ വേഗത്തിൽ വിടരുന്നത് കാണാം. ഈവനിങ് പ്രിംറോസ് വൈകുന്നേരങ്ങളിൽ മിനിറ്റുകൾക്കുള്ളിൽ വിരിയുന്നത് കാണാനാകും. എന്നാൽ പത്തുമണിച്ചെടി, റോസ്, താമര മുതലായ ചെടികളുടെ മൊട്ടുകൾ വളരെ സാവധാനം വിരിയുന്നതുകൊണ്ട് നമുക്ക് കാണാൻ കഴിയില്ല. ഇവയുടെ ദളങ്ങൾ വിടരാൻ മണിക്കൂറുകളോ ദിവസങ്ങളോ എടുക്കും. മിക്കവാറും പൂക്കളെല്ലാം പ്രഭാതത്തിലാണ് വിരിയുന്നത്. പ്രഭാതകിരണങ്ങളുടെ പരിലാളനകളേറ്റ് വിരിയുന്ന പൂക്കളെത്തേടി പൂമ്പാറ്റകളും വണ്ടുകളുമെത്തും. അവയിലൂടെയാണ് പരാഗണം നടക്കുന്നത്.

എന്താണ് പരാഗണമെന്നായി മനുവിന്റെ ചോദ്യം. അതിനും അവന്റെ അമ്മ മറുപടി പറഞ്ഞു.

ചെടികളുടെ വംശവർധനയ്ക്കുവേണ്ടി പ്രകൃതി നൽകിയിരിക്കുന്ന അനുഗ്രഹമാണ് പരാഗണമെന്ന് അമ്മ വിശദീകരിച്ചു.

വെളുത്തനിറമുള്ളതും സുഗന്ധമേറിയതുമായ പൂക്കൾ സന്ധ്യയ്ക്കാണ് വിരിയുന്നതെന്ന് അമ്മ പറഞ്ഞപ്പോൾ അവയ്ക്ക് പരാഗണം എങ്ങനെ നടക്കുമെന്നായി മനുവിന്റെ സംശയം. അതിനുമുണ്ടായിരുന്നു അമ്മയ്ക്ക് മറുപടി.

രാത്രിയിൽ വിരിയുന്ന പൂക്കളിൽ പരാഗണം നടത്തുന്നത് നിശാശലഭങ്ങളാണെന്ന് അമ്മ പറഞ്ഞു.

അങ്ങനെ ഓരോരോ സംശയങ്ങളുമായി ഉദ്യാനത്തിലൂടെ നടക്കുമ്പോഴാണ് മനു ഒരു കാഴ്ച കണ്ടത്.

പച്ചനിറമുള്ള ഒരു വലിയ പുഴു റോസച്ചെടിയുടെ ഇലകൾ അതിവേഗം തിന്നുതീർക്കുന്നു.

''അമ്മേ ഇതുകണ്ടോ?'' മനു തെല്ല് അമ്പരപ്പോടെ അമ്മയെ വിളിച്ച് പറഞ്ഞു

''എന്താമോനേ?''

''നമ്മുടെ റോസച്ചെടിയുടെ ഇലകളെല്ലാം വലിയൊരു പച്ചപ്പുഴു തിന്നുതീർക്കുന്നു. ഞാൻ ഇതിനെ കൊല്ലാൻ പോവ്വാ.'' മനു ഉച്ചത്തിൽ പറഞ്ഞു.

''അരുത് മോനേ.''

മനുവിന്റെ അമ്മ അവന്റെ അടുത്തെത്തി.

''ഇതിനെ കൊന്നില്ലെങ്കിൽ നമ്മുടെ റോസച്ചെടി മുഴുവൻ ഇത് തിന്നുതീർക്കും.'' മനു സങ്കടപ്പെട്ട് പറഞ്ഞു.

''ഈ പുഴു എന്താണെന്ന് മോനറിയാമോ?'', അമ്മ ചോദിച്ചു

''ഇല്ല.''

''മോൻ ഏറെ ഇഷ്ടപ്പെടുന്ന ചിത്രശലഭങ്ങളില്ലേ? അതിന്റെയൊരു ജീവിതഘട്ടമാണ് ഈ പുഴു.'' അമ്മ പറഞ്ഞു

മനുവിന് ഒന്നും മനസ്സിലായില്ല.

അമ്മ വിശദീകരിച്ചു.

''ഒരു ചിത്രശലഭത്തിന്റെ ജീവിതചക്രത്തിന് നാല് ഘട്ടങ്ങളുണ്ട്. ഒന്നാമത്തെത് എഗ്. അതായത് മുട്ട. ചിത്രശലഭങ്ങൾ ചെടിയുടെ ഇലകൾക്കടിയിലാണ് മുട്ടയിടുന്നത്. രണ്ടാമത്തെത് ലാർവ. മോൻ ഇപ്പോൾ കാണുന്ന ഈ പുഴുവിന്റെ അവസ്ഥ. അടുത്തഘട്ടം പ്യൂപ്പ. ഈ കാണുന്ന പുഴു സ്വയം നിർമിക്കുന്ന ഒരു കവചത്തിനുള്ളിൽ വിശ്രമിക്കുന്ന ഘട്ടമാണിത്. പിന്നീട് അഡൽട്. അതായത് ആ കവചത്തിനുള്ളിലിരുന്ന് അത് മനോഹരമായൊരു പൂമ്പാറ്റയായി മാറുന്നു. പിന്നെ ആ കൂടുപൊട്ടിച്ച് പുറത്തുവരും.''

അമ്മയുടെ വിവരണം കേട്ട് മനു അദ്ഭുതപ്പെട്ടു.

''ഈ പ്രകൃതിയിൽ ഇതുപോലെ അദ്ഭുതകരമായ ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട്. അല്ലേ അമ്മേ?'', അവൻ ചോദിച്ചു.

''അതെ മോനേ. അദ്ഭുതകരവും രസകരവുമായ എന്തെല്ലാം കാര്യങ്ങളാണ് ഈ പ്രകൃതിയിൽ നടക്കുന്നതെന്ന് അറിയാമോ? സൂക്ഷ്മമായി നിരീക്ഷിച്ചാൽ വിജ്ഞാനപ്രദമായ ഒരുപാടുകാരുങ്ങൾ നമുക്ക് കണ്ടെത്താൻ കഴിയും.'' അമ്മ പറഞ്ഞു.

''ശരിയമ്മേ, ഇന്നുമുതൽ ഞാനും ഈ പ്രകൃതിയെ നിരീക്ഷിക്കാൻ തുടങ്ങുകയാണ്.'' മനു ഉത്സാഹത്തോടെ പറഞ്ഞു.

placeholder