ടലിനെ കുറിച്ച്‌ ഏറെ പറയാനുണ്ട്. നമ്മുടെ ഗ്രഹത്തിലെ 70 ശതമാനത്തിലധികം പ്രദേശം ഉള്‍ക്കൊള്ളുന്ന പ്രസ്തുത ആവാസവ്യവസ്ഥ തുടരുന്നു എന്നതാണ് വസ്തുത. ഭൂമിയുടെ  ഉയര്‍ന്ന കൊടുമുടികളും ആഴമേറിയ താഴ്വരകളും പരന്ന സമതലങ്ങളും ചേര്‍ന്നതാണ് സമുദ്രതടങ്ങള്‍. അന്തരീക്ഷത്തില്‍നിന്ന് വലിയ അളവില്‍ താപവും കാര്‍ബണ്‍ ഡൈ ഓക്‌സൈഡും ആഗിരണം ചെയ്ത് സംഭരിച്ച് ഭൂമിയുടെ കാലാവസ്ഥയെ നിയന്ത്രിക്കുന്നതില്‍ സമുദ്രങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. സമുദ്രങ്ങളുടെ ഉപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന 'സസ്യങ്ങള്‍' (സസ്യപ്ലവകങ്ങള്‍/ ഫൈറ്റോപ്ലാങ്ക്ടണ്‍) ആണ് നമുക്കുവേണ്ട പ്രാണവായുവിന്റെ സിംഹഭാഗവും ഉത്പാദിപ്പിക്കുന്നത്. ഭൂമിയിലെ ജലത്തിന്റെ 97% സമുദ്രങ്ങളിലാണ് സംഭരിക്കപ്പെടുന്നത്. ഇത് ആഗോള ജലചക്രത്തെ നിയന്ത്രിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ഭൂമിയിലെ മൊത്തം ജൈവപിണ്ഡത്തിന്റെ 90 ശതമാനവും സമുദ്രങ്ങളിലാണ്! ലോക ജനസംഖ്യയുടെ 40% തീരത്തുനിന്ന് 60 കിലോമീറ്റര്‍ അകലെയാണ് താമസിക്കുന്നത്.

To advertise here,

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

ഇതുകൂടാതെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക്, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളില്‍, സമുദ്രങ്ങള്‍ ഒരു പ്രധാന ഭക്ഷണ സ്രോതസ്സാണ്. കപ്പല്‍ ഗതാഗതം, ടൂറിസം മുതല്‍ എണ്ണ, വാതകം വേര്‍തിരിച്ചെടുക്കല്‍, പുനരുപയോഗ ഈര്‍ജം എന്നിവ വരെയുള്ള വ്യവസായങ്ങളുടെ ശ്രേണിയേയും സമുദ്രങ്ങള്‍ പിന്തുണയ്ക്കുന്നു. സാമ്പത്തിക വിദഗ്ധരും രാഷ്ട്രീയക്കാരും  വലിയ പ്രതീക്ഷയോടെയാണ് സമുദ്രത്തെ കാണുന്നത്. സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ചാലകമായി സമുദ്രത്തെ അവര്‍ കാണുന്നു. മത്സ്യബന്ധനം, ടൂറിസം, കപ്പല്‍ഗതാഗതം, പുനരുപയോഗ ഈര്‍ജം, സമുദ്ര കൃഷി, മറൈന്‍ ബയോടെക്‌നോളജി, ആഴക്കടല്‍ ഖനനം തുടങ്ങിയ സമുദ്രവുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ അപാരമായ വികസനസാധ്യതകള്‍ ലോകത്തിനു മുന്നില്‍ ഉണ്ട് . അതുവഴി 'ബ്ലൂ എക്കോണമി' കെട്ടിപ്പടുക്കുന്നതിനും സഹായകമാവും എന്നും ഇക്കൂട്ടര്‍ വിശ്വസിക്കുന്നു.

ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ വേള്‍ഡ് ഓഷ്യന്‍ അസസ്‌മെന്റ് (WOA II, 2021) ആഗോളതലത്തില്‍ സമുദ്രങ്ങളുടെ ആരോഗ്യം, ഉല്‍പ്പാദനക്ഷമത, സുസ്ഥിരത എന്നിവയുള്‍പ്പെടെ നിലവിലെ അവസ്ഥ വിലയിരുത്തുന്നതാണ്. സമുദ്രതാപനം, അമ്ലീകരണം (അസിഡിഫിക്കേഷന്‍), കടന്നുകയറ്റം, അമിതചൂഷണം, മലിനീകരണം, അതിപോഷകത്വം എന്നിവയാണ് സമുദ്രങ്ങള്‍ നേരിടുന്ന പ്രധാന ഭീഷണികള്‍. കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ കടല്‍ അവശിഷ്ടങ്ങളും (marine litter/ ലോറിട) പ്ലാസ്റ്റിക്കുകളും സമുദ്ര പരിസ്ഥിതിയില്‍ നിര്‍ണായകമായ പ്രശ്‌നമായി മാറിയിരിക്കുന്നു. കരയിലേതുപോലെ തിരിച്ചറിയപ്പെടുന്നില്ല എന്നുമാത്രം! അടിത്തട്ടില്‍ എത്തിപ്പെടുന്ന മാലിന്യം നമ്മുടെ കാഴ്ചയില്‍ എത്തുന്നില്ല എന്നതാണ് പ്രശ്‌നം. കൂടാതെ തിരയുടെ ഈര്‍ജ്ജം കൊണ്ട് വലിയ പ്ലാസ്റ്റിക്ക് കഷ്ണങ്ങള്‍ പെട്ടെന്നുതന്നെ സൂക്ഷ്മപ്പാസ്റ്റിക്കുകള്‍ ആയി മാറാനുള്ള സാധ്യതയും കൂടുതലാണ്.

കുന്നുമുതല്‍ മുതല്‍ കടല്‍ വരെ 

പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് മെട്രിക് ടണ്‍ പ്ലാസ്റ്റിക്ക് ലോകമെമ്പാടും ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. പ്ലാസ്റ്റിക് ഉല്‍പ്പാദനം 1950-ലെ രണ്ട് ദശലക്ഷം ടണ്ണില്‍ നിന്ന് 2020-ല്‍ 200 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. ഏതാണ്ട് 522.6 ബില്യണ്‍ യു.എസ്. ഡോളര്‍ മൂല്യമുള്ള ആഗോള വ്യവസായമായി ഇത് മാറി. ഈ പ്ലാസ്റ്റിക് മാലിന്യത്തിന്റെ പകുതിയും പുനരുപയോഗം ചെയ്യപ്പെടുകയോ കത്തിക്കപ്പെടുകയോ മാലിന്യക്കൂമ്പാരങ്ങളിലേക്ക് വലിച്ചെറിയപ്പെടുകയോ ചെയ്യുമ്പോള്‍ കരയില്‍ അവശേഷിക്കുന്നതിന്റെ ഒരു പ്രധാന ഭാഗം ഒടുവില്‍ നമ്മുടെ സമുദ്രങ്ങളില്‍ എത്തിച്ചേരുന്നു. ആഴക്കടലില്‍ കാണപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ ഭൂരിഭാഗവും വരുന്നത് പാര്‍ക്കുകളിലോ ബീച്ചുകളിലോ അഴുക്കുചാലുകളിലോ ഉള്ള മാലിന്യങ്ങളില്‍നിന്നാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കാറ്റിലൂടെയും മഴവെള്ളത്തിലൂടെയും നമ്മുടെ അഴുക്കുചാലുകളിലേക്കും തോടുകളിലേക്കും നദികളിലേക്കും എത്തിച്ചേരുന്നു. അഴിമുഖങ്ങള്‍ വഴി കടലിലേക്ക് പാന്റ് മാലിന്യങ്ങള്‍ എത്തിച്ചേരുകയും ഇത് സമുദ്ര മലിനീകരണത്തിന് പ്രധാന സംഭാവന നല്‍കുകയും ചെയ്യുന്നു.

ടാതെ കേടായ മത്സ്യബന്ധന വലകള്‍, സമുദ്രത്തിലുള്ള മറ്റ് സംരംഭങ്ങള്‍ എന്നിവയില്‍നിന്നും പ്ലാസ്റ്റിക് കടലില്‍ എത്തിച്ചേരുന്നു. 2021-ല്‍ 17 ദശലക്ഷത്തിലധികം മെട്രിക്‌ ടണ്‍ പ്ലാസ്റ്റിക് സമുദ്രങ്ങളിലേക്ക് പ്രവേശിച്ചു എന്ന് കണക്കാക്കപ്പെടുന്നു. ഇത് സമുദ്ര മാലിന്യത്തിന്റെ 85 ശതമാനത്തോളം വരും. 2040-ഓടെ സമുദ്രത്തില്‍ പ്രവേശിക്കുന്ന പ്ലാസ്റ്റിക് മലിനീകരണത്തിന്റെ അളവ് ഇരട്ടിയോ മൂന്നിരട്ടിയോ ആകുമെന്ന് പ്രതീക്ഷിക്കുന്നു.

സര്‍വ്വവ്യാപി

  • ഓരോ മിനിറ്റിലും ഒരു ദശലക്ഷം പ്ലാസ്റ്റിക് കുപ്പികള്‍ ആഗോളതലത്തില്‍ വിറ്റഴിക്കപ്പെടുന്നു.
  • ഒരു വര്‍ഷത്തില്‍ ആഗോളതലത്തില്‍ ഏകദേശം 500 ബില്യണ്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കപ്പെടുന്നു
  • ഓരോ മിനിറ്റിലും ഒരു മാലിന്യ ട്രക്കിന് തുല്യമായ പ്ലാസ്റ്റിക് നമ്മുടെ സമുദ്രത്തിലേക്ക് വലിച്ചെറിയപ്പെടുന്നു.
  • ആഗോളതലത്തില്‍, മത്സ്യബന്ധന വ്യവസായം പ്രതിവര്‍ഷം 150,000 ടണ്‍ പ്ലാസ്റ്റിക്ക് സമുദ്രത്തിലേക്ക് വലിച്ചെറിയുന്നു. ഇതില്‍ വലകള്‍, പൊങ്ങത്തികള്‍ (buoys), ലൈനുകള്‍, പാക്കേജിംഗ് എന്നിവ ഉള്‍പ്പെടുന്നില്ല എന്നതും ശ്രദ്ധേയമാണ്.
  • സമുദ്രങ്ങള്‍ക്കുള്ളിലെ ചുഴികളില്‍ കോടിക്കണക്കിന് ടണ്‍ പ്ലാസ്റ്റിക് മാലിന്യം ഉണ്ട്, അവ സമുദ്രജലപ്രവാഹങ്ങള്‍ക്കൊപ്പം യാത്രചെയ്യപ്പെടുകയും ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയുമാണ് പതിവ്.
  • ഓരോ വര്‍ഷവും 11 ദശലക്ഷം ടണ്ണിലധികം പ്ലാസ്റ്റിക് നമ്മുടെ സമുദ്രങ്ങളില്‍ നിക്ഷേപിക്കപ്പെടുന്നു; 2040 ആകുമ്പോഴേക്കും ഇത് മൂന്നിരട്ടിയായേക്കാം, മത്സ്യത്തേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്!
  • ഓരോ വര്‍ഷവും ഭൂമിയിലെ ഓരോ മീറ്റര്‍ തീരപ്രദേശത്തും 15 പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകള്‍ വരെ ഉണ്ടാകാം!
  • സമുദ്രത്തിന്റെ ഓരോ ചതുരശ്ര മൈലിലും ഏകദേശം 46,000 പ്ലാസ്റ്റിക് കഷണങ്ങളുണ്ട്!
  • ഉല്‍പ്പാദിപ്പിക്കുന്ന എല്ലാ പ്ലാസ്റ്റിക്കിന്റെയും പകുതിയും ഒറ്റത്തവണ ഉപയോഗത്തിനായി ഉദ്ദേശിച്ചുള്ളതാണ്, അതായത് അത് ഉപേക്ഷിക്കപ്പെടുന്നതിന് മുമ്പ് ഒരിക്കല്‍ മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ.
  • എന്നിട്ടും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്കിന്റെ 12% മാത്രമേ ശാസ്ത്രീയമായി സംസ്കരിക്കപ്പെടുന്നുള്ളു. കേവലം 9% മാത്രമേ പുനരുപയോഗത്തിന് വിധേയമാകുന്നുള്ളൂ. ബാക്കിയുള്ളവ ഒന്നുകില്‍ ലാന്‍ഡ്ഫില്ലുകളില്‍ (ഭൂമിക്കടിയില്‍ കുഴിച്ചിടുന്ന രീതി) സംസ്‌കരിക്കപ്പെടുകയോ സമുദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആവാസവ്യവസ്ഥകളിലേക്ക് എത്തിപ്പെടുകയോ ചെയ്യുന്നു.

കടലിലെ ചപ്പുചവറുകള്‍ 

മനുഷ്യനിര്‍മിത ഖരപദാര്‍ത്ഥങ്ങള്‍ ഉപേക്ഷിക്കപ്പെടുകയോ നീക്കം ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്ത് പിന്നീട് സമുദ്ര പരിസ്ഥിതിയിലേക്ക് പ്രവേശിക്കുമ്പോള്‍ അവയെ കടലിലെ ചപ്പുചവറുകള്‍ എന്നുവിളിക്കാം. മനപ്പൂര്‍വ്വം വലിച്ചെറിയപ്പെട്ടതോ കടലില്‍ നഷ്ടപ്പെട്ടതോ കരയില്‍നിന്ന് കടലിലേക്ക് ഒഴുകിയതോ ആയ ഇനങ്ങള്‍ ഇതില്‍ ഉള്‍പ്പെടാം. കൂടാതെ ചെറിയ പ്ലാസ്റ്റിക് കണികകള്‍ മുതല്‍ ഉപേക്ഷിക്കപ്പെട്ട ബോട്ടുകളും മത്സ്യബന്ധന വലകളും വരെ പല വലുപ്പത്തില്‍ ഇവയെ കാണാം. കടലിലെ മാലിന്യത്തിന്റെ ഏറ്റവും വലുതും ഏറ്റവും ദോഷകരവും സ്ഥിരതയുള്ളതുമായ ഭാഗമാണ് പ്ലാസ്റ്റിക്, ഇത് മൊത്തം സമുദ്ര മാലിന്യത്തിന്റെ 85 ശതമാനമെങ്കിലും വരും. ഇന്ത്യയില്‍ സമുദ്ര അവശിഷ്ടങ്ങളില്‍ കാണപ്പെടുന്ന ചില സാധാരണ ഇനങ്ങള്‍ ഇവയാണ്:

  • പ്ലാസ്റ്റിക് ബാഗുകളും കുപ്പികളും 
  •  ഗ്ലാസ്/ഗ്ലാസ് കുപ്പികള്‍ 
  • പാക്കേജിംഗ് സാമഗ്രികള്‍ 
  • ഫുഡ് റാപ്പറുകളും കണ്ടെയ്‌നറുകളും 
  • 'ബിവറേജ് ക്യാനുകളും കുപ്പികളും
  • വീട്ടില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് നിത്യോപയോഗ സാമഗ്രികള്‍ (ഉദാ: സ്പൂണ്‍, ടൂത്ത് പേസ്റ്റ് ട്യൂബ്, ബ്രഷ്) 
  • സിഗരറ്റ് കുറ്റികള്‍, ഡിസ്‌പോസിബിള്‍ ലൈറ്ററുകള്‍ 
  • സാനിറ്ററി പാഡുകള്‍, ഡയപ്പറുകള്‍ 
  • വസ്ത്രങ്ങളും തുണിത്തരങ്ങളും 
  • ചെരുപ്പുകള്‍ 
  • ബലൂണുകളും മറ്റ് പാര്‍ട്ടി അലങ്കാരങ്ങളും 
  • സ്‌ട്രോകള്‍ 
  • ഉപേക്ഷിച്ച മത്സ്യബന്ധന ഉപകരണങ്ങള്‍, കയറുകള്‍ 
  • പേപ്പര്‍ ബാഗുകള്‍./കാര്‍ട്ടണുകള്‍ 0 കയ്യുറകള്‍/മാസ്‌കുകള്‍ 
  • ടയറുകള്‍ 
  • ഫോണുകളും ബാറ്ററികളും പോലുള്ള ഇലക്ട്രോണിക് മാലിന്യങ്ങള്‍.

(ഇനി തീരപ്രദേശങ്ങളില്‍ പോകുമ്പോള്‍ ഈ പട്ടികയില്‍ ഇനിയും കൂട്ടി ച്ചേര്‍ക്കലുകള്‍ നടത്താം) 

സമുദ്ര അവശിഷ്ടങ്ങളുടെ ഉറവിടങ്ങള്‍ 

ബീച്ചുകളിലും തീരത്തുനിന്ന് അകലെയുള്ള (ഓഫ്‌ഷോര്‍) സംവിധാനങ്ങളിലും നേരിട്ട് ഇടുന്ന ചവറ്റുകുട്ടകള്‍, ഡ്രയിനേജ് കനാലുകള്‍, നദികള്‍ എന്നിവയിലൂടെ ഭൂമിയിലെ അവശിഷ്ടങ്ങള്‍. കരയില്‍നിന്നുള്ള കാറ്റ് കടലില്‍ കൊണ്ടെത്തിക്കുന്ന മാലിന്യങ്ങള്‍, സമുദ്രത്തിലെ അപകടങ്ങളും അതുവഴി കപ്പലില്‍നിന്ന് കടലില്‍ എത്തുന്ന പ്ലാസ്റ്റിക്, പ്രേതവലകള്‍  മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഉപേക്ഷിച്ചതോ നഷ്ടപ്പെട്ടതോ ആയ മത്സ്യബന്ധന വലകള്‍

സമുദ്ര അവശിഷ്ടങ്ങളില്‍ കാണപ്പെടുന്ന ഏറ്റവും സാധാരണമായ ചില പ്ലാസ്റ്റിക്കുകളെ അവയുടെ ഘടനയും രാസസവിശേഷതകളും അടിസ്ഥാനമാക്കി പല വിഭാഗങ്ങളായി തിരിക്കാം.

1. PET (പോളീത്തിലിന്‍ ടെറഫ്താലേറ്റി): വാട്ടര്‍ ബോട്ടിലുകള്‍, സോഡ ബോട്ടിലുകള്‍, ഫുഡ് പാക്കേജിംഗ് എന്നിവയ്ക്കായി ഉപയോഗിക്കുന്നു.
2. 1420 (ഉയര്‍ന്ന സാന്ദ്രത പോളിയെത്തിലീന്‍): പാല്‍ ജഗ്ഗുകള്‍, ഡിറ്റര്‍ജന്റ് കുപ്പികള്‍, പലചരക്ക് ബാഗുകള്‍ എന്നിവയ്ക്കായി ഉപയോഗിക്കുന്നു.
3. PVC (പോളി വിനൈല്‍ ക്ലോറൈഡ്): പൈപ്പുകള്‍, വിനൈല്‍ ഫ്‌ലോറിംഗ്, ഷവര്‍ കര്‍ട്ടനുകള്‍ എന്നിവയ്ക്കായി ഉപയോഗിക്കുന്നു.
4. 10 (ലോ ഡെന്‍സിറ്റി പോളിയെത്തിലിന്‍): പലചരക്ക് ബാഗുകള്‍, ബ്രെഡ് ബാഗുകള്‍, ഉല്‍പന്ന ബാഗുകള്‍ എന്നിവയ്ക്കായി ഉപയോഗിക്കുന്നു.
5. PP (പോളിപ്രൊഫൈലിന്‍): തൈര് പ്പുകള്‍ അധികമൂല്യ ടബ്ബുകള്‍, ടേക്ക് ഓട്ട് കണ്ടെയ്‌നറുകള്‍ എന്നിവയ്ക്കായി ഉപയോഗിക്കുന്നു.
6. PS (പോളിസ്‌റ്റൈറൈന്‍): ഫോം കപ്പുകള്‍, ടേക്ക് ഓട്ട് കണ്ടെയ്‌നറുകള്‍, നിലക്കടല പാക്കേജിംഗ് എന്നിവയ്ക്കായി ഉപയോഗിക്കുന്നു.

ഇന്ത്യയിലെ കടല്‍ പ്ലാസ്റ്റിക് മലിനീകരണം

സമുദ്രത്തിലെ പ്ലാസ്റ്റിക് മലിനീകരണത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രാജ്യത്ത് പ്രതിദിനം 26,000 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നു, അതില്‍ ഏകദേശം 10,000 ടണ്‍ ശാസ്ത്രീയമായി കൈകാര്യം ചെയ്യപ്പെടുന്നു. ബാക്കിയുള്ളവ കൃത്യമായി, ശേഖരിക്കപെടുകയോ സംസ്‌കരിക്കപ്പെടുകയോ ചെയ്യുന്നില്ല.തല്‍ഫലമായി, വന്‍തോതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ രാജ്യത്തിന്റെ നദികളിലേക്ക് എത്തിച്ചേരുന്നു, അത് ഒടുവില്‍ സമുദ്രത്തിലേക്ക് ഒഴുകുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സിപിസിബി) റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യന്‍ തീരപ്രദേശത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രത്തിലേക്ക് പ്രവേശിക്കുന്ന 80 പോയിന്റുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്; ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഉറവിടങ്ങള്‍ മുംബൈ, ചെന്നൈ, കൊല്‍ക്കത്ത നഗരങ്ങളാണ്. 274 കിലോ ടണ്‍ പ്രൈമറി മൈക്രോപ്ലാസ്റ്റിക് ഇന്ത്യയില്‍ നിന്ന് തീരക്കടലില്‍ എത്തുന്നുവെന്ന് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (IUCN) പറയുന്നു.

കേരളം, മുംബൈ, ചെന്നൈ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപമുള്ള കടലുകള്‍ ലോകത്തിലെ പ്ലാസ്റ്റിക് മലിനീകരണം ഏറ്റവുമധികമുള്ള പ്രദേശങ്ങള്‍ ആണ്.ഐ.ഐ.ടി. ബോംബെയില്‍ നിന്നുള്ള ഒരു പഠനം അനുസരിച്ച് ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന കറിയുപ്പില്‍ നല്ലയളവില്‍ മൈക്രോപ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നു.

നശിക്കാന്‍ എത്രകാലം എടുക്കും?

സമുദ്ര അവശിഷ്ടങ്ങള്‍ നശിക്കുന്നതിന് എടുക്കുന്ന സമയം പ്ലാസ്റ്റിക്കിന്റെ തരം, വലുപ്പം, പാരിസ്ഥിതിക സാഹചര്യങ്ങള്‍ തുടങ്ങിയ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കാണപ്പെടുന്ന സമുദ്ര അവശിഷ്ടങ്ങളുടെ നശീകരണ സമയത്തെക്കുറിച്ചുള്ള ച്ച കണക്കുകള്‍ ഇതാ:

പ്ലാസ്റ്റിക് ബാഗുകള്‍: 20 വര്‍ഷമോ അതില്‍ കൂടുതലോ സമയമെടുത്തേക്കാം

പ്ലാസ്റ്റിക് കുപ്പികള്‍: 450 വര്‍ഷമോ അതില്‍ കൂടുതലോ എടുത്തേക്കാം, ചിലതരം പ്ലാസ്റ്റിക്കുകള്‍, അതിലും കൂടുതലോ അനിശ്ചിതകാലമോ ആയ വര്‍ഷങ്ങളിലാവും നശിക്കുക.

ഫിഷിംഗ് ലൈന്‍: 600 വര്‍ഷം വരെ എടുത്തേക്കാം
 
സ്‌റ്റൈറോഫോം: ആയിരക്കണക്കിന് വര്‍ഷങ്ങള്‍ വരെ എടുത്തേക്കാം

സൂക്ഷ്മ പ്ലാസ്റ്റിക്കുകള്‍/ മൈക്രോപ്പാസ്റ്റിക്കുകള്‍

പ്ലാസ്റ്റിക്കും മറ്റ് അവശിഷ്ടങ്ങളും ക്രമേണ നശിക്കുമ്പോള്‍ പോലും, അവ ചെറുകഷ്ണങ്ങളും.സൂക്ഷ്മ പ്ലാസ്റ്റിക്കുകളും (5 മില്ലിമീറ്ററിലും ചെറിയ പ്ലാസ്റ്റിക് കഷ്ണങ്ങള്‍) ആയി കാലാകാലം നിലനില്‍ക്കും.

പ്രശ്‌നങ്ങള്‍ 

സമുദ്രത്തില്‍ സര്‍വ്വവ്യാപിയായ ഒരു വസ്തുവായി മാറിയിരിക്കുന്നു പ്ലാസ്റ്റിക്. വലുപ്പവും നിറവും കാരണം, ജീവികള്‍ ഭക്ഷണം എന്ന് തെറ്റിദ്ധരിച്ച് ഇവയെ ആഹരിക്കുന്നു. ഇത് പോഷകാഹാരക്കുറവിനും കുടല്‍ അടഞ്ഞുപോവാനും കാരണമാകുന്നു. വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങളില്‍ കുരുങ്ങി നിരവധി ജീവികള്‍ മരണപ്പെടുകയോ അവക്ക് അംഗഭംഗം സംഭവിക്കുകയോ ചെയ്യുന്നു. പ്രത്യേകിച്ചും വംശനാശഭീഷണി നേരിടുന്ന ജീവികളായ ആമകള്‍, കടല്‍പക്ഷികള്‍, ഡോള്‍ഫിനുകള്‍, തിമിംഗലങ്ങള്‍ എന്നിവയുടെ പെരുമാറ്റം, ആരോഗ്യം, നിലനില്‍പ്പ് എന്നിവയെ അപകടത്തിലാക്കുന്നു. പ്ലാസ്റ്റിക്ക് വസ്തുക്കളുടെ മൂര്‍ച്ചയുള്ള അരികുകള്‍ ആന്തരിക പരിക്കുകള്‍ക്കും ദഹനനാളത്തില്‍ കേടുപാടുകള്‍ക്കും കാരണമാകും. ഓരോ വര്‍ഷവും ഒരു ദശലക്ഷം കടല്‍പക്ഷികളും ഒരു ലക്ഷത്തിനടുത്ത് കടല്‍ സസ്തനികളും പ്ലാസ്റ്റിക്കിന്റെ ഉപയോഗം മൂലം ചത്തൊടുങ്ങുന്നുവെന്നാണ് അനുമാനം. പ്ലാസ്റ്റിക് കഴിക്കുന്നത് പ്ലാസ്റ്റിക് ഉല്‍പന്നങ്ങളിലെ അപകടകരമായ രാസവസ്തുക്കള്‍ (അഡിറ്റീവുകള്‍) വഴി രാസവിഷബാധയുണ്ടാക്കാം. 

കടല്‍ പ്ലാസ്റ്റിക്കുകള്‍ അധിനിവേശ ജീവികളെയും മറ്റും വളരെ ദൂരെയുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുകയും അത് പ്രസ്തുതപ്രദേശത്തെ ജൈവവൈവിധ്യത്തിന് ഭീഷണിയായി മാറുകയും ചെയ്യാം. ഐക്യരാഷ്ട്രസഭയുടെ അഭിപ്രായത്തില്‍, ലോകമെമ്പാടുമുള്ള കുറഞ്ഞത് 800 സ്പീഷീസുകള്‍ക്കെങ്കിലും കടല്‍ അവശിഷ്ടങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷിക്കുന്നുണ്ട്, അവയില്‍ 80 ശതമാനവും പ്ലാസ്റ്റിക്കാണ്. പൊതുവേ, കടല്‍ പ്ലാസ്റ്റിക് മലിനീകരണം സമുദ്ര മത്സ്യബന്ധന, മത്സ്യകൃഷി വ്യവസായത്തിന്റെ മൊത്തത്തിലുള്ള ഉല്‍പ്പാനേക്ഷമതയെയും കാര്യക്ഷമതയെയും ബാധിക്കും. കാലാവസ്ഥാ വ്യതിയാനവും അമിതമായ മത്സ്യബന്ധനവും കൂടിച്ചേരുമ്പോള്‍ പ്ലാസ്റ്റിക് മലിനീകരണം സമുദ്രപരിസ്ഥിതിയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കും. 

പ്ലാസ്റ്റിക് മലിനീകരണം മൂലം ആവാസവ്യവസ്ഥയുടെ സേവനങ്ങള്‍ കുറയുന്നത് മനുഷ്യന്റെ ആരോഗ്യത്തെയും ക്ഷേമത്തെയും ബാധിക്കും. മത്സ്യബന്ധനം, വിനോദസഞ്ചാരം എന്നീ മേഖലകളിലാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകാനുള്ള സാധ്യത. സമുദ്ര അവശിഷ്ടങ്ങള്‍, പ്രത്യേകിച്ച് പ്ലാസ്റ്റിക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സന്ദര്യമൂല്യത്തെ നശിപ്പിക്കുന്നു. ഇത് ടൂറിസത്തില്‍ 10 നിന്നുള്ള വരുമാനം കുറയുന്നതിന് കാരണമാകുന്നു. കൂടാതെ വിനോദസഞ്ചാര പ്രദേശങ്ങളുടെ ശുചീകരണവും പരിപാലനവുമായി ബന്ധപ്പെട്ട പ്രധാന സാമ്പത്തിക ചെലവുകളും ഇത് സൃഷ്ടിക്കുന്നു. കടല്‍ത്തിരങ്ങളില്‍ കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ, വന്യജിവികള്‍, ആളുകളുടെ ശാരീരികവും മാനസികവുമായ ക്ഷേമം എന്നിവയെ പ്രതികൂലമായി ബാധിക്കും. 

കണക്കുകള്‍ പ്രകാരം വിനോദസഞ്ചാരം, ഫിഷറീസ്, സമുദ്രകൃഷി എന്നിവയുമായി ബന്ധപ്പെട്ട് സമുദ്രത്തിലെ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ വാര്‍ഷിക ആഗോള സാമ്പത്തിക പ്രത്യാഘാതങ്ങളും ശുചീകരണ ശ്രമങ്ങള്‍ പോലുള്ള മറ്റ് ചെലവുകളും കുറഞ്ഞത് 6 മുതല്‍ 19 ബില്യണ്‍ യു.എസ്. ഡോളര്‍ വരെയാണ്. 

പ്ലാസ്റ്റിക്കും കാലാവസ്ഥാ പ്രശ്‌നമാണ് 

ആഗോള എണ്ണ ഉപഭോഗത്തിന്റെ 6% ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ പ്ലാസ്റ്റിക്കാണ്. പ്ലാസ്റ്റിക് ജീവിതചക്രത്തിന്റെ ഓരോ ഘട്ടത്തിലും ഹരിതഗൃഹ വാതക (GHG) ഉദ്വമനം നടക്കുന്നുണ്ട്. ഉത്പാദനം മുതല്‍ മാലിന്യ നിര്‍മാര്‍ജനം വരെയുള്ള ഘട്ടങ്ങളില്‍ ഇത് കാലാവസ്ഥാ വ്യതിയാനത്തിന് സംഭാവന നല്‍കുന്നു. പ്ലാസ്റ്റിക് ഉല്‍പ്പാദനം, വിതരണം, വ്യാപകമായ ഉപഭോക്തൃ ആവശ്യം എന്നിവ ഭൂമിയുടെ പരിമിതമായ പാരിസ്ഥിതിക വിഭവങ്ങളില്‍ വലിയ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. 

പ്രേതവലകള്‍ 

കടലില്‍ ഉപേക്ഷിക്കപ്പെട്ടതോ നഷ്ടപ്പെട്ടതോ ആയ മത്സ്യബന്ധന ഉപകരണങ്ങള്‍ ആണ് പ്രേതവലകള്‍. വര്‍ഷങ്ങളോളം ഈ വലകള്‍ സമുദ്രപ്രവാഹങ്ങളില്‍ ഒഴുകിനടക്കുകയും മത്സ്യം, കടലാമകള്‍, ഡോള്‍ഫിനുകള്‍, തിമിംഗലങ്ങള്‍ തുടങ്ങിയ സമുദ്രജീവികള്‍ അതില്‍ കുടുങ്ങി മരണപ്പെടുന്നതിന് ഇടയാവുകയും ചെയ്യും. 'പ്രേതം' എന്ന പദം സൂചിപ്പിക്കുന്നത് ഈ വലകള്‍ സ്വയം മത്സ്യബന്ധനം തുടരുകയും അവ ഉപേക്ഷിക്കപ്പെട്ടതിന് ശേഷം ദോഷം ജീവികളുടെ കൂട്ടമരണത്തിന് കാരണമാവുന്നതും കൊണ്ടാണ്. 

പ്രേതവലകള്‍ സമുദ്രങ്ങളുടെയും അവയില്‍ വസിക്കുന്ന സമുദ്രജിവികളുടെയും ആരോഗ്യത്തിന് ഒരു പ്രധാന പ്രശ്‌നമാണ്. അവ കടല്‍ജീവികള്‍ക്ക് പരിക്കും മരണവും വരുത്തുന്നത് കൂടാതെ പവിഴപ്പുറ്റുകള്‍ക്കും മറ്റ് പ്രധാന സമുദ്ര ആവാസവ്യവസ്ഥകള്‍ക്കും കേടുപാടുകള്‍ വരുത്തുകയും ചെയ്യും. കൂടാതെ, ബോട്ടുകളിലും കപ്പലുകളിലും ഉള്ള പ്രൊപ്പല്ലറുകളിലും മറ്റ് ഉപകരണങ്ങളിലും അവ കുടുങ്ങിപ്പോകാന്‍ സാധ്യതയുള്ളതിനാല്‍ അവ മനുഷ്യന്റെ സുരക്ഷയ്ക്കും ഭീഷണി ഉയര്‍ത്തും. പഠനങ്ങളില്‍ കേരളതീരത്തെ സമുദ്രത്തിനടിയെ പാറപ്പാരുകളില്‍ മിക്കവയിലും വലകള്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തിയിട്ടുണ്ട്. ആഗോളതലത്തില്‍, പ്രതിവര്‍ഷം ഏകദേശം 640,000 ടണ്‍ പ്രേതവലകള്‍ സമുദ്രങ്ങളില്‍ പുറന്തള്ളപ്പെടുന്നുവെന്നാണ് കണക്ക്.

സൂക്ഷ്മ പ്ലാസ്റ്റിക്കുകള്‍ (മൈക്രോപ്പാസ്റ്റിക്കുകള്‍) 

5 മില്ലിമീറ്ററില്‍ താഴെ (0.2 ഇഞ്ച്) വ്യാസമുള്ള ചെറിയ പ്ലാസ്റ്റിക് കണങ്ങളാണ് സൂക്ഷ്മ പ്ലാസ്റ്റിക്കുകള്‍. വാട്ടര്‍ ബോട്ടിലുകളോ ബാഗുകളോ പോലുള്ള വലിയ പ്ലാസ്റ്റിക് വസ്തുക്കള്‍ പൊടിയുമ്പോഴോ പോളിസ്റ്റര്‍ അല്ലെങ്കില്‍ നൈലോണ്‍ പോലുള്ള സിന്തറ്റിക് തുണിത്തരങ്ങളുടെ തേയ്മാനത്തിലൂടെയോ അവ സൃഷ്ടിക്കപ്പെടാം. ടൂത്ത് പേസ്റ്റ്, എക്‌ഫോളിയേറ്റിങ് സ്‌ക്രബുകള്‍, ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളിലും സൂക്ഷ്മ പ്ലാസ്റ്റിക്കുകള്‍ മനഃപൂര്‍വ്വം ചേര്‍ക്കപ്പെടുന്നുണ്ട്. സമുദ്രങ്ങളില്‍ ഉടനീളം, എല്ലാ മേഖലകളിലും, ഉപരിതലം മുതല്‍ ആഴത്തിലുള്ള കിടങ്ങുകള്‍ വരെ സൂക്ഷ്മ പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം കണ്ടെത്തപ്പെട്ടിട്ടുണ്ട്. 

സൂക്ഷ്മ പ്ലാസ്റ്റിക്കുകള്‍ പ്രകൃതിയില്‍ വിവിധ വിഘടന പ്രരകിയകള്‍ക്ക് വിധേയമാകുന്നു, പക്ഷേ പൂര്‍ണ്ണമായും നശിക്കുന്നില്ല. സര്‍വ്വവ്യാപിയായ ഇവ നാം ദിവസേന ഉപയോഗിക്കുന്ന കുടിവെള്ളത്തിലും കുപ്പിവെള്ളത്തിലും ഉപ്പിലുമൊക്കെ കാണപ്പെടുന്നു. രോഗാണുക്കള്‍ ഉള്‍പ്പടെ ജൈവമലിനീകാരകങ്ങളെയും ഘനലോഹങ്ങളെയും ഇവ ആഗിരണം ചെയ്യും. ജലപരിസ്ഥിതിയില്‍നിന്ന് സൂക്ഷ്മ പ്ലാസ്റ്റിക്കുകള്‍ നീക്കം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്, കാരണം സമുദ്രങ്ങളുടെ ഭക്ഷ്യചങ്ങലയിലും പരിസ്ഥിതിസേവനങ്ങളിലും സുപ്രധാനമായ സൂക്ഷ്മജീവികളെ ഇല്ലാതാക്കാക്കുന്നതിന് ഇത് ഇടയാക്കും. അവ ചെറിയ ജീവികളുടെ ശരിരത്തില്‍ പോലും പ്രവേശിക്കുകയും ഭക്ഷണ ശൃംഖലയിലൂടെ മനുഷ്യരിലേക്ക് എത്തുകയും പ്ലാസ്റ്റിക്കിലെ രാസവസ്തുക്കളുടെ സാന്നിദ്ധ്യം ഭക്ഷ്യശ്രുംഖലയിലെ ഓരോ ട്രോഫിക് (ഭക്ഷണ) തലത്തിലും അവയുടെ അളവ് ജീവികളുടെ ശരീരത്തില്‍ വര്‍ദ്ധിക്കുകയും ചെയ്യാം (ബയോഅക്യുമുലേഷന്‍)

വൈവിധ്യമാര്‍ന്ന ജന്തുജാലങ്ങള്‍ സൂക്ഷ്മ പ്ലാസ്റ്റിക്കുകള്‍ ആഹരിക്കുന്നുണ്ട്. 10 മൈക്രോണ്‍ അളവിലുള്ള സൂക്ഷ്മ പ്ലാസ്റ്റിക്കുകള്‍ ചിപ്പികളില്‍ രക്തചംക്രമണ സംവിധാനത്തിലേക്ക് മാറ്റപ്പെട്ടതായി ലബോറട്ടറി പഠനങ്ങള്‍ തെളിയിക്കുന്നു. 

എന്‍ഡോക്രൈന്‍ ഡിസ്‌റപ്ടിംഗ് കെമിക്കല്‍സ് (അന്തസ്രാവി ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്ന രാസവസ്തുക്കള്‍), പെര്‍സിസ്റ്റന്റ് ഓര്‍ഗാനിക് മലിനികാരകങ്ങള്‍ (പിഒപി), ഓര്‍ഗാനോക്കോറിന്‍ കീടനാശിനികള്‍ എന്നിവയുള്‍പ്പെടെയുള്ള വിഷവസ്തുക്കള്‍ ഈ പ്ലാസ്റ്റിക് കണികകളില്‍ അടിഞ്ഞുകൂടാം.  കടലില്‍ വളരെദൂരത്തില്‍ ഇവ കൈമാറ്റം ചെയ്യപ്പെടാം. മലിനമായ വെള്ളത്തിലൂടെയും സൌന്ദര്യവര്‍ദ്ധക വസ്തുക്കളിലൂടെയും നേരിട്ടോ അല്ലെങ്കില്‍ സമുദ്രോത്പന്ന ഉപഭോഗത്തില്‍ നിന്നോ മനുഷ്യരിലേക്ക് സൂക്ഷ്മ പ്ലാസ്റ്റിക്കുകള്‍ എത്തിപ്പെടാം. ഇത് മോണയിലോ ചര്‍മ്മത്തിലോ ബാക്ടീരിയ അണുബാധകളിലേക്കോ കണ്ണില്‍ പറ്റിപ്പിടിച്ച് കോര്‍ണിയയെ മുറിവേല്‍പ്പിക്കുന്നതിലേക്കോ നയിച്ചേക്കാം. കടല്‍ജീവികള്‍ പ്ലാസ്റ്റിക്കുകളും സൂക്ഷ്മ പ്ലാസ്റ്റിക്കുകള്‍ ഉപയോഗിക്കുന്നത് പട്ടിണി, മരണം എന്നിവയ്ക്ക് കാരണമാകും. കൂടാതെ സൂക്ഷ്മ പ്ലാസ്റ്റിക്കുകള്‍ ആഹരിക്കുമ്പോള്‍ ആഹാരം കഴിച്ചുവെന്ന തെറ്റായ സംതൃപ്തി'യാവും ഇവയ്ക്ക് ലഭിക്കുക. പ്ലാസ്റ്റിക് കണികകള്‍ക്ക് നമ്മുടെ വയറ്റില്‍ എത്താന്‍ കഴിയുമെന്നും അവയുടെ വലിപ്പമനുസരിച്ച് ഇവ പുറന്തള്ളപ്പെടുകയോ ആമാശയത്തിലെയും കുടലിലെയും പാളികളില്‍ കുടുങ്ങിപ്പോകുകയോ രക്തം പോലുള്ള ശരീര സ്രവങ്ങളില്‍ സ്വതന്ത്രമായി സഞ്ചരിക്കുകയോ അതുവഴി ശരീരത്തിന്റെ വിവിധ അവയവങ്ങളിലേക്കും കലകളിലേക്കും എത്തപ്പെടുകയോ ചെയ്യാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ശരീരത്തിനുള്ളിലെ മൈക്രോപ്ലാസ്റ്റിക് - പ്രോട്ടിന്‍ കോംപ്ലക്‌സുകള്‍ക്ക് ശരീര ദ്രാവകങ്ങളുടെ ഒഴുക്ക് തടയാന്‍ കഴിയും. സമീപകാല പഠനങ്ങള്‍
കാണിക്കുന്നത് ആളുകള്‍ വായുവിലൂടെ മൈക്രോപ്ലാസ്റ്റിക് ശ്വസിക്കുകയും ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും അവ കഴിക്കുകയും ചര്‍മ്മത്തിലൂടെ ആഗിരണം ചെയ്യുകയും ചെയ്യുന്നു എന്നാണ്. നമ്മുടെ ശ്വാസകോശങ്ങള്‍, കരള്‍, പ്ലീഹ, വൃക്ക എന്നിവയില്‍ പോലും സൂക്ഷ്മ പ്ലാസ്റ്റിക്കുകളെ കണ്ടെത്തിയിട്ടുണ്ട്.
അടുത്തിടെ നടന്ന ഒരു പഠനത്തില്‍ നവജാത ശിശുക്കളുടെ മറുപിള്ളയില്‍ സൂക്ഷ്മ പ്ലാസ്റ്റിക്കുകള്‍ കണ്ടെത്തുകയുണ്ടായി.മത്സ്യത്തിലും മനുഷ്യരിലും സൂക്ഷ്മപ്ലാസ്റ്റിക്കുകള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളുടെ വ്യാപ്തി ഇപ്പോഴും അജ്ഞാതമാണ്.

മൈക്രോബീഡുകള്‍

ബോഡി വാഷുകളിലും ഫേഷ്യല്‍ സ്‌ക്രബുകളിലും സോപ്പുകളിലും കാണപ്പെടുന്ന ചെറിയ പ്ലാസ്റ്റിക് കഷ്ണങ്ങളാണ് മൈക്രോബീഡുകള്‍.ഇവയുടെ വലുപ്പ 0.1 മൈക്രോമീറ്റര്‍ (0.0001 മില്ലിമീറ്റര്‍) മുതല്‍ 5 മില്ലിമീറ്റര്‍ വരെയാണ്. കോര്‍പ്പറേറ്റ് കമ്പനികള്‍ വിറ്റഴിക്കുന്ന നൂറിലധികം വ്യക്തിഗത പരിചരണ ഉല്‍പ്പന്നങ്ങളില്‍ ഇവ ഉപഗോഗിക്കപ്പെടുന്നുണ്ട്.

മൈക്രോബീഡുകള്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍  എളുപ്പത്തില്‍ ആഗിരണം ചെയ്യുന്നു. വിശക്കുന്ന ഒരു ജലജീവിക്ക്, ചെറിയ പ്ലാസ്റ്റിക് കഷണങ്ങള്‍ വളരെ രുചികരമായി തോന്നുന്നു. ഏറ്റവും ചെറിയ മൈക്രോബിഡുകള്‍ പ്ലവകങ്ങള്‍ക്കുള്ള ലഘുഭക്ഷണമായി മാറുകയും ഭക്ഷണ ശൃംഖലയിലൂടെ മുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും മനുഷ്യരിലേക്ക് എത്തുകയും ചെയ്യാം.

  • മൈക്രോബിഡുകള്‍  മനുഷ്യരില്‍ ജനന വൈകല്യങ്ങള്‍, കാന്‍സര്‍, തുടങ്ങിയവക്ക് കാരണമായേക്കാം.
  • മൈക്രോബിഡുകളില്‍ മാരകമായ ബിസ്‌ഫെനോള്‍ എ അടക്കം നിവധി കൂട്ടിച്ചേര്‍ക്കപ്പെട്ട രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നു.മറ്റ് കെമിക്കല്‍ അഡിറ്റീവുകളും പുറത്തുവിടും.
  • ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും ഇപ്പോള്‍ മൈക്രോബിഡിന്റെ ഉപയോഗം നിരോധിച്ചിരിക്കുന്നു.

പ്ലാസ്റ്റിക്മണ്ഡലം (പ്ലാസ്റ്റിസ്ഫിയര്‍)

സമുദ്ര പരിസ്ഥിതിയില്‍ പ്ലാസ്റ്റിക് അവശിഷ്ടങ്ങളില്‍ സൂക്ഷ്മാണുക്കളുടെ ഒരു കോളനി രൂപം കൊള്ളുന്നു. പ്‌ളാസ്റ്റിക് കഷ്ണങ്ങളില്‍ കോളനിവര്‍ക്കരിക്കുന്ന സൂക്ഷ്മാണുക്കളുടെ 15 പാരിസ്ഥിതിക സമൂഹത്തെ വിവരിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് പ്ലാസ്റ്റിഫിയര്‍ [പ്ലാസ്റ്റിക്മണ്ഡലം). സമുദ്രങ്ങളിലും മറ്റ് ജലാശയങ്ങളിലും കാണപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് വര്‍ദ്ധിക്കുന്നതിനാല്‍ ഉയര്‍ന്നുവന്ന താരതമ്യേന പുതിയ ഗവേഷണ മേഖലയാണിത്. ബാക്ടീരിയ, ആല്‍ഗകള്‍, ഫംഗസ്, പ്രോട്ടിസ്റ്റുകള്‍ തുടങ്ങിയ സൂക്ഷ്മാണുക്കള്‍ക്ക് പ്ലാസ്റ്റിക് പ്രതലങ്ങളില്‍ സ്വയം ഘടിപ്പിച്ച് പ്ലാസ്റ്റിക്കിന്റെ ഭാതികവും രാസപരവുമായ ഗുണങ്ങളെ ബാധിക്കുന്ന ഒരു ബയോഫിലിം രൂപപ്പെടുത്താന്‍ കഴിയും. പ്ലാസ്റ്റിക് അതിന്റെ പരിസ്ഥിതിയുമായി ഇടപഴകുന്ന രീതിയിലും സമുദ്രജിവികളില്‍ ദോഷകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയിലും ഇത് മാറ്റം വരുത്തും. നിരവധി രോഗാണുക്കളും പ്ലാസ്റ്റിക്മണ്ഡലത്തിന്റെ ഭാഗമായി ഉണ്ടാകാമെന്നും പ്ലാസ്റ്റിക്കില്‍ അവയുടെ സാന്ദ്രത സമുദ്രജലത്തിലേതിനേക്കാള്‍ പതിന്മടങ്ങ് അധികമായിരിക്കുമെന്നും അവ മറ്റുപ്രദേശങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടാമെന്നും അനുമാനിക്കപ്പെടുന്നു. 

മലിനീകരണത്തിനുള്ള പരിഹാരങ്ങള്‍ 

കടല്‍ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ അപ്‌സ്ട്രിം മാനേജ്‌മെന്റ് എന്നത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ജലാശയങ്ങളില്‍ പ്രവേശിക്കുന്നത് തടയാന്‍ സ്വീകരിക്കുന്ന തന്ത്രങ്ങളെയും പ്രവര്‍ത്തനങ്ങളെയും സൂചിപ്പിക്കുന്നു. ഉല്‍പ്പാദിപ്പിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയും മാലിന്യ സംസ്‌കരണ രീതികള്‍ മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് പ്ലാസ്റ്റിക് മലിനീകരണത്തിന്റെ മൂലകാരണങ്ങള്‍ പരിഹരിക്കുകയാണ് ഈ തന്ത്രങ്ങള്‍ ലക്ഷ്യമിടുന്നത്. ഇത്തരം തന്ത്രങ്ങളുടെ ചില ഉദാഹരണങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു: മാലിന്യ സംസ്‌കരണത്തിന്റെ അഞ്ച് അടിസ്ഥാന തത്വങ്ങള്‍: 

1. ഉപയോഗം കുറയ്ക്കുക: ഇതരമാര്‍ഗങ്ങള്‍ കണ്ടെത്തി, അല്ലെങ്കില്‍ മൊത്തത്തില്‍ കുറഞ്ഞ അളവില്‍ പ്ലാസ്റ്റിക് ഉപയോഗിച്ചുകൊണ്ട് ഉപയോഗം കുറയ്ക്കാന്‍ കഴിയും.
 2. പുനരുപയോഗം: കൈവശമുള്ള പ്ലാസ്റ്റിക്കുകള്‍ പരമാവധി പുനരുപയോഗിക്കാനാവണം. ഇതുവഴി പുതിയ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് കുറച്ചുകൊണ്ടുവരാനാവും. 
3. പുനഃചംക്രമണം: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ച് പുതിയ ഉല്‍പ്പന്നങ്ങളാക്കി മാറ്റാന്‍ കഴിയുന്ന റീസൈക്‌സിംഗ് സംവിധാനങ്ങള്‍ ഫഏര്‍പ്പെടുത്തുക. 
4. നിരസിക്കുക: സ്‌ട്രോകള്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക് ബാഗുകള്‍ പോലുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ വേണ്ടെന്ന് പറയുക എന്നാണ് ഇതിനര്‍ത്ഥം.
5. പുനഃസ്ഥാപിക്കുക: പ്ലാസ്റ്റിക്കുകള്‍ക്ക് ബദലായി നില്‍ക്കാന്‍ കഴിയുന്ന വസ്തുക്കള്‍ക്ക് പ്രചാരം നല്‍കുന്നതിലൂടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കാനാവും. ഏകോപയോഗ പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനവും അത്തരം ഉല്പന്നങ്ങള്‍ക്കുള്ള അധിക നികുതിയും സര്‍ക്കാര്‍തലത്തില്‍ തന്നെ നടപ്പിലാക്കിവരുന്ന പരിപാലന മാര്‍ഗങ്ങളാണ്. 

ഉല്‍പ്പാദകന്റെ ഉത്തരവാദിത്തം: പ്ലാസ്റ്റിക് പാക്കേജിംഗ് ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളുടെ ജീവിതചക്രം അവസാനിക്കുമ്പോള്‍ നിര്‍മാതാക്കള്‍ തന്നെ അവയെ തിരിച്ചെടുക്കുന്ന ഉത്തരവാദിത്തമുള്ള ഒരു നയ സമീപനമാണ് ഇത്. കൂടാതെ, കൂടുതല്‍ എളുപ്പത്തില്‍ പുനരുപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യാന്‍ നിര്‍മ്മാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കാനും അവ ജലാശയങ്ങളില്‍ പ്രവേശിക്കുന്നത് തടയാനും കഴിയും. 

പൊതു അവബോധവും വിദ്യാഭ്യാസവും: പ്ലാസ്റ്റിക് മലിനീകരണം പരിസ്ഥിതിയില്‍ ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവര്‍ക്കരിക്കുകയും ഉത്തരവാദിത്തമുള്ള പെരുമാറ്റം പ്രോത്സാഹി പ്പിക്കുകയും ചെയ്യുന്നത് സമുദ്രത്തില്‍ പ്രവേശിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനും പുനരുപയോഗം പ്രോത്സാഹി പ്പിക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉത്തരവാദിത്തത്തോടെ നിര്‍മാര്‍ജനം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍പ്പെടാം. 

നവീകരണവും ഗവേഷണവും: കൂടുതല്‍ സുസ്ഥിരവും പരിസ്ഥിതിക്ക് ദോഷകരമല്ലാത്തതുമായ പുതിയ സാങ്കേതികവിദ്യകളും വസ്തുക്കളും വികസിപ്പിക്കുന്നത് സമുദ്ര ആവാസവ്യവസ്ഥയില്‍ പ്പാസ്റ്റിക്കിന്റെ ആഘാതം കുറയ്ക്കാന്‍ സഹായിക്കും. ജൈവവിഘടനം നടക്കുന്ന പ്ലാസ്റ്റിക്കുകളെ കുറിച്ചോ പരമ്പരാഗത പ്ലാസ്റ്റിക്കുകളെ മാറ്റിസ്ഥാപിക്കാന്‍ കഴിയുന്ന ഇതര വസ്തുക്കളെ കുറിച്ചോ ഉള്ള ഗവേഷണം ഇത്തരത്തില്‍ ഉള്ളതാണ്. 

ചാക്രിക സമ്പദ് വ്യവസ്ഥ എന്നത് മാലിന്യങ്ങള്‍ ഇല്ലാതാക്കാനും വിഭവങ്ങളുടെ തുടര്‍ച്ചയായ ഉപയോഗവും പുനരുപയോഗവും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്ന ഒരു സാമ്പത്തിക സംവിധാനമാണ്. ഇത്തരം സമ്പദ്‌വ്യവസ്ഥയില്‍, വിഭവങ്ങള്‍ കഴിയുന്നിടത്തോളം ഉപയോഗത്തില്‍ സൂക്ഷിക്കുന്നു, പുനരുപയോഗം,  പുനരുപയോഗം, ഉര്‍ പുനര്‍രൂപകല്‍പ്പന തുടങ്ങിയ തന്ത്രങ്ങളിലൂടെ മാലിന്യങ്ങള്‍ കുറയ്ക്കുന്നു. ചാക്രിക സമ്പദ് വ്യവസ്ഥയിലേക്ക് പ്ലാസ്റ്റിക്ക് വ്യവസായം നീങ്ങാനുള്ള ചില ശ്രമങ്ങള്‍ക്ക് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ തുടക്കം കുറിക്കുന്നു. 

കടല്‍ മാലിന്യത്തിന്റെ പ്രതികൂല ആഘാതത്തില്‍ നിന്ന് വെള്ളത്തിനടിയിലെയും കടലിന് മുകളിലെയും ജീവനെ സംരക്ഷിക്കുന്നതിനായി, കേന്ദ്ര ഭാമ, ശാസ്ത്ര മന്ത്രാലയം 2022ല്‍ 'സ്വച്ഛ് സാഗര്‍ സുരക്ഷിത് സാഗര്‍' (ക്ലീന്‍ കോസ്റ്റ് സേഫ് സീ) പദ്ധതി ആരംഭിച്ചു. ഇന്ത്യയുടെ ദേശീയ മറൈന്‍ ലിറ്റര്‍ പോളിസി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. 2021ല്‍, പ്ലാസ്റ്റിക് പതാകകള്‍, പ്ലേറ്റുകള്‍, കപ്പുകള്‍, സ്പൂണുകള്‍, സ്‌ട്രോകള്‍ തുടങ്ങി ഒറ്റത്തവണ ഉപയോഗിക്കാവുന്ന നിരവധി പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പ്പന ഉപയോഗം എന്നിവ 2022 ജൂലൈ മുതല്‍ ഇന്ത്യാ ഗവണ്‍മെന്റ് നിരോധിച്ചു. ഇന്ത്യയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യാ ഗവണ്‍മെന്റ് നേരത്തെ തന്നെ നിരോധിച്ചിട്ടുണ്ട്. 'സിറോ വേസ്റ്റ് സമീപനങ്ങളുള്ള വൃത്തിയുള്ള നീല ബിച്ചുകള്‍ക്ക് മുന്‍ഗണന നല്‍കുന്ന ടൂറിസത്തിനായി നീല ബീച്ച് ഏന്ന ആശയവും നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. 

ശുചിത്വ സാഗരം

 കേരള സര്‍ക്കാര്‍, ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന മാതൃകാ പദ്ധതിയാണ് ശുചിത്വ സാഗരം' പദ്ധതി. മത്സ്യത്തൊഴിലാളികളുടെ (ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍) സഹകരണത്തോടെ ഹരിതകേരളം പദ്ധതി വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് ഇത്. മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനസമയത്ത് സമുദ്രത്തില്‍നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ തിരികെ കൊണ്ടുവരുന്നു. വനിതാ സ്വയം സഹായ സംഘങ്ങളുടെ (കുടുംബശ്രീ) സഹായത്തോടെ സമുദ്രത്തിലെ പ്ലാസ്റ്റിക്കുകള്‍ അസംസ്‌കൃത വസ്തുക്കളാക്കി (കഷണങ്ങള്‍ പൊടിച്ചത്) റോഡ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നു. ഈ സംരംഭത്തിലൂടെ നൂറുകണക്കിന് ടണ്‍ പ്ലാസ്റ്റിക്കുകള്‍ സമുദ്രത്തില്‍നിന്ന് വീണ്ടെടുക്കുകയും അടിസ്ഥാന സൗകര്യ വികസനത്തിനായി പുനരുപയോഗിക്കുകയും ചെയ്തു. കേരളത്തിലെ കൊല്ലം ജില്ലയിലെ ശക്തികുളങ്ങര ഫിഷിംഗ് ഹാര്‍ബറില്‍ ആരംഭിച്ച ഈ പ്രൊജക്റ്റ് ഒരു മാതൃക സൃഷ്ടിച്ചു, സര്‍ക്കാര്‍ ഇപ്പോള്‍ പ്ലാസ്റ്റിക് വിമുക്ത സാഗരം എന്ന ആശയം നടപ്പിലാക്കാന്‍ ശുചിത്വ സാഗരം, സുന്ദര തീരം' എന്ന പുതിയ പരിപാടി നടപ്പിലാക്കി വരുന്നു.

കടലില്‍ എത്തിച്ചേരുന്ന മാലിന്യങ്ങള്‍ അവിടുന്ന് നീക്കം ചെയ്യുന്നത് ഒട്ടും പ്രായോഗികമല്ല. സമുദ്ര ആവാസവ്യവസ്ഥയില്‍ പ്ലാസ്റ്റിക് ആഘാതം ലഘൂകരിക്കുന്നതിന്, സമുദ്രത്തില്‍ എത്തിച്ചേരുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് കുറയ്‌ക്കേണ്ടത് പ്രധാനമാണ്. പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശരിയായ രിതിയില്‍ നീക്കം ചെയ്യുക, പുനരുപയോഗം ചെയ്യുക തുടങ്ങിയ വ്യക്തിഗത പ്രവര്‍ത്തനങ്ങളിലൂടെ ഇത് നേടാനാകും. പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുകയും സുസ്ഥിരത പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയങ്ങളും സമ്പ്രദായങ്ങളും നടപ്പിലാക്കുന്നതിലൂടെ സര്‍ക്കാരുകള്‍ക്കും ബിസിനസുകാര്‍ക്കും ഇതില്‍ പങ്കാളികളാകാം. പ്ലാസ്റ്റിക്കുകള്‍ മൊത്തത്തിലല്ല, മറിച്ച് ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയപ്പെടുന്ന (ഏകോപയോഗ) പ്ലാസ്റ്റിക്കുകളാണ് പ്രധാന വില്ലന്‍ എന്ന തിരിച്ചറിവും ഉണ്ടാകണം. കൂടാതെ, ബോധവല്‍ക്കരണപരിപാടികള്‍, തീരശുചികരണം, കമ്മ്യൂണിറ്റി ഔട്ട്‌റീച്ച്‌ പ്രോഗ്രാമുകള്‍ എന്നിവ പോലുള്ള സംരംഭങ്ങള്‍ക്ക് പ്രശ്‌നത്തെക്കുറിച്ച് അവബോധം വളര്‍ത്താനും പെരുമാറ്റ മാറ്റം പ്രോത്സാഹിപ്പിക്കാനും കഴിയും.

(കേരള സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അക്വാറ്റിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം തലവനും പ്രൊഫസറുമാണ് ലേഖകന്‍)