
മറ്റൊരു പരിസ്ഥിതി ദിനം കൂടി വരുന്നു. അമ്പത് വർഷങ്ങൾക്ക് മുമ്പ് ഈ ദിനം പ്രഖ്യാപിക്കപ്പെടുമ്പോൾ ഉണ്ടായിരുന്ന ഒരു ലോകമല്ല ഇന്നുള്ളത്. ഇന്ത്യയും കേരളവുമല്ല. അന്ന് നമുക്ക് ആലോചിക്കാൻ പോലും കഴിയാത്ത വിധത്തിൽ എല്ലാം മാറിയിരിക്കുന്നു, അതും ഏറ്റവും മോശമായ വിധത്തിൽ 1972 ലെ സ്റ്റോക്ക്ഹോം സമ്മേളനത്തിൽ പ്രധാന പ്രശ്നമായി കണ്ടിരുന്നത് ഊർജവിഭവങ്ങളുടെ പരിമിതി എന്നതായിരുന്നു. വളർച്ചക്ക് പരിമിതി ഉണ്ടെന്നുള്ള ആ ചിന്ത തന്നെ വന്നത് ആഗോള എണ്ണ പ്രതിസന്ധിയിൽ നിന്നുമാണ്. എന്നാൽ ഇപ്പോൾ ‘ഓയിൽ പീക്ക്’ എന്ന പേരിൽ അറിയപ്പെടുന്ന എണ്ണയുടെ അവസാനം പ്രവചിക്കപ്പെട്ടിരിക്കുന്നു. പീക്ക് കഴിഞ്ഞാൽ എണ്ണയുടെ ലഭ്യത കുറയും എന്ന് ബോധ്യപ്പെട്ടിരിക്കുന്നു എന്ന മാത്രമല്ല വനവും ഭൂമിയും കടലും കായലും ജലവും എന്തിനു ശുദ്ധവായു പോലും നിശ്ചിതമാണെന്നും ദൗർലഭ്യം നേരിടാവുന്ന ഒന്നാണെന്നും ലോകത്തിനു ബോധ്യമായിരിക്കുന്നു. ബദൽ സ്രോതസുകൾ എന്ന് അവകാശപ്പെടുന്ന സൗരോർജവും മറ്റും അത്ര ദീർഘകാലത്തേക്കില്ലെന്നും ബോധ്യമായിരിക്കുന്നു. വളർച്ചക്ക് പരിമിതി എന്ന് 1970 നടത്തിയേ പ്രവചനം അന്ന് പ്രതീക്ഷിക്കാൻ പോലും കഴിയാത്ത വിധത്തിൽ ഇന്ന് സത്യമായിരിക്കുന്നു.
ആഗോള തലത്തിൽ ഇന്ന് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണല്ലോ ആഗോളതാപനവും അതിന്റെ ഫലമായുണ്ടാകുന്ന കാലാവസ്ഥാമാറ്റവും അതിന്റെ പ്രത്യാഘാതങ്ങളും. ഭൂമിയുടെ നല്ലൊരു ഭാഗം കടലിനടിയിലാകാൻ കേവലം ചില പതിറ്റാണ്ടുകൾ മതി എന്ന സത്യം ഇന്നെല്ലാവരും അംഗീകരിക്കുന്നുണ്ട്. മാലിദ്വീപ് എന്ന രാഷ്ട്രം അതിന്റെ ഒരു മന്ത്രിസഭാ യോഗം ചേർന്നത് കടലിനടിയിൽ അന്തർവാഹിനിയിലായിരുന്നു. പ്രതീകാത്മകമായി ലോകത്തോട് അവർ പ്രതിഷേധിക്കുകയായിരുന്നു. "ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ" എന്ന ചോദ്യം ‘ഇപ്പോഴുള്ളൊരു തലമുറയ്ക്ക്’ എന്ന് മാറ്റി പാടി തുടങ്ങിയിരിക്കുന്നു. ഗ്രെറ്റ ത്യുൻബെയെപ്പോലെ ലക്ഷക്കണക്കിന് പേര് ഇന്ന് വിവിധ ഭരണകർത്താക്കൾക്ക് നേരെ വിരൽചൂണ്ടി ഉയർത്തുന്ന ചോദ്യങ്ങളും അതാണ്.

ലോകമാകെ നേരിടുന്ന കാലാവസ്ഥയിലെ മാറ്റങ്ങൾ മൂലമുണ്ടാകുന്ന പ്രതിസന്ധികൾ തെന്നെയാണ് കേരളത്തിലും. ഭൂമിശാസ്ത്രം, സ്ഥാനം, കാലാവസ്ഥ , ജലലഭ്യത, ജൈവവൈവിധ്യം തുടങ്ങിയവയാൽ സമ്പന്നമാണ് എന്നതിനാലാണ് കേരളത്തെ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് വിളിക്കുന്നത്. വളരെ ഉയരം കൂടിയ പശ്ചിമഘട്ട മലകളിൽ നിന്നും വളരെ പെട്ടന്ന് ഇടനാടും കടന്നു അറബിക്കടലിൽ എത്തുമ്പോഴേക്കും ഒട്ടേറെ വ്യത്യസ്തമായ സൂക്ഷ്മ കാലാവസ്ഥ മേഖലകളും അവയുമായി ബന്ധപ്പെട്ട സസ്യ ജൈവ വൈവിധ്യവും കൃഷിയും ടൂറിസവും ആയുർവ്വേദവുമെല്ലാം നമ്മെ സമ്പന്നരാക്കിയിരുന്നു. എന്നാൽ ആ ഭൂപ്രകൃതിയും അതിലെ മലകളും കുന്നുകളും പുഴകളും മറ്റു നീർച്ചാലുകളും തീരപ്രദേശവുമെല്ലാം ഇന്നത്തെ അവസ്ഥയിൽ നമുക്ക് ഭീഷണി ഉയർത്തുന്നു. ഏത് ദിവസവും എവിടെയും എത്ര കൂടിയ നിരക്കിലും മഴ പെയ്യാമെന്നും (മേഘവിസ്ഫോടനം എന്നൊക്കെ വിളിക്കപ്പെടുന്നവ) ആ മഴ ഭൂമിയിൽ എത്തിക്കുന്ന ജലം പ്രളയമായും ഉരുൾപൊട്ടലായും കാർഷിക നാശമായും മറ്റും കേരളത്തെ നരകമാകുന്നു എന്നു കഴിഞ്ഞ അഞ്ചാറു വർഷത്തെ അനുഭവം നമ്മെ പഠിപ്പിക്കുന്നു.
മലനാട്ടിലും ഇടനാട്ടിലും തീരപ്രദേശത്തും മനുഷ്യജീവിതം എത്ര മാത്രം അസ്ഥിരമാണ് എന്ന് ഇന്ന് നാം അറിയുന്നു. കേരളത്തിന്റെ ജലഗോപുരമായ പശ്ചിമഘട്ടവും മറ്റൊരു അതിർത്തിയായ അറബിക്കടലും വലിയ മാറ്റങ്ങൾക്കു വിധേയമായിരിക്കുന്നു. ഈ അവസ്ഥക്കുള്ള പ്രധാന കാരണം ആഗോളതലത്തിലെ കാലാവസ്ഥാമാറ്റങ്ങൾ തന്നെയാണ്. എന്നാൽ പ്രകൃതിയിൽ ഈ പ്രതിഭാസങ്ങളെ ദുരന്തങ്ങളാക്കുന്നതിൽ മനുഷ്യന്റെ ഇടപെടൽ വലിയൊരു പങ്കു വഹിക്കുന്നു എന്ന് വ്യക്തമാണ്. മനുഷ്യജീവനുകൾക്ക് ഏറ്റവും ഹാനി വരുത്തുന്നതും അതിവർഷത്തെ ദുരന്തമാക്കുന്നതുമായ ഉരുൾ പൊട്ടലിനു ക്വാറികളും തെറ്റായ നിർമ്മാണരീതികളും ഭൂവിനിയോഗവും ജൈവ വൈവിധ്യനാശവുമെല്ലാം കാരണമാകുന്നു. കഴിഞ്ഞ ആറേഴ് വര്ഷക്കാലത്തു ഇന്ത്യയിലാകെ ഉണ്ടായ ഉരുൾപൊട്ടലുകളിൽ 60 ശതമാനവും കേരളത്തിലായിരുന്നു എന്ന ഔദ്യോഗിക കണക്കു മാത്രം മതി നമ്മെ ഭീതിയിലാഴ്ത്താൻ.

നമ്മുടെ വൻകിട അണക്കെട്ടുകളൊന്നും വെള്ളപ്പൊക്കം നിയന്ത്രിക്കാൻ പര്യാപ്തമല്ലെന്നു അത് കൈകാര്യം ചെയ്യുന്ന വൈദ്യുത ബോർഡ് തന്നെ പറയുമ്പോൾ അവക്ക് കീഴെ നമുക്കെങ്ങനെ സ്വസ്ഥമായി ഉറങ്ങാൻ കഴിയും? അണക്കെട്ടുകൾ കൊണ്ട് ഇല്ലാതായ നദീതടങ്ങൾ കയ്യേറി നമ്മൾ നിർമ്മിച്ച ബസ് സ്റ്റാന്റും മാളുകളും വിമാനത്താവളങ്ങളും വരെ അണക്കെട്ടു തുറക്കുമ്പോൾ നീരൊഴുക്കിന് തടസ്സമാകുന്നു. ‘റൂം ഫോർ റിവർ’ നടപ്പാക്കും എന്ന് പറയുന്നവർ തന്നെ ഇത്തരം ഭീമൻ നിർമ്മാണ പദ്ധതികളുമായി വരുമ്പോൾ നമ്മുടെ ഭാവി ഏറെ അനിശ്ചിതമാകുന്നു. കേരളത്തിന് കുറുകെ മുന്നൂറോളം കിമി നീളത്തിൽ പ്രളയനിരപ്പിനേക്കാൾ 5മി ഉയരത്തിൽ മതിൽകെട്ടി അതിവേഗവണ്ടി ഓടിക്കും എന്നാണു പറയുന്നത്. ഒരു മതിലും ഇല്ലാതെ തന്നെ മുങ്ങിപ്പോയ ഇടനാടാണ് നമ്മുടേത്. ഇത്തരം നിർമ്മാണപ്രവർത്തനങ്ങൾക്കാവശ്യമായ കരിങ്കല്ലും മണ്ണും മണലും മെന്തിന് വെള്ളം പോലും ഇവിടെ നിന്ന് കിട്ടും? അങ്ങനെ മലകളെല്ലാം തുറന്നു അവയെടുത്താൽ എന്താകും കേരളത്തിന്റെ അവസ്ഥ? ഇത്തരം ചോദ്യങ്ങളെ ഇന്നും വികസനവിരുദ്ധതയായി കാണുന്ന വ്യക്തികളും പ്രസ്ഥാനങ്ങളുമാണ് ഇവിടെ അധികാരം കയ്യാളുന്നത്.
നമ്മുടെ അടിസ്ഥാനപ്രശ്ങ്ങൾ ഇന്ന് പലതാണ്. വളരെ ചെറുതെന്നു മുമ്പ് നമ്മൾ കരുതിയിരുന്ന മാലിന്യ പ്രശനം ഇന്നെത്ര രൂക്ഷമായി വളർന്നിരിക്കുന്നു.
കൊച്ചി ഒഴിച്ച് എല്ലായിടങ്ങളിലെയും കേന്ദ്രീകൃത മാലിന്യ സംസ്കരണ കേന്ദ്രങ്ങളെല്ലാം ( സംസ്കരണമൊന്നും ഇല്ല, വെറും സംഭരണകേന്ദ്രങ്ങളായിരുന്നു അവ എന്ന് അന്ന് പറഞ്ഞപ്പോൾ വിശ്വസിക്കാതിരുന്നവർ ഇപ്പോൾ അംഗീകരിക്കുന്നു) അടച്ചു പൂട്ടിയിരിക്കുന്നു. ഇനിയും പൂട്ടാത്ത കൊച്ചിയിലെ ബ്രഹ്മപുരമാകട്ടെ ലക്ഷക്കണക്കിന് മനുഷ്യരെ രണ്ടാഴ്ച വിഷപ്പുക ശ്വസിപ്പിച്ചു എന്ന് മാത്രമല്ല ഇപ്പോൾ 94000 ടൺ വരുന്ന പ്ലാസ്റ്റിക്കും മറ്റും കത്തിച്ചതിന്റെ ചാരം കടമ്പ്ര യാറിലേക്കും അത് വഴി കൊച്ചിക്കായലിലേക്കും തുടർന്ന് അറബിക്കടലിലേക്കും ഒഴുക്കാനും പോകുന്നു. അനേക പതിറ്റാണ്ടുകൾ ഇതിന്റെ പ്രത്യാഘാതം ഉണ്ടാകുമെന്നു അറിയാത്തവരൊന്നുമല്ല അധികാരികൾ. അഴിമതിയും കെടുകാര്യസ്ഥതയും സങ്കുചിത കക്ഷി രാഷ്ട്രീയ താലപര്യങ്ങളുമാണ് ഇതിനെല്ലാം കാരണമെന്ന് എല്ലാവർക്കും അറിയാം. എല്ലാം കഴിഞ്ഞു ഇപ്പോൾ പറയുന്നത് കൊച്ചിയിലെ മാലിന്യങ്ങളെല്ലാം വീണ്ടും ബ്ര്ഹമപുരത്തെ കേന്ദ്രത്തിലേക്ക് തന്നെ പോകുന്നു എന്നാണ്. മാർച്ചിൽ തീ പിടിചചപ്പോൾ ഇവിടെ വന്നു നമ്മുടെ മന്ത്രിമാർ നടത്തിയ പ്രസ്താവനകളെല്ലാം വെള്ളത്തിൽ വരച്ച വരകൾ മാത്രം. ഒറ്റ മഴയ്ക്ക് ആകെ മുങ്ങിപ്പോകുന്നനഗരമാണ് കൊച്ചി.
വേനൽക്കാലത്തു തന്നെ അകത്താകെ നിരന്തരം വെള്ളം കയറുന്ന നൂറുകണക്കിന് വീടുകൾ കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തു തന്നെയുണ്ട്. ഇന്നേറെ വലിയ പ്രതിസന്ധിയായി വളർന്നിരിക്കുന്ന വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘർഷം എന്തുകൊണ്ടെന്ന് ശാസ്ത്രീയമായി പറയാൻ പോലും നമുക്ക് കഴിയുന്നില്ല. കാലാവസ്ഥാമാറ്റം നിയന്ത്രിക്കാനുള്ള ശേഷി കേരളം പോലൊരു പ്രദേശത്തിന് കാര്യമായില്ല. എന്നാൽ കാലാവസ്ഥാ മാറ്റത്തെ നേരിടാനും ദുരന്തങ്ങളുടെ ആഘാതം കുറക്കാനും നമുക്ക് മുന്നിൽ വഴികളുണ്ട് എന്ന് ശാസ്ത്രീയമായി തന്നെ ബോധ്യപ്പെട്ടിട്ടുണ്ട്. അതിവര്ഷത്തെയും വരൾച്ചയെയും ദുരന്തമാക്കുന്ന മനുഷ്യന്റെ ഇടപെടലുകളിൽ കാര്യമായ മാറ്റം വരുത്തിയാൽ ഇത് സാധ്യമാണ്. അതാണ് നമ്മുടെ പ്രതീക്ഷയും.

ഇന്ന് സമൂഹത്തിൽ നല്ലൊരു ഭാഗത്തിനും, പ്രത്യേകിച്ച് യുവജങ്ങൾക്കു ഈ ഭീഷണിയെ പറ്റി നല്ല ധാരണയുണ്ട്. തെറ്റായ വികസനരീതികൾക്കെതിരെ ലോകമാകെ യുവജനങ്ങൾ ശബ്ദമുയർത്തുന്നു. കേരളത്തിലും സിൽവർ ലൈൻ, വിഴിഞ്ഞം തുറമുഖം, അതിരപ്പിള്ളി ജലവൈദ്യത പദ്ധതി തുടങ്ങിയവക്കെതിരെ ശക്തമായ ജനരോഷം ഉയർന്നു വരുന്നുണ്ട്.
ഈ ശബ്ദം കേൾക്കാൻ നമ്മുടെ ഭരണകർത്താക്കൾ തയ്യാറാകുമോ? കേവലം പ്രതിപക്ഷത്താകുമ്പോൾ ഉള്ള പരിസ്ഥതി പ്രേമത്തിനപ്പുറം ഒരു സുസ്ഥിര അതിജീവനത്തെക്കുറിച്ചു രാഷ്ട്രീയ കക്ഷികൾക്ക് ബോധ്യം ഉണ്ടാകുമോ? ഒരു പക്ഷെ കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതാണെന്നും പറയാം. പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി എവിടെയെങ്കിലും കുറച്ച് മരങ്ങളുടെ തൈകൾ നട്ടാൽ മതിയോ? അങ്ങനെ നടന്ന തൈകൾക്കു എന്ത് സംഭവിക്കുന്നു എന്ന് പോലും തിരിഞ്ഞു നോക്കാത്തവരുടെ ആഘോഷങ്ങൾ വെറും കാപട്യമല്ലേ? കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ നമ്മളെല്ലാം നാട്ടു എന്നവകാശപ്പെടുന്ന തയ്യുകളുടെ ഒരു ശതമാനമെങ്കിലും വളർന്നിരുന്നു എങ്കിൽ കേരളമാകെ വനമായി മാറുമായിരുന്നില്ലേ? എന്നെ സംബന്ധിച്ചിടത്തോളം പരിസ്ഥിതിയുടെ സംരക്ഷണം എന്നത് കേവലം ചില കാട്ടിക്കൂട്ടലുകളല്ല. മറിച്ച് അത് സമഗ്രമായ ഒരു വീക്ഷണമായാണ്. പ്രകൃതി എന്നതിലെ പരസ്പരബന്ധവും പരസ്പരാശ്രിതത്വവും മനസ്സിലാക്കാതെ എന്ത് ചെയ്യുന്നതും ദ്രോഹമാണ്. നമ്മുടെ സുഖം, സൗകര്യം, സന്തോഷം, സ്വാദ്, ലാഭം തുടങ്ങിയവയെ സംബന്ധിച്ചുള്ള ധാരണകളിൽ തിരുത്തലുകൾ വരുത്താതെ നമ്മുടെ ജീവിതം സുരക്ഷിതമാണെന്ന് പറയാൻ കഴിയില്ല.
Content Highlights: June 5 is not only environment day but also a for anti-environmentalists
Published: 05 Jun 2023, 05:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented