ജൂണ്‍ 5 ഒരു പരിസ്ഥിതി ദിനം കൂടി കടന്നു വരികയാണ്. ഈ പരിസ്ഥിതി ദിനത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. ആദ്യത്തെ ലോകപരിസ്ഥിതി സമ്മേളനം 1972-ല്‍ സ്റ്റോക്ക് ഹോമില്‍ തുടങ്ങുമ്പോള്‍ അന്നത്തെ മുദ്രാവാക്യം 'ഒരേയൊരു ഭൂമി' എന്നതായിരുന്നു. ആ മഹത്തായ സമ്മേളനത്തിന്റെ 50-ാം വാര്‍ഷികമായ 2022 ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനം ആഘോഷിക്കുമ്പോള്‍ വീണ്ടും അതേ മുദ്രാവാക്യം ആവര്‍ത്തിക്കുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്. പരിസ്ഥിതി ദിനം ആഘോഷിക്കുമ്പോള്‍ അത് കേവലം മരങ്ങള്‍ നട്ടു പോകുന്നതിലോ പരിസ്ഥിതി റാലി, പ്രതിജ്ഞ ചൊല്ലല്‍ പോലെയുള്ള പ്രവര്‍ത്തനങ്ങളില്‍ അവസാനിക്കുന്നതാകരുത്.

'മരവും മനുഷ്യനും കിളിയും മൃഗങ്ങളും
ചെടിയും ചെടിയ്ക്കാത്ത നാടെവിടെ മക്കളെ'

To advertise here,

അയ്യപ്പപണിക്കരുടെ 'നാടെവിടെ മക്കളെ' എന്ന കവിതയിലെ വരികളാണിവ. ആവാസവ്യവസ്ഥയില്‍ പരിസ്ഥിതിയുടെ പ്രാധാന്യം ഓര്‍മിപ്പിച്ച് മറ്റൊരു പരിസ്ഥിതി ദിനം കൂടി വന്നെത്തുമ്പോള്‍ ഈ വരികള്‍ക്ക് പ്രസക്തിയേറുകയാണ്. 'ഒരേയൊരു ഭൂമി' എന്ന ബോധ്യത്തോടു കൂടി ഭാവിതലമുറയ്ക്ക് സുരക്ഷിതമായി കൈമാറാനുള്ള കരുതലും കരുണയും എങ്ങനെ നിത്യജീവിതത്തില്‍ നമുക്ക് കാത്തുസൂക്ഷിക്കാം എന്നതായിരിക്കണം ജീവിത ശൈലിയും, ഭൂമിയോടുള്ള സമീപനവും.

പണ്ടൊക്കെ മൂന്നാറില്‍ ഫാനുള്ള കെട്ടിടങ്ങള്‍ വിരളമായിരുന്നെങ്കില്‍ ഇന്നത് സര്‍വസാധാരണമായി തീര്‍ന്നു. മൂന്നാറിന് അന്യമായ നൂല്‍മഴയുടെ ഓര്‍മകളുടെ നിഴലുണ്ട് ഇത്തവണത്തെ പരിസ്ഥിതി ദിനത്തിന്. മുമ്പ് മൂന്നാറില്‍ മഞ്ഞ്, മഴക്കാലം ഒഴിഞ്ഞ വേളകളില്‍ പോലും പെയ്തിരുന്നു. നൂല്‍ പോലെ  നേര്‍ത്ത മഴതുള്ളികളുള്ളവയാണ് നൂല്‍മഴ. 40-ാം നമ്പര്‍ മഴയെന്നും ഇതിന് വിളിപ്പേരുണ്ട്.

ചര്‍ക്കയില്‍ നൂല്‍ക്കുന്ന നൂലുകള്‍ക്ക് നമ്പര്‍ ക്രമമുണ്ട്. 40-ാം നമ്പര്‍ നൂല്‍ പൊതുവെ കനം കുറഞ്ഞതും നേര്‍ത്തതുമാണ്. അതാണീ പേര് വരാന്‍ കാരണം. ഇന്നിപ്പോള്‍ ചില എസ്റ്റേറ്റുകളില്‍ അല്ലാതെ ഇത് കാണുന്നില്ല. തേയില കൃഷിക്ക് ഗുണകരമായ കാലാവസ്ഥയായിരുന്നു ഇതെന്നാണ് പറയപ്പെടുന്നത്. നൂല്‍മഴകള്‍ വേറെ സ്ഥലങ്ങളില്‍ ഉള്ളതായി അറിവില്ല. ആള്‍ട്ടിട്ട്യൂടുകളെ അടിസ്ഥാനമാക്കിയായിരിക്കും ഇത് നിര്‍ണയിക്കപ്പെടുകയെന്നാണ് കരുതുന്നത്. ഇതിനെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്‌

മനുഷ്യനുള്‍പ്പെടെ നമുക്ക് ചുറ്റുമുള്ള സര്‍വജീവികളും സസ്യജാലങ്ങളും ജീവനുളളതും ഇല്ലാത്തതുമായ പ്രകൃതി ദത്തമായ എല്ലാ ഘടകങ്ങളും ചേര്‍ന്നതാണ് പരിസ്ഥിതിയെന്ന് താരതമ്യേന പറയാം.

വര്‍ധിച്ച് വരുന്ന ചൂട്

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വര്‍ധിച്ച് വരുന്ന ചൂടിന്റെ കാരണം അന്വേഷിച്ച് ചെന്നാല്‍ അവസാനം അതിന്റെ കാരണക്കാരന്‍ മനുഷ്യനും അവന്റെ ആഡംബര ഭ്രമവുമാണെന്ന് സമ്മതിക്കേണ്ടി വരും. സ്വാഭാവികമായി ഒരു ചോദ്യം ഉയരും ശിലായുഗ മനുഷ്യനെ പോലെ ജീവിക്കണോയെന്ന്. അത് വേണമെന്ന് ആരും പറയില്ല. പക്ഷേ നമ്മള്‍ക്ക് നിശ്ചയിക്കാന്‍ കഴിയുന്നൊരു കാര്യമുണ്ട്. നമ്മുടെ ആവശ്യങ്ങള്‍ക്ക് പ്രകൃതിയില്‍ നിന്ന് കടമെടുക്കുന്നതിന് പരിധികളുണ്ട്. ആ അതിര്‍ വരമ്പാണ് മനുഷ്യകുലത്തിന്റെ ഈ ഭൂമിയിലെ നിലനില്‍പ്പിന്റെ കാലാവധി നിശ്ചയിക്കുന്നത്. 

രണ്ടാമതായി ആവാസവ്യവസ്ഥയുടെ നാശം. ഈ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്ന ഒരു പരാതിയാണ് ജനവാസമേഖയില്‍ വന്യമൃഗങ്ങള്‍ ഇറങ്ങുക എന്നത്. എന്നാല്‍ സത്യസന്ധമായ ഒരു പുനര്‍ചിന്തനം നടത്തിയാല്‍ ഇത് ഒരു പൂര്‍ണമായ സത്യമല്ല എന്ന് മനസിലാകും. മനുഷ്യന്റെ കടന്നു കയറ്റത്തിലൂടെ  പല വനപ്രദേശങ്ങളും നാട്ടുമ്പുറങ്ങളും ചെറുപട്ടണങ്ങളും ആയിതീര്‍ന്നിട്ടുണ്ട്.

വന്യമൃഗങ്ങളുടെ സഞ്ചാരപാതയില്‍ (ആനത്താര) പട്ടയമേള നടത്തി പട്ടയം കൊടുത്ത സംഭവം നമ്മുടെ നാട്ടിലുണ്ടായിട്ടുണ്ട്. 

വന്യമൃഗങ്ങളുടെ സഞ്ചാരപാതയില്‍ (ആനത്താര) പട്ടയമേള നടത്തി പട്ടയം കൊടുത്ത സംഭവം നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട്. ഇന്ന് ആ പ്രദേശത്തു നിന്നും പട്ടയം കിട്ടിയവര്‍ക്ക് ആ തുകയുടെ ഉപദ്രവം മൂലം ഒഴിഞ്ഞു പോകേണ്ടി വന്നിട്ടുണ്ട്. ഇവിടെ ആഹാരത്തിനും വെള്ളത്തിനും വേണ്ടി തങ്ങളുടെ പരമ്പരാഗത പാത ഉപയോഗിക്കുന്ന വന്യമൃഗങ്ങളാണോ ആ വഴി കൈയ്യേറിയ മനുഷ്യരാണോ പ്രതിസ്ഥാനത്ത് എന്ന് നാം ചിന്തിക്കണം. ഇത് സൂചിപ്പിച്ചത് ഇത്തരം കടന്നു കയറ്റങ്ങള്‍ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ മാത്രമല്ല ബാധിക്കുന്നത്, അതോടൊപ്പം പാരിസ്ഥിതികമായ വ്യതിയാനങ്ങളും നാശവും സംഭവിക്കും. 

പ്രകൃതി നമ്മള്‍ക്ക് നല്‍കുന്ന വലിയ പാഠമുണ്ട്. അത് ഈ ഭൂമിയില്‍ മറ്റൊന്നിനെ മാത്രം ആശ്രയിച്ച് നിലനില്‍പ്പുള്ള മനുഷ്യനും ഇത് ബാധകമാണ്. മനുഷ്യന് തനിച്ച് ഇവിടെ ഒരു നിലനില്‍പില്ല. അതിനാലാണ് സാധാരണ പറയുന്നത് മനുഷ്യനില്ലെങ്കിലും പ്രകൃതി നില്‍ക്കും, പക്ഷെ പ്രകൃതിയില്ലെങ്കില്‍ മനുഷ്യനില്ല എന്ന്. നാം വളരെ പ്രാവശ്യം കേട്ടിട്ടുള്ളതാണ് ഡോഡോ പക്ഷിയുടെ കഥ. നമ്മുടെ പരിസരങ്ങളില്‍ നാം തന്നെ ഒന്നു പരിശോധിച്ചാല്‍ എത്രയെത്ര സസ്യങ്ങളെയും ചെറുജീവികളും മനുഷ്യന്റെ ഇടപെടല്‍ മൂലം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മനസിലാക്കാന്‍ സാധിക്കും. പരിസ്ഥിതി സൗഹാര്‍ദ ജീവിത ശൈലി ഒരു ജൂണ്‍ 5-ല്‍ മാത്രമായി ഒതുങ്ങാതെ നിത്യ ജീവിത ശൈലിയായി മാറ്റിയാല്‍ മാത്രമേ ഭൂമിയില്‍ മനുഷ്യന്റെ സുസ്ഥിരമായ ജീവിതം നിലനില്‍ക്കൂ.