
കൊടുംകാടുകള്‍ക്കിടയിലൂടെ എങ്ങനെയാണ് ഇത്രയും സുഗമമായ പാതകള്‍(ചുരങ്ങള്‍) രൂപപ്പെട്ടു വന്നതെന്ന് അത്ഭുതം കൂറുന്ന മനുഷ്യരാണ് നമ്മള്‍. എത്ര വലിയ എൻജിനിയറിങ് വൈദഗ്ധ്യമാണ് ഇതിനാവശ്യമായി വന്നിട്ടുണ്ടാകുക. ഇവിടെയാണ് എക്കോസിസ്റ്റം എൻജിനിയറിങ് എന്ന വാക്കിന്റെ പ്രസക്തി. ജന്തുക്കള്‍ക്കിടയിലെ എൻജിനിയറിങ് വൈഭവം അടയാളപ്പെടുത്തുന്ന ഇടം കൂടിയാണ് ചുരങ്ങള്‍.
കേരളത്തെ സംബന്ധിച്ചിടത്തോളം പശ്ചിമഘട്ട മലനിരകളിലെ മലമ്പാതകളില്‍ മിക്കവയും ആനകളുടെ എൻജിനിയറിങ് മികവ് തുറന്നു കാട്ടുന്നവയാണ്. ആനകള്‍ കാട്ടിലൂടെ നിരന്തരം ഉപയോഗിച്ച് വരുന്ന ആനത്താരകള്‍ക്കാണ് കാലം കഴിയുന്തോറും മനുഷ്യര്‍ക്കും മറ്റ് ജന്തുക്കള്‍ക്കും കാട്ടിലൂടെ സുഗമമായി സഞ്ചരിക്കാവുന്ന പാതകളായി രൂപമാറ്റം സംഭവിക്കുന്നത്.
ഇത്തരത്തില്‍ പ്രകൃതിയില്‍ നിലനില്‍ക്കുന്ന ഒരു സ്വയംനിര്‍വ്വഹണ സംവിധാനത്തെ എക്കോസിസ്റ്റം എൻജിനിയറിങ് എന്ന പേരില്‍ ആധുനിക ശാസ്ത്രം അടയാളപ്പെടുത്തുന്നു. ജൈവ അജൈവ പദാര്‍ത്ഥങ്ങളുടെ ഭൗതികാവസ്ഥയില്‍ മാറ്റം വരുത്തി ജീവജാലങ്ങള്‍ക്ക് വിഭവങ്ങളുടെ അല്ലെങ്കില്‍ ജീവിത സാഹചര്യങ്ങളുടെ ലഭ്യത നേരിട്ടോ അല്ലാതെയോ സജ്ജമാക്കുന്ന പ്രക്രിയയാണ് എക്കോസിസ്റ്റം എൻജിനിയറിങ്. അത്തരം പ്രവര്‍ത്തനത്തിലൂടെ ആവാസ വ്യവസ്ഥകളും ജീവിത സാഹചര്യങ്ങളും സൃഷ്ടിക്കുകയും പരിഷ്‌ക്കരിക്കുകയും പരിപാലിക്കുകയും ചെയ്യാന്‍ ചില ജീവികള്‍ക്കെങ്കിലും കഴിയുന്നുണ്ട്. ഈ ജീവികളെ എക്കോസിസ്റ്റം എൻജിനിയര്‍മാര്‍ എന്ന ഓമനപ്പേരില്‍ വിളിക്കാം.
കാട്ടിലെ ഏറ്റവും വലുപ്പവും ഭാരവുമുള്ള ജീവിയായ ആന മുതല്‍ മണ്ണില്‍ പതിക്കുന്ന ജൈവ വസ്തുക്കളെ സംസ്‌ക്കരിച്ച് മണ്ണോടു ചേര്‍ക്കുന്ന ചിതലുകള്‍, ഉറുമ്പുകള്‍, മണ്ണിനെ ജീവസുറ്റതാക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ മണ്ണിലെ എൻജിനിയർ എന്ന വിളിപ്പേര് സ്വന്തമാക്കിയ മണ്ണിരയെന്ന കുഞ്ഞന്‍ വരെ ഈ എക്കോസിസ്റ്റം എൻജിനിയര്‍മാരുടെ ഗണത്തില്‍ ഉള്‍പ്പെടും. ആവാസ വ്യവസ്ഥയുടെ പരിരക്ഷയ്ക്കും ജൈവവൈവിദ്ധ്യത്തിന്റെ നിലനില്‍പ്പിനും ഇവരുടെ സേവനം അത്യന്താപേക്ഷിതമാണ്.

എക്കോസിസ്റ്റം എൻജിനിയറിങ്
എക്കോസിസ്റ്റം എൻജിനിയര്‍മാരെന്ന പദം ശാസ്ത്ര സമൂഹം ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് ഏകദേശം മുപ്പത് വര്‍ഷമെ ആയിട്ടുള്ളു. ആധുനിക പഠനങ്ങള്‍ തുടങ്ങുന്നതിന് മുമ്പേ മണ്ണിലെ ജീവജാലങ്ങളെയും അവയുടെ പാരസ്പര്യത്തെയും കുറിച്ച് അരിസ്റ്റോട്ടില്‍ പോലെയുള്ള അപൂര്‍വം ചിന്തകന്മാര്‍ ചില കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നു. വൈറ്റ്, ഡാര്‍വിന്‍ തുടങ്ങിയ ശാസ്ത്രജ്ഞരും ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ആരംഭിച്ച എക്കോസിസ്റ്റം എൻജിനിയറിംഗിനെ സംബന്ധിച്ച ആധുനിക ഗവേഷണങ്ങള്‍ക്ക് വഴികാട്ടിയായി എന്നു പറയാം. 1994-ല്‍ ജോണ്‍സ് എന്ന ശാസ്ത്രജ്ഞനും സഹപ്രവര്‍ത്തകരുമാണ് എക്കോസിസ്റ്റം എൻജിനിയര്‍മാരായ ജീവികള്‍ക്ക് ശാസ്ത്രീയമായ നിര്‍വ്വചനം നല്‍കുന്നത്. എക്കോസിസ്റ്റം എൻജിനിയറിംഗിനെ ഓട്ടോജനിക്ക്, അലോജനിക്ക് എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. പ്രകൃതിയില്‍ നിലവിലുള്ള ഒരു നിര്‍മ്മിതി ഓട്ടോജനിക്ക് എൻജിനിയറിംഗിന് ഉദാഹരണമാണ്. മരങ്ങള്‍ ഇക്കൂട്ടത്തില്‍ വരുന്നു. ഒട്ടേറെ ജീവജാലങ്ങള്‍ക്ക് ആവാസ വ്യവസ്ഥ ഒരുക്കാന്‍ ഓട്ടോജനിക്ക് എൻജിനിയറിംഗിന്റെ ഭാഗമായി മരത്തിന് കഴിയാറുണ്ട്. എന്നാല്‍ മരങ്ങളില്‍ മരംകൊത്തികള്‍ നിര്‍മ്മിക്കുന്ന മരപ്പൊത്തുകളും ജലാശയങ്ങളില്‍ ബീവര്‍ നിര്‍മ്മിക്കുന്ന തടയണകളും ഒക്കെ അലോജനിക്ക് എൻജിനിയറിംഗിന് ഉദാഹരണമാണ്. പ്രകൃതിയിലെ നിലവിലുള്ള നിര്‍മ്മതികള്‍ക്ക് മാറ്റം വരുത്തിയാണ് ഈയൊരു പ്രക്രിയ മുന്നേറുന്നത്.
ആനകളും എക്കോസിസ്റ്റം എൻജിനിയറിങ്ങും
ആവാസ വ്യവസ്ഥയുടെ ഘടനയില്‍ ധാരാളം മാറ്റം വരുത്തുവാന്‍ കഴിയുന്ന വിധത്തിലാണ് ആനയുടെ ശരീര ഘടന. അതുകൊണ്ട് തന്നെ എക്കോസിസ്റ്റം എൻജിനിയര്‍മാരുടെ പട്ടികയില്‍പ്പെട്ട ജീവികളില്‍ മുന്നില്‍ നില്‍ക്കാന്‍ ആനക്ക് കഴിയും. മലമ്പാതകള്‍ അല്ലെങ്കില്‍ ചുരങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ആനകള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. ആനയുടെ സഞ്ചാര പാതയാണ് പിന്നീട് മനുഷ്യന്‍ ഉള്‍പ്പെടുന്ന മറ്റ് ജീവികള്‍ക്ക് കാട്ടിലൂടെയുള്ള സഞ്ചാരപാതയായത്. വളരെ ഉയരത്തില്‍ നില്‍ക്കുന്ന മരശിഖരങ്ങള്‍ ഒടിച്ച് ഭക്ഷിക്കുന്നതില്‍ ആനകള്‍ കേമന്മാരാണ്. ഇലകള്‍ ഭക്ഷിക്കുന്ന മറ്റു ചെറു ജീവികള്‍ക്ക് ഒരിക്കലും ലഭിക്കാന്‍ സാദ്ധ്യതയില്ലാത്ത ഇത്തരം വിഭവങ്ങള്‍ ആനകളുടെ ഭക്ഷണ ശേഷിപ്പായി ചെറു ജീവികള്‍ക്കു ലഭിക്കുന്നു. ബീവറിനെ പോലെയുള്ള ജീവികള്‍ അവ കെട്ടുന്ന അണകളെ ശക്തിപ്പെടുത്താന്‍ ആന ഒടിച്ചിടുന്ന ശിഖരങ്ങളും ഇലകളും ഉപയോഗിക്കുന്നുണ്ടെന്നും പറയപ്പെടുന്നു. വിത്തു വിതരണത്തിലും ആനകള്‍ വഹിക്കുന്ന പങ്ക് വലുതാണ്. വലിയ മരങ്ങളുടെ ഭാരമേറിയ വിത്തുകള്‍ ഭക്ഷിച്ച ശേഷം നൂറു കിലോമീറ്ററിന് അപ്പുറത്തേക്കും ഇതിന്റെ വിതരണം നടത്താന്‍ ആനകള്‍ക്ക് കഴിയും. ആനപിണ്ഡത്തിലൂടെ പുറത്തേക്ക് വരുന്ന ഈ വിത്തുകള്‍ക്ക് പോഷകം നല്‍കുന്നതിലൂടെ സസ്യവളര്‍ച്ചയില്‍ സഹായിക്കാനും ആനപ്പിണ്ടം സഹായിക്കുന്നു. ആനകളെ കാട്ടിലെ എൻജിനിയര്‍ എന്ന് വിശേഷിപ്പിക്കുന്നതിനൊപ്പം തവളകളുടെ നല്ല സുഹൃത്തെന്നും പറയാറുണ്ട്. ആനകളുണ്ടാക്കുന്ന ജലം നിറഞ്ഞ കുഴികള്‍ തവളകള്‍ ഉള്‍പ്പെടുന്ന ജലജീവികള്‍ക്ക് ആശ്രയമാണ്. വന്യജീവികള്‍ക്ക് ലവണങ്ങള്‍ പ്രദാനം ചെയ്യുന്ന സാള്‍ട്ട്ലിക്സ് (Salt Licks) കണ്ടെത്തി മറ്റു ജീവികള്‍ക്ക് ലഭ്യമാക്കാനും ആനകള്‍ സഹായിക്കുന്നു.

സോയില്‍ എക്കോ സിസ്റ്റം എൻജിനിയർമാർ
ജൈവ വസ്തുക്കളെ സംസ്‌ക്കരിച്ച് മണ്ണോട് ചേര്‍ക്കുന്ന പ്രവര്‍ത്തനത്തില്‍ ചിതലുകള്‍ക്കും ഉറുമ്പുകള്‍ക്കും മണ്ണിരകള്‍ക്കും ഏകദേശം ഒരേ പങ്കാണ് ഉള്ളത്. നട്ടെല്ല് ഇല്ലാത്തതും മണ്ണില്‍ കാണപ്പെടുന്നതുമായ മണ്ണിര, ചിതല്‍, ഉറുമ്പ് എന്നിവക്ക് ചില പൊതു സവിശേഷ സ്വഭാവങ്ങളും ഉണ്ട്. അതുകൊണ്ട് തന്നെ ഈ ജീവികളെ പൊതുവായി സോയില്‍ എക്കോ സിസ്റ്റം എഞ്ചിനീയര്‍മാര്‍ എന്ന് വിളിക്കുന്നു. ഭൂമിയിലെ മൊത്തം ജൈവ വൈവിദ്ധ്യത്തിന്റെ ഇരുപത്തിമൂന്ന് ശതമാനത്തില്‍ അധികവും നിലനില്‍ക്കുന്നത് മണ്ണ് എന്ന ആവാസ വ്യവസ്ഥയെയും അതിലെ ജീവജാലങ്ങളെയും ആശ്രയിച്ചാണ്. മണ്ണിലെ ജൈവ വൈവിദ്ധ്യത്തെയും അതിന്റെ പ്രാധാന്യത്തെയും തിരിച്ചറിയുന്ന വിധത്തിലുള്ള പഠനങ്ങള്‍ ഈ അടുത്തകാലത്തായി നടക്കുന്നുണ്ട്. മണ്ണിലുള്ള ജീവികളുടെ ശരീര വലുപ്പത്തെ അടിസ്ഥാനമാക്കി മണ്ണിലെ ജൈവവൈവിധ്യത്തെ നാല് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ബാക്ടീരിയകളും ഫംഗസുകളും ഉള്‍പ്പെടുന്ന മൈക്രോഫ്ളോറാ, നെമാറ്റോഡുകളും പ്രോട്ടോസോവകളും ഉള്‍പ്പെടുന്ന മൈക്രോഫോണാ, 0.1 മുതല്‍ 2.0 മില്ലിമീറ്റര്‍ വരെ ശരീര വലുപ്പമുള്ള മൈക്രോആര്‍ത്രോപോഡുകളും വിരകളും ഉള്‍പ്പെടുന്ന മീസോഫോണാ, രണ്ട് മില്ലിമീറ്ററില്‍ കൂടുതല്‍ ശരീര വലുപ്പമുള്ള മാക്രോഫോണാ എന്നിവ. ഈ ജീവികളാണ് മണ്ണിലെ ഭക്ഷ്യ ശൃംഖലയുടെ പ്രാഥമിക ഉപഭോക്താക്കള്‍. ഇതില്‍ മാക്രോഫോണാ വിഭാഗത്തില്‍പ്പെടുന്നവയാണ് ഉറുമ്പ്, ചിതല്‍, മണ്ണിര മുതലായവ. ഇവര്‍ ഉത്പാദിപ്പിക്കുന്ന ചില ജൈവ-അജൈവ ഘടകങ്ങള്‍ മണ്ണില്‍ അടിഞ്ഞു കൂടുകയും, അത് മറ്റുജീവികള്‍ക്കും ജീവിക്കാനാകുന്ന വിധത്തിലുള്ള സ്ഥലമായി മാറ്റുകയും ചെയ്യുന്നു. ഇങ്ങനെ ജീവജാലങ്ങള്‍ക്ക് അനുകൂലമായ ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതില്‍ സോയില്‍ എക്കോ സിസ്റ്റം എഞ്ചിനിീയര്‍മാര്‍ പ്രധാന പങ്ക് വഹിക്കുന്നു.
ചിതലുകള്‍
ചിതലുകളെ പൊതുവേ സസ്യഭുക്കുകളായി കണക്കാക്കാം. മണ്ണും സസ്യാവശിഷ്ടങ്ങളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. സസ്യകോശങ്ങളില്‍ കാണുന്ന സെല്ലുലോസ,് ലിഗ്‌നിന്‍ മുതലായവ ദഹിപ്പിക്കാന്‍ ചിതലുകള്‍ പോലെ വളരെ അപൂര്‍വ്വം ജീവികള്‍ക്ക് മാത്രമെ സാധിക്കുകയുള്ളൂ. ചിതലിന്റെ ഈ കഴിവ് മണ്ണിന്റെ രാസപരവും ഭൗതികവുമായ അവസ്ഥകളെ മെച്ചപ്പെടുത്താന്‍ കാരണമാകും. മണ്ണിലെ വായുസഞ്ചാരം കൂട്ടാനും ഈര്‍പ്പമുള്ളതാക്കാനും ചിതലിനു കഴിയും. ചിതലുകളെ കൃഷിയിടത്തില്‍ നിന്നും നീക്കം ചെയ്യുന്നത് മഴവെള്ളത്തിന്റെ ആഗിരണം 80 ശതമാനത്തില്‍ കുറയ്ക്കാന്‍ കാരണമാകുന്നുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ചിതലുകള്‍ മണ്ണില്‍ ഉണ്ടാക്കുന്ന തുരങ്കങ്ങള്‍ അഥവാ ഗാലറി മഴവെള്ളത്തിന് മണ്ണിലേക്ക് ഇറങ്ങാനുള്ള വഴി കൂടിയാണ്. ഇതിലൂടെ മണ്ണിന്റെ സുഷിരതയും(macroporocity) ജലത്തിന്റെ ആഗീരണതോതും വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇതൊക്കെക്കൊണ്ടു തന്നെ ചിതലിനെ ആവാസവ്യവസ്ഥയുടെ നായകര്‍ എന്നു പറയുന്നതിലും തെറ്റില്ല.
ഉറുമ്പുകള്‍
ചിതലുകളെ പോലെ തന്നെ മണ്ണിന്റെ മാക്രോപോറോസിറ്റിയും വെള്ളത്തിന്റെ ആഗിരണവും കൂട്ടുന്നതിന് മണ്ണില്‍ ജീവിക്കുന്ന ഉറുമ്പുകള്‍ക്ക് സാധിക്കും. മഴവെള്ളത്തിന്റെ ആഴ്ന്നിറങ്ങല്‍ മണ്ണിലെ ഉറുമ്പിന്‍ കൂടിന്റെ പ്രവേശന കവാടത്തില്‍ കൂടിയായപ്പോള്‍ നാലിരട്ടിയോളം വര്‍ദ്ധിച്ചതായും പഠനങ്ങളുണ്ട്. ജീവനുള്ളതും ജീവനില്ലാത്തതുമായ ജന്തുക്കളുടേയും സസ്യങ്ങളുടേയും അവശിഷ്ടങ്ങള്‍ കൂടുകളില്‍ സംഭരിച്ചു വെയ്ക്കാനുള്ള കഴിവും ഉറുമ്പുകള്‍ക്ക് ഉണ്ട്. മണ്ണിന്റെ ഘടന മെച്ചപ്പെടുത്തുന്നതിനും പോഷകത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായകമാണ്.
മണ്ണിരകള്‍
മണ്ണിലെ എക്കോസിസ്റ്റം എൻജിനീയറിംഗില്‍ മണ്ണിരകള്‍ക്ക് ഒന്നാം സ്ഥാനമാണ് ഉള്ളത്. മണ്ണിലെ സൂക്ഷ്മാവസ്ഥയും ഘടനയെയും സ്വാധീനിക്കുന്നതില്‍ മണ്ണിരകള്‍ക്ക് സവിശേഷ കഴിവുണ്ട്. സൂക്ഷ്മ ആവാസവ്യവസ്ഥയുടെയും ഭക്ഷണ രീതിയുടെയും അടിസ്ഥാനത്തില്‍ മണ്ണിരകളെ മൂന്ന് ഇക്കോളജിക്കല്‍ ഗ്രൂപ്പായി തിരിച്ചിരിക്കുന്നു. മണ്ണിന്റെ ഉപരിതലത്തില്‍ ലംബമായി മാളം ഉണ്ടാക്കുന്ന അനെസിക്ക് മണ്ണിരകള്‍, തിരശ്ചീനമായി മാളങ്ങള്‍ ഉണ്ടാക്കുന്ന എന്‍ഡോജിക്ക് മണ്ണിരകള്‍, മാളങ്ങള്‍ ഉണ്ടാക്കാതെ പൊഴിഞ്ഞു വീഴുന്ന ഇലകള്‍ക്കിടയില്‍ ജീവിക്കുകയും അത് ഭക്ഷിക്കുകയും ചെയ്യുന്ന എപ്പീജിക്ക് മണ്ണിരകള്‍ എന്നിവയാണ് അവ. അെനസിക്ക് മണ്ണിരകള്‍ മണ്ണിന്റെ ഉപരിതലത്തിലെ ഇലകളെയാണ് ഭക്ഷിക്കുന്നത്. മണ്ണിനെ തന്നെ ഭക്ഷിക്കുന്നതാണ് എന്‍ഡോജനിക്ക് മണ്ണിരകള്‍. മൂന്ന് ഗ്രൂപ്പുകളിലും ഉള്ള മണ്ണിരകള്‍ക്ക് മണ്ണില്‍ വളരെ ആഴത്തില്‍ കുഴിയെടുക്കാന്‍ കഴിയും. ഇതെല്ലാം പരിസ്ഥിതിയ്ക്കു സുസ്ഥിരമായി നിലനില്ക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടും.

മരംകൊത്തിയും എക്കോസിസ്റ്റം എൻജിനീയറിങ്ങും
മരംകൊത്തികളെ പ്രകൃതിയിലെ എൻജിനീയര്‍മാരെന്നാണ് അറിയപ്പെടുന്നത്. മരംകൊത്തികള്‍ മരങ്ങളില്‍ നിര്‍മ്മിക്കുന്ന കൂടുകള്‍ മറ്റ് പല പക്ഷികള്‍ക്കും ആശ്രയമാകാറുണ്ട്. കൂടുകെട്ടുന്ന സമയത്താണ് മറ്റ് പക്ഷികള്‍ പൊത്തുകള്‍ക്കായി പാഞ്ഞു നടക്കുന്നത്. ഈ പക്ഷികള്‍ക്ക് സൗജന്യമായി പൊത്തുകള്‍ ഉണ്ടാക്കി കൊടുക്കുന്ന മരംകൊത്തികളില്‍ ചെറിയവരായ മരംകൊത്തി ചിന്നന്‍ ,മുണ്ടന്‍ മരംകൊത്തി എന്നിവ തുരക്കുന്ന ചെറിയ പൊത്തുകള്‍ ഗൗളിക്കിളി പോലുള്ളവ കൂടായി ഉപയോഗിക്കുന്നു. കാക്കമരംകൊത്തിയുടെ കൂട് ജീര്‍ണ്ണിച്ച് പൊത്ത് തുറസ്സാകുമ്പോള്‍ അവിടെ മറ്റു പക്ഷികള്‍ കൂടുണ്ടാക്കുന്നു. ഇടിവീണതും, ശാഖകള്‍ ഒടിഞ്ഞ് കേടുപാട് വന്നതുമായ വൃക്ഷങ്ങളിലാണ് മരംകൊത്തികള്‍ സാധരണയായി കൂട് ഉണ്ടാക്കുന്നത്. മരങ്ങളില്‍ മാളം ഉണ്ടാക്കുന്ന മരംകൊത്തിക്ക് ഇതിന് അനുകൂലമായ ശരീര ഘടനയും കാലുകളും നാവും കൊക്കും ഉണ്ട്. കേരളത്തില്‍ പന്ത്രണ്ട് ഇനം മരംകൊത്തികളുണ്ട്. ഇവയില്‍ ഏറ്റവും ചെറുതായ മരംകൊത്തി ചിന്നനും ഏറ്റവും വലിയ മരംകൊത്തിയായ കാക്കമരംകൊത്തിയും വംശനാശ ഭീഷണ നേരിടുന്നവയാണ്.

പവിഴജീവികള്‍
സമുദ്ര ആവാസവ്യവസ്ഥിയില്‍ കാണപ്പെടുന്ന പവിഴജീവികള്‍(coral) മികച്ച എക്കോസിസ്റ്റം എഞ്ചിനീയര്‍മാരാണ്. ഒരു ജൈവ എഞ്ചിനിയറിംഗ് വിസ്മയമായ പവിഴദ്വീപുകള്‍ സൃഷ്ടിയ്ക്കുന്ന ആവ്ാസവ്യവസ്ഥ നിരവധി ജീവികള്‍ക്ക് വാസസ്ഥലവും സംരക്ഷണവും നല്കുന്നു.നക്ഷത്ര മത്സ്യങ്ങള്‍, സ്പോഞ്ചുകള്‍,, വിവിധയിനം മത്സ്യങ്ങള്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു. സമുദ്ര ജലത്തിലെ ലക്ഷോപലക്ഷം വരുന്ന ജലജീവികളുടെ പ്രവര്‍ത്തന ഫലമായിട്ടാണ് പവിഴ പാറകളുടെ അടിത്തറ ഉണ്ടാകുന്നത്. സമുദ്ര തീരത്തിലെ ഉപ്പിന്റെ അംശം, സൂര്യ പ്രകാശത്തിന്റെ ലഭ്യത, സമുദ്ര ജലപ്രവാഹങ്ങള്‍, വേലിയേറ്റങ്ങള്‍, മലിനീകരണം, താപനില തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് പവിഴ തന്മാത്രകളുടെ രൂപീകരണവും തുടര്‍ന്നുള്ള പാറകളുടെ ഉത്ഭവവും. പവിഴ ജീവികളുടെ ജീവിത കാലം 200 മുതല്‍ 300 വര്‍ഷം വരെയാണ്. പവിഴ തന്മാത്രകളുടെ നിര്‍മ്മാണം രാസപ്രവര്‍ത്തന ഫലമാണ്. രാസപ്രവര്‍ത്തനങ്ങളുടെ ഫലമായി കാര്‍ബണേറ്റ് ഉത്പാദിപ്പിക്കുന്നു. കാര്‍ബണേറ്റ് നിര്‍മ്മാണവും പ്രകാശ സംശ്ലേഷണവും സമുദ്ര ആവാസ വ്യവസ്ഥയിലെ രണ്ട് പ്രധാന പ്രവര്‍ത്തനങ്ങളാണ്. സമുദ്ര ജലത്തിന്റെ ലവണാംശം നിലനിര്‍ത്തുന്നതിനൊപ്പം തന്നെ പവിഴ പാറകളും ഈ പ്രവര്‍ത്തന ഫലമായി ഉണ്ടാകുന്നു. മരുന്നുകള്‍ കൂടാതെ വ്യവസായിക പ്രാധാന്യമുള്ള അനവധി ഉത്പന്നങ്ങള്‍, നവരത്നങ്ങളിലൊന്നായ പവിഴം തുടങ്ങിയവയ്ക്കൊക്കെ കാരണമാകുന്ന പവിഴ ജീവിസമൂഹത്തെ വലിയൊരു ജൈവരാസവ്യവസായശാലയോട് ഉപമിക്കാം.
മണ്ണിലും മരത്തിലും വെള്ളത്തിലുമൊക്കെ ചെറുതും വലുതുമായ നിര്‍മ്മിതികള്‍ ഉണ്ടാക്കി ചുറ്റുമുള്ള ജീവികളെക്കൂടി കരുതുന്ന ഇത്തരം ജീവികളെ കുറിച്ചുള്ള പഠനങ്ങള്‍ ഇനിയും ബഹുദൂരം മുന്നോട്ട് പോകാനുണ്ട്. ഇത്തരം ജീവജാലങ്ങളെക്കുറിച്ചും അവയുടെ സേവനങ്ങളെ കുറിച്ചുമുള്ള നമ്മുടെ അറിവ് പരിമിതമാണ്.
Watch Video
Content Highlights: Elephant, ants, termites, Ecosystem engineers,wild,environment, Mathrubhumi latest
Published: 06 Jun 2022, 01:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented