
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിലെ ഒരു ഉയര്‍ന്ന തസ്തികയിലേക്ക് ഇന്റര്‍വ്യൂവിനായി ഡല്‍ഹിയിലെത്തിയ ഒരു നാട്ടിന്‍പുറത്തുകാരി. വലിയ പ്രോജക്ടുകളുടെ വിശദമായ ഫയലുകളുമായി വെള്ളംപോലെ ഇംഗ്ലീഷും ഹിന്ദിയും പറയുന്നവര്‍ക്കിടയില്‍ തന്റെ മുറിഹിന്ദിയും ഇംഗ്ലീഷുമോര്‍ത്ത് ലജ്ജിച്ച് ഊഴംകാത്ത് അവളിരുന്നു. ഇന്റര്‍വ്യൂവിലെ പ്രഗത്ഭര്‍ വാതില്‍ തുറന്നെത്തിയ ഉദ്യോഗാര്‍ഥിയെ സമയം നഷ്ടപ്പെടുത്താനെത്തിയ ഒരുവളെന്നേ കണ്ടുള്ളൂ. അങ്ങനെ കാണാതിരിക്കാനുള്ള ഒന്നും കേരളത്തിലെ ഒരു കുഗ്രാമത്തിലെ സാധാരണ കുടുംബത്തില്‍നിന്നെത്തിയ അവള്‍ക്ക് ബാഹ്യമായി ഉണ്ടായിരുന്നില്ല. പക്ഷേ, പിന്നീട് ചോദ്യങ്ങളെക്കാള്‍ അന്നവിടെ പെയ്തുതിമിര്‍ത്തത് ഉത്തരങ്ങളായിരുന്നു. ആശയക്കുഴപ്പത്തിലായി ബോര്‍ഡ് അംഗങ്ങള്‍. ഒരാള്‍ ചോദിച്ചു: ''നിനക്കറിയുമോ നിന്റെ ജോലിയുടെ സ്വഭാവം. പോകേണ്ടത് കാട്ടിലേക്കാണ്''
''അതിനെന്താണ്'' എന്ന് സംശയമില്ലാതെ അവള്‍. കാടാണ്, ആനയുണ്ട്, കടുവയുണ്ട്, പുലിയുണ്ട്, പാമ്പുണ്ട് എന്ന് അയാള്‍. അവരെയൊക്കെ ഞാന്‍ സ്ഥിരം കാണാറുണ്ട് സര്‍, ഒട്ടും കുഴപ്പക്കാരല്ല. പക്ഷേ, കടന്നല്‍ പ്രശ്‌നമുണ്ടാക്കും. കണ്ടില്ലേ കൈ കുത്തിക്കിഴിച്ചിരിക്കുന്നത് എന്നായി അവള്‍. ഇന്‍ര്‍വ്യൂബോര്‍ഡ് അമ്പരപ്പോടെ കണ്ടു കൈമുട്ടിനുതാഴെ നിരന്ന് ഇനിയും ഉണങ്ങാത്ത മുറിപ്പാടുകള്‍... തിയറിയല്ല പ്രാക്ടിക്കലാണ് തന്റെ ശക്തിയെന്നതിന് ഉദ്യോഗാര്‍ഥി നല്‍കിയ പ്രത്യക്ഷദൃഷ്ടാന്തം.
തൃശ്ശൂര്‍ അരിമ്പൂര്‍ എറവ് സ്വദേശിയായ സുജനയ്ക്ക് പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ത്തന്നെ ഒറ്റ ലക്ഷ്യമായിരുന്നു; എത്രയും പെട്ടെന്ന് ഒരു ജോലിനേടണം. ജീവിത സാഹചര്യങ്ങള്‍ ആവശ്യപ്പെട്ടത് അതായിരുന്നു. തൃശ്ശൂര്‍ സെയ്ന്റ് മേരീസ് കോളേജില്‍ ബോട്ടണിവിഭാഗത്തിലെ ഒരു ശരാശരി വിദ്യാര്‍ഥിനി. പഠനത്തിന്റെ ഭാഗമായി ഹെര്‍ബേറിയം (സസ്യങ്ങളെ ഉണക്കി തരംതിരിച്ചുള്ള ശേഖരം) ഉണ്ടാക്കണം. വീട്ടിലെത്തിയപ്പോള്‍ അമ്മമ്മ പറഞ്ഞു അതിനെന്താ വിഷമം. വരൂ... പറമ്പുകളിലും കോള്‍നിലങ്ങളിലും അലഞ്ഞുനടന്ന് ചെടികള്‍ ശേഖരിക്കുമ്പോള്‍ അവയുടെ നാട്ടുപേരുകളും ഔഷധഗുണങ്ങളും അമ്മമ്മ പേരക്കുട്ടിക്ക് പറഞ്ഞുകൊടുത്തു.
അങ്ങനെ തനിക്കും കൂട്ടുകാര്‍ക്കുമായി ധാരാളം സ്പീഷീസിലുള്ള ചെടികള്‍ ശേഖരിച്ചു. അവയൊക്കെ നിരത്തിവെച്ച് ഒരു സംശയവുമില്ലാതെ അവള്‍ പറഞ്ഞു, ''സിംപ്ലോക്കോസ് കൊച്ചിന്‍ചൈനെന്‍സിസ് (പാച്ചോത്തി), സന്താളം ആല്‍ബം (ചന്ദനം), സറാക്ക അശോക (അശോകം), സലേഷ്യ ഫ്രൂട്ടിക്കോസ (ഏകനായകം), റൗവോള്‍ഫിയ സര്‍പ്പന്റീന (സര്‍പ്പഗന്ധി), സ്‌ട്രോബിലാന്തസ് സിലിയേറ്റസ് (കരിംകുറിഞ്ഞി), കോസിനിയം ഫെനെസ്ട്രാറ്റം (മരമഞ്ഞള്‍), അക്കോറസ് കലാമസ് (വയമ്പ്).'' ഒരിക്കലും വഴങ്ങാത്ത ലാറ്റിന്‍ പേരുകള്‍ അനായാസം പറയുമായിരുന്നു സുജന. പുതിയ ചെടികള്‍ കണ്ടെത്താനും ഒരിക്കല്‍ കണ്ട ചെടിയെ തിരിച്ചറിയാനുമൊക്കെ വലിയ ഉത്സാഹമായിരുന്നു. പീച്ചി ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായി താത്കാലിക നിയമനം ലഭിച്ചതാണ് സുജനയുടെ ജീവിതത്തിലെ വഴിത്തിരിവ്. അവിടെവെച്ചാണ് പിഎച്ച്.ഡി. എന്ന മോഹം ഉടലെടുത്തത്. കടമ്പകള്‍ കടന്ന് വയനാട്ടിലെ വള്ളിച്ചെടികളെക്കുറിച്ച് ഗവേഷണം തുടങ്ങി. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നായിരുന്നു ഡോക്ടറേറ്റ് നേടിയത്.
കാട്ടില്‍പ്പോകുന്ന പെണ്‍കുട്ടികള്‍ക്ക് ആവോളം ചീത്തപ്പേരും അപവാദങ്ങളും കിട്ടുന്ന കാലമായിരുന്നു. ഈ പുലിവാലോര്‍ത്ത് പെണ്‍കുട്ടികളെ നിയമിക്കാന്‍ അധികൃതരും മടിച്ചു. പക്ഷേ, അവിടെയും സുജന വ്യത്യസ്തയായിരുന്നു. സുജനയ്ക്കുമുന്നില്‍ താന്‍ കണ്ടെത്താന്‍ പോകുന്ന പുതിയ വള്ളിച്ചെടികള്‍ മാത്രമായിരുന്നു. മറ്റൊന്നും അവള്‍ കണ്ടതുമില്ല കേട്ടതുമില്ല. ഇതിനിടെയായിരുന്നു ആദ്യം സൂചിപ്പിച്ച ഡല്‍ഹിയിലെ ഇന്റര്‍വ്യൂ. സുജനയ്ക്കുമുന്നില്‍ അന്ന് ഇന്റര്‍വ്യൂബോര്‍ഡ് തോറ്റുപോയെന്നും പറയാം. അങ്ങനെ 29-ാം വയസ്സില്‍ ബി.എസ്.ഐ. പോലുള്ള ഒരു സ്ഥാപനത്തിന്റെ സി ഗ്രേഡ് സയന്റിസ്റ്റായി സുജന നിയമിതയായി. ആ സ്വപ്നം ഉള്ളിലുണ്ടായിരുന്നതിനാല്‍ മറ്റ് പല സര്‍ക്കാര്‍ ജോലികളും വേണ്ടെന്നുവെച്ചിരുന്നു സുജന.
കാടുജീവിതം
കൊല്‍ക്കത്തയിലെ ആചാര്യ ജഗദീഷ് ചന്ദ്രബോസ് ഇന്ത്യന്‍ ബൊട്ടാണിക് ഗാര്‍ഡനിലായിരുന്നു ആദ്യനിയമനം. സ്ഥാനീയസസ്യങ്ങളെക്കുറിച്ചുള്ള (Endemic plants) പഠനത്തില്‍ ഇന്ത്യയില്‍ മാത്രം വളരുന്ന സസ്യങ്ങളെ കേന്ദ്രീകരിച്ചു. നാല് പ്രധാനമേഖലകളായി തിരിച്ചായിരുന്നു പഠനം. പശ്ചിമഘട്ടമലനിരകള്‍, ആന്ധ്ര മുതല്‍ തമിഴ്‌നാടിന്റെ തെക്കേ അതിരുവരെ നീളുന്ന ഈസ്റ്റേണ്‍ ഘട്ട്, അന്തമാന്‍ നിക്കോബാര്‍ ഐലന്‍ഡ്‌സ്, നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ. കൂടാതെ ഉത്തരാഖണ്ഡ് മേഖലയും. ചുരുക്കത്തില്‍ കശ്മീരും ഹിമാചല്‍പ്രദേശും ഒഴികെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കാടുകള്‍ സുജനയ്ക്ക് സുപരിചിതമായി. ഇതും പോരാഞ്ഞ് രാജസ്ഥാന്‍ മരുഭൂമിയിലെ കുറ്റിക്കാടുകളും അരിച്ചുപെറുക്കി. മിക്കപ്പോഴും ഇലയും കായും കഴിച്ച് മരക്കൊമ്പ് മുറിച്ച് വെള്ളംകുടിച്ച് കാട്ടില്‍ കിടന്നുറങ്ങി. (വിശപ്പും ദാഹവും ശമിപ്പിക്കാനുതകുന്ന ചില സസ്യങ്ങളും കാട്ടിലുണ്ടെന്ന് രഹസ്യമായി പറയുന്നു സുജന).
ഭൂപ്രദേശത്തിന്റെ വ്യത്യാസമനുസരിച്ച് കാടിന്റെ രൂപംമാറുന്ന മാന്ത്രികത കണ്ടിട്ടുണ്ട് സുജന. അതിനനുസൃതമായി പക്ഷികളും മൃഗങ്ങളും മാറുന്നു. ചിലയിടങ്ങളില്‍ കാടിന് മണ്ണിന്റെ നിറമാണ്. എപ്പോഴും ഉണങ്ങിയപോലെ നില്‍ക്കുന്ന കാടുകളുമുണ്ട്. കാട് എന്ന സങ്കല്പം പൂര്‍ണമാക്കുന്നത് പശ്ചിമഘട്ട മലനിരകള്‍ തന്നെയാണെന്ന് സുജന വിശ്വസിക്കുന്നു. വടക്ക് കിഴക്കന്‍ മേഖലകളില്‍ ഘോരവനങ്ങളുണ്ടെങ്കിലും വന്യമൃഗങ്ങളുടെ സാന്നിധ്യം കൂടുതല്‍ ദക്ഷിണേന്ത്യന്‍ കാടുകളിലാണ് കണ്ടിട്ടുള്ളത്. ദിവസങ്ങളുടെ കണക്കെടുത്താല്‍ പത്തുവര്‍ഷത്തിനിടയില്‍ സുജന പൂര്‍ണമായും കൊടും കാടിനുള്ളില്‍ കഴിഞ്ഞത് 1035 ദിവസം. അതിനുമുമ്പുള്ള കണക്ക് വേറെ.
പുതിയ ചെടികള്‍ കണ്ടെത്താനുള്ള അദമ്യമായ ആഗ്രഹം, കണ്ടിട്ടും കണ്ടിട്ടും മതിയാകാത്ത കാടിന്റെ കൗതുകങ്ങള്‍, ഇതൊക്കെ മുന്നിട്ടുനിന്നപ്പോള്‍ ഭയം എന്നത് താന്‍ മറന്നുപോയെന്ന് സുജന. എല്ലാവര്‍ക്കും കിട്ടുന്ന സൗഭാഗ്യമല്ല ഇതെന്ന ബോധ്യത്തിലാണ് കാട്ടിലേക്ക് കാലെടുത്തുവെക്കുന്നത്. അതിനായി ചില തയ്യാറെടുപ്പുകളുണ്ട്. കൂടെ വരുന്നവരാരും ഒരു തരത്തിലുമുള്ള പെര്‍ഫ്യൂമും ഉപയോഗിക്കാന്‍ പാടില്ലെന്ന് നിര്‍ബന്ധമുണ്ട്. ജലദോഷവും മൂക്കടപ്പും ഉള്ളപ്പോള്‍ കാട് കയറില്ല.
അപകടത്തില്‍ ചെന്ന് ചാടില്ലെന്ന കരുതല്‍തന്നെയാണ് ഏറ്റവും പ്രധാനം. അതിനായി പഞ്ചേന്ദ്രിയങ്ങളെയും പരിശീലിപ്പിക്കണം. ശബ്ദംകൊണ്ടും ഗന്ധംകൊണ്ടും കാടിന്റെ സ്വഭാവമറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ കാടിനെ പേടിക്കേണ്ട. അട്ടകളെക്കാള്‍ പ്രശ്‌നമുണ്ടാക്കുന്നത് മാനിന്റെ ശരീരത്തില്‍നിന്നുള്ള മാനുണ്ണികളാണ്. അത് ത്വക്കില്‍ പ്രശ്‌നമുണ്ടാക്കും. കരിയിലകള്‍ക്കിടയിലും വള്ളിച്ചെടികളിലും പാറപ്പുറങ്ങളിലും തരം പോലെ കഴിയുന്ന എണ്ണമറ്റ പാമ്പുകള്‍, ദൂരെനിന്നെത്തുന്ന ആനച്ചൂര്, ഇലയനക്കത്തിനുപിന്നിലെ പുലിയും കടുവയും... ഇവയൊക്കെ തിരിച്ചറിയാന്‍വിധത്തില്‍ കാട് തന്റെ ഇന്ദ്രിയങ്ങള്‍ക്ക് ഇരട്ടിശേഷി നല്‍കിയെന്നും സുജന പറയുന്നു. അതുകൊണ്ടാകും ആരും കാണാത്തതും കേള്‍ക്കാത്തതുമൊക്കെ സുജന ആദ്യം കേള്‍ക്കുന്നതും കാണുന്നതും. എങ്കിലും അപ്രതീക്ഷിതമായി അപകടം മുന്നിലെത്താറുണ്ട്.
പക്ഷേ, ജീവന് ഭീഷണിയാകുന്ന അപകടങ്ങള്‍വരെ സുജന വീട്ടില്‍ വിവരിക്കും. പ്രാണനുംകൊണ്ട് ആനയില്‍നിന്ന് ഓടിരക്ഷപ്പെട്ട സംഭവം ''ഓ ഇന്നൊരു ആനയെ കണ്ടു, ചെറുതായി വിരട്ടി'' എന്ന് നിസ്സാരമാക്കും. കാട്ടില്‍ തങ്ങേണ്ടിവരുമ്പോള്‍ ചിലപ്പോള്‍ ടെന്റടിക്കും. പുറത്ത് തീകത്തിക്കും. മറ്റു ചിലപ്പോള്‍ ഫോറസ്റ്റ് ക്യാമ്പ് ഷെഡ് അഭയമാകും. രണ്ടോ മൂന്നോ പേരടങ്ങുന്ന ഗവേഷണസംഘമായാണ് മിക്കപ്പോഴും കാട്ടിലേക്കു കടക്കുന്നത്. ആര്‍ക്കും പേടിയൊന്നുമില്ല. ആനക്കൂട്ടത്തിന്റെ വഴിയൊക്കെ ഇവര്‍ക്കറിയാം. കടുവയും പുലിയുമൊന്നും മനുഷ്യനെ തിന്നാന്‍ കാത്തിരിക്കുന്നവരല്ല. ഇരപിടിച്ചു കഴിഞ്ഞാല്‍ അവര്‍ മനുഷ്യരെ ശ്രദ്ധിക്കുക പോലും ചെയ്യില്ല. മുറിവേറ്റ കടുവയും പ്രായമായ പുലിയുമൊക്കെയാണ് മനുഷ്യരെ ആക്രമിക്കുന്നത്. ചിലപ്പോള്‍ സിബ്ബുള്ള ഒരു ചാക്കില്‍ (Sleeping bag) കയറി പാറപ്പുറത്ത് കിടന്നുറങ്ങും. മലമ്പാമ്പ് വരിഞ്ഞു മുറുക്കാന്‍ സാധ്യതയുണ്ടെന്ന് ചിരിയോടെ പറയുന്നു സുജന. എന്നാലും പേടിയില്ല. കിടക്കുമ്പോള്‍ത്തന്നെ ഉറങ്ങിപ്പോകുന്നതിനാല്‍ അതിനെക്കുറിച്ചൊന്നും ആലോചിക്കാറില്ല. ഓരോ ജീവികളും അവരുടെ ജൈവവ്യവസ്ഥയില്‍ സ്വസ്ഥരാണ്. നിവൃത്തിയില്ലാതെ ജീവഭയംകൊണ്ടുമാത്രമാണ് അവ പ്രതികരിക്കുന്നതെന്ന ബോധ്യമുണ്ട് സുജനയ്ക്ക്.
ഇ.കെ. ജാനകി അമ്മാളിന്റെ പിന്‍ഗാമി
2011-ല്‍ 29-ാം വയസ്സില്‍ കൊല്‍ക്കത്തയിലെ ഓഫീസില്‍ അസിസ്റ്റന്റ് സയന്റിസ്റ്റായി ചുമതലയേറ്റെടുക്കാന്‍ സുജന എത്തിയപ്പോള്‍ സീനിയര്‍ സയന്റിസ്റ്റ് ഡോ. പ്രമാണിക് പറഞ്ഞു: ''നിങ്ങള്‍ ഇരിക്കാന്‍പോകുന്നത് ഇ.കെ. ജാനകിയമ്മാളുടെ കസേരയിലാണ്.'' സസ്യങ്ങളുടെ വംശീയശാസ്ത്രത്തിന് (Ethno botanical study) തുടക്കം കുറിച്ചത് ജാനകി അമ്മാളാണ് എന്ന എം.എസ്‌സി. ക്ലാസിലെ ഒറ്റവരിയായിരുന്നു അന്ന് സുജനയും ജാനകി അമ്മാളും തമ്മിലുള്ള ബന്ധം. ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ ഇന്നത്തെനിലയില്‍ പുനസ്സംഘടിപ്പിച്ചത് ഇ.കെ. ജാനകി അമ്മാളാണ്. കുടുംബ ജീവിതംപോലും ഉപേക്ഷിച്ച് സസ്യങ്ങള്‍ക്കായി ജീവിച്ച സന്ന്യാസിനി. ആ ജാനകിയമ്മാളിന് പിന്നാലെയായിരുന്നു തന്റെ യാത്രയെന്ന് പിന്നീടാണ് സുജന തിരിച്ചറിഞ്ഞത്. പിന്നീട് ജാനകി അമ്മാള്‍ വരുത്തിച്ച പല ഉപകരണങ്ങളും കാലപ്പഴക്കം കൊണ്ട് ഉപയോഗശൂന്യമായപ്പോള്‍ ലേലത്തിനുവെക്കാനുള്ള പേപ്പറില്‍ ഒപ്പിട്ടത് സുജനയാണ്.
സുജന സന്തുഷ്ടയാണ്. ഓരോ പ്രോജക്ടും ഏറ്റെടുത്ത് പൂര്‍ത്തിയാക്കി സമര്‍പ്പിക്കുന്നു. രാജ്യത്തുടനീളമുള്ള ഐ.എ.എസുകാരുമായും ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായും നല്ല സൗഹൃദം. അവരുമായി യോജിച്ചുള്ള പ്രോജക്ടുകളും ചെയ്യുന്നു. നിലവില്‍ ബി.എസ്.ഐ.യുടെ കോയമ്പത്തൂരിലെ സതേണ്‍ റീജണല്‍ സെന്ററില്‍ E റാങ്കില്‍ വരുന്ന ശാസ്ത്രജ്ഞയാണ് ഡോ. സുജന. കീഴില്‍ ആറുപേര്‍ ഗവേഷണം നടത്തുന്നു. വള്ളിച്ചെടിവിഭാഗത്തിലുള്ള പുതിയ 20 സ്പീഷിസുകളാണ് സുജന സസ്യശാസ്ത്രലോകത്തിന് കണ്ടെത്തി നല്‍കിയത്. നാഷണല്‍, ഇന്റര്‍നാഷണല്‍ ജേണലുകളിലായി പ്രസിദ്ധീകരിച്ചത് 82 പ്രബന്ധങ്ങള്‍. രണ്ട് പുസ്തകങ്ങളെഴുതി. പുരസ്‌കാരങ്ങളും തേടിയെത്തിയിട്ടുണ്ട്. നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയാണ് സുജന. അയ്യായിരത്തോളം ഫോട്ടോകള്‍ ബി.എസ്.ഐ.യുടെ ആര്‍ക്കൈവ്സിന് നല്‍കിയിട്ടുണ്ട്. എം.എസ്. സ്വാമിനാഥന്‍ ഗവേഷണനിലയത്തില്‍ ശാസ്ത്രജ്ഞനാണ് സുജനയുടെ ഭര്‍ത്താവ് ജോസഫ് ജോണ്‍.
ചരിത്രത്തിലാദ്യമായി ബി.എസ്.ഐ.യുടെ ഡയറക്ടര്‍ പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളി വനിതയുമാകും സുജന. ബി.എസ്.ഐ.ക്ക് ഇന്നത്തെ മുഖം നല്‍കാന്‍ ജീവിതം സമര്‍പ്പിച്ച ജാനകി അമ്മാള്‍ക്കു പോലും നഷ്ടമായ സ്ഥാനമാണത്. ആ കസേരയില്‍ സുജനയിരുന്നാല്‍ പത്രത്തിലല്ല ചരിത്രത്തിലായിരിക്കും സുജന എന്നപേര് പിന്നീട് വായിക്കേണ്ടത്.
Content Highlights: About Thrissur Native Sujana, E Rank Scientist at BSI's Southern Regional Center, Coimbatore
Published: 05 Jun 2022, 03:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented