പതിഞ്ഞതാളത്തില്‍ ഒഴുകുന്ന പഴയങ്ങാടിപ്പുഴ, അതിന്റെ തീരത്തുനിന്നാണ് കല്ലേന്‍ പൊക്കുടന്‍ എന്ന പരിസ്ഥിതി സ്‌നേഹി ലോകത്തോട് കണ്ടല്‍ സംരക്ഷണത്തിന്റെ പ്രധാന്യത്തെക്കുറിച്ചും അതുവഴി ഹരിതരാഷ്ട്രീയത്തിന്റെ പ്രസക്തിയെക്കുറിച്ചും വിളിച്ചുപറഞ്ഞത്. തടയാനായി വഴിയില്‍നിന്ന എല്ലാ വന്മരങ്ങളെയും കടപുഴക്കി തന്നിലേക്ക് വീഴ്ത്തുന്ന പുഴപോലെ പൊക്കുടന്‍ കേരളത്തിന് പരിസ്ഥിതിസംരക്ഷണത്തിന്റെ പുതുപാഠങ്ങള്‍ പകര്‍ന്നു, ആ കാലങ്ങളിലെല്ലാം അതേ പുഴയുടെ മറുതീരത്ത് മറ്റൊരു മനുഷ്യനുണ്ടായിരുന്നു. പുഴയുടെ ഓളങ്ങളിലേക്ക് തുഴയെറിഞ്ഞ് മീന്‍പിടിക്കുകയും അതേ തോണിയില്‍ മീനിനൊപ്പം കണ്ടല്‍വിത്തുകള്‍ ശേഖരിക്കുകയും അവ ഓരങ്ങളില്‍ വെച്ചുപിടിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു കണ്ടല്‍സ്‌നേഹി, പാറയില്‍ രാജന്‍ എന്ന കണ്ടല്‍ രാജന്‍.

To advertise here,

പുഴയാണ് ഗുരു...

മത്സ്യത്തൊഴിലാളി കുടുംബത്തിലായിരുന്നു എന്റെ ജനനം. പിതാവ് അമ്പുവിനൊപ്പം ചെറുപ്പം തൊട്ടേ പഴയങ്ങാടി പുഴയില്‍ മത്സ്യബന്ധനത്തിന് പോകും. അതില്‍നിന്നു കിട്ടുന്ന വരുമാനംകൊണ്ടാണ് കുടുംബം ജീവിച്ചിരുന്നത്. ആറുമക്കളില്‍ ഞാന്‍ മൂന്നാമനായിരുന്നു. വീട്ടിലെ ദരിദ്രാവസ്ഥ കാരണം അഞ്ചാം ക്ലാസില്‍ വെച്ചുതന്നെ പഠനം നിര്‍ത്തേണ്ടിവന്നു. അന്നുതൊട്ട് അച്ഛന്റെ പിറകെ മറ്റൊരു തോണിയില്‍ തുഴയെറിഞ്ഞ് ഞാനും ഈ പുഴജീവിതം ആരംഭിച്ചു. പുലര്‍ച്ചെതന്നെ മത്സ്യബന്ധനത്തിനിറങ്ങും. അന്നെല്ലാം കണ്ടല്‍ക്കാടുകള്‍ കാണുമ്പോള്‍ എന്തെന്നില്ലാത്ത കൗതുകമായിരുന്നു. പുഴയോരത്ത് ഒരു മതില്‍പോലെ നില്‍ക്കുന്ന ചെടിക്കൂട്ടങ്ങള്‍. ഉള്ളിലേക്ക് തോണി തുഴഞ്ഞുചെന്നാല്‍ ഒരു കൊടുങ്കാടിനുള്ളില്‍പ്പോയ പ്രതീതി. കണ്ടല്‍ക്കാടുകള്‍ക്കിടയില്‍നിന്ന് പെട്ടെന്ന് മീന്‍ ലഭിക്കും എന്നതാണ് ചെറുപ്പകാലത്ത് എന്നെ ഈ പച്ചക്കൂടാരത്തിലേക്ക് ആകര്‍ഷിച്ച പ്രധാന ഘടകം. അതിനുള്ള കാരണം അച്ഛനോട് ചോദിച്ചപ്പോഴാണ് പുഴയുടെയും മത്സ്യങ്ങളുടെയുമെല്ലാം നിലനില്‍പ്പില്‍ കണ്ടല്‍ക്കാടുകള്‍ക്കുള്ള പ്രാധാന്യം ആദ്യമായി അറിഞ്ഞത്. പിന്നെ ഓരോ ചെടിയെയും നിരീക്ഷിക്കാന്‍ തുടങ്ങി. അവയുടെ വിത്തുകള്‍ ശേഖരിക്കുന്നതും അവ നട്ടുപിടിപ്പിക്കുന്നതുമൊക്കെ തുടങ്ങുന്നത് അന്നുമുതലാണ്. 

അപ്പോള്‍പ്പോലും ശാസ്ത്രീയമായി കണ്ടല്‍ച്ചെടികളെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. മറിച്ച് ഞങ്ങള്‍ക്ക് ജീവിക്കണമെങ്കില്‍ മത്സ്യങ്ങള്‍ വേണം, മത്സ്യസമ്പത്ത് നിലനില്‍ക്കണമെങ്കില്‍ കണ്ടല്‍ച്ചെടികള്‍ വേണം എന്ന തിരിച്ചറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ കണ്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് വാര്‍ത്തകളില്‍നിന്നും മറ്റിടങ്ങളില്‍ നിന്നുമൊക്കെ കൂടുതല്‍ അറിവുകള്‍ എന്നിലേക്കെത്തി. വിവിധകാലങ്ങളില്‍ കണ്ടല്‍ക്കാടുകളിലേക്ക് വിരുന്നെത്തുന്ന ദേശാടനപ്പക്ഷികളെ ഞാന്‍ നിരീക്ഷിച്ചു. മഴക്കാലത്ത് മറ്റു പ്രദേശങ്ങളില്‍ മണ്ണൊലിച്ചുപോകുമ്പോള്‍ ഇവിടെമാത്രം പ്രശ്‌നങ്ങളില്ലാത്തത് ശ്രദ്ധിച്ചു. ഇതിലൂടെയാണ് കണ്ടലിന്റെ പ്രത്യേകതകള്‍ ഞാന്‍ തിരിച്ചറിഞ്ഞത്. മത്സ്യസമ്പത്തിന്റെ ഉറവിടമായ കണ്ടല്‍ക്കാടുകള്‍ ദേശാടനപ്പക്ഷികള്‍ക്കും ജലപക്ഷികള്‍ക്കും ആവാസമൊരുക്കുന്നുണ്ട്. കൂടാതെ മലിനീകരണം, കരയിടിച്ചില്‍, ഉപ്പുവെള്ളത്തിന്റെ കയറ്റം, വെള്ളപ്പൊക്കം, സുനാമി എന്നിവയെ തടയുന്നു. കണ്ടലിന്റെ വേരുകള്‍ മണ്ണിനെയും മറ്റു വസ്തുക്കളെയും പിടിച്ചുനിര്‍ത്തി കരയെ സംരക്ഷിക്കുന്നതിനൊപ്പം വെള്ളം അരിച്ചു ശുദ്ധമാക്കുകയും ചെയ്യുന്നു. പിന്നീട് കണ്ടല്‍ സംരക്ഷണവും പരിപാലനവും കൂടുതല്‍ ശ്രദ്ധയോടെ ചെയ്യാന്‍ തുടങ്ങി''.

തോണി ചെന്നുതൊടുന്ന തീരങ്ങള്‍...

രാവിലെ അഞ്ചുമണിക്കാണ് എന്റെ ഓരോ ദിവസവും ആരംഭിക്കുക. മൂന്നുമണിക്കൂറോളം രാവിലെ മീന്‍പിടിക്കും. പിന്നീടുള്ള മീന്‍പിടിത്തം വൈകുന്നേരങ്ങളിലാണ്. ഇതിലൂടെ കിട്ടുന്ന വരുമാനം മാത്രമാണ് ജീവിതമാര്‍ഗം. ഓരോദിവസവും മീന്‍പിടിത്തം കഴിഞ്ഞുള്ള ഇടവേളകളിലാണ് കണ്ടല്‍ വിത്തുകള്‍ ശേഖരിക്കാനും കണ്ടല്‍ വെച്ചുപ്പിടിപ്പിക്കാനുമായി ഇറങ്ങുക. ചെളിനിറഞ്ഞ കണ്ടല്‍ക്കാടുകള്‍ക്കിടയിലേക്ക് തോണിയുമായി ചെല്ലും, തോണിയില്‍നിന്നിറങ്ങി ചെടികള്‍ക്കിടയില്‍നിന്ന് വിത്ത് ശേഖരിക്കും, ശേഷം ഇവ മുളപ്പിച്ചെടുത്ത് കണ്ടലില്ലാത്ത ഭാഗങ്ങളില്‍ വെച്ചുപിടിപ്പിക്കും. പഴയങ്ങാടി, താവം, മുട്ടുകണ്ടി, ദാല്‍ പ്രദേശങ്ങളിലാണ് പ്രധാനമായും കണ്ടല്‍ വെച്ചുപിടിപ്പിക്കുന്നത്. ആദ്യകാലത്ത് കണ്ടല്‍ക്കാടുകളിലേക്കിറങ്ങുന്നത് വലിയ പ്രയാസമുള്ള ജോലിയല്ലായിരുന്നു. എന്നാല്‍, പുഴ മലിനീകരിക്കപ്പെട്ട് തുടങ്ങിയതോടെ പ്രതിസന്ധി കൂടി. ഉല്ലാസത്തിനായി പുഴയിലെത്തുന്ന പലരും കുപ്പികളും മറ്റ് മാലിന്യങ്ങളും കണ്ടല്‍ക്കാടുകളിലേക്ക് വലിച്ചെറിയുന്നതായി രീതി. അതുപോലെ കണ്ടല്‍ക്കാടുകള്‍ കാണപ്പെടുന്നത് പുഴയോരങ്ങളിലായതിനാല്‍ പലരും മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറുകളില്‍ നിറച്ച് വാഹനത്തില്‍വന്ന് ഈ കാടുകള്‍ക്കിടയിലേക്ക് വലിച്ചെറിഞ്ഞ് കടന്നുകളയും. ഇപ്പോള്‍ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ നിറയെ പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളുമാണ്. എനിക്ക് പറ്റാവുന്നരീതിയില്‍ പ്ലാസ്റ്റിക് കുപ്പികള്‍ തോണിയില്‍ ശേഖരിക്കാറുണ്ട്. എന്നാല്‍, വീട്ടില്‍ കുപ്പികള്‍ കുന്നുകൂടിക്കിടക്കുകയല്ലാതെ ഇവയെ എങ്ങനെ സംസ്‌കരിക്കണം എന്നറിയില്ല. പോയവര്‍ഷങ്ങളില്‍ പലതവണ വിത്ത് ശേഖരിക്കാനായി കണ്ടല്‍ക്കാടുകള്‍ക്കിടയിലേക്കിറങ്ങിയപ്പോള്‍ ചെളിയില്‍ പൂണ്ടുപോയ മൂര്‍ച്ചയേറിയ മാലിന്യങ്ങളും കുപ്പിച്ചില്ലുകളും കൊണ്ട് കാലില്‍ മുറിവേറ്റു, പലതവണ ചികിത്സതേടേണ്ടിവന്നു. മനുഷ്യന്റെ എല്ലാ മാലിന്യങ്ങളും ഏറ്റുവാങ്ങേണ്ട കുപ്പത്തൊട്ടിയായാണ് പലരും ഇന്നും പുഴയെ കാണുന്നത്.

കുറ്റിക്കണ്ടല്‍, പൂക്കണ്ടല്‍, വള്ളിക്കണ്ടല്‍...

''22 ഇനം കണ്ടല്‍ച്ചെടികളെ ഞാന്‍ കണ്ണൂര്‍ ജില്ലയില്‍ പഴയങ്ങാടി, കുഞ്ഞിമംഗലം, വളപട്ടണം, തലശ്ശേരി മേഖലകളിലായി കണ്ടിട്ടുണ്ട്. എന്നാല്‍, ഇവയില്‍ പല ഇനങ്ങളും ഇപ്പോള്‍ വംശനാശത്തിന്റെ ഭീഷണിയിലാണ്. ചക്കരക്കണ്ടല്‍, എഴുത്താണിക്കണ്ടല്‍, കുറ്റിക്കണ്ടല്‍, പൂക്കണ്ടല്‍, വള്ളിക്കണ്ടല്‍, ചുള്ളിക്കണ്ടല്‍, ഉപ്പുകുറുവ തുടങ്ങി വിവിധയിനങ്ങളാണ് വംശനാശഭീഷണി നേരിടുന്നത്. ഉപ്പൂറിക്കണ്ടലും പ്രാന്തന്‍കണ്ടലും മാത്രമേ ഇന്ന് സജീവമായി നിലനില്‍ക്കുന്നുള്ളൂ. വികസനത്തിന്റെ പേരില്‍ റിസോര്‍ട്ടുകളും ടൂറിസം കേന്ദ്രങ്ങള്‍ക്കുമായാണ് വലിയൊരു ശതമാനം കണ്ടലുകളെ വെട്ടിനശിപ്പിച്ചത്. കൂടാതെ തെറ്റായ മത്സ്യക്കൃഷിരീതിയും കണ്ടലുകളുടെ നാശത്തിന് കാരണമാകുന്നുണ്ട്. ഉദാഹരണത്തിന് ഫിഷറീസിന്റെ ചില മത്സ്യകൃഷി പദ്ധതികള്‍ക്കായി ജെ.സി.ബി. ഉപയോഗിച്ചാണ് തണ്ണീര്‍ത്തടങ്ങളിലും പുഴയോരങ്ങളിലും മറ്റും കുഴിയെടുക്കുന്നത്. ഇത് വലിയരീതിയില്‍ കണ്ടലുകളുടെ നാശത്തിന് കാരണമാകുന്നുണ്ട്.

നശിപ്പിക്കപ്പെടുന്ന കണ്ടല്‍

''എന്റെ ചെറുപ്പകാലത്ത് ഉണ്ടായിരുന്നതില്‍നിന്ന് വലിയൊരു ശതമാനം കണ്ടല്‍ക്കാടുകള്‍ ഇന്ന് ഈ പുഴയോരത്തുനിന്ന് അപ്രത്യക്ഷമായി കഴിഞ്ഞു. കണ്ണൂര്‍ ജില്ലയിലെ 24 വില്ലേജുകളില്‍ നടത്തിയ സര്‍വേയില്‍ 757.8 ഹെക്ടര്‍ ഭൂമിയില്‍ കണ്ടല്‍ നിലനില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 261.03 ഹെക്ടര്‍ പ്രദേശം സര്‍ക്കാര്‍ അധീനതയിലുള്ളതാണ്. ബാക്കി സ്വകാര്യവ്യക്തികളുടെ കൈയിലും. സര്‍ക്കാരിന്റെ കൈയിലുള്ള കണ്ടല്‍പ്രദേശങ്ങള്‍ വനംവകുപ്പ് ഏറ്റെടുത്ത് സംരക്ഷിതവനമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, സ്വകാര്യഭൂമി ഏറ്റെടുക്കാനുള്ള നടപടി ഇപ്പോഴും എവിടെയും എത്തിയിട്ടില്ല. സ്വകാര്യഭൂമിയിലെ കണ്ടല്‍ക്കാടുകളാണ് പ്രധാനമായും നശിപ്പിക്കപ്പെട്ടത്.

ബാക്കിയാകുന്ന സങ്കടങ്ങള്‍...

''കണ്ടല്‍ സംരക്ഷണത്തിനായി ജീവിതത്തിന്റെ വലിയൊരുഭാഗം മാറ്റിവെച്ച എന്നെ ഇപ്പോള്‍ വേട്ടയാടുന്നത് സാമ്പത്തിക പരാധീനതകളാണ്. ബാങ്കില്‍നിന്ന് വായ്പയെടുത്ത പണം തിരിച്ചടയ്ക്കാനാകാതെ ജപ്തിഭീഷണിയിലാണ്. സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വിജ്ഞാപനംചെയ്ത എന്റെ ഉടമസ്ഥതിയുള്ള 1.9 ഏക്കര്‍ കണ്ടല്‍ ഭൂമി ഉടന്‍ ഏറ്റെടുത്താല്‍ ജപ്തിഭീഷണിയില്‍നിന്ന് രക്ഷപ്പെടാം. മകന്റെ പഠനം, മകളുടെ വിവാഹം എന്നിവയ്ക്കായി 2018-ല്‍ ജില്ലാ ബാങ്കിന്റെ കണ്ണപുരം ശാഖയില്‍നിന്ന് വീടും സ്ഥലവും ഈട് നല്‍കി അഞ്ചുലക്ഷം രൂപ വായ്പയെടുത്തിരുന്നു. പ്രളയവും കോവിഡും അടക്കമുള്ള പ്രതിസന്ധികള്‍ വന്നതോടെ വായ്പ തിരിച്ചടവ് മുടങ്ങി. വായ്പത്തുക പലിശയും പിഴപ്പലിശയും ചേര്‍ത്ത് ഏഴ് ലക്ഷത്തിലധികമായി വളര്‍ന്നുകഴിഞ്ഞു. ഇതോടെ ജപ്തിയുടെ വക്കിലെത്തിനില്‍ക്കുകയാണ്.''

രാജന്റെ വീട്ടില്‍ വര്‍ഷങ്ങളായി കണ്ടല്‍ നഴ്സറിയുണ്ട്. അയ്യായിരത്തോളം കണ്ടല്‍ച്ചെടികള്‍ ഈ നഴ്സറിയിലുണ്ട്. പലയിടങ്ങളില്‍നിന്ന് കണ്ടല്‍ച്ചെടി തേടിയെത്തുന്ന പരിസ്ഥിതിസംഘടനാ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമൊക്കെ ഇതില്‍ നിന്നാണ് തൈകള്‍ നല്‍കുന്നത്. സൗജന്യമായാണ് തൈ വിതരണം. ചിലര്‍ സ്‌നേഹപൂര്‍വം നല്‍കുന്ന സംഭാവനങ്ങള്‍ സ്വീകരിക്കുമെന്നുമാത്രം. കൂടാതെ കണ്ടല്‍ ബോധവത്കരണ ക്ലാസുകളും രാജന്‍ കൈകാര്യംചെയ്യുന്നുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി 2008-ല്‍ പി.വി. തമ്പി മെമ്മോറിയല്‍ അവാര്‍ഡും തേടിയെത്തി.