'എനിക്കൊരു ഭാര്യയുണ്ടായിരുന്നെങ്കില്‍ എന്റെ എഴുത്തുജീവിതം എത്ര ആയാസരഹിതമായേനെ' അടുത്തിടെ മലയാളത്തിന്റെ ഒരു പ്രിയ എഴുത്തുകാരി സോഷ്യല്‍ മീഡിയയില്‍ നെടുവീര്‍പ്പിട്ടത് ഇങ്ങനെയായിരുന്നു..
അടുക്കള ജോലികള്‍ എന്നും പെണ്ണുങ്ങള്‍ക്കാണ്(?)അതങ്ങനെയാണ്. അവള്‍ക്ക് താത്പര്യമുണ്ടോ ഇല്ലയോ അങ്ങനെ ഒന്നും ഇല്ല, 20 വയസ്സായിട്ടും ഒരു മീന്‍കറി വെയ്ക്കാന്‍ പോലും അറിയില്ലെങ്കില്‍ പിന്നെ നിന്നെക്കൊണ്ട് എന്തിന് കൊള്ളാം എന്ന ചോദ്യങ്ങളും നെറ്റിചുളിക്കലുകളും.
ഒരു കുടുംബം മുഴുവനായും മൂന്ന് നേരവും തീറ്റിപ്പോറ്റേണ്ടതിന്റെ ഉത്തരവാദിത്വം സ്ത്രീകള്‍ക്ക് അവളുടെ ആര്‍ത്തവം എന്നപോലെ സ്വാഭാവികമായി വന്നുചേരുകയാണ്. ഭൂമി സൂര്യനെ ചുറ്റിത്തിരിയുന്നതു പോലെ ഒരു മലയാളി സ്ത്രീയുടെ 365 ദിവസവും വീട്ടിലെ ഫുഡ് മെനുവിനെ വലം വെയ്ക്കുന്നു. തലേന്ന് രാത്രി അടുത്ത ദിവസത്തേയ്ക്കുള്ള ബ്രേക്ക്ഫാസ്റ്റ് എന്താണെന്നായിരിക്കും ആശങ്ക. അതുകഴിഞ്ഞാന്‍ പിന്നെ ഉച്ചത്തേക്കുള്ളതായി. പിന്നാലെ വൈകിട്ടത്തെ ചായയും അത്താഴവും തയ്യാറാക്കാനുള്ള തത്രപ്പാടും ആകുലതകളുമെത്തും.
അത്ഭുതം എന്താണെന്ന് വെച്ചാല്‍ ഇതൊന്നുമറിയാതെ തീന്‍മേശയിലെത്തുന്ന ആണുങ്ങള്‍ക്ക് എല്ലാ നേരവും അവരുടെ വിശപ്പടക്കാന്‍ ഭക്ഷണം ലഭിക്കുന്നു എന്നതാണ്. അവര്‍ അന്തസ്സായി പുറത്തുപോയി അധ്വാനിക്കുന്നില്ലേ എന്ന മുരട്ടുന്യായവുമായി വരരുത്. ഇപ്പോഴത്തെ കാലത്ത് ഭൂരിഭാഗം സ്ത്രീകളും ജോലിക്ക് പോവുന്നതിന് മുന്‍പും വന്നുകഴിഞ്ഞും 'ജോലിയല്ലാജോലി' ചെയ്യുന്നവരാണ്. നിങ്ങള്‍ക്കെന്നൊയൊന്ന് സഹായിക്കുകയെങ്കിലും ചെയ്തുകൂടേ എന്ന് ഭര്‍ത്താവിനോടും മക്കളോടും സങ്കടത്തോടെ ചോദിക്കുന്നവരാണ്. ചോദ്യം ചോദിക്കാതെ ഇതെന്റെ പാതിജോലിയെന്ന് മനസ്സിലാക്കി മുന്നോട്ട് വരുന്നവരുണ്ട്. അവര്‍ക്കുള്ളതല്ല ഈ കുറിപ്പ്.
നാളുകളേറെയായി നമ്മള്‍ കേള്‍ക്കുന്നതാണ് അടുക്കളയില്‍ ആണ്‍പങ്കാളിത്തം വന്നുചേരേണ്ടതിന്റെ ആവശ്യകത. കഴിച്ചിട്ട് ഡൈനിംഗ് ടേബിളില്‍ ഭാര്യയ്‌ക്കോ അമ്മയ്‌ക്കോ മകള്‍ക്കോ ഒക്കെ കഴുകിവെയ്ക്കാനായി ഉപേക്ഷിച്ചുപോകുന്ന എച്ചില്‍പാത്രത്തില്‍ നിന്ന് തുടങ്ങേണ്ടതാണത്. ഉണ്ടാക്കുന്ന ഭക്ഷണങ്ങളുടെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കാന്‍ കാണിക്കുന്ന ചുറുചുറുക്ക് അതുപോലൊന്ന് തയ്യാറാക്കുന്നതിലാണ് കാണിക്കേണ്ടത്. താന്‍ കഴിക്കുന്ന ഭക്ഷണം ഉണ്ടാക്കാന്‍ അറിയുന്നതും സ്വയംപര്യാപ്തതയുടെ മറ്റൊരു തലമാണ്.
ആണുങ്ങള്‍ക്ക് വിജയങ്ങള്‍ കൈവരിക്കാന്‍ പണ്ടുമുതലേ എളുപ്പമാണല്ലോ. സാഹിത്യം, സിനിമ, രാഷ്ട്രീയം ഏതൊരു മേഖലയെടുത്താലും അതങ്ങനെയാണ്. അവാര്‍ഡുകള്‍ ഏതുമായിക്കോട്ടെ സ്ത്രീ ജേതാക്കള്‍ നന്നേ കുറവ്. തിരഞ്ഞെടുപ്പുകളില്‍ സ്ത്രീകള്‍ക്ക് സംവരണ സീറ്റുകള്‍ ഏര്‍പ്പെടുത്തേണ്ട അവസ്ഥ. അടുക്കളപ്പണിയും കുട്ടികളെ നോക്കലും തുണിയലക്കുമൊക്കെ കഴിഞ്ഞ് സ്വന്തം ഇഷ്ടങ്ങളുടെ പിറകെ പോകാന്‍ അവള്‍ക്ക് എവിടെ സമയം ?
വീട്ടിലെ ബാക്കി എല്ലാവരുടേയും കാര്യം നോക്കിയിട്ട് തന്റെ ഇഷ്ടങ്ങളുടെ പിറകെ പോവാന്‍ ഒരു സ്ത്രീക്ക് സമയമില്ല. കരിയര്‍ എന്നത് ഇപ്പോഴും സ്ത്രീക്ക് ഒരു വിദൂരസ്വപ്നമാണ്. കാരണം ഒറ്റയ്ക്ക് ചെയ്തുതീര്‍ക്കാന്‍ പിടിപ്പത് പണിയുണ്ടവള്‍ക്ക്. എന്നാല്‍ പുറംപണി കഴിഞ്ഞുവന്നാല്‍ ഗൃഹനാഥന്‍ സ്വസ്ഥനാണ്. ചാരുകസേരയില്‍ കിടക്കാം. പത്രമാസികകള്‍ വായിക്കാം. ചര്‍ച്ചകള്‍ കാണാം. അറിവ് നേടി പ്രബുദ്ധരാകാം. ബാക്കിയുള്ള കാര്യങ്ങളൊക്കെ നോക്കിനടത്താന്‍ വീട്ടില്‍ സ്ത്രീകളുണ്ടല്ലോ. കേട്ടിട്ടില്ലേ, ഏതൊരു പുരുഷന്റേയും വിജയത്തിന് പിന്നില്‍ ഒരു സ്ത്രീയുണ്ടെന്ന് ! ആ വിജയം യഥാര്‍ഥത്തില്‍ ഒരു വിജയമാണോ ? ചോദ്യം പ്രസക്തമാണ്.
ആണ്‍കുട്ടികള്‍ക്ക് പഠിത്തം കഴിഞ്ഞാല്‍ ജോലി അത് റെഡി ആയാല്‍ കല്യാണം അങ്ങനെ ആണല്ലോ. എന്നാല്‍ പഠിത്തം കഴിയുന്നതിനുമുമ്പ് പെൺകുട്ടികളെ കല്യാണം കഴിപ്പിച്ചയച്ച് ബാധ്യത ഒഴിവാക്കലാണല്ലോ രക്ഷകര്‍ത്താക്കളുടെ ഒരു രീതി. ഞങ്ങള്‍ അവളെ അവള്‍ക്ക് ഇഷ്ടമുള്ള കാലത്തോളം പഠിപ്പിച്ചു എന്നതിലല്ല, കഴിവിനൊത്ത ജോലിക്കാരിയാക്കി എന്നതിലാണ് ഓരോ അച്ഛനും അമ്മയും ഊറ്റം കൊള്ളേണ്ടത്.
എഴുതണം, വരയ്ക്കണം, പാടണം, നൃത്തം ചെയ്യണം അങ്ങനെ ജീവിതത്തില്‍ എന്തൊക്കെ എന്തൊക്കെ ആഗ്രഹങ്ങള്‍ അവര്‍ക്കുമുണ്ട് ? ഇതൊക്കെ എത്രവട്ടം കേട്ടുതഴമ്പിച്ചിട്ടും പാറ പോലെ ഉറച്ച ഹൃദയങ്ങളെ പീരങ്കിയുണ്ടകള്‍ കൊണ്ട് തകര്‍ക്കാനാണ് ഇവിടെ ഇപ്പോഴും സ്ത്രീകള്‍ ശബ്ദമുയര്‍ത്തുന്നത്. സ്ത്രീപക്ഷത്തു നിന്ന് ചിന്തിക്കാന്‍ കഴിയുന്ന, അവരേയും സാധാരണ മനുഷ്യരായി കണ്ട് അംഗീകരിക്കുന്ന ആണുങ്ങളുടെ സമൂഹം രൂപപ്പെട്ട് വരുന്നുണ്ട്. അതിലാണ് പ്രതീക്ഷ.
എല്ലാ വനിതാദിനത്തിലും കേള്‍ക്കുന്ന ഒരു വാക്കുണ്ട്. സൂപ്പര്‍ വുമണ്‍. എല്ലാവരേയും സന്തോഷിപ്പിക്കുന്ന, അവരുടെ ആവശ്യങ്ങള്‍ക്ക് ഓടിയെത്തുന്ന, അവരുടെ ഇഷ്ടങ്ങള്‍ക്ക് മുന്നില്‍ സ്വന്തം ആഗ്രഹങ്ങള്‍ മറക്കുന്ന സ്ത്രീ. എന്നാല്‍ ആ രൂപക്കൂട് ഇനിയങ്ങോട്ട് വേണ്ട. അതില്‍ കയറ്റിയിരുത്തി പൂവിട്ട് പൂജിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും അഭിലഷണീയം അവളെ മനുഷ്യനായി കാണുന്നതിലാണ്.
Content Highlights: do wife needs a wife? women's day special
Published: 08 Mar 2023, 03:15 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented