ജീവിതത്തിന്റെ ഓരോ നിമിഷവും ഓരോ പുതിയ പാഠങ്ങളാണ്. ആ പാഠങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കുന്നവര്‍ക്ക് മാത്രമുള്ളതാണ് അന്തിമ വിജയം. അങ്ങനെ ഒരാളാണ് കോഴിക്കോട് കാരന്തൂര്‍ സ്വദേശിനിയും നൃത്താധ്യാപികയുമായ ശുഭ ഉദയകുമാര്‍. ശാസ്ത്രീയമായി നൃത്തമഭ്യസിക്കാതെ നൃത്തത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് മാത്രം നൂറ് കണക്കിന് ശിഷ്യരെ ലഭിച്ച പ്രതിഭ.  പേരുപോലെ ജീവിതം ശുഭകരമാക്കാന്‍, അടുക്കളയില്‍ നിന്ന് സ്വപ്‌നം കണ്ട കരിയറിലേക്ക് അവരെത്താനെടുത്തത് നീണ്ട 28 വര്‍ഷങ്ങളാണ്‌.

To advertise here,

കുഞ്ഞുനാള്‍ മുതല്‍ സ്‌കൂള്‍ കലാപരിപാടികള്‍ക്കെല്ലാം പങ്കെടുക്കുന്ന സ്വഭാവക്കാരിയായിരുന്നു ശുഭ. നൃത്തം പഠിക്കണമെന്നും നൃത്താധ്യാപികയാകണമെന്നും വല്ലാതെ മോഹിച്ച കാലം. പക്ഷേ, വിവാഹത്തിലേക്ക് കാലെടുത്ത് വെയ്ക്കാനായിരുന്നു വീട്ടുകാരുടെ നിര്‍ദേശം. ഉള്ളിലുറങ്ങുന്ന ആശയെക്കുറിച്ച് ശുഭ വീട്ടുകാരോട് പറഞ്ഞതുമില്ല. എന്നാല്‍ ഭാര്യയുടെ ഇഷ്ടം മൂന്നാമതൊരാള്‍ വഴി അറിഞ്ഞ ഭര്‍ത്താവ് എല്ലാ പിന്തുണയുമായി കൂടെ നിന്നതോടെ ശുഭ നൃത്തമെന്ന മോഹം വീണ്ടും പൊടിതട്ടിയെടുത്തു

ഇഷ്ടങ്ങള്‍ക്കു വേണ്ടി സമയം കണ്ടെത്തണം എന്ന പ്രചോദനം ഭര്‍ത്താവില്‍ നിന്നായിരുന്നു. അങ്ങനെ വീടിനടുത്തുള്ള കുറച്ച് കുട്ടികളെ ശുഭ വിവിധ കലാപരിപാടികള്‍ക്കായി പരിശീലിപ്പിച്ചു. വരുമാന മാര്‍ഗമായല്ല, തനിക്ക് കഴിയാത്തത് മറ്റുകുട്ടികളിലൂടെ സാധിക്കുന്നതിനുള്ള ഒരുപാധിയെന്ന നിലയ്ക്ക് മാത്രമായിരുന്നു അന്നവര്‍ ആ ഉദ്യമത്തെ കണ്ടത്. കുഞ്ഞുങ്ങള്‍ക്ക് കിട്ടുന്ന സമ്മാനവും അവരുടെ പുഞ്ചിരിയുമായിരുന്നു ആദ്യത്തെ പ്രതിഫലം. 2008-ലാണ് നൃത്തത്തില്‍ പുതിയ പരീക്ഷണങ്ങള്‍ ടീച്ചര്‍ കൊണ്ടുവന്നത്. ഫ്യൂഷനും, മിക്സിങ്ങുമെല്ലാം അവര്‍ ഡാന്‍സില്‍ കൊണ്ടുവന്നു, 

വീട്ടിലെ ജോലികളും കുട്ടികളുടെ കാര്യങ്ങളുമെല്ലാം കഴിഞ്ഞു ബാക്കി സമയം ഡാന്‍സിന് വേണ്ടി മാറ്റി വെച്ചു. നടത്തിയ പരിപാടികളെല്ലാം ഗംഭീരമായപ്പോള്‍ കുട്ടികള്‍ അന്വേഷിച്ചു വരാന്‍ തുടങ്ങി. വീടിന്റെ മുകള്‍ നിലയില്‍ ക്ലാസ്സുകള്‍ നടത്തി. ക്ലാസിക്കല്‍ നൃത്തത്തിന് ആവശ്യക്കാര്‍ വന്നപ്പോഴാണ്, നൃത്തത്തെ ശാസ്ത്രീയമായി കൂടുതലറിയാണെമെന്ന് തോന്നിയത.് വയസ്സൊരു പ്രശ്നമല്ല പ്രവര്‍ത്തിക്കാനുള്ള മനസാണ് ആവശ്യമെന്നു തോന്നലില്‍ നിന്ന് ശുഭയെത്തിയത് നാട്ട്യയോഗയിലാണ്. തുടര്‍ന്ന് കലാക്ഷേത്രയുടെ കിഴില്‍ മോഹിനിയാട്ടവും പഠിച്ചു.

സബ്ജില്ലാ കലോത്സവ സമയത്ത് ഒരിക്കല്‍ വിധിയില്‍ വന്ന പിഴവ് കാരണം താന്‍ പരിശീലിപ്പിച്ച കുട്ടികള്‍ക്ക് സമ്മാനം നഷ്ടമായത് അവര്‍ക്ക് ഏറെ വേദനയുണ്ടാക്കി. മോശം സ്റ്റെപ്പുകളാണ് തോല്‍വിക്കിടയാക്കിയതെന്ന് പറഞ്ഞ് പിറ്റേവര്‍ഷം ടീച്ചറെ സ്‌കൂളിലേക്ക് പരിശീലനത്തിനായി വിളിച്ചില്ല.  എന്നാല്‍ മറ്റൊരു സ്‌കൂളില്‍ പരിശീലകയായി എത്തി ആ കുട്ടികള്‍ക്ക് ഒന്നാം സമ്മാനം നേടിക്കൊടുത്ത്് മധുരപ്രതികാരം തീര്‍ത്തു അവര്‍. മുന്‍പ് പരിശീലനം നിഷേധിച്ച അതേ സ്‌കൂളില്‍ സബ്ജി്ല്ലാ കലോത്സവത്തിന് വിധികര്‍ത്താവായി ചെന്നത് വലിയ അവാര്‍ഡായാണ് ടീച്ചര്‍ മനസ്സില്‍ സൂക്ഷിച്ചിരിക്കുന്നത്. ആ തോല്‍വിയില്‍ നിര്‍ത്തിയിരുന്നെങ്കില്‍ തനിക്കിങ്ങനെയൊരു നിമിഷം ഉണ്ടാവില്ലായിരുന്നെന്നും ടീച്ചര്‍ പറയുന്നുട

ഇന്ന് കാരന്തൂരില്‍ നിരവധി വിദ്യാര്‍ഥികളുള്ള നൃത്തകലാക്ഷേത്രത്തിന്റെ സാരഥിയാണ് ശുഭടീച്ചര്‍. വര്‍ഷങ്ങളുടെ പ്രയ്ത്നവും വീട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയും ചേര്‍ന്നപ്പോള്‍ പിറന്നത് വിജയഗാഥ