ല്ല രസാണ്...നീന്തല്‍ പഠിക്കാന്‍ ആഗ്രഹമുള്ളവരോട് പറയാനുള്ളതെന്തെന്ന് ചോദിച്ചാല്‍ ഒന്‍പതു വയസ്സുകാരി ജുവല്‍ മറിയം ബേസിലിന്റെ മറുപടിയിങ്ങനെ. കോതമംഗലം മാര്‍ അത്തനേഷ്യസ് സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന ജുവല്‍ പക്ഷേ ചില്ലറക്കാരിയല്ല. ഇപ്പോള്‍ വേമ്പനാട്ട് കായല്‍ നീന്തി കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി എന്ന റെക്കോഡ് ജുവലിന്റെ പേരിലാണ്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, വേള്‍ഡ് റെക്കോഡ് ഫോറം എന്നിവയിലാണ് ജുവല്‍ റെക്കോഡ് നേട്ടം കരസ്ഥമാക്കിയത്. റെക്കോര്‍ഡ് നേട്ടം അതോടെ ഉപേക്ഷിക്കാനും ജുവല്‍ തയ്യാറായില്ല. ഇപ്പോഴും നീന്തല്‍പരിശീലനത്തില്‍ സജീവമാണ് ജുവലെന്ന കൊച്ചുമിടുക്കി. 

To advertise here,

മാര്‍ അത്തനേഷ്യസ് കോളേജിന്റെ സ്വിമ്മിങ് പൂളില്‍ 21 ദിവസത്തെ നീന്തല്‍ ക്യാമ്പിന് പോയതാണ് തുടക്കം. ക്യാംപില്‍ പങ്കെടുക്കാന്‍ ചേട്ടനൊപ്പം പോയതാണ് കുഞ്ഞ് ജുവല്‍. അന്ന് തോന്നി തുടങ്ങിയ കൗതുകമാണ് ഈ നേട്ടങ്ങളെല്ലാം കൈവരിക്കാന്‍ ജുവലിന് കൈതാങ്ങായത്. ചേട്ടനൊപ്പം കൂട്ടിന് വന്നിരുന്ന ജുവല്‍ തന്നെയും നീന്തല്‍ പരിശീലിപ്പിക്കാമോയെന്ന് പരിശീലകനായ ബിജു തങ്കപ്പനോട് ചോദിക്കുകയായിരുന്നു. എന്നാല്‍ തീരെ ചെറുപ്പമായതിനാല്‍ ബിജു പരിശീലനത്തിന് അനുമതി നല്‍കിയില്ല. പിന്നെ മെല്ലെ ഒപ്പം കൂട്ടുകയായിരുന്നു.

കോതമംഗലം പുഴയിലായിരുന്നു ആദ്യ പരിശീലനം. രാവിലെ രണ്ടര മണിക്കൂര്‍ പൂളിലും ഒന്നര മണിക്കൂര്‍ പുഴയിലുമായിട്ടാണ് പരിശീലനം. ഒരു ദിവസം എത്ര നേരം പരിശീലനം നല്‍കിയാലും മതിയെന്ന വാക്ക് ജുവലിന്റെ ഡിഷ്ണറിയില്‍ ഇല്ല.

placeholder
ജുവല്‍ പരിശീലകനായ ബിജു തങ്കപ്പനോടൊപ്പം

13 വയസ്സുള്ള ഒരാളെ കൊണ്ട് തന്റെ പരിശീലനത്തില്‍ ബിജു തങ്കപ്പന്‍ വേമ്പനാട് കായലില്‍ നീന്തിച്ചിരുന്നു. അന്ന് കാഴ്ചക്കാരിയായി ജുവലും ഉണ്ടായിരുന്നു. മക്കള്‍ പുഴയിലിറങ്ങുമ്പോള്‍ ആവലാതിപ്പെടുന്ന മാതാപിതാക്കള്‍ക്കിടയില്‍ വ്യത്യസ്തരാവുകയാണ് ബേസിലും അജ്ഞലിയും. ഇരുവര്‍ക്കും മക്കളുടെ ഈ അഭിനിവേശത്തില്‍ തെല്ലും ഭയമില്ല.

ആറാം വയസ്സിലാണ് ജുവല്‍ നീന്തല്‍ പരിശീലനം തുടങ്ങുന്നത്. നിലവില്‍ പൂളില്‍ മാത്രമാണ് പരിശീലനം. രണ്ടു മണിക്കൂറോളം നീളും പരിശീലനം. രാവിലെയാണ് പരിശീലനം. പുറകിലേക്ക് നീന്തുന്ന പരിശീലനമാണ് ഇപ്പോള്‍ നടക്കുന്നത്. പഠനത്തില്‍ മാത്രമല്ല മറ്റ് പ്രവര്‍ത്തനങ്ങളിലും സജീവമാണ് ജുവല്‍. ബാഡ്മിന്റന്‍ പരിശീലനമാണിപ്പോള്‍ നീന്തല്‍ അല്ലാതെ പോകുന്നത്. പഠനവിഷയങ്ങളില്‍ ഏറ്റവും താത്പര്യമുള്ള വിഷയം കംപ്യൂട്ടറും. ഏഴാം വയസ്സിലാണ് റെക്കോഡിന് വേണ്ടിയുള്ള ശ്രമം ജുവല്‍ നടത്തുന്നത്. 

ഏഴാം വയസ്സില്‍ തെല്ലും ഭയമില്ലാതെയാണ് റെക്കോര്‍ഡിന് വേണ്ടിയുള്ള ശ്രം ജുവല്‍ നടത്തിയത്. അതിവേഗത്തില്‍ നീന്താന്‍ കഴിയണം, ഇതിനായുള്ള ശ്രമങ്ങളിലാണ് നിലവില്‍ ജുവല്‍. ഇപ്പോള്‍ നാല് കിലോമീറ്ററൊക്കെ ജുവല്‍ അനായാസേന നീന്തും. അമ്മയും അധ്യാപികയുമായ     അജ്ഞലിക്കൊപ്പമാണ് നീന്തല്‍ ക്ലാസിന് ജുവല്‍ പോയി കൊണ്ടിരുന്നത്. അനിയത്തിക്ക് ഫുള്‍ സപ്പോര്‍ട്ടുമായി ചേട്ടന്‍ യോഹനുമുണ്ട്. അച്ഛന്‍ ബോസില്‍ മാര്‍ അത്തനേഷ്യസ് കോളേജില്‍ ക്ലാര്‍ക്കായി ജോലി ചെയ്യുന്നു. ചെറു പ്രായത്തില്‍ തന്നെ സ്വപ്‌ന തീരങ്ങള്‍ നീന്തി കടക്കാനായതിന്റെ സന്തോഷം ജുവലിന്റെ വാക്കുകളിലും പ്രകടം.