
കുസാറ്റിലും (കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി), കേരള സാങ്കേതിക സര്‍വകലാശാലയിലും വിദ്യാര്‍ഥിനികളുടെ ശ്രമഫലമായി ആര്‍ത്തവാവധി അനുവദിക്കുകയും പിന്നീട് കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും അത് വ്യാപിപ്പിക്കുകയും ചെയ്ത തീരുമാനത്തെ കേരളത്തില്‍ ഭൂരിഭാഗംപേരും സ്വാഗതം ചെയ്തു. പെണ്‍കുട്ടികളെ സംബന്ധിച്ച്, ആര്‍ത്തവസമയത്തെ ബുദ്ധിമുട്ടുകള്‍ സഹിച്ച് ഇനിമുതല്‍ കോളേജിലേക്ക് വരേണ്ടതില്ല എന്നത് ആശ്വാസകരമായ ഒരു കാര്യമാണ്.
എന്നാല്‍, കേരളത്തില്‍ എല്ലാ സര്‍വകലാശാലകള്‍ക്കും ആര്‍ത്തവാവധി അനുവദിച്ചതില്‍ ഇപ്പോഴും ആഘോഷിക്കുമ്പോള്‍ ചിന്തിക്കേണ്ട ചില കാര്യങ്ങളുണ്ട്. മറ്റ് മേഖലകളിലേക്കും അവധി വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും അവിടെയെല്ലാം അത് പ്രാവര്‍ത്തികമാക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ തുടരേണ്ടിയിരിക്കുന്നു എന്നതാണതില്‍ പ്രധാനം. സമൂഹത്തിലെ വിവിധ പെണ്ണിടങ്ങളില്‍നിന്നും അതിനായുള്ള ശബ്ദങ്ങള്‍ മുഴങ്ങികേള്‍ക്കാം.
സ്വപ്‌നം യാഥാര്‍ഥ്യത്തിലേക്ക്
'ഈ ദിവസമൊന്ന് റെസ്‌റ്റെടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍' എന്ന് ആത്മഗതം പറയാത്ത സ്ത്രീകളുണ്ടാകില്ല. സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ മുതല്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍വരെ തങ്ങളുടെ കൂടിയിരുത്തങ്ങളില്‍ ആര്‍ത്തവ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആര്‍ത്തവാവധിയെക്കുറിച്ച് ഒരിക്കലെങ്കിലും ചര്‍ച്ചചെയ്യാതിരുന്നിട്ടുണ്ടാകില്ല.
സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ മിക്കതും സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിയാലും പലതും പ്രതിനിധീകരിക്കപ്പെടാതെയും പരിഹരിക്കപ്പെടാതെയും വെറുമൊരു പാഴ്ക്കിനാവായി അവശേഷിക്കുകയാണ് പതിവ്. അത്തരത്തിലൊരു വിഷയമായിരുന്നു ആര്‍ത്തവ അവധി. അര്‍ഹമായ ഒരാവശ്യത്തെ അങ്ങനെ സര്‍വ്വകലാശാലാ വിദ്യാര്‍ഥികളില്‍ യാഥാര്‍ഥ്യമായിരിക്കുന്നു.
സ്ത്രീകളെ രണ്ടാംതരക്കാരായി കാണുന്ന ഒരു സമൂഹത്തില്‍, സ്ത്രീപക്ഷത്തിന് അനുകൂലമായ ഒരു അനുമതി വന്നപ്പോള്‍ അതിനെ വലിയ ആഘോഷമാക്കിയ കാഴ്ചയാണ് കണ്ടത്. സാമൂഹ്യപുരോഗതിയില്‍ മുന്നിട്ടുനില്‍ക്കുന്ന കേരളത്തില്‍ 2023-ലെങ്കിലും ഇങ്ങനെയൊരു തീരുമാനത്തെ അംഗീകരിച്ചത് ആഘോഷമാക്കാവുന്ന ഒരു കാര്യംതന്നെയാണ്. എന്നിരിക്കിലും, സമൂഹത്തില്‍നിന്നും ചില ഗൗരവമേറിയ ചോദ്യങ്ങള്‍ ഉറക്കെയുയര്‍ന്ന് വരുന്നതായി കേള്‍ക്കാം.

ആര്‍ക്കെല്ലാമാണ് ആര്‍ത്തവ അവധി ആവശ്യം? അത് കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് മാത്രം മതിയോ? ആര്‍ത്തവം വരുന്ന ഒരു സ്ത്രീ അഭിമുഖീകരിക്കേണ്ടിവരുന്ന ശാരീരിക-മാനസിക പ്രശ്‌നങ്ങളില്‍നിന്ന് വിശ്രമം ഒരു ദിവസംമാത്രം മതിയോ? വീട്ടകങ്ങളില്‍ വിങ്ങി പണിയെടുക്കുന്നവര്‍ക്കും അവധി ബാധകമല്ലേ?...അങ്ങനെ ചോദ്യങ്ങള്‍ പലതാണ്. അതെല്ലാം പ്രസക്തവുമാണ്.
ആര്‍ത്തവം: ശാരീരിക-മാനസിക ബുദ്ധിമുട്ടുകള്‍
കൗമാരത്തില്‍ ആര്‍ത്തവം ആരംഭിച്ചതിനുശേഷം ആര്‍ത്തവക്രമം വന്നുതുടങ്ങുമ്പോഴാണ് പലപ്പോഴും പെണ്‍കുട്ടികളില്‍ വേദനയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടുതുടങ്ങുന്നത്.
'പത്തു ദിവസംമുമ്പേ തുടങ്ങും അസ്വസ്ഥതകള്‍. അകവും പുറവും നീറുന്ന വേദനയാണ്. അതോടൊപ്പം മാനസികമായി തളരും. വെറുതേ ഇരുന്ന് കരയും. ചെറിയ കാര്യങ്ങള്‍ക്ക് പോലും വിഷമം വരുന്നതിനാല്‍ മിണ്ടാതെ മുറിയടച്ച് ഇരിക്കാന്‍ മാത്രമാണ് എനിക്ക് തോന്നാറുള്ളത്. ആ സമയത്ത് അറ്റന്‍ഡന്‍സ് എന്നൊരൊറ്റ ആവശ്യമുള്ളത് കാരണമാണ് ഞാന്‍ ക്ലാസില്‍ പോകാറുള്ളത്. ഫ്രണ്ട്‌സെല്ലാം അടുത്തുണ്ടെങ്കിലും എന്നത്തെയുംപോലെ തമാശ പറയാനോ ഒരുമിച്ചിരുന്ന് സംസാരിക്കാനോ ഒന്നും തോന്നില്ല. എവിടെയെങ്കിലും ചടഞ്ഞിരിക്കുകയാണ് ചെയ്യുക. പ്രത്യേകിച്ചും വീട്ടിലിരിക്കാന്‍. എന്നാല്‍ അവിടെയും പ്രശ്നമുണ്ട്' - കോഴിക്കോട് സ്വദേശിയായ ബിരുദ വിദ്യാര്‍ഥിനി ആര്‍ദ്ര പറയുന്നു.
ചിലര്‍ക്ക് അസഹ്യമായ വയറുവേദന, കാലുവേദന, ഛര്‍ദ്ദി, തലചുറ്റല്‍, അമിത രക്തസ്രാവം, എന്നിങ്ങനെ പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളുണ്ടാകുമ്പോള്‍ മറ്റുചിലര്‍ക്ക് ആര്‍ത്തവദിനം എന്നത്തേയുംപോലെ ഒരു സാധാരണ ദിവസമായി കടന്നുപോകുന്നു.
'എനിക്ക് പിരീഡ്‌സ് സമയത്ത് ശാരീരിക അസ്വസ്ഥതകളൊന്നും ഉണ്ടാകാറില്ല. എന്നാല്‍ മാനസികമായി ആകെ പ്രയാസപ്പെടും. ദേഷ്യപ്പെടാനും കരയാനുമെല്ലാം ഉള്ള ടെന്‍ണ്ടന്‍സി അപ്പോള്‍ കൂടുതലാണ്. പക്ഷേ ക്ലാസില്‍ പോകാതിരിക്കാനാകില്ലല്ലോ. ആ അവസ്ഥ ഓവര്‍കം ചെയ്യാന്‍ മനപ്പൂര്‍വ്വം എന്തെങ്കിലും ചെറിയ ആക്റ്റിവിറ്റീസ് ഒക്കെ ചെയ്യും. പക്ഷേ പലപ്പോഴും നിസ്സഹായയായി നില്‍ക്കാനേ കഴിയാറുള്ളു. പഠിക്കാനോ വായിക്കാനോ ഒന്നും മൂഡുവരില്ല. പിന്നെ എല്ലാം സഹിച്ച് ആ ദിവസങ്ങളെ അങ്ങ് സഹിച്ച് തള്ളിനീക്കും. വീട്ടുകാര്‍ക്ക് പോലും മനസ്സിലാക്കാന്‍ കഴിയാറില്ല. അവര്‍ക്കും ഇത്തരം ബുദ്ധിമുട്ടുകളെക്കുറിച്ചൊന്നും അത്ര അറിയില്ല എന്നതാണ് കാരണം. പണ്ടുമുതലേ 'ഇതൊക്കെ എല്ലാ പെണ്ണുങ്ങള്‍ക്കും ഉള്ളതാണ്, സഹിച്ചേ പറ്റൂ. അല്ലാതെ ഒന്നും ചെയ്യാനില്ല' എന്നുമാത്രമാണ് അവരെന്നോട് പറഞ്ഞിട്ടുള്ളത്. അവരെല്ലാം ശീലിച്ചതും അങ്ങനെയാണ്'- മറ്റൊരു വിദ്യാര്‍ഥി പങ്കുവച്ച അനുഭവം ഇങ്ങനെ.

'അയിത്തം' വിടാതെ അകത്തളങ്ങള്‍
സമൂഹത്തെ മൊത്തമെടുക്കാന്‍ വരട്ടെ, വീടുകളില്‍നിന്നുതന്നെ പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടിവരുന്ന വിവേചനങ്ങള്‍ക്ക് അത്ര വലിയ അനക്കമൊന്നും തട്ടിയിട്ടില്ല. ഇന്ത്യയില്‍ മറ്റെല്ലാ കാര്യങ്ങളുംപോലെ വിശ്വാസങ്ങളുമായി ഇഴചേര്‍ന്നുകിടക്കുന്നതാണ് ആര്‍ത്തവവും. അതിനെ ഒരു സ്വാഭാവിക പ്രക്രിയയായി മാത്രം കാണാന്‍ ചെറിയൊരു വിഭാഗത്തിന് മാത്രമേ സാധിച്ചിട്ടുള്ളു.
'കോവിഡ് സമയത്ത് വീട്ടിലിരുന്നപ്പോഴാണ് എന്റെ വീട്ടിലെ 'അയിത്താചാരത്തിന്' ഞാന്‍ അറുതി വരുത്തിയത്. ഒരു യാഥാസ്ഥിക കുടുംബമാണ് എന്റേത്. ആര്‍ത്തവം അവിടെ തൊട്ടുകൂടായ്മയാണ്. എത്രവേദനയാണെന്ന് പറഞ്ഞാലും തറയില്‍ പായ വിരിച്ച് കിടന്നേ മതിയാകൂ. അതായിരുന്നു അവസ്ഥ. കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് ഹോസ്റ്റലില്‍നിന്ന് വീട്ടിലെത്തിയ ഞാന്‍ ഒരു ദിവസം അതിനെതിരെ സംസാരിച്ചു. പിരീഡ്‌സ് ടൈമില്‍ ബെഡ്ഡില്‍ കയറികിടക്കുകയും ചെയ്തു. അന്ന് വീട്ടില്‍ അമ്മയുമായി വലിയ ബഹളമുണ്ടായെങ്കിലും ഞാനെന്റെ തീരുമാനം മാറ്റിയില്ല. ഞാനന്നങ്ങനെ എതിര്‍ത്ത് സംസാരിച്ചപ്പോള്‍ ഒരുപാട് മോശമായാണ് അമ്മ എന്നോട് സംസാരിച്ചിരുന്നത്. ബോഡി ഷെയിമിങ്‌വരെ ചെയ്തു. ഇപ്പോള്‍ അനിയത്തിക്കും കസിന്‍സിനുമൊക്കെ പിരീഡ്‌സിനെക്കുറിച്ച് സംസാരിക്കാനും പ്രതികരിക്കാനും ധൈര്യം വന്നു. ആര്‍ത്തവാവധിയെക്കുറിച്ച് എല്ലാവരും ചര്‍ച്ചചെയ്യുമ്പോള്‍ എനിക്കതില്‍ വലിയ സന്തോഷമാണ് തോന്നുന്നത്' - അനഘ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്.
ആര്‍ത്തവവും അയിത്തവും ഇടകലര്‍ത്തി, സ്വന്തം വീട്ടില്‍പോലും ഭ്രഷ്ടയാക്കപ്പെട്ട ഒരു പെണ്‍കുട്ടികുട്ടിയുടെ മാത്രം പ്രതികരണമല്ല ഇതെന്നകാര്യം ഉറപ്പാണ്.
ഈ കാലഘട്ടത്തിലും, സ്‌കൂളിലും കോളേജിലുമെല്ലാം പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് അവരുടെ സ്വന്തം വീട്ടിലേക്ക് വന്നുകേറുമ്പോള്‍ കേള്‍ക്കേണ്ടത് നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള നിരര്‍ത്ഥമായൊരു കാര്യമാകുന്നുവെന്നത് വിചിത്രംതന്നെ. മനോഭാവങ്ങള്‍ മാറുന്നുണ്ട് എന്ന് പറയുമ്പോഴും മലയാളികളെ സംബന്ധിച്ച് ആര്‍ത്തവമിപ്പോഴും പെണ്ണിനെ സമൂഹത്തില്‍നിന്ന് മാറ്റിനിര്‍ത്താനുള്ള മറ്റൊരു കാരണമാണ്.
സഹനമല്ല പരിഹാരം
ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് ശാരീരിക-മാനസിക ബുദ്ധിമുട്ടുകളുണ്ടാകുന്നത് തികച്ചും സ്വാഭാവികമാണ്. എന്നാല്‍ അതൊരിക്കലും അവര്‍ ദുര്‍ബലരാണെന്നതിന്റെ അടയാളമല്ല. അത്തരം പ്രാകൃതബോധത്തില്‍നിന്നും സമൂഹം എത്രയോ മാറി എന്ന് അവകാശപ്പെടുമ്പോഴും ആര്‍ത്തവാവധിയെക്കുറിച്ചുള്ള ആളുകളുടെ പ്രതികരണങ്ങള്‍ അതിനെ ചോദ്യംചെയ്യുന്നതാണ്. ആര്‍ത്തവസമയത്ത് ബുദ്ധിമുട്ടുകളുണ്ടാകുന്ന സ്ത്രീകള്‍ക്കാണ് അവധി. അവധിയെടുക്കുന്നതും എടുക്കാത്തതും ഓരോരുത്തരുടേയും ഒരു തിരഞ്ഞെടുപ്പാണ്. ആര്‍ത്തവ ദിവസങ്ങളിലെ പ്രയാസങ്ങളില്‍നിന്നുമൊരു വിശ്രമം എന്നത് മാത്രമാണ് ആര്‍ത്തവാവധി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
സ്ത്രീകളിലും അക്കാര്യത്തില്‍ അവബോധമുണ്ടാകേണ്ടതുണ്ട്. പെണ്‍കുട്ടികളോട് വേദനയും പ്രയാസങ്ങളും സഹിക്കണമെന്ന് പറയുന്ന രക്ഷിതാക്കള്‍, സഹനമല്ല എന്തിനും പരിഹാരമെന്ന് തിരിച്ചറിഞ്ഞാണ് കുട്ടികളെ സമീപിക്കേണ്ടത്. ആ ബോധ്യം കുട്ടികളിലെ പ്രതികരണശേഷിയേയും വ്യക്തിത്വവികാസത്തേയുമെല്ലാം പരിപോഷിപ്പിക്കാന്‍ സഹായകമാകും. ആര്‍ത്തവസമയത്ത്, രക്ഷിതാക്കളുടെയടക്കം പിന്തുണയും, ആവശ്യമെങ്കില്‍ വൈദ്യസഹായവും പെണ്‍കുട്ടികള്‍ക്ക് ലഭിക്കേണ്ടതുണ്ട്. ഓരോരുത്തരുടേയും ശാരീരിക മാനസിക ബുദ്ധിമുട്ടുകളെ ചുറ്റുമുള്ളവര്‍ ഉള്‍ക്കൊള്ളേണ്ടതും പ്രധാനമാണ്.
പരിഗണിക്കേണ്ടേ സ്‌കൂള്‍കുട്ടികളെ?
ക്ലാസ്മുറികളില്‍ തളര്‍ന്നും ബെഞ്ചില്‍ തലവെച്ചിരുന്നും, ഇരിപ്പിടങ്ങളും യൂണിഫോമും ഇടക്കിടെ പരിശോധിച്ചുമെല്ലാമാണ് ഭൂരിഭാഗം സ്‌കൂള്‍ വിദ്യാര്‍ഥിനികളുടേയും ആര്‍ത്തവദിനങ്ങള്‍ കടന്നുപോകുന്നത്. സെക്‌സ് എജ്യുക്കേഷനെക്കുറിച്ചും ആര്‍ത്തവത്തെക്കുറിച്ചുമെല്ലാം അവരോട് സംവദിക്കുന്ന ക്ലാസ്മുറികളുണ്ടാകണമെന്ന് പറയുംപോലെ പ്രധാനമാണ് അവര്‍ക്കും ആര്‍ത്തവ അവധി നല്‍കുന്നത്. ക്ലാസ്‌റൂമില്‍ തലകുനിച്ച്, വേദനിച്ചിരിക്കുന്നത് എന്തിനാണെന്ന ചോദ്യങ്ങളുയരുമ്പോള്‍ അതിന്റെ കാരണം പറയാന്‍പോലും മടിച്ച് അവരില്‍ പലരും പ്രയാസപ്പെടുന്നു.
'പിരീഡ്‌സ് ആവുമ്പോള്‍ ചില ദിവസം സ്‌കൂളില്‍ പോകാന്‍ തോന്നില്ല. ടെന്‍ഷനാവും. ചിലപ്പോള്‍ ക്ലാസില് കോണ്‍സന്‍ട്രേഷനും കിട്ടില്ല. എന്റെ ഫ്രണ്ട്‌സില്‍ ഒരുപാട് പേര്‍ക്ക് ഈ സമയത്ത് ഹെല്‍ത്ത് ഇഷ്യൂസ് ഉണ്ടാകാറുണ്ട്. പലരും ലീവെടുക്കും അടുത്തദിവസം നോട്‌സൊക്കെ വന്ന് എഴുതിയെടുക്കും. എക്‌സാമൊക്കെ വരുമ്പോള്‍ പെയിന്‍ കില്ലേഴ്‌സ് കഴിച്ചാണ് ഞാനടക്കം സ്‌കൂളിലെത്താറുള്ളത്. ഇപ്പോള്‍ കോളേജില്‍ അവധി കൊടുത്ത പോലെ ഞങ്ങള്‍ക്കും അവധി കിട്ടണം. ഞങ്ങള്‍ക്കല്ലേ ശരിക്കും മെന്‍സ്ട്രല്‍ ലീവ് കിട്ടേണ്ടത്?' -എട്ടാംക്ലാസുകാരി അസ്‌ന ചോദിക്കുന്നു.
അറ്റന്‍ന്റസ് കുറയുമോ എന്ന ഭയം കാരണം ക്ലാസില്‍ വരികയും, വേണ്ടത്ര ശ്രദ്ധ നല്‍കാന്‍ കഴിയാതെ അവിടെ തളര്‍ന്നിരിക്കുകയും ചെയ്യുന്നവരാണ് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍. ചിലര്‍ക്ക് മാനസിക പ്രയാസങ്ങളനുഭവപ്പെടുമ്പോള്‍ ചുറ്റുമുള്ളവര്‍ക്കത് മനസ്സിലാകെ വരുന്ന സാഹചര്യത്തില്‍ അവര്‍ക്ക് നിസ്സഹായരായിരിക്കേണ്ടിവരുന്നു.

''പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് എന്റെ ചെറിയ മോള്‍ക്ക് മെന്‍സ്‌ട്രേഷന്‍ തുടങ്ങിയത്. അന്ന് അവളും ഞാനും ഒരുപോലെ ബുദ്ധിമുട്ടി. നല്ല ബ്ലീഡിങ് ആയിരുന്നു അവള്‍ക്ക്. സ്‌കൂളിലെത്തുമ്പോള്‍ പാഡ് മാറ്റാനും മറ്റും അവള്‍ക്ക് ബുദ്ധിമുട്ടായിരുന്നു. പലപ്പോഴും ക്ലാസ് ലീവാക്കിയിരുന്നു.' - ആര്‍ത്തവത്തെതുടര്‍ന്ന് മകള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നപ്പോള്‍ മാനസികമായി പ്രയാസമനുഭവിക്കേണ്ടിവന്ന അമ്മ തന്റെ അനുഭവം പങ്കുവെച്ചു.
കോളേജുകളില്‍ ആര്‍ത്താവവധി നടപ്പിലാക്കിയപോലെതന്നെ പ്രധാനമാണ് സ്‌കൂള്‍ കുട്ടികള്‍ക്ക് അവധി നല്‍കുന്ന കാര്യവും. ഭൂരിഭാഗംപേരിലും ആര്‍ത്തവാരംഭം സ്‌കൂള്‍ കാലഘട്ടത്തിലായതിനാല്‍ പെണ്‍കുട്ടികള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു. ആര്‍ത്തവാവധിയുടെ പശ്ചാത്തലത്തില്‍ പല മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ തങ്ങളുടെ അഭിപ്രായം പങ്കുവെച്ചപ്പോള്‍ അവരെല്ലാം സമാനമായി സൂചിപ്പിച്ച കാര്യം സ്‌കൂള്‍ വിദ്യാര്‍ഥിനികളുടേതായിരുന്നു.
ആര്‍ത്തവാവധി വിവിധ തൊഴില്‍മേഖലകളിലേക്ക്
ആര്‍ത്തവ അവധി സര്‍ക്കാര്‍ മേഖലയില്‍ നടപ്പാക്കാന്‍ കഴിഞ്ഞേക്കാമെങ്കിലും സ്വകാര്യമേഖലയിലെ സ്ത്രീകളുടെ കാര്യത്തില്‍ അങ്ങനെയല്ല. തൊഴിലിന് തിരഞ്ഞെടുക്കുന്നതുമുതല്‍ അതത് തൊഴിലിടത്തില്‍ ജോലിചെയ്ത് തുടരുന്നതുവരെ വലിയ പ്രയാസമാണ്. അത്തരം സാഹചര്യത്തില്‍ ആര്‍ത്തവാവധി വിവേചനത്തിന് കാരണമായേക്കാം. എന്നാല്‍ അതൊന്നും അവധി നടപ്പാക്കാതിരിക്കാനുള്ള കാരണങ്ങളാകരുത്.

'ആര്‍ത്തവം അശുദ്ധിയാണ് എന്ന പേരില്‍ പല പ്രശ്‌നങ്ങളും നിലനിന്നിരുന്നു, അതിപ്പോഴുമുണ്ടെങ്കിലും ചര്‍ച്ചകള്‍ ആര്‍ത്താവവധി പ്രഖ്യാപനത്തിലെത്തിനില്‍ക്കുന്നു എന്നത് വലിയ കാര്യമാണ്. ആര്‍ത്തവാവധി എല്ലാ മേഖലയിലും വരണം. തടസ്സങ്ങളുണ്ടാകുമെന്ന് ഉറപ്പാണ്. ജോലി സമയത്ത് ഒന്ന് മൂത്രമൊഴിക്കാന്‍ പോലും സമരം ചെയ്യേണ്ടിവന്ന അവസ്ഥയാണുണ്ടായിരുന്നത്. നിരന്തരമായ പോരാട്ടങ്ങളിലൂടെ ആര്‍ത്തവാവധിയും നടപ്പാകും.
പൊതുയിടങ്ങള്‍ ഇനിയും സ്ത്രീസൗഹൃദമാകണം. ആളുകളുടെ മനോഭാവമാണ് ആദ്യം ശരിപ്പെടേണ്ടത്. തികച്ചും സ്വാഭാവികമായ ഒരു കാര്യമായി ആര്‍ത്തവത്തെ മനസ്സിലാക്കുകയും സ്ത്രീകളുടെ ബുദ്ധിമുട്ടുകളെ പരിഗണിക്കുകയും വേണം. അധിക്ഷേപിക്കലിന് അവിടെ സ്ഥാനമില്ല. അസംഘടിതമേഖലയിലും സ്‌കൂളുകളിലും ആര്‍ത്തവാവധി അത്യാവശ്യമായി നടപ്പിലാക്കേണ്ടതുണ്ട്. അതിനൊരു നിയമം അത്യാവശ്യമാണ്' -പി. വിജി, പെണ്‍കൂട്ട്
അവബോധം വേണം അവഗണനക്കെതിരെ
ആര്‍ത്തവാവധി വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചുവെന്നുള്ളത് ചെറിയ കാര്യമല്ല. സ്‌കൂള്‍, കോളേജ്, തൊഴിലിടങ്ങള്‍ എന്നിവിടെയെല്ലാം സ്ത്രീകള്‍ എന്തുകൊണ്ട് അവധിയെടുക്കുന്നു, ചില സന്ദര്‍ഭങ്ങളില്‍ തളര്‍ന്നിരിക്കുന്നവരായി കാണപ്പെടുന്നു എന്നെല്ലാം ചിന്തിക്കാനും, ആര്‍ത്തവം കാരണം എന്തെല്ലാം പ്രയാസങ്ങളിലൂടെ അവര്‍ കടന്നുപോകുന്നു എന്നെല്ലാം മനസ്സിലാക്കാനും ഇത്തരം ചര്‍ച്ചകള്‍ ഗുണം ചെയ്യും. ആര്‍ത്തവത്തെക്കുറിച്ചും തുറന്ന സംസാരങ്ങള്‍ ഉണ്ടാകുന്നത് പൊതുയിടത്തില്‍ വിഷയത്തെ സ്വാഭാവികമാക്കാനും
ക്രമേണ അത് പല തെറ്റിദ്ധാരണകളും തിരുത്താനും സഹായിക്കുന്നു.
ആര്‍ത്തവ അവധിയെടുക്കുന്നത് ഒരിക്കലും ഒരു മാറ്റി നിര്‍ത്തലിനുള്ള കാരണമാകരുത്. അത് പരിഹാസത്തിനോ അവഹേളങ്ങള്‍ക്കോ മറ്റോ ഇടയാക്കിക്കൂടാ. ആര്‍ത്തവം സംബന്ധിച്ച ചര്‍ച്ചകള്‍ സമൂഹത്തിലെ അവകാശങ്ങള്‍ക്കായുള്ള മറ്റ് ചര്‍ച്ചകള്‍പോലെതന്നെയാണ്. സമൂഹത്തിന്റെ സ്വഭാവം മാറി മാറി വന്നേക്കാം. ശരിയായ അവബോധം നല്‍കുക എന്നതാണ് ആര്‍ത്തവം ജൈവികമായ ഒരു പ്രക്രിയയാണെന്ന് എല്ലാവരും അംഗീകരിക്കാനും അതനുസരിച്ച് സമൂഹത്തിലിടപെടാനും വേണ്ടി ചെയ്യാനാവുന്ന പ്രധാനകാര്യം.
Content Highlights: Women's day 2023, Menstrual leave issues, Periods leave, Universities in kerala
Published: 08 Mar 2023, 12:26 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented