
കോഴിക്കോട്: മഴയേയും പൂക്കളേയും ചിത്രശലഭങ്ങളേയുമെല്ലാം നോക്കി, പാടിയ വരികള്‍ ആഗ്‌ന യാമിയെ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലെത്തിച്ചിരിക്കുകയാണ്. കുന്നോളം സംശയങ്ങളുമായി കുഞ്ഞുകാര്യങ്ങളിലെ ഭംഗിയാസ്വദിച്ച്, കൗതുകവും ചോദ്യങ്ങളും പാട്ടില്‍നിറച്ച് മൂളിനടന്ന ഈ അഞ്ചുവയസ്സുകാരി അങ്ങനെ അര്‍ഹയായിരിക്കുന്നത് പ്രായം കുറഞ്ഞ കവയിത്രിയെന്ന ഖ്യാതിക്കാണ്. ആഗ്‌ന യാമിയുടെ മുപ്പത് കവിതകളടങ്ങിയ ആദ്യപുസ്തകമായ 'വര്‍ണപ്പട്ടം' കഴിഞ്ഞ മാസമാണ് പ്രകാശനം ചെയ്തത്.
'ഉണ്ടാക്കിപ്പാട്ടു'കളില്‍ ഒളിച്ചിരുന്ന കവിത
തന്റെ മനസ്സിലെ ചിന്തകള്‍ മുറിഞ്ഞുപോവാത്ത വരികളായി പാടിയും പറഞ്ഞുമിരുന്നു, ആഗ്‌ന യാമി.
'മോള്‍ക്ക് മൂന്നാം വയസ്സൊക്കെ ആയപ്പോഴാണ് കാണുന്നതിനോടെല്ലാം സംസാരിച്ച്, പാട്ടുണ്ടാക്കി പാടുന്നതായി ശ്രദ്ധയില്‍ പെട്ടത്. അത് സാധാരണയാണെങ്കിലും വരികളില്‍ ഒരു രസം തോന്നി. അപ്പോഴെല്ലാം അവള്‍ പാടുന്നത് ഞാന്‍ ഫോണില്‍ റെക്കോഡ് ചെയ്യുമായിരുന്നു. അതില്‍ പലതും നഷ്ടമായപ്പോഴാണ് എഴുതിവെയ്ക്കാം എന്നെനിക്ക് തോന്നിയത്. അങ്ങനെ ഞാന്‍, അവള്‍ പാടുന്ന വരികള്‍ എഴുതിവെക്കാന്‍ തുടങ്ങുകയായിരുന്നു'- ആഗ്‌ന യാമിയുടെ അമ്മ ശ്രുതി സുബ്രഹ്‌മണ്യന്‍ പറഞ്ഞു.
മുപ്പത് കവിതകളടങ്ങിയ 'വര്‍ണപ്പട്ടം'
അഞ്ചു വയസ്സിനുള്ളില്‍ മുപ്പത് കവിതകളടങ്ങിയ പുസ്തകമായ'വര്‍ണപ്പട്ടം'രചിച്ചു, ആഗ്‌ന യാമി. മാത്രമല്ല, തന്റെ ആദ്യകവിതാസമാഹാരത്തിന്റെ കവര്‍ ചിത്രവും കവിതകളുടെ ചിത്രീകരണവും നിര്‍വഹിക്കുകയും ചെയ്തു.

ഈ വര്‍ഷം മാര്‍ച്ച് -5 നായിരുന്നു 'വര്‍ണപ്പട്ട'ത്തിന്റെ പ്രകാശനം. പേരക്ക ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യ പതിപ്പ് തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, യു.കെ. കുമാരന് നല്‍കിയായിരുന്നു പ്രാകാശനം നിര്‍വഹിച്ചത്.
പുസ്തകവുമായുള്ള കൂട്ട്
മുത്താലം വിദ്യാനികേതനിലെ യു.കെ.ജി. വിദ്യാര്‍ഥിയായ ആഗ്‌നക്ക് അഭിനയിക്കാനും പാട്ടുപാടാനുമെല്ലാം ഏറെ ഇഷ്ടമാണ്.
'എഴുതാനറിയില്ലെങ്കിലും വാക്കുകള്‍ കൂട്ടിവായിച്ച് കഥകളും മറ്റും വായിക്കും. ലൈബ്രറിയില്‍ പോയി ചെറിയ പുസ്തകങ്ങള്‍ ഞാന്‍ എടുത്തുനല്‍കാറുണ്ട്. എന്നും കഥ കേട്ടാണ് ഉറക്കം'- ശ്രുതി സുബ്രഹ്‌മണ്യന്‍ പറഞ്ഞു.

ആഗ്ന യാമിയുടെ അച്ഛന്‍ അജയ് ശ്രീശാന്താണ് പുസ്തകം ഇന്ത്യാ ബുക് ഓഫ് റെക്കോര്‍ഡ്‌സ് സെലക്ഷനായി അയച്ചത്. ഇന്ത്യാ ബുക് ഓഫ് റെക്കോര്‍ഡ്‌സ് ലഭിച്ച വിവരം അറിഞ്ഞപ്പോള്‍ അതെന്താണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഏതോ വലിയ അവാര്‍ഡാണെന്ന് അറിയാവുന്നതുകൊണ്ട് വലിയ സന്തോഷത്തിലാണ് കുട്ടിയെഴുത്തുകാരി.
Content Highlights: India book of records, Five year old poet, Agna yami, First book Varnappattangal
Published: 17 Apr 2023, 11:57 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented