യറ്റിയയക്കുന്ന കാർട്ടണുകൾക്ക് മുകളിൽ ഹാൻഡിൽ വിത്ത് കെയർ എന്നുകാണാറില്ലേ? പ്രണയവിഷയത്തിൽ ആ ജാഗ്രതപ്പെടുത്തലാണ് പണ്ടെല്ലാം യോജിച്ചിരുന്നത്. എന്നാൽ, പെട്രോൾ ടാങ്കറുകളിൽ പല്ലിളിച്ചലറുന്ന ഹൈലി ഇൻഫ്‌ളൈമബിൾ എന്ന മുന്നറിയിപ്പുകൂടി ഇപ്പോൾ പ്രണയബന്ധത്തിന്മേൽ ചാർത്തേണ്ടിവരും. വകതിരിവില്ലാത്ത, പച്ചയായ കാമത്തെയാണ് പ്രണയമെന്ന് തെറ്റിദ്ധരിച്ച് ചെറുപ്പക്കാർ പലപ്പോഴും പോറ്റുന്നത്. അപ്പോഴാണ് ഗീതയിൽ പറഞ്ഞ പോലെ കാമതടസ്സം പിണഞ്ഞ് ക്രോധമുണ്ടാകുന്നത്, ക്രോധത്താൽ സമ്മോഹമുണ്ടാകുന്നത്, സമ്മോഹത്താൽ സ്മൃതിഭ്രംശമുണ്ടാകുന്നത്, സ്മൃതിഭ്രംശത്താൽ ബുദ്ധിനാശമുണ്ടാകുന്നത്, ബുദ്ധിനാശത്താൽ പ്രണശ്ശതി, അതായത് മുച്ചൂടും മുടിയൽ സംഭവിക്കുന്നത്.

To advertise here,

പ്രണയത്തിന് മാനസികവും ആത്മീയവും മാത്രമല്ല രാഷ്ട്രീമായമാനങ്ങൾ കൂടിയുണ്ടെന്ന് കമിതാക്കൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. കാമജന്യമെങ്കിലും വ്യത്യസ്തമായ, വിരുദ്ധമായ പ്രവണതകളാണ് ശരിയായ പ്രണയം കാഴ്ചവെക്കുന്നത്. വെറും ചോദനാപൂരണത്തിന് കാമം പരിശ്രമിക്കുമ്പോൾ പരപരിഗണനയ്ക്കും പരിത്യാഗത്തിനും പ്രണയം സന്നദ്ധമാകുന്നു. ഇക്കാര്യം തെളിയിക്കാൻ പ്രണയഭംഗത്താൽ ആത്മഹത്യചെയ്ത പ്രണയജോഡികളിൽ കുറച്ചുകാലംമുമ്പ് ഒരു ഗവേഷണം നടത്തിയിരുന്നു.

വർഷങ്ങളായി പ്രണയബന്ധം കൊണ്ടുനടന്നിട്ടും പ്രണയിനികൾ കന്യകകളായി അവശേഷിച്ചു എന്നതായിരുന്നു ഗവേഷണത്തിലെ അദ്ഭുതകരമായ കണ്ടെത്തൽ. പ്രണയപൂർത്തി വിവാഹത്തിൽ കലാശിക്കുംവരെ ശാരീരിക ചോദനകളെ അവർ പ്രതിരോധിച്ചെന്നർഥം. കാത്തിരിക്കാനുള്ള എന്ത് പവിത്രതയാണ് കല്യാണത്തിനെന്ന് പുതുതലമുറ ചോദിക്കുമായിരിക്കും. എന്നാൽ, ഒരു ആദർശത്തിന്റെ പേരിൽ, സങ്കല്പനത്തിന്റെ പേരിൽ പ്രാഥമിക വികാരങ്ങളെ മെരുക്കുന്നതിൽ മനുഷ്യമഹത്ത്വത്തിലേക്കുള്ള വികാസമുണ്ട്.

സ്ത്രീ-പുരുഷ സംയോഗം ഏറ്റവും ആനന്ദദായകമാകുന്നത് അത് പ്രകൃതിയും മനുഷ്യനും തമ്മിൽ സംഭവിച്ച അന്യവത്കരണത്തെ താത്കാലികമായി റദ്ദാക്കുന്നതിനാലാണെന്ന് പറഞ്ഞത് ഏംഗൽസാണ്. ആ അന്യവത്കരണത്തെ നിരന്തരം നശിപ്പിച്ച് തനിക്ക് പുറത്തുള്ള മറ്റൊന്നുമായി അഭേദം പരിശീലിക്കലായി പ്രണയവും മാറുന്നു. അതുകൊണ്ടാണ് ഇരുമെയ്യാണെങ്കിലും തങ്ങൾ ഒന്നാണെന്ന് പ്രണയികൾ അവകാശപ്പെടുന്നതും പ്രണയഭാജനത്തിനുവേണ്ടി ജീവൻ ത്യജിക്കാൻപോലും തയ്യാറാകുന്നതും. നീ സുഖമായി ജീവിക്കുന്നതിനുവേണ്ടി ഞാൻ മരിച്ചാലും കുഴപ്പമില്ലെന്ന് ചിലർ കരുതുന്നു. നീയില്ലെങ്കിൽ ഞാനുമില്ല എന്ന് ചിന്തിച്ച് മറ്റു ചിലർ ലോകത്തോടുതന്നെ വിട പറയുന്നു. അഭേദബോധത്തിന്റേതായ ഈ വ്യത്യസ്ത പ്രതികരണങ്ങളാണ് രമണൻമുതൽ റോമിയോ ജൂലിയറ്റ് വരെയുള്ള കൃതികൾ.

അഭേദത്തിന്റെ അനുഭൂതിക്കപ്പുറം രാഷ്ട്രീയമായ ശിക്ഷണങ്ങളും പ്രണയം പകരുന്നു. 'കൺസേൺ ഫോർ ദ അദർ' അഥവാ അപരപരിഗണനയാണല്ലോ ജനാധിപത്യത്തിന്റെ പ്രഥമതത്ത്വം. വെറുതേ പൊട്ടിമുളയ്ക്കുന്നതല്ല 'കൺസേൺ ഫോർ ദ അദർ'. അതിൽ ഞാനും നീയും ഒന്നാണെന്ന അടിസ്ഥാന ബോധ്യമുണ്ട്. അപ്പോഴേ ഗുരു പാടിയപോലെ എന്റെ സുഖം നിന്റെയും നിന്റെ സുഖം എന്റേതുമായി പരിണമിക്കൂ. സത്യത്തിൽ കുമാരനാശാൻ പേരിട്ടുവിളിച്ച അദ്വൈതജീവിതം അഭ്യസിക്കാനുള്ള പരിശീലനക്കളരിയാണ് പ്രണയം.

താൻ തന്നെയെന്ന് സ്വയം തിരിച്ചറിഞ്ഞ് മറ്റുള്ളതിനോട് വാത്സല്യപ്പെട്ടാൽ പിന്നെ 'കൺസേൺ ഫോർ ദി അദർ' ക്ലാസ് റൂമിൽ പഠിപ്പിക്കേണ്ട ആവശ്യമില്ല. മതം, ഭാഷ, വംശം, സംസ്‌കാരം തുടങ്ങി എല്ലാ വ്യത്യസ്തതകളും അപ്പോൾ ശത്രുതയ്ക്ക് പകരം ആകർഷണകാരണമായിതീരും. രണ്ടുപേർ ചുംബിക്കുമ്പോൾ ലോകം മാറിമറിയുന്നു എന്നു പറയുന്നതിന്റെ പൊരുൾ ഇതാണ്.

ജനാധിപത്യം പരിപാലിക്കേണ്ട രണ്ടാം തത്ത്വം 'റൈറ്റ് റ്റു ബി ഡിഫറന്റാണ്'. ഓരോരുത്തർക്കും വ്യത്യസ്തരായി നിലകൊള്ളാനുള്ള അവകാശം. മറ്റൊന്നിനെ താനാക്കുന്ന പ്രണയാദ്വൈതം അതിന്റെ വൈരുധ്യാത്മകതയാൽ റൈറ്റ് റ്റു ബി ഡിഫറന്റും അനുവദിക്കുന്നു എന്നതാണ് രസകരം. 'എന്നുടെയൊച്ച കേട്ടുവോ വേറിട്ട്' എന്ന വൈലോപ്പിള്ളികൃതിയിലെ സന്ദർഭം റെറ്റ് റ്റു ബി ഡിഫറന്റിന് മോഹിക്കുന്ന പ്രണയത്തിന്റേതാണ്. സരസ്വതീ സമ്മാന ജേതാവായ രമാകാന്ത് റത്തിന്റെ പ്രകൃഷ്ടകൃതി ശ്രീരാധയിൽ കൃഷ്ണനുമായുള്ള പരിപൂർണസംലയനം ചെറുക്കുന്ന രാധയുടെ ചിത്രമുണ്ട്.

ശ്രീകൃഷ്ണൻ പരബ്രഹ്‌മത്തിന്റെ പ്രതിനിധാനവുമാണല്ലോ. ഭേദം സൃഷ്ടിക്കുന്ന അകലവും തജ്ജന്യമായ ആകർഷണവും പോയ്പ്പോയാൽ പ്രണയം തിരോഭവിക്കുമോയെന്നാണ് രാധയുടെ പേടി. പക്ഷേ, പ്രണയം ഒന്നായിക്കൊണ്ടുതന്നെ രണ്ടാകാനും രണ്ടായിക്കൊണ്ടുതന്നെ ഒന്നാകാനും പരിശീലിപ്പിക്കുന്നു. ദ്വൈതത്തിൽ അദ്വൈതവും അദ്വൈതത്തിൽ ദ്വൈതവും അനുരാഗം സാക്ഷാത്കരിക്കുന്നു. ഇങ്ങനെയെല്ലാം ചിന്തിക്കുമ്പോൾ പ്രണയം കളിയല്ല കുട്ടികളേയെന്ന് ഈ വാലന്റൈൻസ് ദിനത്തിൽ പറയേണ്ടിവരും.