തമിഴ് ചലച്ചിത്രലോകത്തെ താരദമ്പതിമാരാണ് സൂര്യയും ജ്യോതികയും. തമിഴകത്തെ പ്രണയത്തിന്റെ അടയാളമെന്നാണ് ഇരുവരേയും പലരും വിശേഷിപ്പിക്കുന്നത്. സൂര്യയുടേയും ജ്യോതികയുടേയും പ്രണയകഥയിലെ നിർണായകമായ ഒരേട് വെളിപ്പെടുത്തുകയാണ് സൂര്യയുടെ പിതാവും നടനുമായ ശിവകുമാർ. ജ്യോതികയുമായുള്ള സൂര്യയുടെ പ്രണയത്തെ താൻ ആദ്യം എതിർത്തിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

To advertise here,

'അവരുടെ പ്രണയത്തെ ആദ്യം ഞാൻ അംഗീകരിച്ചിരുന്നില്ല. എന്നാൽ അവൻ (സൂര്യ) തീരുമാനത്തിൽ ഉറച്ചുനിന്നു. അവൾക്കൊപ്പം മാത്രമേ ജീവിക്കൂ എന്ന് തറപ്പിച്ചുപറഞ്ഞു. അഥവാ അതിന് കഴിഞ്ഞില്ലെങ്കിൽ ജീവിതകാലം മുഴുവൻ ഒറ്റയ്ക്ക് ജീവിക്കുമെന്നും അവൻ തീർത്ത് പറഞ്ഞു.' -ശിവകുമാർ പറഞ്ഞു. ഗലാട്ടയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പിന്നീട് ഞാൻ ആലോചിച്ചു, എന്റെ ചലച്ചിത്ര ജീവിതത്തിൽ 150-ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതിൽ ഭൂരിഭാഗം ചിത്രങ്ങളും പ്രണയവിവാഹത്തെ കുറിച്ചാണ് സംസാരിച്ചിരുന്നത്. അങ്ങനെ ഒടുവിൽ ഞാൻ സൂര്യയും ജ്യോതികയും തമ്മിലുള്ള വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു.' -ശിവകുമാർ തുടർന്നു.

പൊതുവേ നാണംകുണുങ്ങിയായിരുന്ന സൂര്യ ജ്യോതികയുമായി പ്രണയത്തിലായതിനെ കുറിച്ചും ശിവകുമാർ പറഞ്ഞു. ജ്യോതികയുമായി സംസാരിച്ചുതുടങ്ങാൻ സൂര്യയ്ക്ക് ധൈര്യം പകർന്നത് രാധികാ ശരത്കുമാറാണെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് അത് പതുക്കെ പ്രണയമായി മാറുകയായിരുന്നുവെന്നും ശിവകുമാർ കൂട്ടിച്ചേർത്തു. 2006-ലാണ് സൂര്യയും ജ്യോതികയും വിവാഹിതരായത്. ഇരുവർക്കും ദിയ, ദേവ് എന്നീ രണ്ട് മക്കളുണ്ട്.

ആർ.ജെ. ബാലാജിയുടെ ഫാന്റസി-ആക്ഷൻ-ഡ്രാമ കറുപ്പ് ആണ് സൂര്യയുടെ അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം. തൃഷ നായികയായെത്തുന്ന കറുപ്പ് വേനലവധിക്ക് തിയേറ്ററിലെത്തുമെന്നാണ് റിപ്പോർട്ട്. ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആക്ഷൻ-കോമഡി ചിത്രത്തിലും സൂര്യ അഭിനയിക്കുന്നുണ്ട്. നസ്രിയയാണ് ചിത്രത്തിൽ നായിക.