തൃശ്ശൂർ: രാധാ-കൃഷ്ണ നിത്യപ്രണയം എക്കാലത്തേയും പ്രതീകം. ശിവരൗദ്രം മൗനമാവുന്ന ഗംഗയുടെ തിരിച്ചൊഴുക്ക് പക്ഷേ, പരിചിതമല്ല. പ്രതീകാത്മകശിൽപ്പങ്ങൾ ഒറ്റയ്ക്ക്, യന്ത്രസഹായമേതുമില്ലാതെ സാക്ഷാത്കരിക്കുന്ന സരൂപ് ശിവയുടേത് അപൂർവ കലാസാക്ഷാത്ക്കാരം.

To advertise here,

തൃശ്ശൂർ പൂരം വിളംബരം ചെയ്തിറങ്ങുന്ന കുറ്റൂർ നെയ്തലക്കാവ് ഭഗവതിക്ഷേത്രത്തിന്റെ തൊട്ടടുത്ത് സ്വന്തം വീട്ടിലെ പണിശാലയിൽ പാമ്പൂർ വീട്ടിൽ സരൂപ് ശിവ തനിച്ചിരുന്ന് പണിയുന്നത് ആവശ്യക്കാർക്ക് വേണ്ടിയുള്ള തനത് ശിൽപ്പങ്ങൾ. ഒരിക്കൽ രചിച്ചത് മറ്റൊരിക്കലുമില്ല - അതും ഒറ്റയ്ക്കിരുന്ന്, ഔപചാരിക കലാവിദ്യാഭ്യാസമൊന്നുമില്ലാത്തയാൾ കൈകൊണ്ട് കൊത്തി... കേരളത്തിൽ അപൂർവമാവാം.

അനുരാഗത്തിന്റെ തീവ്രതയിൽ എല്ലാം മറന്ന് ചേർന്ന് നിൽക്കുന്ന കൃഷ്ണനേയും രാധയേയും ചിത്രീകരിക്കുകയാണ് രാധാ-കൃഷ്ണ ശിൽപ്പം. രാധയുടെ കുടം നിലത്ത്, ചേലയഴിഞ്ഞതും അവളറിയുന്നില്ല....

കേവലം ശിൽപ്പമല്ല, അതിനുപിന്നിലെ 'വിഷൻ' ആണ് പ്രധാനമെന്ന് സരൂപ് കരുതുന്നു. ശിവഗംഗാ ശിൽപ്പം ഉദാഹരണം. സൂര്യവംശത്തിന് മോക്ഷം നൽകാൻ സ്വർഗത്തിൽനിന്ന് ശിവന്റെ ജടയിലേക്ക് പതിച്ച് ഒഴുകുകയായിരുന്നു ഗംഗ. തിരികെ സ്വർഗത്തിലേക്ക് പോകാനൊരുങ്ങുന്ന ഗംഗയാണ് ഈ രചന. വലതുകൈ ആകാശത്തേക്കുയരുമ്പോൾ താമരമൊട്ടേന്തിയ ഇടതുകൈ ഭൂമിയിലേക്കുതന്നെ. ഗംഗാദേവിയുടെ നോട്ടവും താഴോട്ട്. മലിനമായ ഗംഗാനദിയുടെ ഇപ്പോഴത്തെ അവസ്ഥയെന്ന് കലാകാരൻ. വളഞ്ഞുപുളഞ്ഞ ഒരു കുമിഴ്മരത്തടിയിൽ ആറുമാസം കൊണ്ട് പണിതു. പ്രകൃത്യാലുള്ള വൈരൂപ്യത്തെ ആറരയടിയുള്ള സൗന്ദര്യശിൽപ്പമാക്കി.

സാമൂഹികമാധ്യമങ്ങളിൽ സജീവമാണ് സരൂപ്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമുള്ള പോസ്റ്റുകൾ കണ്ടാണ് 'ഓർഡറുകൾ' വരുന്നത്. യുഎസ്, യുകെ, ദുബായ്, ബെംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് അധികവും. നേരിട്ട് താനെടുത്തയക്കുന്ന റീൽസുകളെ, എഐ സാങ്കേതികവിദ്യാ പോസ്ററുകൾ വെല്ലുമോ എന്ന് ആശങ്കപ്പെടുമ്പോഴും സരൂപ് ക്രിയാത്മകതയിൽ വിശ്വസിക്കുന്നു.

അടുത്തിടെയാണ് മൈസൂരുവിൽനിന്നെത്തിച്ച ഒറ്റക്കൽ കൃഷ്ണശിലയിൽ 'രാംലല്ല' കൊത്തിയെടുത്ത് സരൂപ് ആവശ്യക്കാരന് നൽകിയത്. കല്ലിൽ ആദ്യമായാണ്. യുഎസിൽ നിന്ന് കല്ലിൽ ഹനുമാനെ ആലേഖനം ചെയ്യാൻ ആവശ്യമെത്തിയിട്ടുണ്ട്.

മരം, കളിമണ്ണ്, പ്ലാസ്റ്റർ ഓഫ് പാരീസ്, ഫൈബർ, ഗ്ലാസ്, കടലാസ് എന്നിവയിലൊക്കെ സൃഷ്ടി നടത്തും. മരമാണ് ഇഷ്ടം.

12 വർഷത്തോളമായി സരൂപ് സൃഷ്ടികളിലേർപ്പെട്ടിട്ട്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ കുടമേന്തിയ ശകുന്തളയെ കളിമണ്ണിൽ കൂട്ടുകാരനായി നിർമിച്ചുനൽകിയതാണ് ആദ്യത്തെ 'പ്രൊഫഷണൽ വർക്ക്'. ആറാം ക്ലാസ് മുതൽ പത്താം ക്ലാസുവരെ പഠിക്കുമ്പോൾ ജവഹർ ബാലഭവനിൽ ക്ലേ മോഡലിങ് പഠിച്ചു. കുറ്റിമുക്ക് കുഞ്ഞുണ്ണിമാഷാണ് ഗുരു. 1999-ലും 2000-ത്തിലും സംസ്ഥാനസ്‌കൂൾ കലോത്സവത്തിൽ ക്ലേ മോഡലിങ്ങിൽ ഒന്നാംസ്ഥാനം നേടി. കൊമേഴ്സിൽ ബിരുദം നേടിയശേഷം ഇരിങ്ങാലക്കുടയിൽ മൾട്ടിമീഡിയ കോഴ്സ് പഠിച്ചു. എറണാകുളത്തും ചെന്നൈയിലും ഡിസൈനർ, 3ഡി ആർട്ടിസ്റ്റായി ഏഴുവർഷത്തോളം ജോലി ചെയ്തു. സ്ഥിരരീതിജോലിയിൽ മടുത്ത് തിരികെ നാട്ടിലെത്തി ഇന്റീരിയർ ഡിസൈനർ ജോലി ചെയ്യുന്നു.

മനസിൽ ഉടലെടുക്കുന്ന ശിൽപ്പരൂപം ആദ്യം കമ്പ്യൂട്ടറിൽ 3ഡി ഡിസൈനിൽ പകർത്തും; പിന്നെ നിർമാണം. കൃഷ്ണശിൽപ്പങ്ങൾക്കാണ് കൂടുതൽ ആവശ്യക്കാർ. ചക്കക്കുരുവിൽ യേശുക്രിസ്തുവിനെ സൂക്ഷ്മാലേഖനം നടത്തി. ആവശ്യക്കാരനയച്ചുതന്ന വയോധികയുടെ ഫോട്ടോയ്ക്കനുസരിച്ച് രചന നടത്തി...

കൈകൊണ്ട് ചെയ്യുമ്പോൾ മാധ്യമത്തിന്റെ താളം തൊട്ടറിയാനാവും. കട്ടിങ് മെഷീനുകളില്ലാതെ ചെയ്യുന്നത് അതിനാണ്. ശരിക്കും കരകൗശലം. 500-ഓളം നിർമിതികൾ ഇതുവരെ നടത്തി.

ഇപ്പോൾ, തമിഴ്നാട്ടുകാരനുവേണ്ടി കുമിഴ്മരത്തിൽ രാജരാജേശ്വരി ശിൽപ്പം ചെയ്തുകൊണ്ടിരിക്കുന്നു. ശ്രീരാമന്റെ പട്ടാഭിഷേകചരിതം മരത്തിൽ ചെയ്യാൻ മുംബൈയിൽനിന്ന് അവശ്യമുണ്ട്. രണ്ടുമുതൽ ആറുമാസം വരെ സമയമെടുക്കും ഓരോ ശിൽപ്പത്തിനും. അച്ഛൻ ശിവരാമൻ കോവിഡ്കാലത്ത് മരിച്ചു. അമ്മയോടും ഭാര്യ നീതുവിനോടും മക്കൾ അക്ഷതിനും, അക്ഷരയോടുമൊപ്പം ജീവിതം.

കലാപ്രദർശനം നടത്തണമെന്ന് ആഗ്രഹമുണ്ട്. ഓർഡറുകൾ വന്നുകൊണ്ടേയിരിക്കുന്നതിനാൽ പ്രദർശനത്തിനായി രചനകൾ ഒരുക്കാൻ നേരം കിട്ടുന്നില്ല സരൂപിന്.