ച്ചവരെയുള്ള ക്ലാസ് കഴിഞ്ഞ് പതിവുപോലെ ഉച്ചഭക്ഷണം കഴിക്കാൻ എത്തിയപ്പോഴേക്കും എന്റെ സുഹൃത്ത് രാധാകൃഷ്ണൻ അവന്റെ പുസ്തകശാല പൂട്ടി താക്കോൽക്കൂട്ടം തുകൽബാഗിനകത്തേക്കുവെച്ച് ബൈക്കിൽ ഇരുന്നുകഴിഞ്ഞിരുന്നു.

To advertise here,

‘‘വാ കയറ്’’ -അവൻ ക്ഷണിച്ചു. ‘‘നമുക്ക് ബേക്കൽക്കോട്ടവരെ പോയിട്ട് വരാം.’’

‘‘ഈ നട്ടുച്ചയ്ക്ക് പത്തിരുപത്തഞ്ച് കിലോമീറ്റർ ദൂരെക്കിടക്കുന്ന കോട്ടയിലേക്കുപോകാൻ നിനക്കെന്താ പ്രാന്തായോ?’’ -ഞാൻ ദേഷ്യപ്പെട്ടു.

എന്തു തിരക്കുണ്ടെങ്കിലും വൈകീട്ട് ഏഴുമണി കഴിഞ്ഞാലേ അവൻ ബുക്‌സ്റ്റാൾ അടയ്ക്കാറുള്ളൂ. ഒന്നാംവർഷ ബിരുദത്തിനു ചേർന്നപ്പോൾ പുസ്തകങ്ങൾ വഴിയാണ് ഞങ്ങൾ സുഹൃത്തുക്കളായത്.

‘‘ബേക്കൽത്ത് നിന്റെ ബന്ധുക്കൾ ആരെങ്കിലും ചത്തോ?’’

-മനസ്സില്ലാമനസ്സോടെ ബൈക്കിനു പുറകിൽ കയറിയിരുന്നുകൊണ്ട് ഞാൻ ചോദിച്ചു.

‘‘മരിച്ചത് ഞാനാ’’

-രാധാകൃഷ്ണൻ പറഞ്ഞു.

പരിചയപ്പെട്ട കാലംമുതൽ യതിയുടെയും ഹെർമ്മൻ ഹെസ്സേയുടെയും ഒ.വി. വിജയന്റെയും നീഷേയുടെയും ഓഷോയുടെയും പുസ്തകങ്ങൾ വായിച്ചുതള്ളാറുള്ള അവൻ ഇമ്മാതിരി കട്ട ഫിലോസഫി സ്ഥിരം അടിക്കാറുള്ളതുകൊണ്ട് ആ മറുപടിയിൽ എനിക്ക് പ്രത്യേകിച്ച് ഒരദ്‌ഭുതവും തോന്നിയില്ല.

കോളേജിനരികിലെ ആലിൻചുവട്ടിൽ ബൈക്ക് നിർത്താൻപറഞ്ഞ് ഞാൻ ക്ലാസിലേക്കോടി. തോൾസഞ്ചിയും എടുത്ത് സ്റ്റെപ്പിറങ്ങിവരുമ്പോൾ കാണുന്നത് രാധാകൃഷ്ണൻ ബൈക്കിൽ ചാരിനിന്ന് വിങ്ങിക്കരയുന്നതാണ്. എന്തോ കാര്യമായ പ്രശ്നം നടന്നിട്ടുണ്ട്. അല്ലാതെ ഈ പൊരിവെയിലത്ത് ഇവൻ ഇങ്ങനെയൊരു യാത്ര പ്ലാൻ ചെയ്യില്ല.

‘‘എന്തു പറ്റിയെടാ’’

ഞാൻ അവന്റെ ചുമലിൽപ്പിടിച്ച് ഉറക്കെ കുലുക്കി. അപ്പോൾ അവന്റെ കണ്ണിൽനിന്നു നെല്ലിക്കവലുപ്പത്തിൽ കുറെ തുള്ളികൾ താഴെവീണു.

‘‘റീന (ശരിയായ പേരല്ല) ചതിച്ചെടാ’’

‘‘അയ്യോ. റീനയോ?’’

എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല.

മൂന്നുവർഷംനീണ്ട മാംസനിബദ്ധമല്ലാത്ത അനുരാഗത്തിനുശേഷം അവർ എന്ന യഥാർഥ്യത്തിൽനിന്നും ഇപ്പോൾ അവൻമാത്രം ബാക്കിയായിരിക്കുന്നു.

ഇക്കൊല്ലത്തെ ഡിഗ്രി പരീക്ഷ കഴിഞ്ഞാലുടനെ വിവാഹം നടത്തണമെന്ന് റീനയ്ക്കായിരുന്നു നിർബന്ധം. ജാതിവ്യത്യാസം ഉള്ളതുകൊണ്ട് വീട്ടുകാരിൽനിന്ന് എതിർപ്പുണ്ടാവുകയാണെങ്കിൽ ആ നിമിഷം ഇട്ട ചുരിദാറോടെ ഇറങ്ങിവരുമെന്ന് എന്റെ മുന്നിൽവെച്ച് വാക്കുകൊടുത്തവളാണ്. അവർക്കിടയിൽ അങ്ങോട്ടുമിങ്ങോട്ടും പാറിനടന്ന് ഹൃദയരക്തംകൊണ്ടെഴുതിയ ഒട്ടേറെ പ്രേമലേഖനങ്ങൾ എത്തിച്ചുകൊടുത്ത അരയന്നമായിരുന്നു, ഞാൻ. എന്നിട്ടാണോ ഇപ്പോൾ അവൾ ഇങ്ങനെ...

വിശ്വാസവഞ്ചകി!

‘‘നീ ബേജാറാവാതെ, ഞാനോളോട് സംസാരിക്കാം’’

‘‘ഇനി ആരു സംസാരിച്ചിട്ടും കാര്യമില്ലടാ. ഒരു ഗൾഫുകാരനുമായി അവളുടെ കല്യാണം ഉറപ്പിച്ചുകഴിഞ്ഞു.’’

അവൻ കണ്ണകൾ തുടച്ചു. മൂക്ക് ചീറ്റി.

‘‘ഇനി അവൻ ഓളോട് സംസാരിച്ചോളും’’

അതുകേട്ട് എനിക്ക് ചിരിയും കരച്ചിലും ഒരേസമയം വന്നു. രാധാകൃഷ്ണൻ കാണാതിരിക്കാൻ ഞാൻ ചുണ്ടുകൾ അമർത്തിപ്പിടിച്ചു.

ഈ സമയത്ത് ബൈക്കിൽപ്പോകുന്നത് അത്ര പന്തിയല്ല എന്ന് എനിക്ക് തോന്നി.

സമചിത്തത നഷ്ടപ്പെട്ട ഒരു നഷ്ടകാമുകനാണവൻ. ഈ സമയത്ത് ഏത് സാഹസികതയ്ക്കും അവൻ വശംവദനായേക്കാം. ബൈക്ക് എതിരേവരുന്ന ഏതെങ്കിലും ഒരു വണ്ടിക്ക് കൊണ്ടുപോയി ചാർത്തിയാൽ അവനൊപ്പം എന്റെ പണിയും തീരും. അക്കാലത്ത് പിന്നിലിരിക്കുന്നവർക്ക് ഹെൽമെറ്റ് നിർബന്ധമായിരുന്നില്ല.

ബേക്കൽക്കോട്ടയിൽ ബസ്സിറങ്ങുമ്പോൾ ഉച്ചമയങ്ങിയിരുന്നു. വരുന്നവഴി ഞങ്ങൾ നവരംഗിൽ കയറി ഒരു ഓൾഡ് മങ്ക് റം വാങ്ങി ബാഗിൽവെച്ചിരുന്നു. അക്കാലത്ത് നാടൻ കള്ളല്ലാതെ മറ്റ് ലഹരിപാനീയങ്ങളൊന്നും ഞാൻ ഉപയോഗിച്ചു തുടങ്ങിയിരുന്നില്ല. രാധാകൃഷ്ണൻ നിർബന്ധിച്ചപ്പോൾ പുതിയ ശീലം തുടങ്ങാൻ ഇതിലും നല്ലൊരു മുഹൂർത്തം വേറെ കിട്ടില്ലെന്ന് എനിക്കുതോന്നി.

ബേക്കൽക്കോട്ടയിൽ അന്ന് ഇന്നത്തെപ്പോലെ ആർക്കിയോളജിയോ ടിക്കറ്റോ ചെക്കിങ്ങോ സന്ദർശകബാഹുല്യമോ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. വൈകുന്നേരമാകുമ്പോൾ ആരെങ്കിലും നാലോ അഞ്ചോ പേർ വന്നാലായി. മറ്റു സമയങ്ങളിലൊക്കെ കോട്ട ഒഴിഞ്ഞുകിടന്നു.

ഞങ്ങൾ കോട്ടയുടെ പടിഞ്ഞാറുഭാഗത്തേക്ക് നടന്നു. അവിടെയൊന്നും ഒരു മനുഷ്യക്കുഞ്ഞുപോലുമില്ല. ചെങ്കൽക്കമാനം കടന്ന് കുത്തനെ ഇറങ്ങിയപ്പോൾ മുൻപിൽ കടലും പാറക്കൂട്ടങ്ങളും വെൺമണൽത്തീരവും കടൽക്കാക്കകളും മാത്രം. ഞാൻ പാറയുടെ നിഴൽവീണ ഭാഗത്തിരുന്ന് കുപ്പി പൊട്ടിച്ച് ഓൾഡ് മങ്ക് രണ്ടു ഗ്ലാസുകളിലായി പകർന്നുകൊണ്ടിരിക്കേ, ബാഗിൽനിന്നും ഒരു പുസ്തകം വലിച്ചെടുത്ത് അവൻ കടൽക്കാറ്റിലേക്ക് ഉയർത്തിപ്പിടിച്ചു.

ഖലീൽ ജിബ്രാന്റെ ‘ബ്രോക്കൺ വിങ്‌സ്’

ഒടിഞ്ഞ ചിറകുകൾ!

പ്രണയത്തെപ്പറ്റി ലോകത്ത് ഇന്നുവരെ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും തീവ്രമായ രചനകളിൽ ഒന്ന്.

രണ്ടാഴ്ചമുൻപ്‌ അവന്റെ ബുക്‌സ്റ്റാളിൽ ഇതിന്റെ കോപ്പികൾ വന്നപ്പോൾ കെട്ടുപൊട്ടിച്ച് അതിൽനിന്ന് ചൂടോടെ ഒരെണ്ണമെടുത്ത് ഞാൻ ഒറ്റശ്വാസത്തിനു വായിച്ചുതീർത്തതേയുള്ളൂ.

‘ചിറകുകൾ ഒടിഞ്ഞ പക്ഷിക്ക് വിശാലമായ ആകാശത്തിലൂടെ ഇനി ഒരിക്കലും പറക്കാൻ സാധിക്കില്ല’

ജിബ്രാന്റെ വരികൾ ഉറക്കെ ഉദ്ധരിച്ചുകൊണ്ട് അവൻ റീനയെ ഓർത്ത് വീണ്ടും നിലവിളിക്കാൻ തുടങ്ങി.

ഞാൻ ഒരു ലാർജുകൊണ്ട് അവന്റെ തീവ്രവിരഹത്തെ തത്‌കാലത്തേക്ക് അടക്കിനിർത്തി.

അടുത്ത ഗ്ലാസ് കാലിയാക്കിയപ്പോൾ ലഭിച്ച ആത്മശക്തിയാൽ പ്രിയപ്പെട്ട കൂട്ടുകാരനെ സമാശ്വസിപ്പിക്കാൻ ഞാൻ ജിബ്രാന്റെതന്നെ മറ്റൊരു വരിയെടുത്തു വീശി.

‘പ്രതിബന്ധങ്ങളെയും പ്രയാസങ്ങളെയും ധീരമായി നേരിടുന്നത് മനഃശാന്തിയിലേക്ക് പിൻമടങ്ങുന്നതിനേക്കാൾ ഉത്തമമാണ്...’

അതോടെ അവൻ കരച്ചിൽ നിർത്തി ഉന്മേഷവാനായി. തിരയിൽക്കുതിർന്ന മണൽ മാന്തിയെടുത്ത് അവൻ ഞൊടിയിടയിൽ അവിടെ സാമാന്യം വലിയ ഒരു കുഴിയുണ്ടാക്കി. അതിലേക്ക് ഒടിഞ്ഞ ചിറകുകൾ എടുത്തുവെച്ചു.

എന്റെ കൈയിൽനിന്നും ഓൾഡ് മങ്കിന്റെ ഗ്ലാസ് വാങ്ങി നെഞ്ചോടമർത്തി കണ്ണടച്ചുകൊണ്ട് അവൻ പ്രാർഥിച്ചു;

‘‘ദൈവമേ അടിയന്റെ പ്രണയത്തെ അങ്ങയുടെ കരുണയുള്ള കരങ്ങളിൽ ഞാൻ ഏൽപ്പിക്കുന്നു. അങ്ങയുടെ കാരുണ്യത്താൽ ഇതിന് പാപമോചനവും നിത്യജീവനും നൽകേണമേ. ആമേൻ’’

കൈയിലെ റമ്മിൽനിന്ന് ഞാൻ അല്പം പുസ്തകത്തിനുമേൽ വീഴ്ത്തി. പിന്നെ രണ്ടുപേരും ചേർന്ന് ഒടിഞ്ഞുപോയ ആ ചിറകിനെ മണ്ണിട്ടുമൂടി കുരിശുവരച്ച് തിരിച്ചുനടന്നു.

പത്തിരുപതു വർഷങ്ങൾക്കുശേഷം ഒരു ദിവസം ടിക്കറ്റെടുത്ത് കോട്ടയിലെത്തിയപ്പോൾ അവൻ മറന്നുപോയ ആ പഴയ പുസ്തകത്തെ പെട്ടെന്ന് എനിക്കോർമ്മവന്നു. ഞാനത് അവനോട് പറഞ്ഞു. ഞങ്ങൾ ചെങ്കൽക്കവാടം കടന്ന് പഴയതുപോലെ താഴേക്കിറങ്ങി.

തിരമാലകൾ തകർന്നടിയുന്ന പാറക്കെട്ടിനു താഴേക്ക് വിരൽചൂണ്ടിക്കൊണ്ട് ഞാൻ പറഞ്ഞു:

‘‘നിന്റെ പ്രണയം അന്ത്യവിശ്രമംകൊള്ളുന്നത് അവിടെയാണ്.’’

‘‘പോയിനോക്കിയാലോ വെറുതേ ഒരു രസത്തിന്’’ -അവൻ ചോദിച്ചു.

ഞങ്ങൾ അവിടേക്കിറങ്ങാൻ തുടങ്ങിയതും പിന്നിൽനിന്നും ഒരു വിസിൽ. സെക്യൂരിറ്റിയാണ്.

‘‘സൈൻ ബോർഡ് കണ്ടൂടേ? അങ്ങോട്ട് ഇറങ്ങാൻ പാടില്ല. തിരിച്ചുകേറ് പെട്ടെന്ന്’’

അയാൾ ദേഷ്യപ്പെട്ടു.

തിരിഞ്ഞുനടക്കുമ്പോൾ ഇതെല്ലാം കണ്ടുനിൽക്കുകയായിരുന്ന ഭാര്യ രാധാകൃഷനെ അവളുടെ അടുത്തേക്കുവിളിച്ച് സ്നേഹത്തോടെ ശാസിക്കുന്ന ഒരു രംഗം ഞാൻ സങ്കല്പിച്ചുനോക്കി.

‘നിങ്ങ എന്തിനാണ് ഇപ്പൊ അങ്ങോട്ടേക്കെല്ലം പോവുന്നേ. അദല്ലാം ഈട നിന്നിറ്റ് കണ്ടാപ്പോരേ...’