കടപ്പുറത്ത് പട്ടം
പറത്തുമ്പോഴാണ്
നമുക്ക് പിരിഞ്ഞാലോയെന്ന്
അവളാദ്യം ചോദിച്ചത്
നൂലറുത്ത് പട്ടങ്ങളെ
സ്വതന്ത്രമാക്കി
യെസ്
എന്ന് ഞാൻ

To advertise here,

ഫെബ്രുവരിയിലെ
പ്രണയദിനത്തിൽ
കോഫി കഴിച്ചു
പിരിയാം
എന്ന് ഞങ്ങൾ

കോഫി വന്നു,
സംസാരമില്ല,
കനലുകൾ കെടുത്താൻ
ഊതിക്കുടിച്ച് പുറത്തേക്ക്

സാഗരം പോലെ
പ്രണയിനികൾ,
കടപ്പുറമാകെ പ്രണയത്തിരമാലകൾ
അനാഥരെപ്പോലെ
ഞങ്ങൾ...

കടൽകണ്ടു മടുത്തപ്പോൾ
ഫെബ്രുവരി 14
ഇനിയും ഉണ്ടാകില്ലേ എന്നവൾ
എല്ലാ കൊല്ലവും
ഉണ്ടെന്നു ഞാൻ
എന്നാൽപ്പിന്നെ...

പ്രണയപ്പരോൾ
അനുവദിച്ചെന്നറിയിച്ച്
വലിയ തിരമാലയൊന്ന്
ആകെ നനച്ചു
കടന്നുപോയി