പ്രണയാഭ്യർഥനയ്ക്ക് മാർച്ച് 14-ന് വൈറ്റ് ദിനത്തിലാണ് ആൺകുട്ടികൾ മറുപടി നൽകുക

ജപ്പാനിൽ ഫെബ്രുവരി 14 തണുപ്പിൽ മൂടി നിൽക്കും. എന്നാൽ പ്രണയികൾ ചൂടൻ ചോക്ലേറ്റ് നിറമാണ് ഈ ദിനത്തിന് നൽകുക. ഹൃദയരൂപത്തിലുള്ള ചോക്ലേറ്റ് ആണ് ജാപ്പനീസ് വാലൻന്റൈൻസ് ദിനത്തിന്റെ ചിഹ്നം തന്നെ. അതെന്താ അങ്ങനെ എന്നല്ലേ, എല്ലാ കാര്യത്തിലുമെന്ന പോലെ ഇവിടെയും ജപ്പാൻ തനതായ വ്യതിരിക്തത പുലർത്തുന്നു.
ഈ ദിവസം ലോകത്തിലെല്ലാം പ്രണയികൾ പരസ്പരം ചെറിയ ചെറിയ സമ്മാനങ്ങൾ നൽകി പ്രണയം ആഘോഷിക്കുകയാണല്ലോ പതിവ്. പരസ്പരം എന്നതിനാണ് അവിടെ പ്രാധ്യാന്യം. ഇരു ഹൃദയങ്ങളും ചേർന്നുള്ള ഒരു മ്യൂച്വൽ മഴവില്ല്. എന്നാൽ ജപ്പാനിൽ അങ്ങനെ അല്ല. ഇവിടെ ഈ പ്രണയദിനം അൽപം ഏകപക്ഷീയം അല്ലേ എന്ന് നമുക്ക് സംശയം തോന്നിപ്പോകും. കാരണം പരസ്പരം സമ്മാനങ്ങൾ നൽകൽ അല്ല പെൺകുട്ടികൾ സമ്മാനങ്ങളുമായി ആൺകുട്ടികളുടെ അടുത്ത് ചെല്ലുക എന്നതാണ് ഇവിടെ വാലൻന്റൈൻസ് ദിനം.
സുന്ദരം തന്നെ അല്ലേ? പ്രണയിക്കുന്ന ആൺകുട്ടിക്ക് പെൺകുട്ടി അങ്ങോട്ട് ചെന്ന് സമ്മാനം നൽകുക. അതും ചൂടൻ ചോക്ലേറ്റ്. ഇവിടെ പ്രണയം അത്യന്താപേക്ഷിതമാണ്. അത് പറയാൻ ധൈര്യവും അവകാശവും സമൂഹം നൽകിയിട്ടുണ്ട്. പെൺകുട്ടി ഇഷ്ട ആൺകുട്ടിക്ക് ചോക്ലേറ്റ് നൽകുന്നത് വഴി ഔദ്യോഗികമായി തന്റെ പ്രണയം സ്‌കൂളിലും കോളജിലും സമൂഹത്തിലും പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. അത് എല്ലാവരും പൂക്കൾ നൽകി സ്വാഗതം ചെയ്യുന്നു.
പ്രണയം ഇല്ലാത്ത പെൺകുട്ടികൾ ഈ ദിവസം മറ്റുള്ള കൂട്ടുകാർക്ക് ഒക്കെയും ചോക്ലേറ്റ് നൽകുന്ന സമ്പ്രദായവും ഇവിടെ ഉണ്ട്. ഇതിനായി രണ്ട് തരം ചോക്ലേറ്റ് എങ്ങും ലഭ്യമാണ്. പ്രണയിക്കുന്നവന് ഹോൺമേയ് എന്നറിയപ്പെടുന്ന മധുരം ആണ് സമ്മാനിക്കുക. ഗിരി ചോക്കോ എന്ന ചോക്ലേറ്റ് ആണ് കിട്ടിയതെങ്കിൽ അത് വെറും സൗഹൃദവും സ്‌നേഹവും ആകാം.
ജപ്പാനിലെങ്ങും ഇവ മനോഹരമായി പാക്ക് ചെയ്ത് വിൽക്കുന്ന കടകൾ ഈ ആഴ്ച സജീവമാണ്. ആൺകുട്ടികൾ കാത്ത് നിൽക്കും, ഒരുവൾ തനിയേ വന്നു മധുരം നിറച്ച ചോക്ലേറ്റ് തരുന്നതിനായി. നിരാശയുടെയും കൂടി ദിനമാണ് ജപ്പാനിൽ ഇന്ന്. രണ്ടോ അതിലധികമോ പെൺകുട്ടികളിൽ നിന്നും ആൺകുട്ടി ഗിരി ചോക്ലേറ്റ് വാങ്ങി നിൽക്കുന്ന കാഴ്ച ഇതിന്റ മറുവശം ആണ്. അവൻ ആരോട് സ്‌നേഹം പറയും? ആരെ നിരാശയാക്കും?
ചോക്ലേറ്റ് കടയിലെ തിരക്ക്
ഇവിടെയാണ് ജപ്പാനിൽ ,മാത്രമുള്ള മറ്റൊരു ദിനം ശ്രദ്ധയാകർഷിക്കുന്നത്. ഓകെ, പെൺകുട്ടി ഇന്നത്തെ ദിനത്തെ അവരുടെ പ്രണയം പറയാനായി ഉപയോഗിച്ചു. അപ്പോൾ ആൺകുട്ടികൾ എന്ത് ചെയ്യും? അവർക്ക് പറയണ്ടേ അവരുടെ പ്രേമം? അതിനും ഉണ്ട് ഒരു മറുപടി ദിനം. അടുത്ത മാസം 14 ആണ് അത്. മാർച്ച് 14 ഇവിടെ വൈറ്റ് ദിനം എന്ന പേരിൽ മറുപടി ദിനമായി ആചരിക്കുന്നു.
അന്ന് ആൺകുട്ടികൾ താൻ പ്രേമിക്കുന്ന കുട്ടിക്ക് നൽകാൻ വിലയേറിയ സമ്മാനങ്ങൾ നൽകണം. പെൺകുട്ടി നൽകിയ സംമാനത്തിന്റെ മൂന്നു മടങ്ങെങ്കിലും മൂല്യം ആൺകുട്ടി നൽകുന്ന സമ്മാനത്തിനു ഉണ്ടാകണം എന്നാണ് വയ്പ്. അത് പൂവോ ചോക്കളേറ്റോ എന്തുമാകാം. പ്രണയം നിറഞ്ഞ ഈ രണ്ട് ദിവസങ്ങളിലും ജപ്പാൻ യുവതീയുവാക്കളുടെ പറുദീസയാകുന്നു.
1978 മുതലാണ് വെളുത്ത ദിനം ആചരിക്കാൻ തുടങ്ങിയത്. അന്നേ ദിവസം അവധി നൽകി ജപ്പാൻ പ്രണയികൾക്കൊപ്പം നിൽക്കാനും ശ്രദ്ധിക്കുന്നു.
Content Highlights: Japan celebrates Valentine's Day uniquely, where girls gift chocolates to boys. 'Giri-choco' is for friends, while 'Honmei-choco' signifies true love. Boys reciprocate on March 14, known as White Day, with gifts thrice as valuable.
Published: 08 Feb 2026, 03:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented