ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ആന്ധ്രയ്ക്കും ബിഹാറിനും കൈനിറയെ പദ്ധതികള്‍. ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ബിഹാര്‍, ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക പദ്ധതികളുണ്ട്. ബിഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഒഡിഷ, ആന്ധപ്രദേശ് സംസ്ഥാനങ്ങള്‍ക്കായി പൂര്‍വോദയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. 

To advertise here,

അടിസ്ഥാന സൗകര്യവികസനത്തിന് ബിഹാറിന് കൂടുതല്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ വിമാനത്താവളങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍, കായിക സ്ഥാപനങ്ങള്‍ എന്നിവ ബിഹാറില്‍ നിര്‍മിക്കും. വെള്ളപ്പൊക്ക പ്രതിരോധത്തിനായി 11,500 കോടി അനുവദിച്ചു. ബിഹാറില്‍ രണ്ട് ക്ഷേത്ര ഇടനാഴിക്ക് പദ്ധതി. നളന്ദ സര്‍വകലാശാലയുടെ വികസനത്തിന് മുന്‍ഗണന നല്‍കും.

ബിഹാറില്‍ ദേശീയ പാത വികസനത്തിന് 26,000 കോടി രൂപയാണ് അനുവദിച്ചത്. പട്‌ന- പൂര്‍ണിയ, ബക്‌സര്‍- ബദല്‍പുര്‍, ബോധ്ഗയ- വൈശാലി എന്നീ മൂന്ന് എക്‌സ്പ്രസ് വേകളും ഗംഗാനദിക്ക് കുറുകെ ബക്‌സറില്‍ പുതിയ രണ്ടുവരി പാലവും ബിഹാറിൽ പ്രഖ്യാപിച്ചു. പിര്‍പൈന്തിയില്‍ 2400 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതപദ്ധതിയും പുതിയതായി പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറിന് വിവിധപദ്ധതികള്‍ക്കായി ആകെ നീക്കിവെച്ചിരിക്കുന്നത് 37,500 കോടി രൂപയാണ്.

ആന്ധ്രപ്രദേശില്‍ തലസ്ഥാന നഗര വികസനത്തിന് ധനസഹായം, സംസ്ഥാനത്തിന് 15,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്‌,  ആന്ധ്രയുടെ പിന്നാക്കമേഖലയുടെ വികസനത്തിന് സാമ്പത്തിക സഹായവുമുണ്ട്.  ആന്ധ്രയിലെ പോളാവരം ജലസേചന പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നും അതിനായുള്ള സാമ്പത്തികസഹായം നല്‍കുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി. ആന്ധ്രയുടെ ജീവനാഡിയെന്ന് അറിയപ്പെടുന്ന പദ്ധതി രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. വന്‍ പദ്ധതികളും ഫണ്ടും ഉൾപ്പെടെ സംസ്ഥാനങ്ങൾക്ക് ബജറ്റിൽ കോളടിച്ചു. അമൃത്സര്‍-കൊല്‍ക്കത്ത വ്യവസായ ഇടനാഴിയില്‍ ബിഹാറിലെ ഗയയിലെ വ്യവസായ പദ്ധതി, ഹൈദരബാദ്-ബെംഗളൂരു വ്യവസായ ഇടനാഴി, വിശാഖപട്ടണം വ്യവസായ ഇടനാഴി തുടങ്ങിയവയിൽ വമ്പൻ പദ്ധതികളും ബജറ്റിലുണ്ട്.