
സലാല: കേന്ദ്രസർക്കാറിന്റെ ബജറ്റ് തികച്ചും നിരാശജനകമാണെന്ന് സലാല കെ.എം.സി.സി. കേരളത്തെയും പ്രവാസികളെയും പാടെ അവഗണിച്ചാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. മൂന്നാം മോഡി സർക്കാർ നിലനിർത്തുന്നതിന് വേണ്ടി ആന്ധ്ര പ്രദേശിനും ബീഹാറിനും മാത്രം മുൻതൂക്കം നൽകിയാണ് ബജറ്റ് അവതരണം നടത്തിയത്. കേരളത്തിൻ്റെ പേരുപോലും ബജറ്റിൽ പരാമർശിച്ചിട്ടില്ല എന്നത് സംസ്ഥാനങ്ങളെ രണ്ട് തട്ടായി കാണാനേ സാധിക്കൂ എന്ന് പറയാതിരിക്കാൻ വയ്യ. കേരളത്തിൻ്റെ ഒരുപാട് കാലത്തെ സ്വപ്നമായ എയിംസ് എന്നത് ഈ ബജറ്റിലും നിരാകരിച്ചത് വിദ്യാർഥികളോടും കേരള സമൂഹത്തോടുമുള്ള വെല്ലുവിളിയായിട്ടാണ് കാണേണ്ടതെന്നും കെ.എം.സി.സി. പഞ്ഞു.
കേരളത്തിൽ നിന്ന് രണ്ട് കേന്ദ്രമന്ത്രിമാർ ഉണ്ടായിട്ടുപോലും യാതൊരു പരിഗണനയും കേരളത്തിന് ലഭിക്കാതെ പോയത് തികച്ചും നിരാശ നൽകുന്നതും ആഴത്തിൽ ചിന്തിക്കേണ്ടതാണ്. ഇതിന് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ മറുപടി പറയണം. കേരള സർക്കാർ വേണ്ടത്ര സ്ഥലം നൽകിയില്ല എന്ന മുടന്തൻ ന്യായമാണ് കേന്ദ്രസഹ മന്ത്രിയായ സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നും ഉണ്ടായത് എന്നുള്ളത് അൽഭുതമുളവാക്കുന്നതാണ്. ഇന്ത്യയുടെ വിശിഷ്യാ കേരളത്തിൻറെ സാമ്പത്തിക സ്രോതത്തിന്റെ മുഖ്യ പങ്കുവഹിക്കുന്ന പ്രവാസികളെ അപ്പാടെ മറന്നു കൊണ്ടാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത് എന്നത് ഇതിനോടകം തന്നെ സാമ്പത്തിക വിദഗ്ധർ എല്ലാവരും പങ്കുവെച്ചു കഴിഞ്ഞു. പ്രവാസികളുടെ യാത്രാദുരിതവും ഉയർന്ന നിരക്കിൽ ഉള്ള വിമാനക്കൂലിയും എന്നും പ്രവാസികളുടെ ഇടയിലുള്ള ചർച്ചയാണ്.ഇതിന് വേണ്ടി പലപ്പോഴായി പ്രവാസി സംഘടനകൾ കേന്ദ്ര സർക്കാരിനെ സമീപിച്ചതുമാണ്.
അതുപോലെതന്നെ ജി.സി.സി. രാജ്യങ്ങളിൽ നിന്നുള്ള കപ്പൽ സർവീസിനെ കുറിച്ച് മുമ്പ് പറഞ്ഞെങ്കിലും അതിനെ കുറിച്ച് ഒരു വാക്ക് പോലും ബജറ്റിൽ സൂചിപ്പിക്കുകയുണ്ടായില്ല. സാമ്പത്തിക സ്രോതസ്സിൻ്റെ നട്ടെല്ല് ആണന്ന് വിദേശത്ത് വരുമ്പോൾ വാതോരാതെ സംസാരിക്കുകയും എന്നാൽ പ്രവാസികൾക്ക് എന്നും അവഗണന മാത്രമാണ് കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്ന് മുൻപും ഉണ്ടായിട്ടുള്ളത്.
മറ്റു ചെറിയ രാജ്യങ്ങൾക്ക് പോലും സ്വന്തമായി സർക്കാർ അധീനതയിൽ വിമാനം ഉണ്ടെന്നിരിക്കെ ഇന്ത്യ പോലത്തെ ഒരു മഹാരാജ്യത്തിന് സ്വന്തം നിയന്ത്രണത്തിലുള്ള ഒരു വിമാന കമ്പനി പോലും ഇല്ല എന്നുള്ളത് ലജ്ജാകരം തന്നെയാണ്. കഴിഞ്ഞദിവസം അവതരിപ്പിച്ച ബജറ്റ് എൻ.ഡി.എ. സർക്കാറിനെ മുന്നോട്ട് തള്ളിനീക്കുന്നതിന് മാത്രമായി മാറി എന്നതാണ് സത്യം. ഇതിനെതിരെ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉണ്ടാകണമെന്ന് സലാല കെഎംസിസി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ, ജനറൽ സെക്രട്ടറി ഷബീർ കാലടി എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.
Content Highlights: Salala KMCC criticize union budget 2024
Published: 26 Jul 2024, 12:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented