തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ നിലനില്പിന് അനിവാര്യമായ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളമുള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുകയാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ ആരോപിച്ചു.
'ഏതെങ്കിലും സംസ്ഥാനത്തിന് ആവശ്യമായ വികസന പദ്ധതി പ്രഖ്യാപിക്കുന്നതിലുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുന്നില്ലെങ്കിലും, ഏതെങ്കിലും സംസ്ഥാനത്തെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ല. കേരളം പോലുള്ള സംസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണം തടയുന്ന സമീപനമാണിത്. കേരളം നിരന്തരം ഉയർത്തിയ സുപ്രധാന ആവശ്യങ്ങൾ പരിഗണിക്കാൻ തയാറാകാത്തത് ഇന്നാട്ടിലെ ജനങ്ങളോടാകെയുള്ള വെല്ലുവിളിയാണ്.'
'എയിംസ് ഉൾപ്പെടെയുള്ള ആവശ്യം പരിഗണിച്ചില്ല. പ്രകൃതി ദുരന്തനിവാരണ കാര്യങ്ങളിലും ടൂറിസം മേഖലയിലും കേരളത്തിന് അവഗണന. കാര്‍ഷിക മേഖലയില്‍ പ്രഖ്യാപിച്ച ചില കാര്യങ്ങള്‍ സംസ്ഥാനങ്ങള്‍ നേരിട്ട് ഇടപെട്ട് നടത്തേണ്ടവയാണ്. ഇതിന് ഏറ്റവും അനിവാര്യമായ കാര്യം സംസ്ഥാനങ്ങളുടെ സാമ്പത്തിക ശാക്തീകരണമാണ്. ആ ശാക്തീകരണം സാധ്യമാകാതെ കാർഷികാഭിവൃദ്ധി എങ്ങനെ കൈവരിക്കാനാകും? വായ്പാ പരിധി നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്രം കൈക്കൊള്ളുന്ന സമീപനം കാരണം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം ചെലവിടാന്‍ സംസ്ഥാനങ്ങള്‍ ബുദ്ധിമുട്ടുകയാണ്' -മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ജി.എസ്.ടി നിലവില്‍ വന്നതിനുശേഷം സംസ്ഥാനങ്ങള്‍ക്ക് വളരെ പരിമിതമായ തനത് നികുതി അധികാരം മാത്രമേയുള്ളൂ. അതുപോലും കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെ കേന്ദ്രത്തിന്‍റെ നിബന്ധനകള്‍ക്ക് വിധേയമാക്കാനാണ് ബജറ്റില്‍ ശ്രമം നടത്തിയിരിക്കുന്നത്. ഇത് ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്തതാണ്.
പ്രധാനപ്പെട്ട കേന്ദ്ര പദ്ധതികളിൽ ഗണ്യമായ വെട്ടിക്കുറവ് വരുത്തിയതായിട്ടാണ് ബജറ്റ് രേഖകളിൽ കണുന്നത്. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതിയിൽ 2002 - 23-ൽ 2,72,802 കോടി രൂപയായിരുന്നു വകയിരുത്തിയതെങ്കിൽ ഇത്തവണ അത് 2,05,220 കോടി രൂപ മാത്രമാണ്. പ്രധാനമന്ത്രി പോഷൺ അഭിയാൻ പദ്ധതിയിൽ 2002- 23 ൽ 12,681 കോടി രൂപ വകയിരുത്തിയിരുന്നു. അത് 12,467 കോടി രൂപയായി ചുരുക്കി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് 2022- 23 ൽ 90,806 കോടി രൂപ വകയിരുത്തിയെങ്കിൽ ഇത്തവണ 86,000 കോടി രൂപ മാത്രമാണുള്ളത്. ഈ കണക്കുകൾ സൂചിപ്പിക്കുന്നത് സാധാരണ ജനങ്ങളെ ബാധിക്കുന്ന പദ്ധതികളോടുള്ള ഉദാസീനമായ സമീപനമാണ്- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: Budget 2024 CM Pinarayi Vijayan reaction
Published: 23 Jul 2024, 06:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented