കേന്ദ്രബജറ്റ് എന്ത് മാറ്റമുണ്ടാക്കുമെന്ന ആകാംക്ഷയിലായിരുന്നു വ്യവസായലോകവും ജനങ്ങളും. മോദി സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്ന വികസിത ഭാരതത്തിലേക്കുള്ള മാറ്റത്തിന് കാരണമാകുന്ന വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് കരുതിയിരുന്ന ബജറ്റില്‍ പക്ഷേ, യാഥാര്‍ഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പദ്ധതികളോ പ്രഖ്യാപനങ്ങളോ ഇല്ലെന്നാണ് വിമര്‍ശനം. കോര്‍പറേറ്റ്- സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കാനുള്ള നടപടികളുണ്ടെങ്കിലും ഗ്രാമീണ യാഥാര്‍ഥ്യങ്ങളെ അവഗണിച്ചുകൊണ്ടുള്ള ബജറ്റാണ് ഇത്തവണത്തേതുമെന്ന് സാമ്പത്തിക വിദഗ്ധനായ ബി.എ. പ്രകാശ് പറയുന്നു.

To advertise here,

രാജ്യത്ത് വലിയൊരു ശതമാനം ആളുകളും മൂന്ന് നേരം ഭക്ഷണം കഴിക്കാന്‍ ഗതിയില്ലാത്ത ദാരിദ്ര്യത്തില്‍ കഴിയുമ്പോഴും ജി.ഡി.പി. മാത്രം കണക്കാക്കുന്ന വികസനനയമാണ് ഈ ബജറ്റിലും കേന്ദ്രം പിന്തുടരുന്നത്. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന യാതൊന്നും ബജറ്റിലില്ലെന്നും ഇദ്ദേഹം വിലയിരുത്തുന്നു. കേരള, കാലിക്കറ്റ്‌ സര്‍വകലാശാലകളില്‍ സാമ്പത്തിക ശാസ്ത്ര പ്രൊഫസറായിരുന്ന ബി.എ. പ്രകാശ്, മുന്‍ പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ റിവ്യു കമ്മിറ്റി ചെയര്‍മാനുമായിരുന്നു. 


placeholder
ബി.എ. പ്രകാശ്
  • മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റാണ്. എന്ത് പ്രതീക്ഷയാണ് ബജറ്റ് നല്‍കുന്നത്?

ഈ ബജറ്റിന്റെ തുടക്കത്തില്‍ തന്നെ പറയുന്നു, ഇന്ത്യ വളരുകയാണ്, തിളങ്ങുകയാണ്, ഏറ്റവും വളര്‍ച്ചാനിരക്കുള്ള രാജ്യമാണ് എന്നൊക്കെ. അതൊക്കെ ശരിയുമാണ്. ലോകബാങ്കിന്റെയും ഐ.എം.എഫിന്റെയുമൊക്കെ ഡാറ്റ കാണിക്കുന്നത്, ലോകത്തിലേറ്റവും പ്രധാനപ്പെട്ട 10 രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ഗ്രോത്ത് ഇന്ത്യയുടേതാണ്. തീര്‍ച്ചയായും ഇന്ത്യ ലോകത്തിലെ മേജര്‍ സാമ്പത്തികശക്തിയാണ്, ഉയര്‍ന്ന വളര്‍ച്ചാനിരക്കുള്ള രാജ്യവുമാണ്. ഇപ്പോള്‍ അഞ്ചാം സ്ഥാനത്തുള്ള രാജ്യം രണ്ടോ മൂന്നോ വര്‍ഷം കഴിയുമ്പോള്‍ മൂന്നാം സ്ഥാനത്തെത്തും തുടങ്ങിയവയൊക്കെ നോക്കുമ്പോള്‍ വളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യ ഉയര്‍ന്നുനില്‍ക്കുന്നു. 

മാത്രമല്ല, കോവിഡ് പ്രതിസന്ധി, പിന്നാലെ വന്ന യുക്രൈന്‍ യുദ്ധം ഇതെല്ലാം ലോകക്രമത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. ഇപ്പോളും യുദ്ധം നടന്നുകൊണ്ടിരിക്കുകയാണ്. പക്ഷെ, ഈ പ്രതിസന്ധികള്‍ രാജ്യത്തെ വലിയ ദോഷകരമായി ബാധിച്ചില്ല. ഇന്ത്യയ്ക്ക് ഗുണകരമായ മാറ്റമാണ് യുക്രൈന്‍ യുദ്ധത്തിന് പിന്നാലെ ഉണ്ടായത്. ഇതൊക്കെ ഇന്ത്യയുടെ വളര്‍ച്ചയെ സഹായിച്ചിട്ടുണ്ട്.

ഇതൊക്കെ പറയുമ്പോഴും ഇന്ത്യയുടെ ഗ്രാമീണ സമ്പദ് വ്യവസ്ഥ മോശപ്പെട്ട അവസ്ഥയിലാണ്. 68 ശതമാനത്തോളം ആളുകളും ഗ്രാമീണ മേഖലയിലാണ് ഉള്ളത്. 2022-23ലെ ഹൗസ്ഹോള്‍ഡ് എക്സ്പെന്‍ഡിച്ചര്‍ സര്‍വെ അനുസരിച്ച് ഗ്രാമീണ മേഖലയിലെ ആളുകളുടെ ശരാശരി ചെലവഴിക്കാനുള്ള ശേഷിയെന്നത് 3,773 രൂപയാണ് എന്നാണ് പറയുന്നത്. ഗ്രാമീണ മേഖലയില്‍ 20 ശതമാനത്തോളം ആളുകള്‍ ദാരിദ്ര്യത്തിലാണ് എന്ന് പറയാവുന്ന കണക്കുകളാണ് ഇതില്‍ പറയുന്നത്. കഴിഞ്ഞ 10 വര്‍ഷമായി ഹൗസ്ഹോള്‍ഡ് എക്സ്പെന്‍ഡിച്ചര്‍ സര്‍വെ കേന്ദ്രം നടത്തിയിരുന്നില്ല എന്നതുകൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം. 

ഗ്രാമീണ മേഖലയിലെ 20 ശതമാനം ആളുകളില്‍ മൂന്നിലൊന്നിന് മാത്രമേ മൂന്ന് നേരം ആഹാരം കഴിക്കാനാകുന്നുള്ളുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതില്‍ കൂടുതലും ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. അതേസമയം, കേരളത്തില്‍ 98% ആളുകളും മൂന്ന് നേരം ഭക്ഷണം കഴിക്കുന്നുണ്ട്.

ഇത്രയും മോശമായ സാഹചര്യം ഗ്രാമീണ മേഖലയില്‍ നിലനില്‍ക്കാന്‍ കാരണം തൊഴിലില്ലായ്മയാണ്. പല സംസ്ഥാനങ്ങളിലും ഒരു വനിതാ തൊഴിലാളിക്ക് കിട്ടുന്നത് വളരെ കുറഞ്ഞ കൂലിയാണ്. ഇന്ത്യയില്‍ ശരാശരി 286 രൂപയാണ്. പുരുഷന്മാര്‍ക്ക് ഇരട്ടിയോളം കിട്ടുന്നുമുണ്ട്. 416 രൂപയോളം. ഇത് സ്ഥിരമായി കിട്ടുന്ന തൊഴിലുകളല്ല. അതേപോലെ റെഗുലര്‍ ജോലിചെയ്യുന്നവര്‍ക്ക് സ്ത്രീകള്‍ക്ക് 13,000 പുരുഷന്മാര്‍ 17,000 എന്നിങ്ങനെയാണ്. ഒരു മാസം വെറും അയ്യായിരം രൂപ പോലും കിട്ടാത്ത വലിയൊരു വിഭാഗമുണ്ട്. ഇതിനെ അഡ്രസ് ചെയ്യാന്‍ ബജറ്റില്‍ ശ്രമമുണ്ടായിട്ടില്ല.

  • ഗ്രാമീണ ജനതയെ അവഗണിച്ചുള്ള നഗര കേന്ദ്രീകൃത വികസനമാണ് കേന്ദ്രത്തിന്റേത് എന്നാണോ പറയുന്നത്?

നോക്കൂ, രാജ്യത്ത് നഗര മേഖലകളുമുണ്ട് ഗ്രാമീണ മേഖലകളുമുണ്ട്. രാജ്യത്തെ 68% ജനങ്ങളും ഗ്രാമീണ മേഖലയിലാണ് ഉള്ളത്. അതേസമയം, ഗ്രാമീണ മേഖലയുടെ ജി.ഡി.പിയെ പറ്റി വിലയിരുത്തിയിട്ടുണ്ടോ? അവരുടെ പ്രതിശീര്‍ഷ വരുമാനം എത്രയെന്ന് അറിയാമോ? ഈ തരത്തിലുള്ള ഒരു ഡാറ്റയും ഉണ്ടാകാതിരിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നയം. 

ഇന്ത്യയെന്ന് പറയുന്നത് ഒരു ഡ്യൂവല്‍ എക്കണോമിയാണ്. ഒന്ന് കോര്‍പ്പറേറ്റുകളും സ്വകാര്യ മേഖലയുമുള്‍പ്പെടുന്നത്. അവരിങ്ങനെ വളര്‍ന്നുകൊണ്ടേയിരിക്കുന്നു. അതേസമയം, ഗ്രാമീണ മേഖല ഇങ്ങനെയാണ്. ഈ രണ്ട് ദ്വന്ദങ്ങളും ഇന്ത്യയില്‍ നിലനില്‍ക്കുന്നു. അതിനെപ്പറ്റി എന്തെങ്കിലും ധാരണ ബജറ്റവതരിപ്പിച്ച ധനമന്ത്രിക്കുണ്ടോയെന്ന് എനിക്കറിയില്ല. അങ്ങനെയൊരു സംഭവം ഉള്ളതായെങ്കിലും അവര്‍ അറിയുന്നുണ്ടോ? 

ഇവരെന്താ സ്വപ്നലോകത്താണോ നില്‍ക്കുന്നത്. വി ആര്‍ ഷൈനിങ് എന്നാണ് പറയുന്നത്. എന്താണ് ഷൈന്‍ ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും ആഴത്തിലുള്ള പ്രശ്നം എന്നത് ഗ്രാമീണ മേഖലയിലെ പിന്നാക്കാവസ്ഥയാണ്. അവര്‍ക്ക് വരുമാനമില്ല, ജീവിതസാഹചര്യങ്ങളില്ല, ഭൂമിയുമില്ല. ഇതെന്താണെന്ന് ഉള്ള അറിവ് ബജറ്റ് തയ്യാറാക്കിയവര്‍ക്കില്ല. ഡല്‍ഹിയിലിരുന്ന് ബജറ്റ് തയ്യാറാക്കിയവര്‍ക്ക് ഈ ഗ്രൗണ്ട് റിയാലിറ്റിയെ പറ്റി എന്തെങ്കിലും ധാരണയുള്ളതായി എനിക്ക് തോന്നുന്നില്ല. അവരേതോ സ്വപ്നലോകത്ത് ജീവിക്കുന്നതാണെന്നാണ് എനിക്ക് തോന്നുന്നത്. 

placeholder
പ്രതീകാത്മകചിത്രം | Photo: ANI 
  • തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ പ്രത്യേകിച്ച് വന്‍കിട കമ്പനികളിലെ ഇന്റേണ്‍ഷിപ്പ് പദ്ധതി സഹായം ചെയ്യുമോ? 

യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ എന്നത് വലിയ പ്രശ്നമാണ് രാജ്യത്ത്. അതും പ്രത്യേകിച്ച് വിദ്യാഭ്യാസമുള്ളവരുടെ തൊഴിലില്ലായ്മ. എന്തെങ്കിലും തൊഴില്‍ കിട്ടുമെന്ന് കരുതിയാണല്ലോ നമ്മള്‍ ഒരു പ്രൊഫഷണല്‍ കോഴ്സ് പഠിക്കുന്നത്. പക്ഷെ, പഠിച്ചിറങ്ങിയാലും ഒരു തൊഴിലുമില്ല. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് എന്ന് പറയുന്നത് 18 മുതല്‍ 20 ശതമാനമൊക്കെയാണ്. അത് സ്ത്രീകളുടെ കാര്യത്തിലേക്ക് വരുമ്പോള്‍ 30 ശതമാനമോ അതിന് മുകളിലോ ആണ്. 

അപ്പൊള്‍ ഇക്കാര്യങ്ങളിലൊക്കെ ഒരു മാറ്റം കൊണ്ടുവരാനുള്ള പദ്ധതികള്‍ക്ക് പകരം ഇന്റേണ്‍ഷിപ്പ് സൗകര്യം കൊണ്ടുവരുന്നത് വലിയ പ്രയോജനം ചെയ്യുമെന്ന് കരുതുന്നില്ല. കേന്ദ്ര സ്ഥാപനങ്ങള്‍, റെയില്‍വേ, പ്രതിരോധ സേനകള്‍ തുടങ്ങിയ മേഖലകളില്‍ വലിയ തോതിലാണ് തൊഴില്‍ ഇല്ലാതാകുന്നത്. പ്രതിരോധ സേനകളില്‍ സ്ഥിരം തൊഴിലിന് പകരം നാലുവര്‍ഷത്തെ താത്കാലിക സൈനികരെ എടുക്കുന്ന പരിപാടിയും തുടങ്ങി. കേന്ദ്ര സര്‍വീസുകളിലാകെ 30 ലക്ഷത്തോളം ഒഴിവുകളാണ് നികത്താനുള്ളതെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. 

ഇതൊന്നും വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതുകൊണ്ടാണ്. കേന്ദ്ര സര്‍വീസുകളിലൊക്കെ തൊഴില്‍ കിട്ടാതെ വരുന്നത് യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ വര്‍ധിക്കുന്നതില്‍ വലിയ സ്വാധീനമുണ്ട്. ഇതിന് പകരം കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് കൊണ്ടുവരുന്നത് വലിയ തോതില്‍ പ്രയോജനം ചെയ്യുമെന്ന് കരുതുന്നില്ല. 

  • 2.66 ലക്ഷം കോടി രൂപയാണ് ഗ്രാമീണ മേഖലയിലെ വികസനത്തിന് വേണ്ടി മാറ്റിവെച്ചിരിക്കുന്നത്. ഗ്രാമീണ മേഖലയില്‍ സര്‍ക്കാര്‍ കാര്യമായി ശ്രദ്ധിക്കുന്നുവെന്നല്ലെ കരുതേണ്ടത്? 

ബി.ജെ.പി. സര്‍ക്കാര്‍ നടപ്പിലാക്കുന്ന നയമെന്നത് പ്രൈവറ്റ് സെക്ടറിനെ വളര്‍ത്തുക എന്നതാണ്. അവര്‍ വളര്‍ന്ന് മുകളിലേക്ക് പോകണം. അവര്‍ കൂടുതല്‍ തൊഴിലുണ്ടാക്കും എന്നാണ് കരുതുന്നത്. അത് ചെയ്യേണ്ടതാണ്. എന്നാല്‍ ഗ്രാമീണ മേഖലയില്‍ അടിസ്ഥാന സംവിധാനങ്ങള്‍ ഉണ്ടാക്കാനുള്ള പദ്ധതികളില്ല. 

പണ്ടൊക്കെ ഗ്രാമീണ റോഡുകള്‍ക്കും ആശുപത്രികള്‍ക്കും ഒക്കെ പദ്ധതികള്‍ ഉണ്ടായിരുന്നു. നല്ല റോഡുണ്ടോ, ആശുപത്രിയുള്‍പ്പെടെ മെച്ചപ്പെട്ട സേവനങ്ങള്‍ ലഭിക്കുന്നുണ്ടോ? ഇല്ലെന്ന് പറയാം. ഗ്രാമീണ മേഖലയെ പൂര്‍ണമായും  അവഗണിച്ച ഒരു ബജറ്റ് തന്നെയാണിത്. കുറെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതു പ്രകാരമുള്ള പദ്ധതികള്‍ മാത്രമാണ് ബജറ്റിലുള്ളത്. ഇതുകൊണ്ടൊന്നും ഗ്രാമീണ മേഖലയിലെ അടിസ്ഥാന യാഥാര്‍ഥ്യത്തിന് മാറ്റമുണ്ടാകില്ല. ഗ്രാമീണ മേഖലയിലെ പ്രശ്നങ്ങളെ ബജറ്റ് വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ല എന്നുള്ളതാണ് യാഥാര്‍ഥ്യം.

  • വികസിത ഭാരതം എന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നത്. അതിലേക്ക് നയിക്കുന്ന എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ടോ?

ഒരു രാജ്യത്തിന്റെ ബജറ്റില്‍ എന്താണ് വേണ്ടത്?  എന്താണോ ആ രാജ്യത്തിന്റെ പ്രശ്നങ്ങളെന്ന്  അറിയണം. എങ്ങനെ വളരണം കൂടാതെ രാജ്യം എങ്ങനെ മുന്നോട്ട് പോകണം എന്നൊക്കെ പറയണം ഇക്കാര്യങ്ങള്‍ ബജറ്റിലുണ്ടാകണം. മൂന്ന് കാര്യങ്ങള്‍ ഒരു രാജ്യത്തിന്റെ വികസനത്തിന് പ്രധാനമാണ്. ഒന്ന് ജിഡിപി ഗ്രോത്ത്. ഇതിനൊപ്പം ആളുകളുടെ ജീവിത നിലവാരം മെച്ചപ്പെടണം. ഇതില്‍ എത്രത്തോളം മുന്നേറി എന്ന് അറിയാമോ, ഇപ്പോഴും ഗ്രാമീണ മേഖല പിന്നിലാണ്. ഇന്ത്യയിലെ നഗരങ്ങളില്‍ ജീവിക്കുന്നവരില്‍ നല്ലൊരു ശതമാനവും ചേരികളിലാണ് താമസിക്കുന്നത് എന്നറിയാമോ? നഗരങ്ങളിലെ 50 ശതമാനം ആളുകളും ചേരികളിലാണ്.

ഇക്കാര്യങ്ങള്‍ ബജറ്റില്‍ അഭിസംബോധന ചെയ്യുന്നുണ്ടോ? അടുത്തത് എക്കോളജി, ലോകത്തിലെ ഏറ്റവും മലിനമായ അന്തരീക്ഷമുള്ള നഗരങ്ങളില്‍ മൂന്നാമത്തേതാണ് ഡല്‍ഹി. ലോകത്തിലെ തന്നെ ഏറ്റവും മലിനമായ അന്തരീക്ഷമുള്ള നഗരങ്ങളില്‍ കൂടുതലും ഇന്ത്യയില്‍ നിന്നുള്ളവയാണ്. 

യു.എന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളുണ്ട്. അതില്‍ ഇന്ത്യ നില്‍ക്കുന്നത് വളരെ അധികം പിന്നിലാണ്. ഇന്നത്തെ നമ്മുടെ കാലഘട്ടത്തില്‍ ജിഡിപിയെ മാത്രം കേന്ദ്രീകരിച്ചുള്ള വികസനത്തിന് പകരം സുസ്ഥിര വികസനമാണ് വേണ്ടത്. അതിലേക്ക് എന്ത് മാറ്റമാണ് ബജറ്റിലുള്ളത്. അതൊന്നുമില്ല എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്.