ചെറുകിട നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരി വിപണിയിലെത്തുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ നഷ്ടസാധ്യതയുള്ള ഡെറിവേറ്റീവ് ഇടപാടുകള്‍ക്ക് അധിക നികുതി ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. ഗര്‍ഹിക സമ്പാദ്യത്തിലേറെയും ഊഹക്കച്ചവടത്തിലേക്ക് പോകുന്നതില്‍ സെബി മേധാവി നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. 

To advertise here,

ബജറ്റിന് മുന്നോടിയായി പുറത്തിറക്കിയ സാമ്പത്തിക സര്‍വെയിലും ഇതിനെതിരെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. സെബിയുടെ ഭാഗത്തുനിന്ന് തുടര്‍ച്ചയായി മുന്നറിയിപ്പുകള്‍ നല്‍കാറുണ്ടെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വിമര്‍ശനം ആദ്യമായാണ്. 

ഡെറിവേറ്റീവ് ഇടപാടുകളുടെ നികുതി കൂട്ടിയേക്കും

ഊഹക്കച്ചവടം നിരുത്സാഹപ്പെടുത്താന്‍ എഫ്ആന്‍ഡ് ഒ വിഭാഗത്തില്‍ സെക്യൂരിറ്റ് ട്രാന്‍സാക്ഷന്‍ ടാക്‌സില്‍ വര്‍ധന പ്രഖ്യാപിച്ചേക്കും. ബിസിനസ് വരുമാനമായി കണക്കാക്കാതെ ഊഹച്ചവടത്തിന് അധിക നികുതി ചുമത്തുന്നതും തിരിച്ചടിയാകും. നിക്ഷേപത്തിന് പ്രോത്സാഹനം നല്‍കുന്ന നടപടിയാകും അതെങ്കിലും ഡെറിവേറ്റീവ് ഇടപാടുകളിലൂടെ പണം നഷ്ടമാകുന്നവര്‍ക്ക് ഇരട്ടിപ്രഹരമാകുകയും ചെയ്യും. സ്റ്റോക് എക്‌സ്‌ചേഞ്ചുകളുടെയും ഓഹരി ബ്രോക്കര്‍മാരുടെയും സെബിയുടെയും വരുമാനത്തെ തീരുമാനം ബാധിക്കും. 

മൂലധന നേട്ട നികുതി കൂട്ടുമോ?

ഓഹരിയില്‍നിന്നുള്ള ഹ്രസ്വകാല വരുമാനത്തിന് നിലവില്‍ 15 ശതമാനമാണ് നികുതി ചുമത്തുന്നത്. ദീര്‍ഘകാല മൂലധന നേട്ടത്തിനാകട്ടെ ഒരു ലക്ഷം രൂപക്ക് മുകളിലുള്ള ലാഭത്തിന് 10 ശതമാനം നികുതിയാണ് നിലവിലുള്ളത്. മൂലധന നേട്ട നികുതിയില്‍ വര്‍ധനയുണ്ടായാല്‍ വന്‍ തകര്‍ച്ച ഓഹരി വിപണിയിലുണ്ടാകും. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ജൂണ്‍ നാലിന് ഉണ്ടായതിനേക്കാള്‍ വലി ഇടിവാകും വിപണി നേരിടേണ്ടിവരിക.