ജീവിതവും മരണവും മുഖാമുഖം ബൂട്ടുകെട്ടി കളിക്കാനിറങ്ങുന്നത് സങ്കല്‍പിച്ചുനോക്കിയിട്ടുണ്ടോ? ജീവന്മരണ പോരാട്ടം എന്ന കളിയെഴുത്തിലെ പറഞ്ഞുതേഞ്ഞ പ്രയോഗത്തിനപ്പുറത്തെ സത്യത്തിന് ഒരിക്കലല്ല, പലവട്ടം, പല രാത്രികളില്‍ സാക്ഷ്യംവഹിച്ചിട്ടുണ്ട് ഫുട്ബോള്‍ ലോകം. സ്റ്റുട്ട്ഗാര്‍ട്ട് അരീനയില്‍ യൂറോ കപ്പിന്റെ പതിനേഴാം മിനിറ്റില്‍ ഡെന്മാര്‍ക്കിന്റെ രാജകുമാരന്‍ ക്രിസ്റ്റ്യന്‍ എറിക്സന്റെ ഗ്രൗണ്ടര്‍ സ്ലൊവേനിയയുടെ വല തുളച്ചുകയറിയപ്പോള്‍ മനസില്‍ ജീവന്‍വെച്ചത് അങ്ങനെ രണ്ട് അവിസ്മരണീയ രാത്രികളാണ്. മരണത്തില്‍ നിന്നും ജീവിതത്തിലേയ്ക്കുള്ള സിരകളെ ത്രസിപ്പിക്കുന്ന അവിശ്വസനീയമായ ഉയര്‍ത്തെഴുന്നേല്‍പ്പിനും ഹൃദയം നുറുങ്ങുന്ന വേദനയോടെയുള്ള മരണത്തിലേയ്ക്കുള്ള ഞെട്ടുന്ന മടക്കത്തിനും സാക്ഷ്യം വഹിച്ച രണ്ട് രാത്രികള്‍. ഒന്ന് ലോകത്തിന്റെ മുഴുവന്‍ പ്രാര്‍ഥനകളുടെയും പരിശ്രമത്തിന്റെയും ഫലമായി ക്രിസ്റ്റ്യന്‍ എറിക്സണ്‍ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്ന കോപ്പന്‍ഹേഗനിലെ പാര്‍ക്കന്‍ സ്റ്റേഡിയത്തില്‍ നിന്ന്. മറ്റൊന്ന് ഇങ്ങ് ഇന്ത്യയില്‍ ക്രിസ്റ്റ്യാനോ സെബാസ്റ്റിയാ ഡെ ലിമ ജൂനിയറെന്ന ബ്രസീലുകാരന്റെ മരണത്തിന്റെ തീരാവേദനയും കുറ്റബോധവും വെളിച്ചം തല്ലിക്കെടുത്തിയ ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ നിന്നും. യൂറോ 2024ല്‍ ഡെന്മാര്‍ക്കിനെ മുന്നിലെത്തിച്ച് ലോകത്തിന്റെ ഹൃദയം കവര്‍ന്ന് എറിക്സണ്‍ പുനര്‍ജന്മം ആഘോഷിച്ചപ്പോള്‍ എന്തുകൊണ്ടോ മനസില്‍ വിങ്ങലോടെ തെളിഞ്ഞുവന്നത് ക്രിസ്റ്റ്യാനോയുടെ നിശ്ചലമായി തുറിച്ചുനില്‍ക്കുന്ന കണ്ണുകള്‍ കൂടിയായിരുന്നു. അയാളുടെ നഷ്ടപ്പെട്ട ഹൃദയം കൂടിയായിരുന്നു. എറിക്സണെ പോലെ, ഫെഡറേഷന്‍ കപ്പിലും ഐ ലീഗിലും തുടര്‍ച്ചയായി ടോപ് സ്‌കോററായിരുന്ന ക്രിസ്റ്റ്യാനോയെയും ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയാത്തതിന്റെ കുറ്റബോധമായിരുന്നു.

To advertise here,

സ്റ്റുട്ട്ഗര്‍ട്ടില്‍ സ്ലൊവേനിയയുടെ വല കുലുക്കുന്നതിന് കൃത്യം 1100 ദിവസം മുന്‍പായിരുന്നു കോപ്പന്‍ഹേഗനില്‍ എറിക്സണ്‍ മരണത്തെ തോല്‍പിച്ച ആ നിമിഷം. യൂറോ 2020ല്‍ ഫിന്‍ലെന്‍ഡിനെയിരായ മത്സരത്തിന്റെ നാല്‍പത്തിരണ്ടാം മിനിറ്റിലായിരുന്നു അത്. ഒരു ത്രോയായിരുന്നു തുടക്കം. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന എറിക്‌സണ്‍ മുന്നോട്ടോടി ത്രോ ഏറ്റുവാങ്ങിയ ഉടനെ കുമ്മായവരയ്ക്കരികില്‍ ബോധരഹിതനായി നിലത്തുവീഴുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ചുറ്റുമുള്ള കളിക്കാര്‍ അന്തംവിട്ടുപോയി. പക്ഷേ, റഫറി സമയം പാഴാക്കിയില്ല. ഉടനെ വൈദ്യസഹായം ആവശ്യപ്പെട്ടു. അടുത്ത ക്ഷണം തന്നെ മെഡിക്കല്‍ സംഘം ഗ്രൗണ്ടില്‍ ഓടിയെത്തി. ഹൃദയാഘാതമാണെന്ന് തിരിച്ചറിഞ്ഞതോടെ ഗ്രൗണ്ടില്‍ വച്ചു തന്നെ അവര്‍ കൃത്രിമശ്വാസം നല്‍കി. ഹൃദയമിടിപ്പ് കൂട്ടാനുള്ള പരിശ്രമവും നടത്തി. അങ്ങനെ അറിയാവുന്ന പ്രഥമ ശുശ്രൂഷ എല്ലാം പ്രയോഗിച്ചു. കാര്യങ്ങള്‍ കൈവിട്ടുപോവുകയാണെന്ന് കണ്ടതോടെ അവര്‍ എറിക്‌സനെയും കൊണ്ട് ആശുപത്രിയിലേയ്ക്ക് ഓടി. സ്‌ട്രെച്ചറില്‍ എറിക്‌സന്റെ കണ്ണ് ചെറുതായി ഒന്ന് ചലിച്ചത് ക്യാമറകള്‍ ഒപ്പിയെടുത്തു. അതൊരു ചെറിയ പ്രതീക്ഷയായി. ഡെന്മാമാര്‍ക്കിലെ ഏറ്റവും വലിയ ആശുപത്രിയായ റിഗ്ഷാസ്പിറ്റാലെറ്റിലേയ്ക്കാണ് എറിക്‌സണെയും കൊണ്ട് ആംബുലന്‍സ് കുതിച്ചത്. സ്‌ട്രെച്ചറില്‍ ചലനമറ്റ എറിക്‌സണെ കൊണ്ടുപോകുന്ന കാഴ്ച ഞെട്ടലോടെയാണ് ആ രാത്രി ലോകം കണ്ടുനിന്നത്. നെഞ്ചിടിപ്പ് നിലച്ചുപോകുന്നൊരു കാഴ്ച. ശരിക്കും ഹൃദയഭേദകം. അതോടെ മത്സരം നിര്‍ത്തിവച്ചു. ഫുട്‌ബോള്‍ ലോകം ഒന്നടങ്കം നെഞ്ചില്‍ കൈവച്ച് പ്രാര്‍ഥനകളുമായി കഴിയുന്നതിനിടെ ആശുപത്രിയില്‍ നിന്ന് ആ വാര്‍ത്ത വന്നു. എറിക്‌സണ് ചെറുതായി ബോധം തെളിഞ്ഞു. തുരങ്കത്തിനപ്പുറം ലോകത്തിന് മുന്നില്‍ പ്രതീക്ഷയുടെ ഒരു കൈത്തിരി തെളിഞ്ഞു. എറിക്‌സണ്‍ സുരക്ഷിതനാണെന്ന് അറിഞ്ഞതോടെ നിര്‍ത്തിവച്ച മത്സരം പുന:രാരംഭിച്ചു. പക്ഷേ, മിഡ്ഫീല്‍ഡിലെ പവര്‍ ഹൗസായിരുന്ന എറിക്‌സണ്‍ ഇല്ലാതെ കളിച്ച ഡെന്‍മാര്‍ക്ക് രണ്ടാം പകുതിയില്‍ ഒരു ഗോള്‍ വഴങ്ങി തോറ്റു.

placeholder
ക്രിസ്റ്റ്യന്‍ എറിക്സണ് പ്രാഥമിക ശുശ്രൂഷ നല്‍കുന്നു | Photo: AFP

എന്നാല്‍, ആ ജയത്തില്‍ ഫിന്‍ലന്‍ഡുകാര്‍ സന്തോഷിച്ചില്ല. ഗോള്‍ നേടിയപ്പോഴോ മത്സരം അവസാനിച്ചപ്പോഴോ യാതൊരുവിധ ആഘോഷവും അവര്‍ നടത്തിയില്ല. ഒരു വലിയ ദുരന്തത്തിന് മാത്രമല്ല, ഫുട്‌ബോളിന്റെ ഏറ്റവും സുന്ദരമായ ഒരു ഭാവത്തിന് കൂടിയാണ് സ്റ്റേഡിയം അന്ന് സാക്ഷ്യവഹിച്ചത്. കുമ്മായവരയ്ക്കരികില്‍ അയാള്‍ കുഴഞ്ഞുവീണപ്പോള്‍ ഡെന്മാര്‍ക്കുകാര്‍ക്കൊപ്പം ഫിന്‍ലന്‍ഡുകാരും എഴുന്നേറ്റ് നിന്ന് നെഞ്ചില്‍ കൈവച്ച് പ്രാര്‍ഥിച്ചു. ചേതനയറ്റപോലെ കിടക്കുന്ന എറിക്‌സന്‍ ക്യാമറക്കണ്ണില്‍ പതിയാതിരിക്കാന്‍ സ്വന്തം ദേശീയപതാക ഗ്രൗണ്ടിലേയ്ക്ക് അവര്‍ എറിഞ്ഞുകൊടുക്കുകയും ചെയ്തു. ഡെന്മാര്‍ക്കുകാര്‍ക്കൊപ്പം അവസാനം വരെ അവരും ഗ്യാലറിയില്‍ പ്രാര്‍ഥനയില്‍ മുഴുകി. ഒടുവില്‍ എറിക്‌സനെ സ്റ്റാര്‍ ഓഫ് ദി മാച്ചായി യുവേഫ പ്രസിഡന്റ് അലക്‌സാണ്ടര്‍ കഫെരിന്‍ പ്രഖ്യാപിക്കുമ്പോള്‍ ഡെന്മാര്‍ക്കുകാരേക്കാള്‍ വലിയ ആവേശത്തിലാണ് അവര്‍ കൈയടിച്ചത്.

placeholder

അന്ന് ഓടിയെത്തുമ്പോള്‍ എറിക്‌സണ്‍ മരണത്തിന്റെ വക്കിലായിരുന്നു എന്നാണ് പിന്നീട് ടീം ഡോക്ടര്‍ മോര്‍ട്ടണ്‍ ബോസന്‍ വെളിപ്പെടുത്തിയത്. ഒരുവിധമാണ് ജീവനോടെ ഗ്രൗണ്ടില്‍ നിന്ന് കൊണ്ടുപോവാനായതെന്നും ഗ്രൗണ്ടിലെ മെഡിക്കല്‍ സംഘത്തിന്റെ സമയോചിതമായ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഒരു വലിയ ദുരന്തത്തിന് ആ മത്സരം സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നുവെന്നും ബോസന്‍ പറഞ്ഞത് ഞെട്ടലോടെയാണ് അന്നു ലോകം കേട്ടത്.

 പ്രീമിയം ആര്‍ട്ടിക്കിളുകള്‍ വായിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ - https://mbi.page.link/mbplus

ഗ്രൗണ്ടില്‍ ഡെന്‍മാര്‍ക്ക് തോറ്റുപോയെങ്കിലും തൊട്ടയല്‍പ്പക്കത്ത് ആശുപത്രിക്കിടക്കയില്‍ എറിക്‌സണ്‍ മരണത്തെ ജയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഹൃദയതാളം മെല്ലെ തിരിച്ചുകിട്ടി. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിത്തുടങ്ങി. വൈകാതെ മെല്ലെ മെല്ലെ ജീവിതത്തിലേയക്ക് തിരിച്ചുവരികയും ചെയ്തു. അന്നാ വിഷ്വലുകള്‍ കാണിച്ചവരുടെ ഔചിത്യമില്ലായ്മയും എറിക്‌സണ്‍ ആശുപത്രയില്‍ കിടക്കുമ്പോള്‍ കളി പുന:രാരംഭിക്കാന്‍ സമ്മതിച്ച ഡാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്റെ തീരുമാനവും ഒഴികെ മറ്റെല്ലാം അതോടെ ഫുട്‌ബോള്‍ ലോകം വിസ്മരിച്ചു. എറിക്‌സണ്‍ വീണ്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുവേണ്ടിയും ഡെന്മാര്‍ക്കിനുവേണ്ടിയും ബൂട്ടണിയുകയും ചെയ്തു. തിരിച്ചുവരവിലെ ആദ്യ മത്സരത്തില്‍ ഡെന്മാര്‍ക്കിന് വേണ്ടി ഒരു ഗോളും നേടി. ലോകകപ്പും കളിച്ചു. ഗോള്‍ കൊണ്ട് ഉയര്‍ത്തെഴുന്നേല്‍പ് ആഘോഷിച്ചുകൊണ്ട്  ഇപ്പോഴിതാ അടുത്ത യൂറോയിലും.

placeholder
സ്ലൊവേനിയക്കെതിരേ ഗോള്‍ നേടിയ ക്രിസ്റ്റ്യന്‍ എറിക്‌സന്റെ ആഹ്ലാദം Photo: AFP

എറിക്‌സണു വേണ്ടി അന്ന് ലോകം ഒരേ മനസോടെ പ്രാര്‍ഥിച്ചതിന് പതിനേഴ് കൊല്ലം കൊല്ലം മുന്‍പ് ഇതുപോലൊരു ആള്‍ക്കൂട്ടം.. ഇതുപോലെ തന്നെ പ്രാര്‍ഥനയില്‍ മുഴുകിയ ചരിത്രമുണ്ട്. ഒരു ഡിസംബര്‍ അഞ്ചിന്. ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ഫെഡറേഷന്‍ കപ്പ് ഫുട്ബോള്‍ ഫൈനലില്‍. ആ പ്രാര്‍ഥനകളൊന്നും പക്ഷേ, അന്ന് ഫലംകണ്ടില്ല. പ്രാര്‍ഥനകള്‍ വേണ്ടുവോളം ഉണ്ടായിട്ടും എഴുപത്തിയെട്ടാം മിനിറ്റില്‍ ഗോളിയുമായി കൂട്ടിയിടിച്ച് ഗ്രൗണ്ടില്‍ വീണ ഡെംപോ ഗോവയുടെ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ ജൂനിയര്‍ എറിക്‌സണെ പോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നില്ല. കാരണം അന്ന് സ്റ്റേഡിയത്തില്‍ കാണികളുടെ പ്രാര്‍ഥനകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എറിക്‌സനെ രക്ഷിച്ചത് ഗ്രൗണ്ടില്‍ ഓടിയെത്തിയ ഡോക്ടര്‍മാരാണെങ്കില്‍ ബാധരഹിതനായി വീണ ക്രിസ്റ്റ്യാനോയെ പരിശോധിക്കാന്‍ അന്ന് സ്റ്റേഡിയത്തില്‍ പേരിനുപോലും ഒരു ഡോക്ടര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ല. പ്രഥമ ശുശ്രൂഷയുടെ ബാലപാഠങ്ങള്‍ പോലുമറിയാത്തവര്‍ എന്തൊക്കെയോ കാട്ടിക്കൂട്ടി നേരം കളഞ്ഞ് ഒടുവില്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേയ്ക്കും  ഏറെ വൈകി.

സുന്ദരമായൊരു ഗോള്‍ നേടി ഡെംപോയെ മുന്നിലെത്തിച്ചിരുന്നു ക്രിസ്റ്റ്യാനോ. എഴുപത്തിയെട്ടാം മിനിറ്റില്‍ ലാസറെസ് ഫെര്‍ണാണ്ടസ് കൊടുത്ത ഒരു പന്തിനുവേണ്ടി പോസ്റ്റിനരികെ ചാടിയതായിരുന്നു ക്രിസ്റ്റ്യാനോ. പക്ഷേ, ഈസ്റ്റ് ബംഗാള്‍ ഗോളി സുബ്രതോ പാലിന്റെ ഇടങ്കൈ പഞ്ച് തലയ്ക്കേറ്റ് ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു. ടീമംഗങ്ങളായ റാന്റി മാര്‍ട്ടിന്‍സും ആര്‍.സി. പ്രകാശും ഓടിക്കൂടിയെത്തിയെങ്കിലും അവര്‍ക്ക് ഒന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ല. റാന്റി കൃത്രിമശ്വാസം കൊടുക്കാന്‍ പോലും ശ്രമിച്ചു. പക്ഷേ, ഫലമുണ്ടായില്ല.  കാണികള്‍ നോക്കിനില്‍ക്കെ മറ്റ് ചികിത്സകളൊന്നും ലഭിക്കാതെ ഏറെ നേരം ഗ്രൗണ്ടില്‍ കഴുത്ത് മുകളിലേയ്ക്കാക്കി കണ്ണു മിഴിച്ച് കിടന്നു ക്രിസ്റ്റ്യാനോ. ഏറെ നേരം കഴിഞ്ഞു ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാന്‍. റോഡിനപ്പുറത്ത് മല്ല്യ ഹോസ്പിറ്റല്‍ ഉണ്ടായിട്ടും ബോധരഹിതനായ ക്രിസ്റ്റ്യാനോയെ കൊണ്ടുപോയത് ഏറെ അകലെയുള്ള ഹൊസ്മത് ആശുപത്രിയിലേക്കാണ്. ബെംഗളൂരുവിലെ നഗരത്തിരക്കിലൂടെ ഓടിക്കിതച്ച് ആശുപത്രിയില്‍ എത്തുമ്പോഴേയ്ക്കും ജീവിതത്തിലേയ്ക്ക് ഇനിയൊരു മടക്കമില്ലാത്തവണ്ണം പ്രാണനറ്റ് കഴിഞ്ഞിരുന്നു ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ലാസറസ് ഫെര്‍ണാണ്ടസും കോച്ച് അര്‍മാന്‍ഡോ കൊളാസോയും അന്ന് കപ്പ് നെഞ്ചില്‍ ചേര്‍ത്തത്. സ്റ്റേഡിയത്തില്‍ ടീം ദേശീയ ചാമ്പ്യന്മാരാകുമ്പോള്‍ ആശുപത്രിയില്‍ തണുത്തു മരവിച്ചുതുടങ്ങിയിരുന്നു അവരുടെ പ്രധാന ഗോളടിയന്ത്രത്തിന്റെ ജഡം. ഒരാഴ്ചയാണ് ആ മൃതദേഹം ബെംഗളൂരുവിലെ മോര്‍ച്ചറിയില്‍ അങ്ങനെ കിടന്നത്.

placeholder
ക്രിസ്റ്റ്യാനോ ജൂനിയര്‍ ഗ്രൗണ്ടില്‍ വീണുകിടക്കുന്നു | Photo: AFP

ഡോക്ടറെ വിട്ടുതരാന്‍ ആതിഥേയരായ കര്‍ണാടക ഫുട്ബോള്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നില്ല എന്നാണ് അന്ന് ആശുപത്രിയിലെ ഡയറക്ടറും അസ്ഥിരോഗവിഭാഗം തലവനുമയിരുന്ന പ്രമുഖ സ്പോര്‍ട്സ് മെഡിസിന്‍ വിദഗ്ദ്ധന്‍ ഡോ. തോമസ് ചാണ്ടി പറഞ്ഞത്. ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നത് സംബന്ധിച്ച് അസോസിയേഷനുമായി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്നും ഡോക്ടര്‍ അന്ന് തുറന്നു പറഞ്ഞു. ഡോക്ടര്‍ ചാണ്ടി മറ്റൊരു ഞെട്ടുന്ന വെളിപ്പെടുത്തല്‍ കൂടി നടത്തി. ഇന്ത്യയുടെ ചാമ്പ്യന്‍ ക്ലബിനെ കണ്ടെത്താനുള്ള ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലായിട്ടും മോഹന്‍ ബഗാനോ ഡെംപോയ്ക്കോ ഒരു ടീം ഡോക്ടര്‍ പോലുമുണ്ടായിരുന്നില്ല ഗ്രൗണ്ടില്‍. ഓര്‍ക്കുക... ടീമുകള്‍ക്ക് സ്വന്തമായി ഡോക്ടര്‍ വേണമെന്ന അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു അക്കാലത്തു തന്നെ. ഫൈനലിന് ഡോക്ടറെ ആവശ്യപ്പെടാതിരിക്കാന്‍ സംഘാടകര്‍ പറഞ്ഞ കാരണം കേള്‍ക്കണോ. അന്ന്  ഡോക്ടര്‍ക്ക് ദിവസബത്തയായി കൊടുക്കേണ്ട ആയിരം രൂപ കൈവശമുണ്ടായിരുന്നില്ലത്രേ ..!

കര്‍ണാടക ഫുട്ബോള്‍ അസോസിയേഷന്‍ അന്ന് ആശുപത്രി അധികൃതരോട് ആകെ ആവശ്യപ്പെട്ടത് ഒരു ഫിസിയോതെറാപ്പിസ്റ്റിനെയും ഒരു ആംബുലന്‍സും മാത്രമാണ്. ഈ രണ്ട് ഫിസിയോതെറാപ്പിസ്റ്റുകളെയാവട്ടെ ഗ്രൗണ്ടില്‍ വീണുകിടക്കുന്ന ക്രിസ്റ്റ്യാനോയുടെ അടുത്തു ചെല്ലാന്‍ റഫറി അനുവദിക്കുകയും ചെയ്തില്ല. ക്രിസ്റ്റ്യാനോ ബോധരഹിതനായി കിടക്കുകയാണെന്ന് റഫറിക്ക് ബോധ്യം വന്നതു തന്നെ ഏതാണ്ട് ഏഴു മിനിറ്റ് കഴിഞ്ഞാണ്. കളിക്കാരുടെ അഭിനയമാണെന്ന് റഫറി തെറ്റിദ്ധരിച്ചുപോയത്രെ. യൂറോ കപ്പില്‍ എറിക്‌സണ്‍ വീണ അടുത്ത ക്ഷണം വൈദ്യസംഘത്തെ വിളിച്ച ഇംഗ്ലീഷുകാരന്‍ റഫറി ആന്തണി ടെയ്ലറുടെ വില നമ്മള്‍ തിരിച്ചറിയുന്നത് ക്രിസ്റ്റ്യാനോയുടെ ഈ കഥയറിയുമ്പോഴാണ്.

ഡെന്‍മാര്‍ക്ക്-ഫിന്‍ലന്‍ഡ് മത്സരം എറിക്സന്റെ ആരോഗ്യസ്ഥിതി അറിയുംവരെ നിര്‍ത്തിവച്ചു. എന്നാല്‍, അന്ന് ക്രിസ്റ്റ്യാനോ ആശുപത്രിയില്‍ ചേതനയറ്റ് കിടക്കുമ്പോള്‍ ഫെഡറേഷന്‍ കപ്പ് ഫൈനല്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ തകൃതിയായി തന്നെ തുടര്‍ന്നു. ഒടുവില്‍ പോലീസ് സംഘാടകര്‍ക്കും ആശുപത്രി അധികൃതര്‍ക്കുമെതിരേ പേരിനൊരു ക്രിമിനല്‍ കേസ് ഫയല്‍ ചെയ്ത് മിച്ചം. ക്രിസ്റ്റ്യാനോയെ അപകടകരമായി ഇടിച്ചിട്ട സുബ്രതോ പാലിനെ ഫെഡറേഷന്‍ രണ്ട് മാസത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ആ കേസിന് പിന്നീട് എന്തു സംഭവിച്ചുവെന്ന് ഇന്നും ഒരു വിവരവുമില്ല. പന്ത് ഇല്ലാത്ത സമയത്ത് സുബ്രതോ ബോധപൂര്‍വം അനാവശ്യമായി പഞ്ച് ചെയ്യുകയായിരുന്നുവെന്ന് അന്നു തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഡ്യൂറന്റ് കപ്പിലും സുബ്രതോ ഇതാവര്‍ത്തിച്ചുവെന്നും പരാതി ഉയര്‍ന്നു. എന്നിട്ടും സസ്‌പെന്‍ഷന്‍ നാടകം കഴിഞ്ഞ് സുബ്രതോ ഏറെക്കഴിയാതെ വീണ്ടും കളത്തിലിറങ്ങി. ഒട്ടും വൈകാതെ ഇന്ത്യയുടെ കുപ്പായമണിയുകയും അര്‍ജുന അവാഡ് നല്‍കി രാജ്യം ആദരിക്കുകയുമൊക്കെ ചെയ്തു. കഴിഞ്ഞ വര്‍ഷം മുപ്പത്തിയേഴാം വയസ്സില്‍ വിരമിക്കുംവരെ, സ്പൈഡര്‍മാന്‍ എന്ന അപരനാമം പേറുന്ന സുബ്രതോ സജീവമായിരുന്നു കളിക്കളത്തില്‍.

placeholder

മരിച്ചിട്ടും വിവാദങ്ങളില്‍ കെട്ടുപിണഞ്ഞുകിടക്കാനായിരുന്നു ക്രിസ്റ്റ്യാനോയുടെ ദുര്‍വിധി. ഹൃദയസ്തംഭനമാണ് ഹൊസ്മത് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കുറിച്ച മരണകാരണം. എന്നാല്‍, ക്രിസ്റ്റ്യനോ മരിച്ചത് തലയ്ക്കിടിയേറ്റാണെന്ന് ബ്രസീലിലെ ഡോക്ടര്‍മാര്‍ പിന്നീട് വെളിപ്പെടുത്തി. അതിനുള്ള തെളിവും അവര്‍ നിരത്തി. എന്നാല്‍, ഇതിനെക്കുറിച്ച് ഇന്ത്യയില്‍ യാതൊരു തുടര്‍ അന്വേഷണവും ഉണ്ടായില്ല. ഗ്രൗണ്ടില്‍ ബോധരഹിതനായി കിടക്കുന്ന ക്രിസ്റ്റ്യാനോയുടെ വയറില്‍ മുട്ടുകുത്തിനിന്ന് ചികിത്സ നടത്തിയ ആളെക്കുറിച്ച് പോലും അന്വേഷണം നടന്നില്ല.

placeholder
ക്രിസ്റ്റ്യാനോ ജൂനിയറിന്റെ ജെഴ്‌സികളുമായി അമ്മ | Photo: AFP

ഹൃദയാഘാതം വന്നിരുന്നോ എന്ന് പരിശോധിക്കാന്‍ ബ്രസീലിലെ ഡോക്ടര്‍മാര്‍ക്ക് കഴിയുമായിരുന്നില്ല. കാരണം പോസ്റ്റുമോര്‍ട്ടത്തിന്‌
ശേഷം ക്രിസ്റ്റ്യാനോയുടെ ഹൃദയം നീക്കം ചെയ്ത ശരീരമാണ് ബ്രസീലിയയിലേയ്ക്ക് അയച്ചത്. ഈ ഹൃദയം വിട്ടുകിട്ടാന്‍ ക്രിസ്റ്റ്യാനോയുടെ ഭാര്യ ജൂലിയാന ഫുട്ബോള്‍ ഫെഡറേഷന്‍കാരുടെ പിറകേ കുറേ നടന്നു. പക്ഷേ, ഫലമുണ്ടായില്ല. ബെംഗളൂരുവില്‍ നടന്ന ആദ്യത്തെ പോസ്റ്റുമോര്‍ട്ടത്തില്‍ തനിക്ക് വിശ്വാസമില്ലെന്ന് നിലപാടിലായിരുന്നു ജൂലിയാന. രണ്ടാമതൊരു പോസ്റ്റുമോര്‍ട്ടത്തിന് പനാജി കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും അത് തള്ളിപ്പോയി. അങ്ങനെ ഭര്‍ത്താവിന്റെ ഹൃദയമില്ലാത്ത ശരീരവുമായി ജൂലിയാന നാട്ടിലേയ്ക്ക് തിരിച്ചുപറന്നു. എറിക്സണെ കാണുമ്പോഴെല്ലാം ക്രിസ്റ്റ്യാനോയുടെ തുറിച്ച കണ്ണുകള്‍ മാത്രമല്ല, ഇരുപത് കൊല്ലം മുന്‍പം നഷ്ടപ്പെട്ട ആ ഹൃദയത്തെ കൂടി ഓര്‍ത്തുപോവുന്നു. നമ്മള്‍ ഒന്ന് ശ്രദ്ധവെച്ചിരുന്നെങ്കില്‍ ആ ഹൃദയമിടിപ്പും നിലയ്ക്കുമായിരുന്നില്ല. ആ കാലുകള്‍ വീണ്ടും വല കുലുക്കുമായിരുന്നു.