കെയ്ൻ വില്യംസൺ എന്ന ശാന്തനായ മനുഷ്യനെ ഓർക്കുമ്പോഴൊക്കെ, മനസ്സ് ലോർഡ്‌സിലെ മൈതാനത്തേക്ക് പായും. 2019 ജൂലായ് 14. ക്രിക്കറ്റ് ചരിത്രത്തിൽ ഇത്രയേറെ നെഞ്ചുലച്ച, വേദനാജനകമായ കാഴ്ച മറ്റൊരു ലോകകപ്പ് ഫൈനലിൽ ഉണ്ടായിട്ടുണ്ടാവില്ല. സ്‌കോറുകൾ തുല്യം, സൂപ്പർ ഓവറും സമനില! ഒടുവിൽ ക്രിക്കറ്റ് ലോകം അതുവരെ കേട്ടിട്ടില്ലാത്ത 'ബൗണ്ടറി കൗണ്ട്' എന്ന വിചിത്രമായ നിയമത്തിന്റെ പേരിൽ ഇംഗ്ലണ്ടിനെ ജേതാക്കളായി പ്രഖ്യാപിക്കുന്നു.

To advertise here,

ചുറ്റും നോക്കുക... ഇംഗ്ലണ്ട് കളിക്കാർ ആഹ്ലാദാരവത്തോടെ മൈതാനത്തിലൂടെ ഓടുന്നു, ഗാലറി ഇരമ്പുന്നു. മറുഭാഗത്ത്, ചോര നീരാക്കി പോരാടിയ കിവീസ് താരങ്ങൾ തങ്ങളുടെ സ്വപ്നം കൈവിട്ട ആഘാതത്തിൽ തകർന്നുതരിപ്പണമായി പിച്ചിൽ വീണുകിടക്കുന്നു. മാർട്ടിൻ ഗപ്റ്റിൽ മുഖം പൊത്തിക്കരയുന്നു. ഇങ്ങ് ഇന്ത്യയിൽനിന്നുൾപ്പെടെ ലക്ഷക്കണക്കിന് ആരാധകരുടെ നെഞ്ചുതകർന്ന നിമിഷം.

എന്നാൽ ആ വികാരവിക്ഷോഭങ്ങൾക്കിടയിൽ ഒരാൾമാത്രം ശാന്തനായി കാണപ്പെട്ടു. ക്യാമറക്കണ്ണുകൾ മുഴുവൻ ആ മനുഷ്യനിലേക്ക് തിരിഞ്ഞു. കിരീടം കൈയെത്തുംദൂരത്ത് കൈവിട്ടതിന്റെ കഠിനമായ വേദനകൾക്കിടയിലും അയാളുടെ ചുണ്ടുകളിൽ നേർത്ത പുഞ്ചിരി നിലനിന്നു. വാസ്തവത്തിൽ ആ വ്യക്തിക്ക് കിരീടം ഉയർത്താനാകാതെ പോയതിൽ സങ്കടത്തിൽ നെടുവീർപ്പിടുകയാണ് ലോകം മുഴുവൻ. പക്ഷേ, അയാളുടെ മുഖത്ത് അതിന്റെ ദുഃഖം തെല്ലും കാണുന്നില്ലതാനും. ബൗണ്ടറി കൗണ്ട് എന്ന നിയമം കാണിച്ച ക്രൂരതയെ ചെറുചിരിയോടെ നേരിട്ട ആ മനുഷ്യന്റെ പേരാണ് കെയിൻ സ്റ്റ്യുവർട്ട് വില്യംസൺ. കിരീടം ഇംഗ്ലണ്ട് കൊണ്ടുപോയ ആ ലോകകപ്പ് ഇപ്പോഴും ഓർമിക്കപ്പെടുന്നത് കെയിന്റെ പേരിലായിരിക്കും. അതിനുശേഷം ബൗണ്ടറി കൗണ്ട് എന്ന നിയമം ഐ.സി.സി. റദ്ദാക്കി.

വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ നിയമത്തിന്റെ അനീതിയെക്കുറിച്ച് ആവർത്തിച്ച് ചോദിച്ചപ്പോഴും അദ്ദേഹം അദ്ഭുതകരമായ സൗമ്യതയോടെ പറഞ്ഞത് ഇപ്രകാരമായിരുന്നു: 'അതൊരു നിയമമായിരുന്നു. കളി തുടങ്ങുന്നതിന് മുൻപുതന്നെ ഞങ്ങൾക്കതറിയാമായിരുന്നു. അതിൽ ആരെയും കുറ്റപ്പെടുത്താനില്ല. ഇംഗ്ലണ്ട് മികച്ച രീതിയിൽ കളിച്ചു.' ആരും ഫൈനലിൽ തോറ്റിട്ടില്ല. പക്ഷേ, ഒരു വിജയിയെ പ്രഖ്യാപിക്കേണ്ടതുണ്ടായിരുന്നു. അതിവിടെയുണ്ട്. ഞങ്ങൾ നിയമങ്ങൾ അംഗീകരിക്കുന്നു എന്നുകൂടി അദ്ദേഹം കൂട്ടിച്ചേർത്തു. തോറ്റിട്ടും ബ്ലാക്ക് ക്യാപ്‌സ് കാണിച്ച ആ മാന്യതയും സ്‌പോർട്‌സ്മാൻ സ്പിരിറ്റും വിലമതിക്കാനാവാത്തതാണെന്നാണ് അന്നത്തെ ന്യൂസീലൻഡ് പ്രധാനമന്ത്രിയായിരുന്ന ജെസീക്ക ആർഡേൻ പറഞ്ഞത്. അവരെ നമ്മൾ രാജകീയമായിത്തന്നെ വരവേൽക്കണമെന്ന് അവർ നിലപാടെടുത്തതിനു പിന്നിലും വില്യംസണിന്റെ ഈ അദ്ഭുതശേഷിതന്നെ.

ലോർഡ്‌സിലെ അതേ മൈതാനത്തുവെച്ച് ഇന്ന്, ശാന്തനായ ആ പോരാളി അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുമ്പോൾ കായികലോകത്തിന് നഷ്ടമാകുന്നത് ഒരു ബാറ്ററെയും തന്ത്രജ്ഞനായ ക്യാപ്റ്റനേയും മാത്രമല്ല, കളിക്കളത്തിലെ ഏറ്റവും വലിയ മാന്യനെക്കൂടിയാണ്. 16 വർഷം നീണ്ട ആവേശകരവും വികാരനിർഭരവുമായ ക്രിക്കറ്റ് കരിയറിനാണ് അദ്ദേഹം തിരശ്ശീലയിട്ടത്. അതിൽത്തന്നെ 2016 മുതൽ 2024 വരെ ബ്ലാക്ക് ക്യാപ്‌സിന്റെ നായകനായും തിളങ്ങി. 2021-ൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി കിരീടം നേടുമ്പോൾ വില്യംസണായിരുന്നു കിവികളുടെ ക്യാപ്റ്റൻ. 2015 ഏകദിന ലോകകപ്പിൽ ടീമിനെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു അന്ന്. 2019 ഏകദിന ലോകകപ്പിലും 2021 ടി20 ലോകകപ്പിലും ഫൈനലിലെത്തിയ ടീമിന്റെ നായകനുമായിരുന്നു. 2019 ലോകകപ്പിലെ മികച്ച പ്രകടനത്തിന് ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. 2019-ൽ ഐ.സി.സി.യുടെ മികച്ച ടെസ്റ്റ് താരമായും തിരഞ്ഞെടുക്കപ്പെട്ടു.

തുടങ്ങിയത് സഹീർ ഖാനെയും ഹർഭജനെയും നേരിട്ട്

2010-ൽ അഹമ്മദാബാദിൽ ഇന്ത്യക്കെതിരേ അരങ്ങേറ്റ ടെസ്റ്റിൽതന്നെ സെഞ്ചുറി നേടിയാണ് വില്യംസൺ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റ് കരിയറിന് തുടക്കമിട്ടത്. സഹീർ ഖാൻ, ഹർഭജൻ സിങ് എന്നിവരടങ്ങിയ ഇന്ത്യൻ ബൗളിങ് നിരയ്‌ക്കെതിരേ 299 പന്തിൽ 131 റൺസാണ് അന്ന് നേടിയത്. ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന എട്ടാമത്തെ ന്യൂസീലൻഡ് താരവും ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനുമായി അദ്ദേഹം മാറി.

2010 ഓഗസ്റ്റിൽ ഇന്ത്യെക്കെതിരേ തന്നെയായിരുന്നു വില്യംസണിന്റെ ഏകദിന അരങ്ങേറ്റവും. എന്നാൽ ആ മത്സരത്തിലും രണ്ടാം മത്സരത്തിലും ഡക്കായി പുറത്തായി. എന്നാൽ തൊട്ടടുത്ത ബംഗ്ലാദേശ് പര്യടനത്തിൽ സെഞ്ചുറി നേടിക്കൊണ്ട് ന്യൂസീലൻഡ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സെഞ്ചുറി നേടുന്ന താരമായി അദ്ദേഹം മാറി.

ചെറുപ്പത്തിൽ ടി.വി.യിൽ കണ്ട് ആരാധിച്ചിരുന്ന സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മൺ എന്നീ ലോകോത്തര താരങ്ങൾക്കെതിരേ കളിക്കാൻ കഴിഞ്ഞത് സവിശേഷമായ അനുഭവമായിരുന്നുവെന്ന് വില്യംസൺ പിന്നീട് ഒരിക്കൽ പറയുന്നുണ്ട്. സച്ചിനെ ഫീൽഡിൽ അദ്ഭുതത്തോടെ നോക്കിനിന്ന ഓർമകളും പങ്കുവെച്ചു.

കോലിയുമായി അണ്ടർ-19ൽ തുടങ്ങിയ അടുപ്പം

2008-ൽ മലേഷ്യയിൽ നടന്ന അണ്ടർ -19 ലോകകപ്പിൽ ന്യൂസീലൻഡിനെ നയിച്ചത് വില്യംസണായിരുന്നു. അന്ന് സെമി ഫൈനലിൽ വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിനോട് പരാജയപ്പെട്ടിരുന്നു. 2007-ൽ ആഭ്യന്തര ക്രിക്കറ്റിൽ നോർത്തേൺ ഡിസ്ട്രിക്റ്റ്‌സിനായി അരങ്ങേറിയ അദ്ദേഹം, വർഷങ്ങളോളം ടീമിനൊപ്പം തുടർന്നു.

1990 ഓഗസ്റ്റ് എട്ടിന് ന്യൂസീലൻഡിലെ ടൗരംഗയിലാണ് ജനനം. പിതാവ് ബ്രെറ്റ് വില്യംസൺ അണ്ടർ-17 ക്രിക്കറ്റും ക്ലബ് ക്രിക്കറ്റും കളിച്ചിട്ടുള്ള ആളായിരുന്നു. മാതാവ് സാന്ദ്ര ബാസ്‌കറ്റ് ബോൾ താരമായിരുന്നു. കെയിനിന് തന്നെക്കാൾ ഒരുമിനിറ്റ് മാത്രം വൈകി ജനിച്ച ലോഗൻ എന്നൊരു ഇരട്ട സഹോദരൻകൂടിയുണ്ട്.

സൗമ്യത കൂടപ്പിറപ്പ്

മൈതാനത്തെ ശാന്തതയും മാന്യതയും കേവലം ഒരഭിനയമല്ല, മറിച്ച് വില്യംസന്റെ ഡി.എൻ.എ.യിൽത്തന്നെയുള്ളതാണെന്ന് അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് നോക്കിയാൽ മനസ്സിലാകും. കോടികൾ മറിയുന്ന, ഗ്ലാമർ നിറഞ്ഞ ക്രിക്കറ്റ് ലോകത്ത് ജീവിക്കുമ്പോഴും ലളിതജീവിതമാണ് അദ്ദേഹം നയിച്ചത്. വിവാദങ്ങളിലൊന്നും അദ്ദേഹത്തിന്റെ പേരുണ്ടാവില്ല. ദേഷ്യപ്രകടനങ്ങളും അദ്ദേഹത്തിൽനിന്ന് കാണാനായില്ല. ദൃശ്യ-സാമൂഹിക മാധ്യമങ്ങളിൽനിന്നെല്ലാം വിട്ടുനിൽക്കുന്ന ഒരു പ്രകൃതം അദ്ദേഹം പണ്ടേ ശീലിച്ചതാണ്. ആക്രമണോത്സുകതയും സ്ലെഡ്ജിംഗും ശാപവാക്കുകളും കൊണ്ട് കളിക്കാർ വാർത്തകളിൽ നിറയുമ്പോൾ, ശാന്തത കൊണ്ടും വിനയം കൊണ്ടും വിപ്ലവം സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധ്യമായി.

ചെറുപ്പത്തിലേ മറ്റുള്ളവരുടെ വേദനകളും പ്രയാസങ്ങളും തിരിച്ചറിയാനുള്ള മനസ്സ് അദ്ദേഹത്തിൽ വേണ്ടുവോളമുണ്ടായിട്ടുണ്ട്. മറ്റുള്ളവരുടെ അവസരങ്ങൾ തട്ടിയെടുക്കാതെതന്നെ അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ ദാഹിക്കുന്നവനാണെന്ന് സ്‌കൂൾ കാലത്തെ കോച്ചായ പെസി ഡെപ് വില്യംസണക്കുറിച്ച് അനുസ്മരിക്കുന്നുണ്ട്. സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിന് മുൻപുതന്നെ അദ്ദേഹം ജൂനിയർ തലങ്ങളിൽ 40 സെഞ്ചുറികൾ നേടിയിരുന്നു.

വെറും 12 വയസ്സുള്ളപ്പോൾ തുടർച്ചയായി മൂന്ന് സെഞ്ചുറികൾ അടിച്ചുകൂട്ടിയ കുട്ടി വില്യംസണെ അന്ന് കോച്ച് ബാറ്റിങ് ഓർഡറിൽ താഴേക്കിറക്കി. ആറാംനമ്പറിലിറങ്ങിയ കെയിൻ അന്നും സെഞ്ചുറി നേടി. ഒടുവിലത്തെ ബാറ്ററായ പത്താം നമ്പറുകാരനൊപ്പം ടീമിനെ വിജയത്തിലെത്തിച്ചു. മത്സരം കഴിഞ്ഞ് മടങ്ങുമ്പോൾ കുട്ടികൾ കൈയടിയോടെ അവനെ സ്വീകരിച്ചു. പക്ഷേ, ആ 12-കാരൻ പെട്ടെന്ന് നടപ്പ് നിർത്തി, കൂടെ ബാറ്റ് ചെയ്ത കുട്ടിയെ മുന്നോട്ട് നടത്തിച്ച് അവനായി കൈയടിക്കാൻ മറ്റുള്ളവരോട് ആവശ്യപ്പെട്ടു. കോച്ച് ഡേവിഡ് ജോൺസ്റ്റൺ അന്ന് തിരിച്ചറിഞ്ഞു; 'ഇവൻ വെറുമൊരു നല്ല കളിക്കാരനല്ല, അതിനേക്കാളൊക്കെ വലിയൊരു മനുഷ്യനാണ്.'

ഇത്തരത്തിൽ താൻ കാരണം സഹതാരങ്ങൾക്ക് ഒരു വിഷമവും വരരുതെന്ന് ആഗ്രഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ആർക്കും വെറുക്കാൻ കഴിയാത്ത ഒരേയൊരു ക്രിക്കറ്റർ എന്നാണ് ദക്ഷിണാഫ്രിക്കൻ താരം തബ്രിസ് ഷംസി വില്യംസണെ വിശേഷിപ്പിച്ചത്.

19,346 റൺസ്, 48 സെഞ്ചുറികൾ

2010-ൽ ന്യൂസീലൻഡിനായി ഇന്ത്യക്കെതിരേ അരങ്ങേറ്റം കുറിച്ച വില്യംസൺ, 19,346 റൺസ് നേടി ന്യൂസീലൻഡിന്റെ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനായാണ് വിരമിക്കുന്നത്. 48 സെഞ്ചുറികളും നേടിയിട്ടുണ്ട്. 110 ടെസ്റ്റുകളിൽനിന്ന് 9,515 റൺസും 175 ഏകദിനങ്ങളിൽനിന്ന് 7,256 റൺസുമാണ് സമ്പാദ്യം. കഴിഞ്ഞ നവംബറിൽ അന്താരാഷ്ട്ര ടി20-യിൽനിന്ന് വിരമിച്ചിരുന്നു. 2,575 റൺസുമായി ഫോർമാറ്റിൽ ന്യൂസീലൻഡിന്റെ രണ്ടാമത്തെ ഏറ്റവും ഉയർന്ന റൺസ് നേടിയ താരവും അദ്ദേഹമാണ്. ടെസ്റ്റിൽ 33 സെഞ്ചുറികളും 38 അർധ സെഞ്ചുറികളും നേടിയിട്ടുണ്ട്. ആറ് ഇരട്ട സെഞ്ചുറികളും വില്യംസണിന്റെ പേരിലുണ്ട്. 40 ടെസ്റ്റുകൾ, 91 ഏകദിനങ്ങൾ, 75 ടി20-കൾ എന്നിവയിൽ ന്യൂസീലൻഡിനെ നയിച്ചത് അദ്ദേഹമാണ്.

ഫാബ് ഫോർ

വിരാട് കോലി, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത് തുടങ്ങിയവർ ഉൾപ്പെട്ട ആധുനിക ക്രിക്കറ്റിലെ ഫാബ് ഫോറിൽ ഒരാളായിരുന്നു അദ്ദേഹം. ഇതിൽ കോലി ടെസ്റ്റിൽനിന്നും ടി20-യിൽനിന്നും വിരമിച്ചിട്ടുണ്ട്. ഈ നാലുപേരിൽ മൂന്ന് ഫോർമാറ്റിൽനിന്നും വിരമിക്കുന്ന ആദ്യ താരമാണ് വില്യംസൺ. 2010-കൾക്ക് ശേഷം ലോക ക്രിക്കറ്റിൽ ബാറ്റിംഗിൽ ഏറ്റവും സ്ഥിരതയും മികവും പുലർത്തിയ നാല് ഇതിഹാസ താരങ്ങളെയാണ് ഈ പേര് കൊണ്ട് വിശേഷിപ്പിക്കുന്നത്.

വ്യത്യസ്ത ശൈലികളാണെങ്കിലും, കളിയിലെ മാന്ത്രികത കൊണ്ടും റൺവേട്ടയിലെ അവിശ്വസനീയമായ സ്ഥിരത കൊണ്ടും ഇവർ നാലുപേരും ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ടവരായി മാറി. അതിൽ പന്ത് ബാറ്റിൽ കണക്ട് ചെയ്യുന്നതിൽ കെയിൻ വില്യംസണുള്ള കൃത്യത പ്രശസ്തമാണ്. നായകനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ന്യൂസീലൻഡ് ടീമിനെ ലോകക്രിക്കറ്റിന്റെ നെറുകയിൽ നിലനിർത്താൻ അദ്ദേഹത്തിനായി. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങി സ്പിൻ പിച്ചുകളിലും സ്വിങ് ചെയ്യുന്ന പിച്ചുകളിലും റൺ വാരിക്കൂട്ടാൻ കഴിവുള്ള ഒരാൾകൂടിയാണ് പടിയിറങ്ങുന്നത്.

ഹൃദയത്തിൽ തുടരും

ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ടെസ്റ്റിലെ 0, 18 റൺസുകളാണ് അദ്ദേഹത്തിന്റെ കരിയറിലെ അവസാന സ്‌കോറുകൾ. തന്റെ കരിയറിലെ പ്രകടനങ്ങളെല്ലാം പരമാവധി ആത്മാർഥതയോടെയാണ് ചെയ്തതെന്നും, പൂർണമായ സമർപ്പണത്തോടെയല്ലാതെ തുടരുന്നത് ശരിയല്ലെന്ന് തോന്നിയതിനാലാണ് ഈ ഉചിതമായ സമയത്ത് സ്വന്തം ഇഷ്ടപ്രകാരം വിരമിക്കുന്നതെന്നും വില്യംസൺ വ്യക്തമാക്കി.

ക്രിക്കറ്റ് മൈതാനത്തെ സൗമ്യ സാന്നിധ്യം ഇനി അന്താരാഷ്ട്ര ജേഴ്‌സിയിൽ ഉല്ലെന്നത് വേദനാജനകമാണ്. റെക്കോർഡുകളുടെ പുസ്തകത്തിൽ കെയിൻ വില്യംസൺ എന്ന പേര് എത്രകണ്ട് തിളങ്ങുമെന്നറിയില്ല. പക്ഷേ, ക്രിക്കറ്റ് ഉള്ളിടത്തോളം കാലം സ്‌നേഹത്തിന്റെ, മാന്യതയുടെ മറുപേരായി ഈ മനുഷ്യൻ ഓർമിക്കപ്പെടും. സർവേപരി ടീം മാനായി വില്യംസന്റെ ഏറ്റവും വലിയ നേട്ടം ഇന്ത്യ തോൽപിച്ച് കന്നി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2021 ൽ നേടാനായതാണ്. ക്രിക്കറ്റിന്റെ ‘ക്രൂരത’ എന്നല്ലാതെ എന്ത് പറയും ഒരു ലോക കിരീടം നേടാനാകാതെയാണ് ജെന്റിൽമാൻ വില്യംസന്റെ മടക്കം. വിചിത്രമായ നിയമം തകർത്തുകളഞ്ഞ ലോകകപ്പ് സ്വപ്നത്തെ പിന്നെ എങ്ങനെ വിശേഷിപ്പിക്കും.