
സമകാലിക ഫുട്‌ബോളിൽ രണ്ട് ധ്രുവങ്ങളിലുള്ള പരിശീലകരാണ് പെപ്പ് ഗാർഡിയോളയും ഡീഗോ സിമിയോണിയും. പെപ്പ് പാസിങ്- പൊസെഷൻ-അറ്റാക്കിങ് ഗെയിമിന്റെ ആശാൻ. സിമിയോണി പ്രതിരോധാത്മക കളിക്ക് പുതിയ അർഥതലങ്ങൾ കണ്ടെത്തിയയാൾ. എന്നാൽ, രണ്ടുപേരും ഒരു കളിക്കാരന്റെ കാര്യത്തിൽമാത്രം ഒറ്റമനസ്സുള്ളവരാകും. അതാണ് റോഡ്രി എന്ന റോഡ്രിഗോ ഹെർണാണ്ടസ് കാസ്കാന്റേ.
സ്പാനിഷ് പരിശീലകൻ ലൂയി ഡി ഫ്യൂന്തേ റോഡ്രിയെ വിശേഷിപ്പിക്കുക ‘പെർഫെക്ട് കംപ്യൂട്ടർ’ എന്നാണ്. എതിർകളിക്കാർക്ക് സ്പാനിഷ് താരം റോൾസ് റോയ്‌സാണ്. ഈ രണ്ടു വിശേഷങ്ങളും ഒരുപോലെ ചേരും. കാരണം കളിമികവിലും സാങ്കേതികത്തികവിലും ഏറെ മുന്നിലാണ് റോഡ്രി. കംപ്യൂട്ടറിനെപ്പോലെ കളി നിയന്ത്രിച്ചുകൊണ്ടുപോകാനും റോൾസ് റോയ്‌സുപോലെ അതിനെ ആഡംബരമാക്കാനും റോഡ്രിക്ക് കഴിയും.
കളിക്കളത്തിൽ ഒറ്റയ്ക്ക് കളി കണ്ടുനിൽക്കാൻ ഇഷ്ടമാണെന്ന് റോഡ്രി പറയാറുണ്ട്. അതാണ് അയാളെ വ്യത്യസ്തനാക്കുന്നതും. കളി കാണുന്നതിലൂടെ ആ മത്സരത്തെ പഠിച്ചെടുക്കാനും സ്വന്തം ടീമിന് വേണ്ടത് പ്രാവർത്തികമാക്കാനും കഴിയും. സ്പാനിഷ് ടീമിന്റെ നായകൻ അൽവാരോ മൊറാട്ടോയാണെങ്കിലും കളിക്കളത്തിലെ യാഥാർഥ നായകൻ റോഡ്രിയാണെന്ന് അവർ തുറന്നുപറഞ്ഞിട്ടുണ്ട്. അതിനുള്ള അംഗീകാരം കൂടിയാണ് യൂറോകപ്പിലെ മികച്ച താരത്തിനുള്ള പുരസ്കാരം.
വർത്തമാന ഫുട്‌ബോളിലെ ഏറ്റവും മികച്ച ഹോൾഡിങ് മിഡ്ഫീൽഡറെന്ന ഖ്യാതി റോഡ്രിക്ക് നൽകിയത് മാഞ്ചെസ്റ്റർ സിറ്റി പരിശീലകൻ പെപ്പ് ഗാർഡിയോളയാണ്. ഡിഫൻസീവ് മിഡ്ഫീൽഡിൽനിന്ന് അല്പം മുന്നോട്ടുകയറി കളിക്കാനുളള സ്വാതന്ത്ര്യവും പരിശീലകൻ നൽകിയത് ഗെയിം റീഡിങ്ങും ആക്രമണ ഫുട്‌ബോളിന് അനുസൃതമായി നീക്കങ്ങളുണ്ടാക്കിയെടുക്കാനുള്ള കഴിവും മനസ്സിലാക്കിയാണ്. ക്ലബ്ബ് ഫുട്ബോളിൽ മാഞ്ചെസ്റ്റർ സിറ്റിക്കുവേണ്ടി കളിക്കുന്ന റോഡ്രിയുടെ കാർബൺ കോപ്പിയെയാണ് സ്പാനിഷ് പരിശീലകൻ യൂറോകപ്പിലും അവതരിപ്പിച്ചത്. സ്പെയിനിന്റെ വേഗമേറിയ പാസിങ് ഗെയിമിൽ നങ്കൂരക്കാരന്റെ റോൾ റോഡ്രി ഭംഗിയാക്കി.
കഴിഞ്ഞ നേഷൻസ് ലീഗിൽ സ്പെയിൻ കിരീടം നേടിയപ്പോൾ റോഡ്രിയായിരുന്നനു ഫൈനലിലെ മികച്ച താരം. ഇത്തവണ യൂറോയിലെത്തിയപ്പോൾ ടൂർണമെന്റിലെത്തന്നെ മികച്ച താരമായി. 28-കാരനായ റോഡ്രി സ്പെയിനിനുവേണ്ടി 56 മത്സരം കളിച്ചു. നാലു ഗോളും നേടി. സിറ്റിയിലെത്തുംമുമ്പ് അത്‌ലറ്റിക്കോ മഡ്രിഡിലും വിയ്യാറയലിനും കളിച്ചു.
റോഡ്രി പരിശീലനം നടത്തുന്നതിനെക്കാൾ കൂടുതൽ സമയം ഫുട്‌ബോളിനെകുറിച്ച് സംസാരിക്കുമെന്ന് സിറ്റിയിലെ മുൻതാരം ഇൽകേ ഗുണ്ടോഗൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. നിരന്തരമായ സംഭാഷണത്തിലൂടെയാണ് അയാൾ കളിയും കാഴ്ചപ്പാടും നവീകരിച്ചുകൊണ്ടിരിക്കുന്നത്.
കളി 6
കളിസമയം 521
ഗോൾ 1
പാസിങ് കൃത്യത 92.84%
സ്പീഡ് 33 km/h
മൈതാനത്ത് സഞ്ചരിച്ച ദൂരം 68.52 കി.മീ.
Content Highlights: euro cup 2024 rodri best player of the tournament
Published: 16 Jul 2024, 11:17 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented