
സ്‌പെയിനിന്റെ രാത്രിയായിരുന്നു അത്, സ്‌പെയിന്‍ നിറഞ്ഞുനിന്ന മത്സരവും. കേവലം ഫൈനല്‍ ദിവസം മാത്രമല്ല, ടൂര്‍ണമെന്റിലുടനീളം കാളപ്പോരിന്റെ നാട്ടുകാര്‍ നിറഞ്ഞുനിന്ന ടൂര്‍ണമെന്റായിരുന്നു ജര്‍മനിയിലേത്. കഴിഞ്ഞ ലോകകപ്പില്‍ പോലും പാസിങ് ഗെയിമിന്റെ പേരില്‍ പഴിയേറെ കേട്ടിരുന്നു സ്പാനിഷ്‌നിര. എതിരാളികള്‍ക്ക് പന്തുനല്‍കാതെ കുറിയ പാസുകളിലൂടെ മുന്നേറുന്ന അവരുടെ ടിക്കി ടാക്ക ശൈലിക്കെതിരേ ആരാധകരടക്കം രംഗത്തെത്തി. വിന്‍സെന്റ് ഡെല്‍ബോസ്‌കും ജുലെന്‍ ലോപ്റ്റെഗുയിയും ലൂയിസ് എന്റിക്വെയുമെല്ലാം കളിപഠിപ്പിച്ച സ്‌പെയിനിന്റെ കടിഞ്ഞാണ്‍ ലൂയിസ് ഡെലാ ഫുഎന്‍ഡെയിലേക്കെത്തിയപ്പോള്‍ ടീം അടിമുടി മാറി. ബെര്‍ലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെ സ്‌പെയിന്‍ കീഴടക്കിയപ്പോള്‍ അതില്‍ ആര്‍ക്കും തന്നെ അതിശയമൊന്നുമുണ്ടായില്ല, ആരുടെയും നെറ്റി ചുളിഞ്ഞുമില്ല. കാരണം ക്രൊയേഷ്യയും ഇറ്റലിയും ജര്‍മനിയും ഫ്രാന്‍സുമെല്ലാം ടൂര്‍ണമെന്റില്‍ ഇതിനോടകം തന്നെ സ്പാനിഷ് ഫുട്‌ബോളിന്റെ മാറ്റം കളിക്കളത്തില്‍ അനുഭവിച്ചറിഞ്ഞിരുന്നു. കാലത്തിനൊത്ത് കോലം മാറ്റിയ സ്പാനിഷ് സംഘത്തിന് ഇനി അടുത്ത് മറ്റൊരു കിരീടപ്പോര് കൂടിയുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന ഫൈനലിസിമ പോരാട്ടത്തില്‍ കോപ്പ അമേരിക്ക ജേതാക്കളായ അര്‍ജന്റീനയാണ് സ്‌പെയിനിന്റെ എതിരാളികള്‍.
ഫൈനല്‍ പോരാട്ടത്തിന്റെ തുടക്കത്തില്‍ സ്‌പെയിന്‍ ടീമിനെ കണ്ട എല്ലാവരും ഒന്ന് സംശയിച്ചിരുന്നു. മുന്‍ മത്സരങ്ങളിലെ വേഗവും താളവും വിങ്ങുകളിലൂടെയുള്ള കടന്നാക്രമണവുമെല്ലാം ടീം മാറ്റിവെച്ചിരുന്നു, ഒരു പരിധിവരെ. ഒടുവില്‍ രണ്ടാം പകുതിയിലാണ് ആ സംശയത്തിന് ഉത്തരം കിട്ടിയത്. ഇംഗ്ലീഷ് ടീമിനെ ആദ്യ 45 മിനിറ്റും പഠിക്കുകയായിരുന്നു ഫുഎന്‍ഡെയും കുട്ടികളും. ഇംഗ്ലണ്ട് താരങ്ങള്‍ പന്ത് റാഞ്ചാന്‍ എത്താതിരുന്നതോടെ അത് കൈവശം വെച്ച് ടീം ആദ്യ പകുതിയിലുടനീളം ഇംഗ്ലീഷ് ടീമിനെ പഠിച്ചു.
സ്‌പെയിനിന്റെ വിങ്ങര്‍മാരുടെ കരുത്തും ടീമിന്റെ മുന്നേറ്റത്തില്‍ അവരുടെ സംഭാവനയും കണക്കിലെടുത്ത് ലമിന്‍ യമാലിനെയും നിക്കോ വില്യംസിനെയും പൂട്ടാന്‍ കരുക്കള്‍ നീക്കിയായിരുന്നു ഗാരെത് സൗത്ത്‌ഗേറ്റ് ടീമിനെ ഇറക്കിയത്. യമാലിനെ പൂട്ടാന്‍വേണ്ടി മാത്രമായിരുന്നു ആ വിങ്ങില്‍ ലൂക്ക് ഷോയെ കോച്ച് കളത്തിലിറക്കിയത്. ഷോ തന്നെ ജോലി ഭംഗിയായി ചെയ്തു, ആദ്യ പകുതിയില്‍ മാത്രം. മറുവശത്ത് പക്ഷേ നിക്കോയെ പിടിക്കാന്‍ കൈല്‍ വാക്കര്‍ പാടുപെടുന്നതും കണ്ടു. മൂന്ന് ഗോളടിച്ച ഡാനി ഓല്‍മോയെ പിടിക്കാനുള്ള ജോലി ഡെക്ലാന്‍ റൈസും ഭംഗിയാക്കി.

സ്‌പെയിനിനെ പിടിച്ചുകെട്ടിയെന്ന് ഇംഗ്ലണ്ട് ആശ്വസിച്ചിരിക്കേ രണ്ടാം പകുതിയില്‍ അതുവരെ ടൂര്‍ണമെന്റില്‍ കണ്ട സ്‌പെയിനെത്തി. പ്രതിരോധപ്പൂട്ട് പൊട്ടിച്ച് പാഞ്ഞ യമാല്‍ ഓല്‍മോയ്ക്ക് നീട്ടിയ പന്ത് പക്ഷേ കിട്ടിയത് നിക്കോയുടെ കാല്‍പ്പാകത്തിനായിരുന്നു. ഇംഗ്ലീഷ് ഗോളി പിക്‌ഫോര്‍ഡിന് യാതൊരു അവസരവും നല്‍കാതെ പന്ത് വലയില്‍. പിന്നാലെ ഇംഗ്ലണ്ടിനെ വിറപ്പിച്ച ഒരുപിടി മുന്നേറ്റങ്ങള്‍. വേഗക്കളിക്ക് പേരുകേട്ട പ്രീമിയര്‍ ലീഗിലെ വമ്പന്‍ താരങ്ങള്‍ രണ്ടാം പകുതിയില്‍ സ്‌പെയിനിന്റെ കരുത്ത് ശരിക്കുമറിഞ്ഞു. പകരക്കാരനായെത്തിയ കോള്‍ പാല്‍മറിലൂടെ ഇംഗ്ലണ്ട് ഒരു ഗോള്‍ മടക്കിയെങ്കിലും സ്‌പെയിനിന്റെ ആക്രമണങ്ങളുടെ കരുത്തൊട്ടും കുറഞ്ഞില്ല. ഗോളടിക്കണമെന്ന് ഉറപ്പിച്ചൊരുക്കിയ മുന്നേറ്റങ്ങളില്‍ ഇംഗ്ലീഷ് പ്രതിരോധം ചിതറി. യമാലിന്റെ ഗോളെന്നുറച്ച രണ്ട് ഷോട്ടുകളാണ് പിക്‌ഫോര്‍ഡ് രക്ഷിച്ചെടുത്തത്. പിന്നാലെ ഓല്‍മോ ഒരു ഗോള്‍ലൈന്‍ സേവിലൂടെ ടീമിനെ കാക്കുകയും ചെയ്തു. ഒടുവില്‍ ക്യാപ്റ്റന്‍ അല്‍വാരോ മൊറാട്ടയ്ക്ക് പകരമായി എത്തിയ മികെല്‍ ഒയര്‍സബാല്‍ 86-ാം മിനിറ്റില്‍ ആ ദൗത്യം നിര്‍വഹിച്ചു. ഇടതുവിങ്ങില്‍ നിന്ന് മാര്‍ക്ക് കുക്കുറെയ്യ നല്‍കിയ പാസ്, ഇംഗ്ലണ്ടിന്റെ ഓഫ്‌സൈഡ് കെണി പൊട്ടിച്ച് ഒഴുകിയെത്തിയാണ് ഒയര്‍സബാല്‍ വലയിലാക്കിയത്.
1964, 2008, 2012 വര്‍ഷങ്ങളിലെ കിരീട നേട്ടത്തിനു ശേഷം യൂറോയില്‍ സ്‌പെയിനിന്റെ നാലാം കിരീടനേട്ടം. ഏറ്റവും കൂടുതല്‍ യൂറോ കപ്പ് കിരീടങ്ങള്‍ നേടിയ ടീമെന്ന റെക്കോഡും. ഇത്തവണ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് സ്‌പെയിനിന്റെ മുന്നേറ്റം. ഒരു മേജര്‍ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി ഏഴു വിജയങ്ങള്‍ നേടുന്ന ആദ്യ യൂറോപ്യന്‍ ടീമെന്ന നേട്ടവും സ്‌പെയിനിനെ തേടിയെത്തി.

കൃത്യമായ പദ്ധതികളാണ് സ്പാനിഷ് ടീമിന്റെ നേട്ടത്തിനു പിന്നില്‍. യുവത്വവും പരിചയസമ്പന്നരും സമാസമം ചേര്‍ന്ന ടീം. ലമിന്‍ യമാലും ഡാനി ഓല്‍മോയും നിക്കോ വില്യംസും കുക്കുറെയ്യയും ചെറു പ്രായത്തില്‍ തന്നെ ഒരു മേജര്‍ ടൂര്‍ണമെന്റ് കിരീടം എന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നു. ഡാനി കാര്‍വഹാലും ഐമറിക് ലപോര്‍ട്ടും റോഡ്രിയും ഫാബിയാന്‍ റൂയിസുമെല്ലാം അനുഭവസമ്പത്തുകൊണ്ട് ടീമിന്റെ നെടുംതൂണുകളാകുകയും ചെയ്യുന്നു. കലാശപ്പോരില്‍ തന്നെ പ്രതിരോധത്തില്‍ നാച്ചോയ്ക്ക് പകരം നോര്‍മാന്‍ഡിനെ ഇറക്കിയതിനു പിന്നിലും ഫുഎന്‍ഡെയുടെ കൃത്യമായ പ്ലാനുണ്ട്. പന്തിന്മേലുള്ള നിയന്ത്രണത്തിലും പാസിങ്ങിലും നാച്ചോയേക്കാള്‍ മികവ് പുലര്‍ത്തുന്നയാളാണ് നോര്‍മാന്‍ഡ്. മത്സരത്തിലുടനീളം ഇംഗ്ലണ്ട് ബോക്‌സിലെ നോര്‍മാന്‍ഡിന്റെ സാന്നിധ്യം തന്നെയായിരുന്നു ആ തന്ത്രത്തിന്റെ തെളിവ്.
മാറുന്ന സ്പാനിഷ് ഫുട്‌ബോള്‍
സ്പാനിഷ് ഫുട്ബോളിലെ മാറിയ കാലത്തെ അടയാളപ്പെടുത്തിയാണ് യൂറോ കപ്പ് അവസാനിക്കുന്നത്. അതിവേഗ ആക്രമണങ്ങളെയും കുറച്ച് പാസുകളിലൂടെ അതിവേഗ മുന്നേറ്റങ്ങളെയും കൂട്ടുപിടിക്കുമ്പോള്‍ പോലും പാസിങ്ങും പൊസഷന്‍ ഫുട്‌ബോളും ഫുഎന്‍ഡെയുടെ ടീം വേണ്ടെന്നുവെയ്ക്കുന്നില്ല. ജര്‍മനിക്കെതിരെയും ഫ്രാന്‍സിനെതിരെയും ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരെ ഫൈനലിലും ഇടയ്ക്കിടെ ആ പഴയ ടിക്കി ടാക്ക മിന്നലാട്ടങ്ങള്‍ നമ്മള്‍ കണ്ടു. എതിരാളി കരുത്താര്‍ജിക്കുമ്പോള്‍ കളിയുടെ വേഗം കുറയ്ക്കാനായുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടായിരുന്നു ആ മടങ്ങിപ്പോക്ക്. അത് കൃത്യമായി നടപ്പിലാക്കാന്‍ സാധിച്ചതാണ് സ്പാനിഷ് സംഘത്തിന്റെ വിജയം. ഇത്തവണ 15 ഗോളുകളാണ് സ്പാനിഷ്‌നിര എതിരാളിയുടെ വലയിലെത്തിച്ചത്. ഇതോടെ ഒരു യൂറോ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന ടീമെന്ന റെക്കോഡും സ്‌പെയിന്‍ സ്വന്തമാക്കി. കഴിഞ്ഞ ലോകകപ്പുവരെ ഗോളടിക്കുന്നില്ലെന്ന പേരുദോഷം കേട്ട ടീമാണ് ഇത്തവണ ഗോള്‍ നേട്ടത്തില്‍ റെക്കോഡിട്ടത്. 2002 ബ്രസീല്‍ ടീം ലോകകപ്പില്‍ നേടിയതും 15 ഗോളുകളായിരുന്നു എന്നോര്‍ക്കണം.

തന്റെ മുന്‍ഗാമികളേക്കാള്‍ കൂറേക്കൂടി പ്രായോഗികവാദിയാകുകയാണ് ഫുഎന്‍ഡെ ചെയ്തത്. കാലില്‍ ചക്രങ്ങള്‍ ഘടിപ്പിച്ച യമാലും നിക്കോയും ഫെറാന്‍ ടോറസും ഓല്‍മോയുമെല്ലാം ടീമിലുള്ളപ്പോള്‍ ആ വേഗം ഉപയോഗപ്പെടുത്തുകയെന്ന പ്രായോഗിക കാര്യമാണ് ഫുണ്‍ഡെ ചെയ്തത്. വെറുതെ പാസിങ് ഗെയിമില്‍ അള്ളിപ്പിടിച്ചിരിക്കണമെന്ന ചിന്ത അദ്ദേഹം വിട്ടപ്പോള്‍ തന്നെ ടീമിന്റെ കളിക്കളത്തിലെ സമീപനത്തില്‍ മാറ്റംവന്നു. പഴയ ശൈലിയിലേക്ക് താരങ്ങളെ മാറ്റാതെ ടീമിലുള്ള താരങ്ങളുടെ മികവിനനുസരിച്ച് ടീമിന്റെ ശൈലി തന്നെ മാറ്റിക്കളഞ്ഞു അദ്ദേഹം.

റോഡ്രിയും റൂയിസും
എക്കാലവും പ്ലേമേക്കര്‍മാരെ ആശ്രയിക്കുന്നവരാണ് സ്പാനിഷ് ടീം. ഒരു കാലത്ത് സെര്‍ജിയോ ബുസ്‌കെറ്റ്സും ആന്ദ്രേ ഇനിയെസ്റ്റയും സാവി ഹെര്‍ണാണ്ടസുമെല്ലാം നയിച്ച സ്പാനിഷ മധ്യനിരയിലേക്ക് കഴിഞ്ഞ ഖത്തര്‍ ലോകകപ്പിലെത്തിയത് ബാഴ്സലോണയുടെ മിഡ്ഫീല്‍ഡ് മെഷീനുകളായ പെഡ്രിയും ഗാവിയുമായിരുന്നു. ഒരുപക്ഷേ ടീമിന്റെ അച്ചുതണ്ട്. ഇത്തവണ മാഞ്ചെസ്റ്റര്‍ സിറ്റിയുടെ റോഡ്രി നയിക്കുന്ന മധ്യനിരയാണ് ജര്‍മനിയില്‍ സ്പെയിനിന് കരുത്തായത്. ടൂര്‍ണമെന്റിന്റെ താരമായി റോഡ്രി തിരഞ്ഞെടുക്കപ്പെട്ടതില്‍ തന്നെയുണ്ട് അയാള്‍ സ്പാനിഷ് ടീമിലുണ്ടാക്കിയ ഇംപാക്റ്റ്. റോഡ്രിക്കൊപ്പം ഫാബിയാന്‍ റൂയിസിന്റെ സാന്നിധ്യം ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയായിരുന്നു. റോഡ്രിയും റൂയിസും ചേര്‍ന്നൊരുക്കുന്ന ബില്‍ഡപ്പുകളാണ് പലപ്പോഴും ടീമിന്റെ ഗോളില്‍ കലാശിക്കുന്നത്. വിങ്ങര്‍മാരായ യമാലും നിക്കോ വില്യംസുമാണ് ഫുണ്‍ഡെയുടെ തുറുപ്പുചീട്ടുകള്‍. വിങ്ങുകളില്‍ ഇരുവരും എതിരാളികള്‍ക്ക് തുടര്‍ച്ചയായി തലവേദന സൃഷ്ടടിച്ചുകൊണ്ടിരുന്നു. മധ്യനിരയിലും മുന്നേറ്റത്തിലും മികച്ച ബോള്‍ കാരിയര്‍മാരും പാസിങ് മികവുള്ളവരും ഉണ്ടെന്നത് അവരുടെ കരുത്ത് ഇരട്ടിയാക്കുകയാണ് ചെയ്തത്.
യുവതാരങ്ങളുടെ ഒരു സംഘം തന്നെയുണ്ട് ഫുഎന്‍ഡെയ്ക്ക്. നിക്കോ വില്യംസും മൊറാട്ടയും 16-കാരന്‍ ലമിന്‍ യമാലുമെല്ലാം പുതിയ സ്പാനിഷ്‌കാലത്തിന്റെ മുന്നണിപ്പോരാളികളാകുന്നു. ടിക്കി ടാക്കയുടെ സുവര്‍ണകാലത്തെ ഓര്‍മപ്പെടുത്തി റോഡ്രിയും പെഡ്രിയും മധ്യനിരയില്‍ പന്തുതട്ടുന്നു. ലഭിക്കുന്ന ഓരോ പന്തും മുന്നോട്ട് മുന്നോട്ടെന്ന പോലെ കുതിക്കുന്ന ഫാബിയാന്‍ റൂയിസും അവര്‍ക്കൊപ്പം കൂടുന്നു. മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരേ ആവേശത്തോടെ കളിക്കുന്ന വിങ്ബാക്ക് കുക്കുറെയ്യയും ആക്രമണം മാത്രം കൈമുതലായുള്ള താരമാണ്. യൂറോപ്യാന്‍ ഫുട്‌ബോളിലെ രാജ സിംഹാസനത്തിലേക്ക് സ്‌പെയിന്‍ മടങ്ങിയെത്തുമ്പോള്‍ ആരാധകര്‍ പ്രതീക്ഷയിലാണ്. രണ്ടു വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ലോകകപ്പാണ് ഇനി ഫുഎന്‍ഡെയ്ക്കും സംഘത്തിനും മുന്നിലുള്ളത്.
Content Highlights: euro cup 2024 a second spanish revolution in world football is underway
Published: 15 Jul 2024, 12:16 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented