
അറിവും വൈദഗ്ധ്യവും ജ്ഞാനവും സമ്പാദിക്കാനുള്ള ജീവിതയാത്രയാണ് വിദ്യാഭ്യാസം. വസ്തുതകള്‍ ശേഖരിക്കുന്നതിനൊപ്പം, വ്യക്തിത്വ വളര്‍ച്ചയുടെയും സാമൂഹിക പുരോഗതിയുടെയും പാതയാണത്. സമൂഹത്തെയും അവരവരെ തന്നെയും, അവരവര്‍ക്ക് സമൂഹത്തിലുള്ള പങ്കാളിത്തത്തെയും മനസ്സിലാക്കുന്നതിലേക്ക് വ്യക്തികളെ നയിക്കുന്നത് വിദ്യാലയങ്ങളാണ്. വിദ്യാഭ്യാസം പാഠപുസ്തകങ്ങള്‍ക്കപ്പുറമാണ്, വിമര്‍ശനാത്മക ചിന്ത, സഹാനുഭൂതി, നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ലോകവുമായി പൊരുത്തപ്പെടാനുള്ള കഴിവ് എന്നിവ വളര്‍ത്തിയെടുക്കുന്ന വ്യക്തികള്‍ക്ക് അവരുടെ കഴിവുകള്‍ മനസ്സിലാക്കാനും ചെയ്യാനും വൈവിധ്യത്തെ ഉള്‍ക്കൊള്ളാനും മാനവികതയുടെ പുരോഗതിക്ക് അര്‍ത്ഥപൂര്‍ണ്ണമായി സംഭാവന നല്‍കാനും പ്രാപ്തരാക്കുന്ന ഒന്നാണ് വിദ്യാഭ്യാസം.
അത്തരത്തില്‍ ഓരോ വിദ്യാര്‍ഥിക്കും കാലികമായ വിദ്യാഭ്യാസം നല്‍കുന്നതിലൂടെ നമ്മുടെ ലോകത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ അധ്യാപകര്‍ വഹിക്കുന്ന പങ്ക് നിര്‍ണ്ണായകമാണ്. തലമുറകള്‍ക്ക് അതാത് കാലത്തെ അറിവും അതിജീവനത്തിനും വ്യക്തിഗത വികസനത്തിനും ആവശ്യമായ കഴിവുകളും മൂല്യങ്ങളും പകര്‍ന്ന് നല്‍കുന്ന അധ്യാപകര്‍, വിവരങ്ങള്‍ കൈമാറുന്നതിനുമപ്പുറം, പുതു തലമുറയുടെ സര്‍ഗ്ഗാത്മകതയ്ക്കും വിമര്‍ശനാത്മക ചിന്തയ്ക്കും വ്യക്തിഗത വളര്‍ച്ചയ്ക്കും പ്രചോദനം നല്‍കുകയും ചെയ്യുന്നു. വിദ്യാര്‍ത്ഥികളുടെ സ്വഭാവം, അഭിലാഷങ്ങള്‍, ഭാവിയില്‍ അവര്‍ സമൂഹത്തിന് നല്‍കിയെക്കാവുന്ന സംഭാവനകള്‍ എന്നിവയെ അധ്യാപകര്‍ സ്വാധീനിക്കാറുണ്ട്. അവരുടെ സ്വാധീനം ക്ലാസ്‌റൂമിന് അപ്പുറത്തേക്ക് വ്യാപിക്കുന്ന ഒന്നാണ്.
മുകളില്‍ പറഞ്ഞിരിക്കുന്ന ധാരണകളില്‍ നിന്ന് പാടെ മാറി സഞ്ചരിക്കുന്ന അധ്യാപകരും അവരുടെ അധ്യാപന രീതികളും കൂടി ഈ സമൂഹത്തില്‍ നിലനില്‍ക്കുന്നു. ലിംഗ അസമത്വം മുതല്‍ ജാതീയമായ വേര്‍തിരിവ് വരെ പടര്‍ത്തുന്ന ധാരാളം അധ്യാപകരുടെ ലോകത്തെ ഇന്നും പത്രവാര്‍ത്തകളിലൂടെ നമ്മള്‍ കാണുന്നുണ്ട്. ബഹുമാനം പിടിച്ച് വാങ്ങുന്ന അധ്യാപകര്‍, ക്ലാസ് മുറികളില്‍ ചൂരലുമായി വന്ന് സ്ഥിരമായി ക്ലാസ്സില്‍ പഠിക്കാന്‍ പുറകിലായി പോയ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് വാക്കുകള്‍ കൊണ്ടും ശിക്ഷകള്‍ കൊണ്ടും ഭയപ്പെടുത്തിയും പരിഹസിച്ചും അച്ചടക്കം പഠിപ്പിച്ച് 'നന്നാക്കുന്ന' അധ്യാപകര്‍ പഴയ കാലത്തെന്നോണം ഇന്നും ഉണ്ടെന്ന് പല വാര്‍ത്തകളും വിദ്യാര്‍ഥി ആത്മഹത്യകളും അനുഭവക്കുറിപ്പുകളും നമ്മെ ബോധ്യപ്പെടുത്തുന്നു.
'ഗുരു ദൈവമാണ്, ദൈവത്തേക്കാള്‍ വലിയവനാണ്' എന്നൊക്കെയുള്ള ദര്‍ശനങ്ങള്‍ രാജ്യത്ത് പണ്ടേയുണ്ട്. പരസ്പരം ബഹുമാനിക്കാന്‍ പഠിക്കണം എന്നും, വ്യക്തിത്വമാണ് പ്രധാനമെന്നും, മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന ഒരുവനിലേക്ക് ബഹുമാനം സ്വാഭാവികമായി വന്നെത്തുമെന്നും പഠിപ്പിക്കേണ്ടവര്‍ തന്നെ താന്‍ ദൈവത്തേക്കാള്‍ വലിയവനാണെന്നും സകലരും എഴുന്നേറ്റ് നിന്നും താഴ്മയായി അപേക്ഷിച്ചും ഒക്കെ തങ്ങളോടുള്ള ബഹുമാനം കാണിക്കണം എന്നും യാഥാസ്തികരായി ചിന്തിക്കാന്‍ അധ്യാപകരെ പ്രോത്സാഹിപ്പിക്കുന്നതും ഈ 'ഗുരു' സങ്കല്‍പമാണ്. അറിവ് ഒരാളിലേക്ക് ചുരുങ്ങി നില്‍ക്കുകയാണ് എന്ന തെറ്റിദ്ധാരണയാണ് ഇത്തരത്തിലൊരു ദൈവീക പരിവേഷം അധ്യാപകര്‍ക്ക് പണ്ട് ലഭിക്കാനുള്ള പ്രധാന കാരണം.
ആഫ്രിക്കയില്‍ ജന്മം കൊണ്ട്, സകല ഇടങ്ങളിലേക്കും സഞ്ചരിച്ചെത്തിയ മനുഷ്യകുലത്തിന്റെ അന്ന് മുതലുള്ള അറിവിന്റെ ശേഖരമാണ് ഇന്ന് നമുക്ക് ഉള്ളത്. ആദ്യമായി സ്വയം മനുഷ്യന്‍ കല്ലില്‍ ഉണ്ടാക്കിയ ആയുധങ്ങള്‍, അവര്‍ കണ്ടെത്തിയ ബോധ്യങ്ങളില്‍ നിന്നുണ്ടായ ചക്രം, സമയത്തെ പറ്റി ബോധ്യം വന്നപ്പോള്‍ ആശ്രയിച്ചു തുടങ്ങിയ ആകാശകാഴ്ചകളിലൂടെ സൂര്യനെയും ചന്ദ്രനെയും മറ്റ് ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും കുറിച്ചുണ്ടായി വന്ന അറിവ്, ചെടികള്‍ ഉപയോഗിക്കാന്‍ പഠിച്ചപ്പോള്‍ ഉണ്ടായി വന്ന വൈദ്യത്തെ കുറിച്ചുള്ള അറിവ്, അങ്ങനെ സകലമാന അറിവുകളും നമുക്കുണ്ടായത് കാട്ടില്‍ വേട്ടയാടി ജീവിച്ച മനുഷ്യരില്‍നിന്നും കൃഷി ചെയ്യാന്‍ പഠിച്ച മനുഷ്യരില്‍നിന്നും തുടര്‍ന്ന് ഇന്ന് വരെ പല മേഖലകളില്‍ പല രീതികളില്‍ ജീവിച്ച പല കോടി മനുഷ്യരില്‍നിന്നും ആണ്.
അങ്ങനെ ഉണ്ടായ അറിവുകള്‍ തലമുറകളിലേക്ക് കൈമാറുന്ന ജോലിയാണ് അധ്യാപകര്‍ ഒന്നാമതായി ചെയ്യുന്നത്. ഇന്നിത് അധ്യാപകര്‍ മാത്രമാണോ ചെയ്യുന്നത്? ChatGPT പോലുള്ള നിര്‍മ്മിത ബുദ്ധികള്‍ നിമിഷ നേരം കൊണ്ട് ഏറ്റവും ലളിതമായ ഭാഷയില്‍ 2021 വരെയുള്ള സകല കാര്യങ്ങളും ഏത് കുഞ്ഞിനും മനസ്സിലാവുന്ന രീതിയില്‍ പറഞ്ഞു തരുന്നൊരു കാലത്ത് അധ്യാപകര്‍ വേറിട്ട അറിവിന്റെ വിനിമയം സാധ്യമാക്കേണ്ടത്, സാഹിത്യങ്ങളില്‍ കാണാവുന്ന ഏകലവ്യന്റെ പെരുവിരല്‍ ഗുരു ദക്ഷിണയായി ചോദിച്ച ഗുരു സങ്കല്‍പത്തെയോ, ചരിത്രത്തില്‍ താഴ്ന്ന ജാതി എന്ന് അവര്‍ വിളിച്ച ജാതിയില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം വിലക്കപ്പെട്ടതാക്കിയ ഗുരു സങ്കല്‍പത്തെയോ പിന്‍പറ്റിയല്ല മറിച്ച് സമത്വ ചിന്തയെ ഉയര്‍ത്തി പിടിച്ചാവണം.
മനുഷ്യകുലത്തെ പഠിക്കുമ്പോള്‍ അവന്റെ അന്വേഷണ ത്വരയും ജിജ്ഞാസയും, ചിന്തിക്കാനുള്ള കഴിവും ആണ് അവന് കൂടുതല്‍ അറിവ് നല്‍കിയത്. ജനിച്ചു വീഴുന്ന ഓരോ കുരുന്നിനും അന്വേഷണ ത്വര ജന്മനാ ഉണ്ടാകും. അത് മനുഷ്യ സഹജമാണ്. ആ സഹജമായ ജിജ്ഞാസയെ മനുഷ്യരില്‍ വളര്‍ത്തുക, പ്രോത്സാഹിപ്പിക്കുക, നിലനിര്‍ത്തുക എന്ന ദൗത്യം നിര്‍വഹിക്കേണ്ടവരാണ് അധ്യാപകര്‍. മനുഷ്യ മനസ്സിനെ പറ്റിയുള്ള അടിസ്ഥാന വിദ്യാഭ്യാസമെങ്കിലും മനസ്സറിഞ്ഞു നേടിയിട്ടുള്ളവര്‍ ആകണം അധ്യാപകര്‍. പ്രത്യേകിച്ചു പ്രൈമറി വിദ്യാഭ്യാസം നല്‍കുന്ന അധ്യാപകര്‍. കുട്ടികാലത്ത് മനുഷ്യരുടെ മനസ്സില്‍ പതിഞ്ഞു പോകുന്ന ഭയങ്ങള്‍, ട്രോമകള്‍, ദുരനുഭവങ്ങള്‍ മുതലായവ അവരുടെ ജീവിതത്തെ ആകമാനം മാറ്റിമറിക്കുമെന്ന ബോധ്യം രക്ഷിതാക്കള്‍ക്കെന്നോണം അധ്യാപകര്‍ക്കും മുഴുവന്‍ സമൂഹത്തിനും വേണ്ടതുണ്ട്. കുട്ടികള്‍ തെറ്റ് ചെയ്താല്‍ അധ്യാപകരുടെ ഭാഗത്ത് നിന്ന് ശിക്ഷിക്കുക എന്ന രീതിയെക്കാള്‍ നല്ലതും ധാര്‍മ്മികവും ആയ രീതി തെറ്റ് മനസ്സിലാക്കി കൊടുക്കല്‍ ആണ്.
മാര്‍ക്ക് അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളെ തരംതിരിക്കുന്ന അത്രയും പ്രാകൃതമായൊരു രീതി മറ്റൊന്നില്ല. 100% വിജയം എന്ന ടാര്‍ഗറ്റ് സ്വന്തമാക്കാന്‍ വിദ്യാര്‍ഥികളുടെ സകല സ്വാതന്ത്ര്യങ്ങളേയും തടയുന്ന രീതി അവരില്‍ വലിയ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. കാണാപ്പാഠം പഠിച്ച് ഉത്തരക്കടലാസിനൊപ്പം ഉപേക്ഷിക്കുന്ന അറിവ് വിദ്യാര്‍ഥി നേടിയിട്ടെന്ത് കാര്യം? വിദ്യാസമ്പന്നരായ നമ്മുടെ സമൂഹം ഇന്നും കപട വൈദ്യത്തിലും അന്ധവിശ്വാസങ്ങളിലും വാട്‌സ്ആപ്പ് സന്ദേശങ്ങളിലും വീണുപോവുന്നത് അതിന്റെ അടയാളങ്ങളാണ്. വിദ്യാഭ്യാസം കൊണ്ടുണ്ടാവേണ്ടത് അറിവും സമത്വ ബോധവും പൗരബോധവും സാമൂഹിക ബോധവും അന്വേഷണ ത്വരയും വിമര്‍ശനാത്മക ചിന്തയുമൊക്കെയാണ് അല്ലാതെ വെറും മാര്‍ക്കുകളും ഗ്രേഡുകളുമല്ല. ഈ സമ്പ്രദായത്തിന് മാറ്റം വരുത്താന്‍ മുന്‍കൈ എടുക്കേണ്ടത് അധ്യാപകരാണ്.

കൈകൊണ്ട് അക്ഷരങ്ങള്‍ എഴുതി പഠിക്കുന്നതിനൊപ്പം ആധുനിക സാങ്കേതിക വിദ്യകള്‍ കൂടി കുട്ടികളെ പരിശീലിപ്പിക്കേണ്ടതുണ്ട്. വികസിത രാജ്യങ്ങളില്‍ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ അവരുടേതായ രീതികളില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് പഠിക്കുന്നുണ്ട്. ഇതിവിടെയും സാധ്യമാണ്. വീടുകളില്‍ കുട്ടികള്‍ക്ക് ഒരു സയന്‍സ് നിര്‍മ്മിച്ച് നല്‍കി അവരെ ശാസ്ത്രത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിക്കാം. എല്ലാ വിദ്യാര്‍ഥിക്കും വാന നിരീക്ഷണത്തിനായി വേണ്ടുന്ന ബിഗിനര്‍ ലെവല്‍ ടെലിസ്‌കോപ്പ് നല്‍കാം. മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് വ്യക്തിത്വം രൂപീകരിക്കാനും നിലപാടുകള്‍ സൃഷ്ടിക്കാനും പ്രാപ്തമാക്കുന്ന തുറന്ന ചര്‍ച്ചകള്‍ ക്ലാസ് മുറികളില്‍ അധ്യാപകര്‍ നേതൃത്വം നല്‍കി നടത്തേണ്ടതുണ്ട്.
അടിസ്ഥാനപരമായ അതിജീവനത്തിന് വേണ്ട ഡ്രൈവിങ്, നീന്തല്‍, പാചകം, ക്ലീനിങ്, വ്യക്തി ശുചിത്വം, ഇന്ത്യന്‍ ശിക്ഷാ നിയമങ്ങള്‍, ഇന്ത്യന്‍ ഭരണഘടന തുടങ്ങിയവ സിലബസ്സില്‍ വരേണ്ടതുണ്ട്. മനുഷ്യര്‍ക്ക് വേണ്ടുന്ന ബന്ധങ്ങളെ കുറിച്ചുള്ള അറിവും ബന്ധങ്ങളില്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ചുള്ള അറിവും സ്‌കൂള്‍ തലം മുതല്‍ പഠിപ്പിക്കേണ്ടതുണ്ട്. പ്രണയിക്കാന്‍ പഠിക്കേണ്ടതുണ്ട്, സിനിമകളിലെ പ്രണയ സങ്കല്പങ്ങളില്‍ വിശ്വസിക്കുന്ന മനുഷ്യരും, ഒരു റിജക്ഷന്‍ പോലും താങ്ങാന്‍ കഴിയാതെ ആസിഡ് എടുത്ത് 'പ്രണയിച്ച' വ്യക്തിയുടെ മുഖത്തൊഴിക്കാനും, തീ കൊളുത്തി കൊല്ലാനും, ഒന്ന് രണ്ട് റിജക്ഷന്‍ കിട്ടിയാല്‍ ഉടന്‍ ആല്‍ഫ/സിഗ്മ മെയില്‍ ആയി മുഴുവന്‍ സ്ത്രീകളെയും വെറുക്കാന്‍ തുടങ്ങുകയും ചെയ്യുന്ന കൗമാരക്കാരും യുവാക്കളും ഒക്കെ ഉള്ള നാടാണ് ഇത്. തൊപ്പിയെന്ന വിളിപ്പേരുള്ള യൂട്യൂബര്‍ ആയ ചെറുപ്പക്കാരന്‍ സ്ത്രീകളോട് ഇടപഴകാതെ ഉള്‍വലിഞ്ഞത് കണ്ട് 'അയാളൊരു സിഗ്മയാണ്, ഞങ്ങള്‍ക്കത് ഇഷ്ടമാണ് പെണ്‍കുട്ടികളെ അയാള്‍ അവോയ്ഡ് ചെയ്യുന്നു, അതുകൊണ്ടാണ് ഞങ്ങള്‍ക്കയാളെ ഇഷ്ടം' എന്ന് ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടി ഒരു യൂട്യൂബ് ചാനലില്‍ പറയുന്നു. ലിംഗസമത്വം ചര്‍ച്ചചെയ്യുന്ന കാലത്തും കുട്ടികള്‍ എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ തെളിവാണിത്.
പ്രണയത്തിന്റെ ശാസ്ത്രീയമായ രസതന്ത്രം, അതായത് ഹോര്‍മോണ്‍ക്കളുടെയും ന്യൂറോട്രാന്‍സ്മിറ്ററുകളുടെയും ഫലമായി മനസ്സില്‍ പ്രണയത്തിന്റെ തുടക്ക കാലത്ത് ഉണ്ടാകുന്ന ഉന്മാദങ്ങളും വികാരങ്ങളും എന്താണെന്നും ഇത് എക്കാലത്തും അതുപോലെ നിലനില്‍ക്കില്ലെന്നും പെട്ടെന്ന് അടുപ്പം തോന്നാന്‍ ശരീരത്തിന്റെയും തലച്ചോറിന്റെയും വിദ്യായാണിതെന്നും, കാലങ്ങള്‍ എടുത്ത് ഒരാളെ അടുത്തറിഞ്ഞു, കൊള്ളാവുന്ന ആളാണെങ്കില്‍ സ്‌നേഹിച്ച് തുടങ്ങി, പിന്നീട് മറ്റൊരാളോടൊപ്പം അയാളെ കൂടി അംഗീകരിച്ചു കൊണ്ട് പരസ്പരം സഹകരിച്ച് ബഹുമാനത്തോടെ ജീവിക്കാന്‍ പഠിച്ച്, പങ്കാളിക്കൊപ്പം ഉത്തരവാദിത്തോടെ കൂടെ നില്‍ക്കല്‍ ആണ് പ്രണയം എന്ന അറിവ് കുട്ടികള്‍ക്ക് നല്‍കേണ്ടതുണ്ട്. ഒരാള്‍ക്ക് മറ്റൊരാളെ പങ്കാളിയായി വേണോ വേണ്ടയോ എന്ന തീരുമാനം എടുക്കാന്‍ അവകാശം ഉണ്ടെന്നും, ആ അവകാശത്തെ മാനിക്കുന്നതാണ് ശരിയെന്നും അവരെ പഠിപ്പിക്കേണ്ടതുണ്ട്. ആ അറിവിന്റെ കുറവാണ് പ്രണയം നിരസിച്ചതിന് പകരം വീട്ടുന്ന പുതുതലമുറയില്‍ കാണാന്‍ ആകുന്നത്.
വിദ്യാര്‍ഥികളില്‍ അന്തര്‍ലീനമായി നിലകൊള്ളുന്ന സര്‍ഗ്ഗാത്മഗതയെ തിരിച്ചറിയാന്‍ അധ്യാപകര്‍ ശ്രമിക്കണം. അവരവരിലെ സര്‍ഗശേഷികള്‍ പരിപോഷിപ്പിച്ചാല്‍ അതുതന്നെ ഉപജീവനമാക്കാന്‍ ഇന്ന് സാധിക്കും. വിദ്യാഭ്യാസം നല്ല ജോലി നേടാന്‍ എന്ന ധാരണയില്‍ നിന്ന് മികച്ച മനുഷ്യരാവാന്‍ എന്ന നിലയിലേക്ക് മാറ്റി പറയേണ്ടത് പോലെ തന്നെ, നല്ല സമ്പാദ്യത്തിന് വേണ്ടി തൊഴില്‍ എന്ന അഖ്യാനരീതി മാറ്റി സമൂഹത്തിന് നമ്മുടെ കയ്യിലുള്ള അറിവും കഴിവും കൊണ്ട് നമ്മള്‍ നമ്മളാല്‍ കഴിയുന്നത് നല്‍കുമ്പോള്‍ സമൂഹം നമുക്കത്തിന് പ്രതിഫലം തരുന്നു എന്ന നിലയിലൊരു തിരുത്ത് അനിവാര്യമാണ്. അപ്പോഴാണ് പണം സമ്പാദിക്കേണ്ടത് സമൂഹത്തിന് വേണ്ടി നിലകൊണ്ട് കൊണ്ടാണ് എന്ന മൂല്യ ബോധം മനുഷ്യര്‍ക്ക് ഉണ്ടാവുക. ഇത് വിദ്യാഭ്യാസത്തിലൂടെ നല്‍കാന്‍ കഴിയണം.
ഒരു വ്യക്തിയും ചെറുതല്ലെന്നും ആഫ്രിക്കയില്‍നിന്ന് നടന്ന് പുറത്തെത്തിയ മനുഷ്യരുടെ തലമുറകളാണ് നമ്മളെന്നും അവരില്‍ തുടങ്ങിയ അറിവിന്റെ വലിയ ശേഖരണിയില്‍ ഭാഗമായിക്കൊണ്ടേയിരിക്കുന്ന പുത്തന്‍ അറിവുകളുടെ പ്രചാരകരും അതേസമയം, വിദ്യാര്‍ഥികളും ആണ് തങ്ങളെന്നും ഭാവി തലമുറയെ വാര്‍ത്തെടുക്കുന്ന വലിയ പ്രക്രിയയില്‍ ഉത്തരവാദിത്ത ബോധത്തോടെ പങ്കെടുക്കേണ്ടവരാണെന്നും മനസ്സിലാക്കിയ അധ്യാപകരും അവരിലൂടെ ആധുനിക മാനുഷിക മൂല്യങ്ങള്‍ നേടി അവരോളം പ്രബുദ്ധരായ വിദ്യാര്‍ത്ഥികളും ഉള്ളൊരു ലോകത്തെ ഇന്നീ അധ്യാപക ദിനത്തില്‍ നമുക്ക് കിനാക്കാണാം.
Content Highlights: Teachers' day 2023; What makes a good teacher?
Published: 05 Sept 2023, 03:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented