പ്ലസ് ടുവിന് ശേഷം ഉപരിപഠനത്തിന് ഏത് കോഴ്‌സ് എന്നതിനെക്കുറിച്ച് തീരുമാനമെടുക്കേണ്ട സമയമാണിത്. നിരവധി കോഴ്സുകളുടെ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറങ്ങി വരുന്നു.  വിദ്യാര്‍ഥികള്‍ അവരുടെ താത്പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം, പഠിക്കാനുള്ള കഴിവ്, പഠിക്കാനുദ്ദേശിക്കുന്ന കോഴ്‌സിന്റെ പ്രസക്തി, പഠിതാവിന്റെ പ്രാപ്തി, ഫീസ് ഘടന, ഉപരിപഠന -തൊഴില്‍ സാധ്യതകള്‍ എന്നിവ വിലയിരുത്തി കോഴ്‌സുകള്‍ തിരഞ്ഞെടുക്കണം. താത്പര്യമുള്ള വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. വിദ്യാര്‍ഥികളുടെ താത്പര്യം മനസ്സിലാക്കി രക്ഷിതാക്കളും, അധ്യാപകരും മികച്ച തീരുമാനമെടുക്കാന്‍ സഹായിക്കണം. ഒരിക്കലും രക്ഷിതാക്കളുടെ താത്പര്യം വിദ്യാര്‍ഥിയുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്.

To advertise here,

എന്‍ജിനീയറിങ്, ഡിസൈന്‍, മെഡിക്കല്‍, ഡെന്റല്‍, അഗ്രികള്‍ച്ചര്‍, വെറ്ററിനറി സയന്‍സ്, ആര്‍ക്കിടെക്ച്ചര്‍ എന്‍ജിനീയറിങ്, പ്ലാനിങ്, ബയോടെക്‌നോളജി, ഫുഡ് ടെക്‌നോളജി, ഇന്റഗ്രേറ്റഡ് നിയമം, മാനേജ്മന്റ്, കംപ്യൂട്ടര്‍ സയന്‍സ്, മെഷീന്‍ ലേണിങ്, ഓട്ടോമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ സയന്‍സ്, ഓട്ടോമേഷന്‍, മോളിക്യുലാര്‍ ബയോളജി, ഹ്യൂമാനിറ്റീസ്, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ബയോളജി കോഴ്‌സുകള്‍, അക്കൗണ്ടിങ്, ബിസിനസ്സ് സ്റ്റഡീസ്  തുടങ്ങി നിരവധി കോഴ്‌സുകളുണ്ട്. എന്‍ജിനീയറിങ് കോഴ്‌സുകള്‍ നിരവധി തലങ്ങളിലുണ്ട്. ദേശീയ തലത്തില്‍ ഐഐടി, ഐഐഐടി, എന്‍ഐടി, ഐസാറ്റ് തുടങ്ങി നിരവധി സ്ഥാപനങ്ങളുണ്ട്.

എന്‍ജിനീയറിങ് പ്രവേശനം

ദേശീയ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മെയിന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് നടത്തുന്നത്.  വര്‍ഷത്തില്‍ രണ്ട് തവണയായി ജനുവരിയിലും, ഏപ്രിലിലും പരീക്ഷ നടത്തും. ആദ്യ പരീക്ഷ ജനുവരി 24-നും  ഫെബ്രുവരി ഒന്നിനും ഇടയിലാണ്. രാജ്യത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, 100 ഓളം ദേശീയ സാങ്കേതിക വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ബി.ടെക് ബിരുദ പ്രവേശനത്തിനും, ഇന്റഗ്രേറ്റഡ് ബിരുദാനന്തര പ്രവേശനത്തിനും ജെഇഇ മെയിന്‍ സ്‌കോര്‍ വേണം. ജെഇഇ മെയിന്‍ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് ഐഐടി യിലേക്കുള്ള പ്രവേശനത്തിനുള്ള ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയ്ക്ക് യോഗ്യത നേടുന്നത്. എന്‍ജിനീയറിങ്, ആര്‍കിടെക്ചര്‍, പ്ലാനിങ് ബിരുദ പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം. എന്‍ജിനീയറിങ്, ബിരുദ കോഴ്‌സിന് വേണ്ടി ജെഇഇ മെയ്നിന് അപേക്ഷിക്കാന്‍ പ്ലസ് ടു തലത്തില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി/ബയോടെക്‌നോളജി/ബയോളജി/ടെക്നിക്കല്‍വൊക്കേഷണല്‍ കോഴ്‌സുകള്‍ പഠിച്ചിരിക്കണം. ബി ആര്‍ക്കിനു മാത്തമാറ്റിക്സ്, ഫിസിക്‌സ്, കെമിസ്ട്രി പഠിച്ചിരിക്കണം. ബി പ്ലാനിങ്ങിനും മാത്തമാറ്റിക്സ് നിര്‍ബന്ധമാണ്. പ്ലസ് ടു അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.  

പരീക്ഷയ്ക്ക് മൂന്ന് മണിക്കൂര്‍ കാലയളവിലുള്ള രണ്ട്  പേപ്പറുകളുണ്ടാകും. പേപ്പര്‍ ഒന്ന് സെക്ഷന്‍ എ-യില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയില്‍ നിന്നായി ഓരോവിഷയത്തിനും 20  വീതം മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളുണ്ടാകും. സെക്ഷന്‍ ബി-യില്‍ ഓരോ വിഷയത്തില്‍ നിന്നും 10 വീതം ന്യൂമെറിക്കല്‍ ഉത്തരം നല്‍കേണ്ട ചോദ്യങ്ങളുണ്ടാകും. ഇതില്‍ നിന്നും അഞ്ചെണ്ണം വീതം എഴുതിയാല്‍ മതിയാകും. പേപ്പര്‍ രണ്ടില്‍ എ പാര്‍ട്ടില്‍ ആര്‍കിടെക്ചര്‍, ബി പാര്‍ട്ടില്‍ ബി പ്ലാനിങ് എന്നിവയ്ക്കാണ്. ഇവയ്ക്ക് ഓരോന്നിനും പാര്‍ട്ട് ഒന്ന് മാത്തമാറ്റിക്സ്, പാര്‍ട്ട് രണ്ട് അഭിരുചി പരീക്ഷയുണ്ടാകും. പാര്‍ട്ട് മൂന്നില്‍ ആര്‍ക്കിടെക്ടച്ചറിനു കമ്പ്യൂട്ടര്‍ അധിഷ്ഠിത ഡ്രായിങ് ടെസ്റ്റും, പ്ലാനിങ്ങിനു പ്ലാനിങ്  അധിഷ്ഠിത 25 ചോദ്യങ്ങളുമുണ്ടാകും.

ഇംഗ്ലീഷ്, ഹിന്ദി, 11 പ്രാദേശിക ഭാഷകളില്‍ ചോദ്യങ്ങളുണ്ടാകും. അപേക്ഷിക്കാന്‍ പ്രായപരിധിയില്ല. അപേക്ഷകര്‍ക്ക് താത്പര്യമനുസരിച് രണ്ടു സെഷനുകളിലേക്കും അപേക്ഷിക്കാം. ജനുവരിയിലേക്കുള്ള അപേക്ഷ നവംബര്‍ 30 വരെ സമര്‍പ്പിക്കാം. രണ്ടാമത്തെ സെഷനിലേക്കുള്ള പരീക്ഷ ഏപ്രില്‍ ഒന്നു മുതല്‍ 15 വരെയാണ്. 2024 മാര്‍ച്ച് രണ്ടുവരെ അപേക്ഷിക്കാം. കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും, ഓണ്‍ലൈന്‍ അപേക്ഷിക്കാനും www.jeemain.nta.nic.in സന്ദര്‍ശിക്കുക.    

സംസ്ഥാന തലത്തില്‍ സ്റ്റേറ്റ് എന്‍ജിനീയറിങ്, കോളേജുകളുണ്ട്. കൂടാതെ ഡീംഡ്, സ്വകാര്യ 
എന്‍ജിനീയറിങ് കോളേജുകളുണ്ട്.  കേരളത്തില്‍ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന കീംഎന്‍ജിനിയറിങ്‌് പ്രവേശന പരീക്ഷ, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ സാറ്റ് പരീക്ഷ, വിഐടി, അമൃത, എസ്ആര്‍എം എന്‍ജിനീയറിങ് തുടങ്ങി  നിരവധി പ്രവേശന പ്രവേശന പരീക്ഷകളുണ്ട്. ഈ വര്‍ഷം കീം പ്രവേശന പരീക്ഷ ഓണ്‍ലൈനാകാന്‍ സാധ്യതയുണ്ട്.

ഫിസിക്‌സ്, മാത്തമാറ്റിക്സ് എന്നിവയില്‍ താത്പര്യമുള്ളവര്‍ മാത്രമേ എന്‍ജിനീയറിങ്, കോഴ്‌സുകള്‍ തെരെഞ്ഞെടുക്കാവൂ. എന്‍ജിനീയറിങ്ങില്‍ നിരവധി ബ്രാഞ്ചുകളുണ്ട്. എനര്‍ജി, ഡാറ്റ എന്‍ജിനീയറിങ്, എന്‍വയോണ്‍മെന്റല്‍, ഫുഡ് എന്‍ജിനീയറിങ് , ഫുഡ് ടെക്‌നോളജി, നുക്ലീയര്‍ എന്‍ജിനീയറിങ്, നാനോ എന്‍ജിനീയറിങ്, സൈബര്‍ സെക്യൂരിറ്റി,  എ ഐ , ബിഗ് ഡാറ്റ അനലിറ്റിക്‌സ്, ഹൈബ്രിഡ് എന്‍ജിനീയറിങ്, ഓട്ടോമൊബൈല്‍/ഇലക്ട്രിക്ക് വെഹിക്കിള്‍ ടെക്‌നോളജി  തുടങ്ങി നിരവധി കോഴ്‌സുകളുണ്ട്.   

നീറ്റ് പരീക്ഷ

മെഡിക്കല്‍, ഡെന്റല്‍, കാര്‍ഷിക, വെറ്ററിനറി, ആയുര്‍വേദ , ഹോമിയോ , സിദ്ധ , ഫിഷറീസ്, യുനാനി, ബയോടെക്‌നോളജി, കാലാവസ്ഥാപഠനം എന്നിവയ്ക്ക് നീറ്റ് പരീക്ഷ സ്‌കോറുകള്‍ വേണം. 2024 മെയ് അഞ്ചിനാണ് അടുത്ത നീറ്റ് പരീക്ഷ. നീറ്റ് പരീക്ഷഎഴുതാന്‍ പ്ലസ് ടു തലത്തില്‍ ബയോളജിയോ, ബയോടെക്‌നോളോജിയോ പഠിച്ചിരിക്കണം.  

ഡിസൈന്‍ കോഴ്‌സുകള്‍ 

ഡിസൈന്‍ കോഴ്‌സുകളായ ബി ഡെസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍, ഐ ഐ ടി കള്‍ എന്നിവ നടത്തുന്നു. ഐഐടി കള്‍ നടത്തുന്ന നാലു വര്‍ഷ ബാച്ലര്‍ ഓഫ് ഡിസൈന്‍ -ബി ഡെസ് കോഴ്സിന് UCEED2024 പ്രവേശന പരീക്ഷയുണ്ട്. ഫാഷന്‍ ഡിസൈന്‍, ഗ്രാഫിക് ഡിസൈന്‍, കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍, ഗെയിം ഡിസൈന്‍, പ്രോഡക്ട് ഡിസൈന്‍ തുടങ്ങി നിരവധി പ്രോഗ്രാമുകളുണ്ട്. ഏറെ തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകളാണിത്.  ഈ വര്‍ഷം ഐഐടി മുംബൈയാണ് പരീക്ഷ നടത്തുന്നത്. ഐ ഐ ടി മുംബൈ, ഡല്‍ഹി,ഹൈദരാബാദ്, ഗുവാഹത്തി, ജബല്‍പൂര്‍  അടക്കമുള്ള സ്ഥാപനങ്ങളില്‍ ബി ഡിസൈന് അഡ്മിഷന്‍ ലഭിക്കും.2024 ജനുവരി 21 നാണ് പരീക്ഷ.

നിയമ പ്രോഗ്രാമുകള്‍

നിയമ പ്രോഗ്രാമുകള്‍ക്ക് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയുടെ CLAT പരീക്ഷയുണ്ട്. കൂടാതെ ബിറ്റ്സ് പിലാനി, സിംബയോസിസ്, ശാസ്ത്ര, ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റിയുടെ ഇന്റഗ്രേറ്റഡ് നിയമ ബിരുദ പ്രോഗ്രാമുകളുണ്ട്. ബിറ്റ്സ് പിലാനിയുടെ കീഴില്‍ മുംബൈയിലുള്ള ബിറ്റ്സ് ലോ സ്‌കൂള്‍ ഇന്റഗ്രേറ്റഡ് ബിരുദ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് വര്‍ഷ ബി എ എല്‍ എല്‍ ബി, ബി ബി എ എല്‍ എല്‍ ബി ഓണേഴ്സ് പ്രോഗ്രാമുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ബിറ്റ്സ് ലോ അഡ്മിഷന്‍ ടെസ്റ്റ്/CLAT/ LSAT സ്‌കോറുകള്‍ അഡ്മിഷനുവേണ്ടി പരിഗണിക്കും. ടെസ്റ്റ് സ്‌കോറുകള്‍, അക്കാഡമിക് മികവ്,ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ  എന്നിവയുടെ അടിസ്ഥാനത്തിലാണ് ഫൈനല്‍ സെലക്ഷന്‍. www.bitslawshool.edu.in.   ഡിസംബര്‍ മൂന്നിന് നടക്കുന്ന ദേശീയ നിയമ സര്‍വ്വകലാശാലകളിലേക്കുള്ള ബിരുദ, ബിരുദാനന്തര  പ്രവേശന പരീക്ഷയായ  CLAT പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് ഇപ്പോള്‍ ഡൌണ്‍ലോഡ് ചെയ്‌തെടുക്കാം. www.consortiumofnlus.ac.in

തീര്‍ന്നില്ല..ഇനിയുമുണ്ട്

കേന്ദ്ര സര്‍വകലാശാലകളടക്കം നൂറോളം കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് പരീക്ഷ എഴുതണം. നഴ്‌സിങ്ങിന് ഈ വര്ഷം പ്രത്യേക പ്രവേശന പരീക്ഷയുണ്ടാകും. ബി ഫാമിന് കീമിന്റെ ഫിസിക്‌സ്, കെമിസ്ട്രി പരീക്ഷയെഴുതണം.  ദേശീയ തലത്തിലുള്ള ഐസര്‍, നൈസര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്  എന്നിവയിലേക്കുള്ള ഇന്റഗ്രേറ്റഡ് സയന്‍സ് പ്രോഗ്രാമിന് പ്രത്യേക അഭിരുചി പരീക്ഷകളുണ്ട്. ജെഇഇ അഡ്വാന്‍സ്ഡ്, നീറ്റ് ഉയര്‍ന്ന സ്‌കോറുണ്ടെങ്കിലും പ്രവേശനം നേടാം. പാരാമെഡിക്കല്‍ , ബിരുദ കോഴ്‌സുകള്‍ക്ക് കേരളത്തില്‍ പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍.

പ്ലസ് ടു വിനു പഠിക്കുമ്പോള്‍ വിദേശപഠനത്തിനു തയ്യാറെടുക്കാം

അടുത്തകാലത്തായി പ്ലസ്ടു വിനുശേഷം വിദേശത്ത് പഠിക്കാനാഗ്രഹിക്കുന്ന  എണ്ണം വര്‍ധിച്ചു വരുന്നു. എന്നാല്‍ വിദേശപഠനത്തിന് വ്യക്തമായ പ്ലാനിംഗ് ആവശ്യമാണ്. 11 ആം ക്ലാസ്സു   ഇതിനുള്ള തയ്യാറെടുപ്പ് തുടങ്ങണം. പ്ലസ് ടു വിനു ശേഷം വിദ്യാര്‍ഥികള്‍ വിദേശ സര്‍വകലാശാലകളിലെ അണ്ടര്‍ഗ്രാജുവേറ്റ് പ്രോഗ്രാമിനാണ് ചേരുന്നത്. ഇതിനായി പത്താം  ക്ലാസ്സിലെ മാര്‍ക്ക്, 11 ലെ പഠന നിലവാരം, ടെസ്റ്റ് സ്‌കോറുകള്‍ അതായത് SAT, TOEFL/ IELTS എന്നിവ വിലയിരുത്തും.  പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ SAT പരീക്ഷയും, ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയും എഴുതിയാല്‍ 12 ആം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വിദേശ സര്‍വ്വകലാശാലകളിലേക്കു അപേക്ഷിക്കാം. പ്ലസ് ടു ബോര്‍ഡ് പരീക്ഷയ്ക്ക് മുമ്പ് അഡ്മിഷന്‍ ലഭിക്കും. ഈ കാലയളവില്‍ സ്‌കോളര്‍ഷിപ്, അസിസ്റ്റണ്ട്ഷിപ്, പാര്‍ടൈം തൊഴില്‍ എന്നിവയ്ക്കായി ശ്രമിക്കാം. പ്ലസ് ടു കഴിഞ്ഞു വിദേശ പഠനത്തിന് തയ്യാറെടുക്കുമ്പോള്‍ ഒരു വര്ഷം നഷ്ടപ്പെടാനിടവരും. താല്പര്യമുള്ള രാജ്യം, കോഴ്‌സുകള്‍ എന്നിവയെക്കുറിച് വ്യക്തമായ ധാരണ വേണം. www.sat.org

പ്രവേശന പരീക്ഷയ്ക്ക്  സാഥീ പോര്‍ട്ടല്‍

പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഭ്യാസ വകുപ്പ് സാഥീ (SATHEE) - എന്ന ഓണ്‍ലൈന്‍ ലേര്‍ണിംഗ് പോര്‍ട്ടല്‍ പുറത്തിറക്കിയീട്ടുണ്ട്. SATHEE എന്നാല്‍ Self-assessment test and help for entrance examinations. കോച്ചിങ്ങിനു പോകാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ലേര്‍ണിംഗ് പോര്‍ട്ടലാണിത്. ഐ ഐ ടി കാണ്‍പൂര്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി ചേര്‍ന്നാണ് പോര്‍ട്ടല്‍ പുറത്തിറക്കിയിരിക്കുന്നത്. ജെ ഇ ഇ, നീറ്റ് പരീക്ഷകള്‍ക്കും മറ്റ്എന്‍ജിനിയറിങ്‌് പ്രവേശന പരീക്ഷകള്‍ക്കും തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍, വീഡിയോ ക്ലാസുകള്‍ ഇതിലൂടെ ലഭിക്കും. നിരവധി മോഡല്‍ പരീക്ഷകളും ഇതിലുണ്ടാകും. ഐ ഐ ടി, എയിംസ് എന്നിവയിലെ വിദഗ്ദര്‍ ക്ളാസ്സുകളെടുക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് പോര്‍ട്ടല്‍ പുറത്തിറക്കിയിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്യാന്‍ www.sathee.prutor.ai സന്ദര്‍ശിക്കുക.

(ബെംഗളൂരു ട്രാൻസ്‌ഡിസിപ്ലിനറി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് & ടെക്നോളജിയിൽ പ്രൊഫസർ ആണ് ലേഖകൻ)