പരീക്ഷാഹാളില്‍ ചോദ്യപ്പേപ്പറിനൊപ്പം പാഠപുസ്തകം കൂടി തന്ന് 'ഇത് നോക്കി എഴുതിക്കോളൂ' എന്ന് അധ്യാപകര്‍ പറയുന്ന രംഗമായിരിക്കും എം.ജി സര്‍വകലാശാല ഓപ്പണ്‍ ബുക്ക് പരീക്ഷ നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ പലരും മനസില്‍ കണ്ടിരിക്കുക. അടുത്ത അധ്യയന വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദം നടപ്പാക്കുന്നതോടെ ഇന്റേണല്‍ പരീക്ഷകള്‍ പുസ്തകം നോക്കി എഴുതുന്ന മാതൃകയിലാകുമെന്നാണ് സര്‍വകലാശാല അറിയിച്ചിരിക്കുന്നത്. കേരളത്തിന് അത്ര പരിചിതമല്ലെങ്കിലും ദേശീയ രാജ്യാന്തര തലത്തിലെ നിരവധി സര്‍വകലാശാലകളിലും കോളേജുകളിലും ഇന്ന് ഓപ്പണ്‍ ബുക്ക് പരീക്ഷാ രീതി നിലവിലുണ്ട്. ഡല്‍ഹി, പോണ്ടിച്ചേരി, ജാമിയ മില്ലിയ, ബനാറസ്, അണ്ണാ, ഗുവാഹട്ടി സര്‍വകലാശാലകളും നാഷണല്‍ ലോ സ്‌കൂളുമെല്ലാം ഓപ്പണ്‍ ബുക്ക് പരീക്ഷ നടത്തിയവരില്‍ ഉള്‍പ്പെടുന്നു
To advertise here,
പാഠപുസ്തകം തുറന്നുവെച്ച് വെറുതേ ഉത്തരം പകര്‍ത്തുന്നതല്ല ഓപ്പണ്‍ ബുക്ക് പരീക്ഷ. ക്ലാസ് മുറിയില്‍ നിന്നും പാഠപുസ്തകത്തില്‍ നിന്നും നിങ്ങള്‍ ആര്‍ജിച്ച അറിവിന്റെ അളവുകോലാണത്. കേവലം ഏതെങ്കിലും ഒരു പേജില്‍ നിന്ന് അതേപടി പകര്‍ത്തി എഴുതാന്‍ പാകത്തിനുള്ള ചോദ്യമോ ഉത്തരമോ ഇവിടെ പ്രതീക്ഷിക്കരുത്. വിശകലന രീതിയില്‍ പല ഭാഗങ്ങളില്‍ നിന്നായി പാഠഭാഗങ്ങള്‍ റഫര്‍ ചെയ്ത് ഉത്തരങ്ങളില്‍ അവ പ്രയോഗിക്കുന്നതാണ് വാസ്തവത്തില്‍ ഓപ്പണ്‍ബുക്ക് പരീക്ഷ. അതായത് ഏതെങ്കിലുമൊരു പാഠപുസ്തകം കാണാപ്പാഠം പഠിച്ചാല്‍ പോലും കാര്യമില്ലെന്ന് സാരം. മുന്‍പ് പരീക്ഷയ്ക്ക് ആവശ്യമായ പാഠഭാഗങ്ങള്‍ പഠിച്ച് ആ ചോദ്യങ്ങള്‍ക്കുത്തരം നല്‍കിയാല്‍ മതിയെങ്കില്‍ ഓപ്പണ്‍ ബുക്ക് പരീക്ഷയ്ക്ക് ആ വിഷയം അരച്ച് കലക്കി കുടിക്കേണ്ടി വരും.
പരീക്ഷയ്ക്ക് ക്ലാസ് നോട്ടുകള്‍, പാഠപുസ്തകങ്ങള്‍ അല്ലെങ്കില്‍ മറ്റ് അംഗീകൃത മെറ്റീരിയലുകള്‍ എന്നിവ റഫര്‍ ചെയ്ത് ഉത്തരമെഴുതാന്‍ അനുവദിക്കുന്ന രീതിയാണ് ഓപ്പണ്‍ ബുക്ക് പരീക്ഷ. കാമ്പസിലോ (പേപ്പര്‍ അടിസ്ഥാനത്തിലോ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായോ) ഓണ്‍ലൈനിലോ (വീട്ടില്‍ നിന്ന് എഴുതാം) ഓപ്പണ്‍-ബുക്ക് പരീക്ഷകള്‍ നടത്താം. ഒന്നോ രണ്ടോ ദിവസമെടുത്ത് എഴുതേണ്ട ഓപ്പണ്‍ ബുക്ക് പരീക്ഷകളും ഇന്ന് നിലവിലുണ്ട്. പഠനം ഉപരിപ്ലവമാകാതെ പ്രയോഗത്തിന് കൂടി പ്രാധാന്യം നല്‍കുക എന്ന ലക്ഷ്യമാണ് ഓപ്പണ്‍ പരീക്ഷയ്ക്ക് പിന്നില്‍.
കാണാപ്പാഠം പഠിച്ചാല്‍ നോ രക്ഷ
വിദ്യാര്‍ഥികള്‍ക്ക് അവരുടെ പാഠപുസ്തകങ്ങള്‍, ക്ലാസ് നോട്ടുകള്‍, മറ്റ് പഠന സാമഗ്രികള്‍ എന്നിവ പരീക്ഷാ സമയത്ത് ഉപയോഗിക്കാം. ചോദ്യങ്ങൾ ഒരിക്കലും നേരിട്ടുള്ളവയായിരിക്കില്ല എന്നതാണ് ഓപ്പണ്‍ ബുക്ക് പരീക്ഷയുടെ ഏറ്റവും വലിയ പ്രത്യേകത. നിങ്ങള്‍ക്ക് വിഷയത്തില്‍ എത്രമാത്രം അറിവുണ്ട്, എത്രത്തോളം ആ വിഷയം മനസിലാക്കിയിട്ടുണ്ട് എന്ന് കൃത്യമായി അളക്കപ്പെടും. ചുരുക്കത്തില്‍ കാണാപ്പാഠം എന്നതിനപ്പുറം ആ അറിവ് നിങ്ങളെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്നും അത് നിങ്ങള്‍ എങ്ങനെ മനസിലാക്കി എന്നുമാണ് ചോദ്യകര്‍ത്താവ് നിരീക്ഷിക്കുക. പഠിച്ചത് പ്രായോഗിക രീതിയില്‍ ഉപയോഗിക്കാന്‍ വിദ്യാര്‍ഥിക്ക് കഴിവുണ്ടോ എന്നതും ഇവിടെ കൃത്യമായി വിലയിരുത്തപ്പെടും. വിദ്യാര്‍ഥിക്ക് ഭാവിയിൽ ഇത് ഏറെ ഗുണം ചെയ്യും. പാഠഭാഗങ്ങള്‍ നന്നായി മനസിലാക്കി റഫര്‍ ചെയ്യാവുന്ന രീതിയില്‍ കുറിപ്പുകള്‍ സൂക്ഷിക്കുന്നവര്‍ക്ക് ഓപ്പണ്‍ ബുക്ക് പരീക്ഷ അല്‍പം കൂടി ഗുണകരമാകും. കാണാപ്പാഠം പോലെ തന്നെ പുസ്തകങ്ങളുമായി യാതൊരു ബന്ധവുമില്ലാതെ ഒരു ഭാഗ്യപരീക്ഷണം നടത്തിക്കളയാമെന്ന ധാരണയില്‍ പരീക്ഷാ ഹാളിലെത്തുന്നവര്‍ക്കും പരീക്ഷ അത്ര സുഖകരമായിരിക്കില്ല. പാഠപുസ്തകങ്ങളുമായി നിരന്തര ബന്ധമുള്ള ഒരു വിദ്യാര്‍ഥിക്കേ ഓപ്പണ്‍ബുക്ക് പരീക്ഷയില്‍ മികച്ച പ്രകടനം നടത്താനാകൂ. വിഷയത്തെക്കുറിച്ച് വിദ്യാര്‍ഥികളുടെ ആശയങ്ങള്‍ വ്യക്തമല്ലെങ്കില്‍ കേസ് സ്റ്റഡി അടിസ്ഥാനമാക്കിയുള്ളതും ക്രിയാത്മകവുമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക എന്നത് പ്രയാസകരമാകും.
ടൈം മാനേജ്‌മെന്റ് പ്രധാനം
ഓപ്പണ്‍ ബുക്ക് പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും വലിയ പ്രതിസന്ധി കൃത്യമായ സമയം പാലിക്കുക എന്നതാണ്. ഒരു പ്രത്യേക ഭാഗത്ത് നിന്നോ പുസ്തകത്തില്‍ നിന്നോ ചോദ്യങ്ങള്‍ ഇല്ലാത്തതിനാല്‍ ലഭിച്ച വിവരങ്ങള്‍ കൃത്യമായി അടുക്കിപ്പെറുക്കാന്‍ വിദ്യാര്‍ഥിക്ക് കഴിഞ്ഞില്ലെങ്കില്‍ സമയം പ്രശ്‌നമാകും. പരന്ന വായന വേണമെന്ന് സാരം. ആവശ്യത്തിന് റഫറന്‍സ് കൈയില്‍ കരുതുന്ന ഒരു വിദ്യാര്‍ഥിയെ സംബന്ധിച്ച് പരീക്ഷാസമ്മര്‍ദം അല്‍പം കുറയ്ക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. ഡാറ്റയെ എങ്ങനെ കുറഞ്ഞ സമയത്തിനുള്ളില്‍ സമഗ്രമായി സംയോജിപ്പിക്കാമെന്നത് വിദ്യാര്‍ഥികളെ സംബന്ധിച്ച് വെല്ലുവിളിയാകും. സാധാരണ എഴുത്ത് പരീക്ഷയില്‍ ഓര്‍മയാണ് പരീക്ഷിക്കപ്പെടുന്നതെങ്കില്‍ ഓപ്പണ്‍ ബുക്ക് പരീക്ഷയില്‍ നാം ആര്‍ജിച്ച അറിവാണ് വിലയിരുത്തപ്പെടുക.
അധ്യാപകര്‍ക്ക് കടുപ്പമേറും
കൃത്യമായ ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും അല്ലാത്തതിനാല്‍ തന്നെ അധ്യാപകര്‍ക്ക് പരീക്ഷാ മൂല്യനിര്‍ണയം അത്ര എളുപ്പമായിരിക്കില്ല. ഉത്തരസൂചിക വെച്ച് പോലും ചിലപ്പോള്‍ മൂല്യനിര്‍ണയം സാധിക്കില്ല. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ വിശകലനരീതി ആയതിനാല്‍ തന്നെ സിലബസിന്റെ മുക്കും മൂലയും ചോദ്യക്കടലാസില്‍ ഉള്‍പ്പെടുത്തുക എന്നതും ചോദ്യങ്ങള്‍ നിര്‍മിക്കുക എന്നതും അധ്യാപകര്‍ക്ക് അല്‍പം ശ്രമകരമായ ജോലിയായിരിക്കും എന്നും വിലയിരുത്തലുകളുണ്ട്. വെറുതെ ഏതെങ്കിലും ചോദ്യങ്ങള്‍ ചോദിക്കുക എന്നതിനപ്പുറം പ്രായോഗികതയിലൂന്നിയായിരിക്കണം ചോദ്യം ഫ്രെയിം ചെയ്യേണ്ടത്. വിദ്യാര്‍ഥിയുടെ കാര്യക്ഷമതയെയും ബുദ്ധിവൈഭവവും അളക്കപ്പെടുന്നതിനാല്‍ തന്നെ ഏകീകൃത മാനദണ്ഡം മാര്‍ക്കിടലിനായി പരിഗണിക്കുന്നതും ശ്രമകരമാണ്. അധ്യാപന ശൈലിയില്‍ മാത്രമല്ല പരീക്ഷാ നടത്തിപ്പിലും അധ്യാപകര്‍ മാറ്റം കൊണ്ടുവരേണ്ടതായുണ്ട്. കൃത്യമായ മൂല്യനിര്‍ണയ മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തുക എന്നതും സുപ്രധാനമാണ്.
പഠനത്തിന്റെ പുതിയ തലങ്ങള്‍
ഒരു വിഷയം എത്രമാത്രം ഗ്രഹിച്ചു എന്ന് വിലയിരുത്തുമ്പോള്‍ പഠനത്തിന്റെ മറ്റൊരു തലം കൂടിയാണ് വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ തുറക്കപ്പെടുന്നത്. ഉയര്‍ന്ന നിലവാരത്തിലുള്ള പരീക്ഷകളിലൂടെ വിദ്യാര്‍ഥികളുടെ നിലവാരവും ഉയരും. വെറുതേ എന്തെങ്കിലും പഠിക്കുക എന്നതിനപ്പുറം വിഷയം ഉള്‍ക്കൊണ്ട് പഠിക്കാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാവും. കോപ്പിയടി പോലുള്ള കള്ളത്തരങ്ങള്‍ക്ക് സ്‌കോപ്പില്ലെന്നതും ഓപ്പണ്‍ ബുക്ക് പരീക്ഷയുടെ പ്രത്യേകതയാണ്. വിദ്യാര്‍ഥികളില്‍ വിമര്‍ശനാത്മക ചിന്തയും വിശകലന കഴിവുകളും വര്‍ധിപ്പിക്കാന്‍ ഓപ്പണ്‍ബുക്ക് പരീക്ഷകള്‍ സഹായകമാണ്. ചുരുക്കത്തില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പഠനനിലവാരമുയര്‍ത്താനുള്ള അവസരമാണിത്. മാര്‍ക്കിനായി പഠിക്കുന്നതിനപ്പുറം വിവിധ അക്കാദമിക് കഴിവുകളുള്ള വിദ്യാര്‍ഥികള്‍ക്ക് ഓപ്പണ്‍ ബുക്ക് പരീക്ഷകളില്‍ നിന്ന് പ്രയോജനം നേടാം. വിദ്യാര്‍ഥികളില്‍ നൈപുണ്യശേഷി വളര്‍ത്താനും ഈ രീതിക്ക് കഴിയും. ക്ലാസില്‍ പഠിച്ച കാര്യങ്ങള്‍ യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങളിലേക്ക് പ്രയോഗിക്കാനുള്ള ശേഷിയും വിദ്യാര്‍ഥി ആര്‍ജിക്കും. ചോദ്യങ്ങള്‍ സ്വയം ചോദിച്ചും ഉത്തരങ്ങള്‍ കണ്ടെത്തിയും പഠനം വിശകലനാത്മകമാക്കുമ്പോഴാണ് ഓപ്പണ്‍ബുക്ക് പരീക്ഷാരീതി വിജയകരമാവുക.
"ഓര്‍മ്മശക്തി അളക്കുന്ന സാധാരണ പരീക്ഷാരീതി അശാസ്ത്രീയമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഓപ്പണ്‍ബുക്ക് പരീക്ഷ പോലെ ക്രിയാത്മകമായ രീതികള്‍ അവലംബിക്കേണ്ടത് അത്യാവശ്യമാണ്. പുതിയ പരീക്ഷണമായതുകൊണ്ട് തന്നെ ഓപ്പണ്‍ബുക്ക് പരീക്ഷാ രീതിയെ വിമര്‍ശനബുദ്ധ്യാ കാണുന്നവരുണ്ടാകാം. പക്ഷേ, ലോകത്തിന്റെ പലഭാഗങ്ങളിലും ഇത് ഫലപ്രദമായി നടത്തുന്നു. വിദ്യാര്‍ഥികള്‍ അറിവിനെ എങ്ങനെ അപഗ്രഥിക്കുന്നു എന്നാണിവിടെ പരിശോധിക്കപ്പെടുന്നത്. പക്ഷേ, കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ പരിശീലനവും അവബോധവും നല്‍കാതെ ഓപ്പണ്‍ബുക്ക് പരീക്ഷാരീതി പരീക്ഷിക്കുന്നത് ഫലവത്താവില്ല. ചോദ്യങ്ങളെ വൈയക്തികവത്കരിക്കാനും, അവയുടെ രീതിശാസ്ത്രം മാറ്റാനും സാധിക്കുന്ന അധ്യാപകര്‍ക്കായിരിക്കും ഓപ്പണ്‍ബുക്ക് പരീക്ഷാ രീതി ഫലവത്തായി പ്രയോജനപ്പെടുത്താന്‍ സാധിക്കുക. ഈ രീതി അത്ര പരിചിതമല്ലാത്ത അധ്യാപകരാണ് ചോദ്യങ്ങളിടുന്നതെങ്കില്‍ പക്ഷേ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഓരോ വ്യക്തിയും വ്യത്യസ്ത രീതിയിലാണ് പരീക്ഷ എഴുതുക എന്നതുകൊണ്ട് ഉത്തരങ്ങളില്‍ പൊതുതാരതമ്യ അവലോകനം സാധ്യമല്ല. ചോദ്യോത്തരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അധ്യാപകര്‍ക്ക് തീവ്രമായ പരിശീലനം നല്‍കേണ്ടതുണ്ട്. തുടക്കത്തില്‍ പല പ്രശ്‌നങ്ങളുണ്ടായേക്കാമെങ്കിലും വിദ്യാഭ്യാസമേഖലയില്‍ കാതലായ മാറ്റങ്ങളുണ്ടാക്കാന്‍ ഈ മാറ്റം കൊണ്ട് സാധിക്കും. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ കൂടി ഈ രീതി നടപ്പാക്കുകയാണെങ്കില്‍ കുട്ടികളുടെ സമ്മര്‍ദം, അവര്‍ അനുഭവിക്കുന്ന സംഘര്‍ഷം ഒരുപരിധിവരെ കുറയ്ക്കാനാകും. ഓരോ കുട്ടിയും ഞാനെഴുതുന്നത് ശരിയായിരിക്കുമെന്ന സ്വതന്ത്രബോധത്തോടെ ഉത്തരമെഴുതും. പക്ഷേ, ഇത് വിജയകരമാകണമെങ്കില്‍ അധ്യാപകരുടെ സഹകരണം, പ്രാവീണ്യം, നൈപുണ്യം എന്നിവ ഉറപ്പാക്കേണ്ടതുണ്ട്."
വിദ്യാര്‍ഥികള്‍ക്ക് ഗുണകരമോ?
സാധാരണ പരീക്ഷകളില്‍ ഓര്‍മ്മ മാത്രമാണ് പരിശോധിക്കപ്പെടുന്നത്. എന്നാല്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഫലപ്രദമായി ഉപയോഗിക്കുന്ന ബ്ലൂംസ് ടാക്സോണമി രീതി അടിസ്ഥാനപ്പെടുത്തി ഓര്‍മ (Memory), മനസ്സിലാക്കല്‍ (Understand), പ്രയോഗിക്കല്‍ (Apply), വിശകലനം ചെയ്യല്‍ (Analyse), വിലയിരുത്തല്‍ (Evaluation), ക്രിയാത്മകത (Create) എന്നീ ആറ് കാര്യങ്ങളാണ് ഓപ്പണ്‍ ബുക്ക് പരീക്ഷയില്‍ പരിശോധിക്കപ്പെടുക. പഠനത്തിലൂടെ വിമര്‍ശനാത്മക ചിന്തയും പ്രശ്‌നപരിഹാര കഴിവുകളും പ്രോത്സാഹിപ്പിക്കുന്ന രീതിയാണ് ബ്ലൂംസ് ടാക്സോണമി. ഓപ്പണ്‍ ബുക്ക് പരീക്ഷകള്‍ പൊതുവേ മാനസിക സമ്മര്‍ദം കുറഞ്ഞ പരീക്ഷാരീതിയായാണ് പരിഗണിക്കപ്പെടുന്നത്. എന്നിരുന്നാലും എല്ലാ വിഷയങ്ങള്‍ക്കും വിഷയങ്ങള്‍ക്കും ഈ രീതി അനുയോജ്യമാകണമെന്നില്ല. എന്‍ജിനിയറിങ്, സയന്‍സ്, മെഡിസിന്‍, നിയമം എന്നീ വിഷയങ്ങള്‍ക്കാണ് മാനവിക വിഷയങ്ങളേക്കാള്‍ ഫലപ്രദമെന്ന് പഠനങ്ങള്‍ പറയുന്നു. ശരിയായ ചോദ്യരൂപകല്പന, വിദ്യാര്‍ഥികളുടെ തയ്യാറെടുപ്പ് എന്നിവ സുപ്രധാനമാണ്. പ്രായോഗിക വശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഉയര്‍ന്ന നിലവാരമുള്ള ചോദ്യങ്ങള്‍ ശരാശരി വിദ്യാര്‍ഥികള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതും വെല്ലുവിളിയാണ്.
അത്ര എളുപ്പമല്ല
"കേന്ദ്രസര്‍വകലാശാലകളിലും പുറംരാജ്യങ്ങളിലും വിജയകരമായി പിന്തുടരുന്ന രീതിയാണെങ്കിലും കേരളത്തിലെ സര്‍വകലാശാലകളെ സംബന്ധിച്ച് ഓപ്പണ്‍ ബുക്ക് പരീക്ഷയിലേക്കുള്ള പരിവര്‍ത്തനം അത്ര എളുപ്പമല്ല. ഇന്റേണല്‍പരീക്ഷകളിലാണ് എം.ജി സര്‍വകലാശാല ആദ്യമായി മാറ്റം പരീക്ഷിക്കുന്നത്. ഇതുവരെ പരിചയിച്ച അധ്യാപനരീതിയും പഠനരീതിയും വെച്ച് ഓപ്പണ്‍ബുക്ക് പരീക്ഷയെ സമീപിക്കാനാവില്ല. ഓപ്പണ്‍ബുക്ക് പരീക്ഷകളോട് നോ പറയാതെ നിലവിലെ പഠനാന്തരീക്ഷത്തില്‍ ഫലപ്രദമായി എങ്ങനെ പ്രയോഗിക്കാമെന്നാണ് ആലോചന വേണ്ടത്.
'വിദേശ സര്‍വകലാശാലകളില്‍ ദശാബ്ദങ്ങളായി പിന്തുടരുന്ന പരീക്ഷാ രീതിയാണ് ഓപ്പണ്‍ ബുക്ക് എക്‌സാം. സയന്‍സ്, എന്‍ജിനിയറിങ്, ടെക്‌നോളജി, മാത്തമാറ്റിക്‌സ് വിഷയങ്ങളിലാണ് കൂടുതലായും ഈ രീതി കണ്ടുവന്നിരുന്നത്. നേരിട്ട് ഉത്തരങ്ങള്‍ ലഭിക്കാവുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉണ്ടാവില്ല. കേരള പബ്ലിക് സര്‍വീസ് കമ്മീന്‍ നടത്തുന്ന ചില ഡിപ്പാര്‍ട്‌മെന്റല്‍ പരീക്ഷകള്‍ക്ക് വര്‍ഷങ്ങളായി ഓപ്പണ്‍ബുക്ക് പരീക്ഷാരീതി നിലവിലുണ്ട്. കാണാപ്പാഠം പഠിച്ച് പരീക്ഷ എഴുതുന്ന സമ്പ്രദായത്തേക്കാള്‍ ഓപ്പണ്‍ ബുക്ക് എക്‌സാം അത്ര എളുപ്പമല്ലെങ്കില്‍ കൂടി വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകും. ബിരുദതലത്തില്‍ ഈ പരീക്ഷാ രീതി നടപ്പിലാക്കുന്നത് പ്രതീക്ഷാവഹമാണ്. പക്ഷേ, സര്‍വകലാശാലകള്‍ക്ക് കൃത്യമായ ഒരു പ്രവര്‍ത്തന പദ്ധതി ഉണ്ടായിരിക്കേണ്ടതുണ്ട്. ചോദ്യങ്ങളുടെ പതിവ് പാറ്റേണുകള്‍ പൂര്‍ണമായി മാറ്റേണ്ടി വരും. പുസ്തകം റഫര്‍ ചെയ്ത് എങ്ങനെ പരീക്ഷ എഴുതാനുള്ള സ്‌കില്‍ കുട്ടികളില്‍ വികസിപ്പിക്കാനായി മോക്ക് ടെസ്റ്റുകളും മറ്റും നല്‍കണം. പരീക്ഷയ്ക്ക് കൊണ്ടുവരാവുന്നതും കൊണ്ടുവരരുതാത്തതുമായ പുസ്തകങ്ങള്‍ ഏതെല്ലാമെന്ന നിര്‍ദേശം നല്‍കണം." - ഡോ.ടി. പി സേതുമാധവന്‍
Content Highlights: Open Book Exam, How to Take an Open Book Exam, strategy, What is an open book exam?
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Most Commented