തിരുവനന്തപുരം: സൂപ്പർ ലീഗ് കേരള രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിന് ജയം.ഫോഴ്സ കൊച്ചിക്കെതിരെയാണ് കൊമ്പൻസ് വിജയം നേടിയത്. രണ്ടാം പകുതിയിൽ പകരക്കാരനായി വന്ന ബ്രസീൽ താരം പൗലോ വിക്ടറിന്റെ ഗോളിലാണ് ടീം ജയിച്ചുകയറിയത്. ലീഗിൽ കൊമ്പൻസിന്റെ ആദ്യ ജയമാണിത്. ഫോഴ്സ കൊച്ചിയുടെ തുടർച്ചയായ രണ്ടാം തോൽവിയും.
അഞ്ചാം മിനിറ്റിൽ ഇടതു വിങ്ങിലൂടെ മുന്നേറി കൊമ്പൻസിന്റെ അണ്ടർ 23 താരം അക്ഷയ് നടത്തിയ ഗോൾ ശ്രമം ഫോഴ്സ കൊച്ചി ഗോൾ കീപ്പർ റഫീഖ് അലി സർദാറിന്റെ കൈകളിൽ അവസാനിക്കുന്നത് കണ്ടാണ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ മത്സരം ചൂടുപിടിച്ചത്. തകർത്തു കളിക്കുകയായിരുന്ന അക്ഷയ് പതിനാറാം മിനിറ്റിൽ തന്നെ പരിക്കേറ്റ് മടങ്ങി. പകരമെത്തിയത് മുഹമ്മദ് ഷാഫിയായിരുന്നു.
പത്തൊൻപതാം മിനിറ്റിൽ പെനാൽറ്റി ഏരിയക്ക് തൊട്ടടുത്ത് നിന്ന് ലഭിച്ച ഫ്രീ കിക്ക് ക്യാപ്റ്റൻ പാട്രിക് മോട്ട പോസ്റ്റിന് മുന്നിലേക്ക് അടിച്ചു നൽകിയെങ്കിലും കണക്ട് ചെയ്യാൻ അവിടെയുണ്ടായിരുന്ന കൊമ്പൻസിന്റെ മൂന്ന് താരങ്ങൾക്കും സാധിച്ചില്ല. കൗണ്ടർ അറ്റാക്കിലൂടെ ഫോഴ്സ കൊച്ചി നടത്തിയ ശ്രമങ്ങൾക്കൊന്നും തന്നെ കൊമ്പൻസ് പോസ്റ്റിൽ പന്തെത്തിക്കാൻ കരുത്തില്ലാതെ പോയി. ഒന്നാം പകുതിയുടെ അവസാന മിനിറ്റുകളിൽ കൊച്ചി ഗോൾ കീപ്പർ റഫീഖ് അലി സർദാർ, കൊമ്പൻസ് താരങ്ങളായ പാട്രിക് മോട്ട, ഷാനിദ് വാളൻ എന്നിവർക്ക് റഫറി മഞ്ഞക്കാർഡ് നൽകി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ പാട്രിക് മോട്ടയെ ഫൗൾ ചെയ്ത ഫോഴ്സ കൊച്ചിയുടെ ഗിഫ്റ്റി ഗ്രേഷ്യസിനും റഫറിയുടെ മഞ്ഞ ശിക്ഷ ലഭിച്ചു. അൻപത്തിനാലാം മിനിറ്റിൽ ഫോഴ്സ കൊച്ചിയുടെ ബ്രസീലിയൻ താരം ഡഗ്ലസ് റോസ നാല് എതിർതാരങ്ങൾക്ക് ഇടയിൽ നിന്ന് പറത്തിയ കനത്ത ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. അറുപത്തി മൂന്നാം മിനിറ്റിൽ ഫോഴ്സ കൊച്ചി റിജോൺ ജോസ്, ഡഗ്ലസ് റോസ എന്നിവരെ പിൻവലിച്ച് ലൂയിസ് റോഡ്രിഗസ്, റിൻറെയ്താൻ ഷെയ്സ എന്നിവരെ കളത്തിലിറക്കി. തൊട്ടു പിന്നലെ കൊമ്പൻസ് പൗലോ വിക്ടർ, ഖാലിദ് റോഷൻ, കാർവാലോ ലിമ എന്നിവർക്കും അവസരം നൽകി.
പിന്നാലെ കൊമ്പൻസ് കോച്ചിന്റെ സബ്സ്റ്റിട്യൂഷൻ തന്ത്രം വിജയിച്ചു. എഴുപത്തിനാലാം മിനിറ്റിൽ കൊമ്പൻസ് ഗോൾ നേടി. ഇടതു വിങ്ങിലൂടെ മുന്നേറി മൂന്ന് പ്രതിരോധക്കാർക്ക് ഇടയിൽ നിന്ന് മുഹമ്മദ് അസ്ഹർ നൽകിയ പന്ത് പകരക്കാരനായി വന്ന ബ്രസീൽ താരം പൗലോ വിക്ടർ ഹെഡ് ചെയ്ത് ഫോഴ്സ കൊച്ചിയുടെ വലയിലെത്തിച്ചു (1-0). ഗോൾ തിരിച്ചടിക്കാനുള്ള ഫോഴ്സ കൊച്ചിയുടെ ശ്രമങ്ങൾ കൊമ്പൻസ് പ്രതിരോധം കൃത്യമായി തടഞ്ഞതോടെ മത്സരം 1-0 എന്ന സ്കോറിന് അവസാനിച്ചു.
Content Highlights: slk kombans beat kochi
Published: 10 Oct 2025, 10:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented