കോഴിക്കോട്: അതിജീവനത്തിന്റെ നൂല്‍പ്പാലം കടന്നാണ് മുഹമ്മദ് ഇര്‍ഷാദ് വീണ്ടും ഫുട്‌ബോള്‍ കളിക്കാനിറങ്ങിയത്. ഗുരുതരമായ വൈറല്‍ എന്‍സഫിലൈറ്റിസ് (മസ്തിഷ്ക വീക്കം) ബാധിച്ച് രണ്ടുമാസംമുന്‍പ് കോഴിക്കോട് മിംസ് ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്ന ഇര്‍ഷാദ് അതിനുശേഷം പൂര്‍ണമായി സുഖംപ്രാപിച്ച് വീണ്ടും ഗ്രൗണ്ടിലിറങ്ങി.

To advertise here,

കേരള സൂപ്പര്‍ ലീഗില്‍ മലപ്പുറം എഫ്‌സിയുടെ മധ്യനിര താരമായ ഇര്‍ഷാദ് മൂന്നുദിവസം അബോധാവസ്ഥയിലായിരുന്നു. തലച്ചോറില്‍ അണുബാധയുണ്ടായി ഓര്‍മ്മ നഷ്ടപ്പെട്ടു കിടന്നപ്പോള്‍ തിരിച്ചുവരവ് പ്രതീക്ഷിച്ചതല്ല. എന്നാല്‍, 18 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം പുറത്തുവന്നപ്പോള്‍ പരിശീലകനോടു പറഞ്ഞത് ഒന്നുമാത്രം, 15 വര്‍ഷംമുന്‍പ് ആരംഭിച്ച പ്രൊഫഷണല്‍ ഫുട്ബോളിന്റെ ലോകത്തേക്ക് മടങ്ങണം. ഇര്‍ഷാദിന്റെ ആത്മവിശ്വാസത്തെ കോച്ച് വിശ്വസിച്ചു.

അതിനുശേഷം കേരള സൂപ്പര്‍ ലീഗില്‍ തൃശ്ശൂര്‍, കൊച്ചി, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഇര്‍ഷാദ് മലപ്പുറത്തിനുവേണ്ടി കളിക്കാനിറങ്ങി.

ആശുപത്രിയിലായി നാലു ദിവസത്തിനുശേഷം വെന്റിലേറ്ററില്‍നിന്ന് റൂമിലേക്ക് മാറ്റാനായ ഇര്‍ഷാദ് ചികിത്സയോട് വളരെ വേഗം പ്രതികരിച്ചുവെന്ന് ആശുപത്രിയിലെ ന്യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും ഡയറക്ടറുമായ ഡോ. വി.വി. അഷറഫ് പറഞ്ഞു. ഈ രോഗം ബാധിക്കുന്നവരില്‍ ചിലപ്പോള്‍ ഇടയ്ക്കിടെ ഓര്‍മ്മക്കുറവും ജ്വരവുമൊക്കെ വരാറുണ്ട്. മുഹമ്മദ് ഇര്‍ഷാദിന് പക്ഷേ, പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാനായി. ഐസിയുവില്‍ വന്ന് വെന്റിലേറ്റര്‍ സപ്പോര്‍ട്ട് നല്‍കേണ്ടിവന്ന ഒരാള്‍ ഇത്രപെട്ടെന്ന് പൂര്‍ണമായും സുഖംപ്രാപിക്കുന്നത് സാധാരണമല്ല. ഇപ്പോള്‍ ഇര്‍ഷാദിന് ഓര്‍മ്മയ്‌ക്കോ ആരോഗ്യത്തിനോ ഒരു പ്രശ്‌നവുമില്ല. 31-കാരനായ മുഹമ്മദ് ഇര്‍ഷാദ് മലപ്പുറം തിരൂര്‍ ആലിങ്കല്‍ സ്വദേശിയാണ്. ഭാര്യ: നിഷാന. മകള്‍: സാന്‍വി.