കോഴിക്കോട്: ആരാധകരാൽ തിങ്ങിനിറഞ്ഞ ‘കാലിക്കറ്റി’ന്റെ സ്വന്തം സ്റ്റേഡിയത്തിൽ മറുപടിയില്ലാതെ തലകുനിച്ച് മലപ്പുറം എഫ്‌സി മടങ്ങുമ്പോൾ കൊമ്പുകുലുക്കി കാലിക്കറ്റ് എഫ്‌സി ആർത്തുപറഞ്ഞു. ‘ഞങ്ങളല്ലാതെ മറ്റാര്’. ഈ സീസണിലെ ആദ്യസെമിയിലേക്ക് കയറിയതും സ്വന്തം തട്ടകത്തിലെ അവസാന ഹോംമത്സരത്തിലാണെന്നുള്ളതും കാലിക്കറ്റ് എഫ്സി ആരാധകർക്ക് ആവേശമായി. കളിയുടെ തുടക്കംമുതൽതന്നെ മഴപ്പേടിയുണ്ടായിരുന്നെങ്കിലും ഗാലറി നിറഞ്ഞു. കളിതുടങ്ങിയിട്ടും 12-ാം മിനിറ്റിലെ ആദ്യ സൂപ്പർഗോളിനുശേഷവും ആരാധകരുടെ ഒഴുക്കായിരുന്നു സ്റ്റേഡിയത്തിനുള്ളിലും പുറത്തും. ഓരോഗോളുകൾ ലക്ഷ്യംകാണുമ്പോഴും സ്റ്റേഡിയത്തിൽനിന്നുയർന്നത് കരുത്തുള്ള ആർപ്പുവിളികളായിരുന്നു. മൊബൈലിന്റെ ഫ്ളാഷ് ലൈറ്റ് ഉയർത്തിപ്പിടിച്ചതോടെ കോർപ്പറേഷൻ സ്റ്റേഡിയം തിളങ്ങി.

To advertise here,

കാലിക്കറ്റ് എഫ്‌സിയുടെ ആരാധകപ്പടയായ ബീക്കൺസ് ബ്രിഗേഡും വനിതാവിഭാഗവും മലപ്പുറം എഫ്‌സിയുടെ മലപ്പുറം ആൾട്രാസും ആവേശക്കടലാണ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ തീർത്തത്. ഗാലറിയിൽ ഈ സീസണിൽ ഏറ്റവുംകൂടുതൽ കാണികളെത്തിയത് മലപ്പുറവും കോഴിക്കോടും തമ്മിലുള്ള തിങ്കളാഴ്ചത്തെ പോരാട്ടംകാണാനാണ്. 34,173 ആളാണ് എത്തിയത്. എന്നാൽ, പലർക്കും തിരക്കുകാരണം സ്റ്റേഡിയത്തിലേക്ക് കയറാൻസാധിച്ചില്ല.

മലപ്പുറം എഫ്‌സിയുടെയും കാലിക്കറ്റ് എഫ്‌സിയുടെയും ആരാധകർതമ്മിൽ ഗാലറിയിലുണ്ടായ തർക്കത്തെത്തുടർന്ന് ടൗൺ അസിസ്റ്റന്റ് കമ്മിഷണർ ടി.കെ. അഷ്‌റഫ് സ്ഥലത്തെത്തി പ്രശ്നക്കാരെ വിരട്ടിയോടിച്ചു. കളിക്കാർ കളത്തിലേക്കിറങ്ങിയത് ആസ്റ്റർ മെഡിസിറ്റിയിലെ പ്രത്യേക പരിഗണനവേണ്ട കുട്ടികൾക്കൊപ്പമാണ്.