മഞ്ചേരി : ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാകിസ്താനെ തറപറ്റിച്ചശേഷം സൂപ്പർലീഗ് കേരളയ്ക്ക് ആവേശംപകരാൻ ഇന്ത്യൻ താരം സഞ്ജു സാംസൺ പയ്യനാടെത്തി. മലപ്പുറം എഫ്സി സഹ ഉടമകൂടിയാണ് സഞ്ജു. വൈകീട്ട് 6.50-ആയപ്പോൾ സ്റ്റേഡിയത്തിനു പുറത്തെത്തിയ സഞ്ജു ഏഴായപ്പോൾ വിവിഐപി ഗാലറിയിലെത്തി കാണികളെ അഭിവാദ്യംചെയ്തു. വൻ കരഘോഷത്തോടെയാണ് സഞ്ജുവിനെ കായികപ്രേമികൾ വരവേറ്റത്.

To advertise here,

കഴിഞ്ഞ സീസണിൽ സഞ്ജു പയ്യനാട് എത്തുമെന്ന് മലപ്പുറം എഫ്സി അധികൃതർ അറിയിച്ചെങ്കിലും ഇന്ത്യൻ ടീമിന്റെ പര്യടനംകാരണം വരാൻ സാധിച്ചിരുന്നില്ല. അതിനു പരിഹാരമായാണ് രണ്ടാം സീസണിന്റെ ആദ്യ മത്സരത്തിൽത്തന്നെ ഇന്ത്യൻ ക്രിക്കറ്റിന്റെ അഭിമാനതാരം മലപ്പുറത്തേക്ക് വന്നത്. സഞ്ജുവിന്റെ ഭാര്യ ചാരുലതയും കൂടെയുണ്ടായി.

സ്റ്റേഡിയം കീഴടക്കി അൾട്രാസ്

സൂപ്പർലീഗ് കേരള ഫുട്ബോളിനെ മെക്സിക്കൻ തിരമാല തീർത്ത് പയ്യനാട് സ്റ്റേഡിയം വരവേറ്റു. 7.30-ന് തുടങ്ങിയ പോരാട്ടത്തിന്റെ അരമണിക്കൂർ മുൻപേ സ്റ്റേഡിയം മലപ്പുറം എഫ്സിയുടെ ആരാധക കൂട്ടമായ അൾട്രാസിനെക്കൊണ്ട് നിറഞ്ഞു. നേവി ബ്ലൂ നിറത്തിലുള്ള ജേഴ്സിയണിഞ്ഞ് മലപ്പുറം എഫ്സിയും ഓറഞ്ച് നിറമണിഞ്ഞ് തൃശ്ശൂർ മാജിക് എഫ്സിയും പയ്യനാട് നിറഞ്ഞാടി.

3-5-2 ശൈലിയിലായിരുന്നു മലപ്പുറത്തിന്റെ വരവ്. പ്രതിരോധത്തിനു പ്രാധാന്യംനൽകുന്ന തന്റെ പതിവ് ശൈലിയിൽത്തന്നെയാണ് കോച്ച് മിഗ്വേൽ കോറൽ ടൊറൈറ മലപ്പുറത്തെ അണിയിച്ചൊരുക്കിയത്. ക്യാപ്റ്റൻ ഫസലുറഹ്‌മാനും ഫിജി താരം റോയ് കൃഷ്ണയും മുന്നേറ്റത്തിൽ ഇറങ്ങി. റോയ് കൃഷ്ണയുടെ ഓരോ നീക്കവും ആരാധകർ ആവേശത്തോടെ കണ്ടു.

മിഡ് ഫീൽഡിൽ ഫാക്കു ബല്ലാർഡോ, ബദർ, ഗനി അഹമ്മദ് നിഗം, അഭിജിത്, അൽദാലുർ എന്നിവർ ഇടംപിടിച്ചു. അബ്ദുൽ ഹക്കു, നിധിൻ മധു, ജിതിൻ പ്രകാശ് എന്നിവർ പ്രതിരോധം കാത്തപ്പോൾ സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ഗോൾ വല കാത്ത മുഹമ്മദ് അസ്ഹറായിരുന്നു ഗോളി.

4-4-2 ശൈലിയിൽ ആയിരുന്നു തൃശ്ശൂരിനെ കോച്ച് ആൻഡ്രേ ചെർണിഷോ കളത്തിലിറക്കിയത്. മാർക്കസ് ജോസഫും സൽമാനുൽ ഫാരിസും മുന്നിൽ ഇറങ്ങി. മധ്യനിരയിൽ ഇവാൻ, ഫൈസൽ അലി, ഉമാശങ്കർ, റോഡിഗ്രസ് എന്നിവർ നിരന്നു.

പ്രതിരോധത്തിൽ ജിദു റോബി, തേജസ് കൃഷ്ണ, ബിബിൻ അജയൻ, ക്യാപ്റ്റൻ മെയിൽസൻ ആൽവസ് എന്നിവരും ഇടംപിടിച്ചു. കമാലുദ്ദീനായിരുന്നു ഗോൾ കീപ്പർ.

ആദ്യ സീസണിൽ പയ്യനാട് സ്റ്റേഡിയമായിരുന്നു തൃശ്ശൂരിന്റെയും ഹോം ഗ്രൗണ്ട്. ഈ സീസൺ മുതൽ തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയമാണ് മാജിക് എഫ്സിയുടെ ഹോം ഗ്രൗണ്ട്.