കോഴിക്കോട്: വായനവാരത്തിൽ ബാലുശ്ശേരിയിലെ ഒരുപറ്റം കുട്ടികളുടെ കൈയിൽ ഒരു പുസ്തകമെത്തും, ദണ്ഡിയാത്രയുടെ പശ്ചാത്തലത്തിലുള്ള ‘ജ്ഞാനസ്നാനം’ പുസ്തകം. ഗാന്ധിജിയുടെ സത്യവും മൂല്യവും പിന്തള്ളാൻശ്രമിക്കുന്ന ലോകത്ത് ഗാന്ധിജിയെക്കുറിച്ചറിയാൻ ഗാന്ധിയനായ കെ.പി. മനോജ്കുമാറിന്റെ ശ്രമം. ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ എസ്എസ്എൽസി-പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയംനേടിയ വിദ്യാർഥികളെ ജനശ്രീ സുസ്ഥിരവികസനമിഷൻ അനുമോദിക്കുന്ന ചടങ്ങിലാണ് പുസ്തകം സമ്മാനിക്കുക. ഒപ്പം ഗാന്ധിസൂക്തങ്ങളും കൈമാറും.

To advertise here,

230 കുട്ടികൾക്കാണ് ‘ജ്ഞാനസ്നാന’മെഴുതിയ സുഭാഷ് ചന്ദ്രൻ കൈയൊപ്പുചാർത്തിയ പുസ്തകം നൽകുക. ‘‘വ്യക്തികളും രാഷ്ട്രങ്ങളുമെല്ലാം പോരടിക്കുമ്പോൾ അധികാരത്തിനായി വെമ്പൽകൊള്ളുന്ന കാലത്ത് ഗാന്ധിജിയുടെ ആശയങ്ങൾക്ക് പ്രസക്തികൂടുകയാണ്. അത്തരമൊരുകാലത്ത് കുട്ടികൾ ഗാന്ധിജിയെ അറിയേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടാണ് ‘ജ്ഞാനസ്നാനം’ നൽകാൻ ജനശ്രീ തീരുമാനിച്ചത്’’ -അധ്യാപകൻകൂടിയായിരുന്ന മനോജ് പറഞ്ഞു.

മീഞ്ചന്ത രാമകൃഷ്ണമിഷൻ സ്കൂളിൽനിന്ന് വിരമിക്കുമ്പോൾ മഹാത്മാഗാന്ധിയുടെ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ കുട്ടികൾക്കെല്ലാം നൽകിയിരുന്നു മനോജ് മാഷ്. ബാലുശ്ശേരിയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്നത് എ. കൃഷ്ണൻ, സുജിത്ത് കറ്റോട്, ഷൈജാ മുരളി, എം.എം. സുനിൽകുമാർ തുടങ്ങിയവരാണ്.