ബാലുശ്ശേരി: വായനശീലം ഒരു കുടുംബത്തിന്റെ മുഴുവൻ ലോകംമാറ്റിയതിന്റെ കഥയാണ് പനങ്ങാട് നോർത്ത് എയുപി സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിനി ശിവാനിയുടേത്. മൗനംനിറഞ്ഞ അവരുടെ ലോകത്തെ കഥകളാൽ നിറയ്ക്കുകയാണ് അവൾ. ശിവാനി വായിക്കുന്നത് അവൾക്കുവേണ്ടി മാത്രമല്ല.

To advertise here,

ജന്മനാ കേൾവിശേഷിയും സംസാരശേഷിയുമില്ലാത്ത അച്ഛനും അമ്മയ്ക്കും വേണ്ടിയാണ്. വാക്കുകൾ കേൾക്കാനോ പറയാനോ കഴിയാത്ത അവരുടെ ലോകത്തേക്ക് കഥകളെത്തിക്കാൻ താൻ വായിക്കുന്ന ഓരോകഥയും അവൾ ആംഗ്യഭാഷയിലൂടെ അവർക്ക് പറഞ്ഞുകൊടുക്കുന്നു. അച്ഛന്റെയും അമ്മയുടെയും മുഖത്തെ പുഞ്ചിരികാണുമ്പോൾ വായനയ്ക്ക് അതിരുകളില്ലെന്ന് പറയുന്നു ശിവാനി.

കോവിഡ് കാലത്ത് പനങ്ങാട് നോർത്ത് എയുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി ആരംഭിച്ച പുസ്തകവണ്ടി പദ്ധതിവഴിയാണ് ശിവാനി വായനയുടെലോകത്തേക്ക് കടക്കുന്നത്. സ്കൂൾലൈബ്രറിയിൽനിന്ന്‌ അന്ന് പുസ്തകംവാങ്ങുമ്പോൾ ശിവാനി ഒന്നാംക്ലാസിലാണ്. ചിത്രകഥകളായിരുന്നു ശിവാനി വായിച്ചുതുടങ്ങിയത്. ഇന്ന് ചെറുകഥയിലും നോവലിലും ആത്മകഥയിലും എത്തിനിൽക്കുന്നു അവളുടെ വായനലോകം.

ദിവസവും വൈകുന്നേരം സൈക്കിളുമെടുത്ത്‌ വീടിനുസമീപത്തെ മേഘാ വായനശാലയിലെത്തും അവിടെനിന്ന് പുസ്തകമെടുത്ത് വീട്ടിലെത്തുമ്പോൾ പുതിയകഥകൾ കേൾക്കാൻ അച്ഛനമ്മമാർ റെഡിയായിട്ടുണ്ടാവും. മൂന്നാംക്ലാസിൽ എത്തിയതിനുശേഷമാണ് അച്ഛനമ്മമാർക്ക് കഥകൾ പറഞ്ഞുകൊടുക്കാൻ തുടങ്ങിയത്. ശിവാനിയിലൂടെ വായനയുടെയും അറിവിന്റെയും മറ്റൊരുലോകത്തെത്തിനിൽക്കുകയാണ് ഇന്ന് ഈ കുടുംബം.

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മികവുപുലർത്തുന്ന ശിവാനിക്ക് എൽഎൽഎസ് സ്കോളർഷിപ്പും ലഭിച്ചിട്ടുണ്ട്. പനങ്ങാട് വേങ്ങോളിക്കണ്ടി മനുവിന്റെയും ഷീബയുടെയും മകളാണ് ശിവാനി.