ഞാന്‍ വായിച്ചതെന്താണോ അതാണ് ഞാന്‍!

To advertise here,

വായനയാല്‍ ക്ഷതമേല്‍ക്കാത്ത ഒരസ്ഥി പോലും എന്റെ ശരീരത്തിലില്ല. ഓരോ പുസ്തകവും തുറന്നിടുന്ന പുതുലോകത്തേക്ക് ലൈഫ് ജാക്കറ്റ് ഇല്ലാതെ എടുത്തു ചാടിയതിന്റെ ക്ഷതങ്ങളാണവ. മുറിവുകൂടിയും എല്ലുകള്‍ ഊറിപ്പിടിച്ചും ആവര്‍ത്തിതമായി പുനര്‍നിര്‍മ്മിക്കപ്പെട്ട ഒരുവളായി ഞാന്‍ മാറിയിരിക്കുന്നു. 

കുട്ടിക്കാലത്ത് സ്‌കൂള്‍ ലൈബ്രറിക്കപ്പുറമുള്ള വായനാസങ്കേതങ്ങള്‍ പരിചിതമായിരുന്നില്ലെങ്കിലും പോസ്റ്റില്‍ വരാറുള്ള കുട്ടികള്‍ക്കുള്ള മിഷ എന്ന റഷ്യന്‍ മാസിക നല്‍കിയ അനുഭൂതി മാസ്മരികമായിരുന്നു. മിനുസമുള്ള മെഴുക് പോലുള്ള കടലാസില്‍ അച്ചടിച്ച നാടോടി കഥകളും ചിത്രങ്ങളും കടങ്കഥകളും നിറഞ്ഞ ഒരു മാസിക. കൂടാതെ, അതിന് നല്ല മണവുമായിരുന്നു! മഞ്ഞുപൊഴിയുന്ന ശൈത്യകാലം, പൂമ്പാറ്റകള്‍ തേനുണ്ണുന്ന പൂക്കാലം, ഇലകൊഴിയും ശരത്ക്കാലം, കടല്‍ത്തീരത്ത് വെയില്‍ കായുന്ന വേനല്‍ കാലം....അങ്ങനെ ഋതുക്കള്‍ പലതുണ്ടെന്നും അവ കാലങ്ങളെ സൃഷ്ടിക്കുന്നുവെന്നും ആദ്യമായി മനസ്സിലാക്കിയത് മിഷയില്‍ വായിച്ച റഷ്യന്‍ കഥകളില്‍ നിന്നാണ്. അമിതമായ പൂച്ചഭയം കാരണം പല വിപത്തുകളില്‍ ചെന്ന് ചാടുന്നൊരു എലിയുടെ കഥ വായിച്ചതോര്‍ക്കുന്നു. ആ ചുണ്ടെലിയുടെ പേര് dewdrop എന്നാണ്- തുഷാരം എന്ന് പേരുള്ള ഒരു എലി! നികൃഷ്ടമെന്ന് കരുതിയിരുന്ന ശല്യക്കാരന്‍ ജന്തുവിനെ അത്രയും മനോഹരമായ പേര് ചൊല്ലി വിളിക്കുമ്പോള്‍ തന്നെ ഒരു കുട്ടി എന്ന നിലയില്‍ അതിനോടുള്ള മനോഭാവം മറ്റൊന്നായി പരിണമിച്ചുപോകും. വേനലില്‍ ശൈത്യകാലം എവിടെയാണ് താമസിക്കുന്നതെന്ന് അന്വേഷിച്ചലയുന്നൊരു പെണ്‍കുട്ടിയുടെ കഥ, കപ്പലില്‍ കാണാതായ വാസ്‌ക എന്ന പൂച്ചക്കുട്ടിയെ അന്വേഷിച്ചിറങ്ങുന്ന ക്രോക്കഡൈല്‍ എന്ന പട്ടിയുടെ കഥ, മരവിച്ചു കിടക്കുന്ന വൃക്ഷശൂന്യമായ സമതലങ്ങളില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന റെയിന്‍ഡിയറുകള്‍ മാസങ്ങള്‍ നീണ്ട ഓട്ടപ്പാച്ചിലിലൂടെ ഭൂമിയിലെ ഏറ്റവും വേഗതയാര്‍ന്ന ജന്തുക്കളായി മാറിയതിന്റെ കഥ. ഇത്തരത്തില്‍ അപരിചിത ലോകങ്ങളിലേക്ക് ചിന്തയെ തെളിച്ചുകൊണ്ട് പോകുന്ന ആ കഥകള്‍ ജനിപ്പിച്ച സങ്കല്പലോകം വളരെ വലുതായിരുന്നു. കൂടാതെ, മിഷയുടെ വായനക്കാരായ കുട്ടികളുടെ ചിത്രങ്ങളും അവര്‍ ഓരോ ലക്കങ്ങളിലും പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. ചൈനീസ് കുട്ടികള്‍ മുതല്‍ ആഫ്രിക്കന്‍ കുട്ടികളുടെ ചിത്രങ്ങള്‍ വരെ അതില്‍ കണ്ടതോര്‍ക്കുന്നു. പല ദേശങ്ങളിലുള്ള എന്റെ പ്രായക്കാരായ കുട്ടികളുടെ കൃഷ്ണമണിയുടെ നിറവൈവിധ്യമായിരുന്നു അന്ന് എന്നെ ഏറ്റവും അതിശയിപ്പിച്ചിരുന്നത്. മുടിയുടെയും തൊലിയുടെയും നിറവ്യത്യാസം ഞാന്‍ പൊറുത്തു കൊടുത്തിരുന്നു, പക്ഷെ കൃഷ്ണമണികളുടെ നിറവൈവിധ്യം എനിക്ക് ക്ഷമിക്കാവുന്നതിനും അപ്പുറമായിരുന്നു. 

ലെവിസ് കരോള്‍ ആലീസ് എന്ന പെണ്‍കുട്ടിയിലൂടെ കാട്ടിത്തന്ന അത്ഭുതലോകം മറുലോകസഞ്ചാരത്തിനായുള്ള ഒരു പ്രമാണപത്രം പോലെയായിരുന്നു എനിക്ക്. മുയല്‍പൊത്തിലൂടെ താഴേക്ക് താഴേക്ക് പതിച്ചുകൊണ്ടിരിക്കുന്ന ആലീസ് എന്തെല്ലാം കണ്ടു, എവിടെയെല്ലാം സഞ്ചരിച്ചു! മഴനൂലില്‍ പിടിച്ച് ആകാശത്തേക്ക് വലിഞ്ഞുകയറാനാവുമെന്നും, പക്ഷികളേക്കാള്‍ വിസ്താരമുള്ള ചിറകുകള്‍ നമുക്കുണ്ടെന്നും, മുറ്റത്തെ ചെമ്പരത്തിക്ക് എന്റെ ഭാഷ മനസ്സിലാകുന്നുണ്ടെന്നും, ഞാന്‍ ചിന്തിക്കുന്നതില്‍ തെറ്റില്ലെന്ന് മനസ്സിലാക്കി തന്നത് ആലീസ് ഇന്‍ വണ്ടര്‍ലാന്റ് എന്ന പുസ്തകമാണ്. എനിക്കുമുണ്ടായി ആരും കടക്കാത്ത രഹസ്യലോകങ്ങള്‍!

കുട്ടിക്കഥകളില്‍ താല്പര്യം കുറഞ്ഞുവന്ന കാലത്ത് ഗൗരവമേറിയ സാഹിത്യകൃതികള്‍ നിര്‍ദ്ദേശിക്കുവാനോ വാങ്ങിത്തരുവാനോ വഴികാട്ടികള്‍ ആരും തന്നെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് കിട്ടുന്നതെല്ലാം വായിച്ചു, അവയില്‍ ചിലതെല്ലാം ഉള്ളിലുടക്കി. മനോഹരമായ ഭാഷയില്‍ എഴുതപ്പെട്ട, ഞാനെന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങളുള്ള പുസ്തകങ്ങളെല്ലാം വായിച്ചുനോക്കി. എം.ടിയെയും ബഷീറിനെയും ആനന്ദിനെയും എന്‍.എസ് മാധവനെയും മാധവിക്കുട്ടിയെയും ഉണ്ടുനടന്നൊരു കാലമായിരുന്നു അത്. ഖസാക്കിന്റെ ഇതിഹാസം ആവര്‍ത്തിത വായനയിലൂടെ മനസ്സിലാക്കാന്‍ ശ്രമിക്കുകയും മാര്‍ക്കേസിന്റെ ഏകാന്തതയുടെ നൂറു വര്‍ഷങ്ങളില്‍ തപ്പിത്തടഞ്ഞു വീഴുകയും ചെയ്ത കാലം. ലോലമായ ഒരു പ്രതലത്തിനുള്ളില്‍ പ്രണയവും നോവും വിപ്ലവവും ഒളിപ്പിച്ചുവച്ചിരിക്കുന്ന വിസ്മയങ്ങളാണ് പുസ്തകങ്ങള്‍ എന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു. 

അന്നൊക്കെ പുസ്തകം വാങ്ങി സൂക്ഷിക്കുന്ന ശീലം ഉണ്ടായിരുന്നില്ല, എല്ലാം ലൈബ്രറികളില്‍ നിന്നും കടമെടുക്കുന്നവയായിരുന്നു. സമ്പന്നമായൊരു പുസ്തക അലമാരയുടെ അഭാവം ജീവിതത്തിലെ ഏറ്റവും വലിയ ന്യൂനതകളില്‍ ഒന്നായി തോന്നിയതിനാല്‍ ജോലി കിട്ടിയ കാലം മുതല്‍ക്ക് വാശിയോടെ പുസ്തങ്ങള്‍ വാങ്ങി ശേഖരിക്കുവാന്‍ തുടങ്ങി. സമൃദ്ധിയുടെ മാനദണ്ഡങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായി ഞാന്‍ അതിനെ കണക്കാക്കിയിരുന്നു. ഇപ്പോഴും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി തന്നെ അതെന്നില്‍ പ്രവര്‍ത്തിക്കുന്നു. പുസ്തകങ്ങളില്‍ നിന്നും അകന്നുജീവിച്ച കാലഘട്ടം ജീവിതത്തില്‍ വിരളമായേ ഉണ്ടായിട്ടുള്ളു. എങ്കിലും ദിവസേനയുള്ള ചിട്ടയായ വായനയിലേക്ക് കടന്നുവരുന്നത് പ്രവാസത്തില്‍ എത്തിയതിനു ശേഷമാണ്. കഴിഞ്ഞ 19 വര്‍ഷങ്ങളായി ദുബായില്‍ കഴിയുന്ന ഈ കാലയളവിലാണ് വായന ഒരു അനിവാര്യതയായി പരിണമിച്ചത്. നാട്ടിലെ ഉറ്റവര്‍, കൂട്ടുകാര്‍, അയല്‍ക്കാര്‍, പ്രകൃതി എന്നിങ്ങനെ കൊളുത്തിവലിക്കുന്ന ഗൃഹാതുരതകള്‍ക്കെതിരെ നീന്തുവാനുള്ള തത്രപ്പാടില്‍ ഞാന്‍ പുസ്തകങ്ങളിലേക്ക് വല്ലാതെ കൂപ്പുകുത്തി. വായിക്കാനുള്ള സമയവും സ്വസ്ഥമായ അന്തരീക്ഷവും സ്വകാര്യതയും ആയിരുന്നു പ്രവാസത്തിലൂടെ ലഭിച്ച ഏറ്റവും വലിയ മുതല്‍ക്കൂട്ടുകള്‍. നിശബ്ദവും ഏകാന്തവുമായ ദിനങ്ങള്‍ എന്നെ അല്പം പോലും ബുദ്ധിമുട്ടിച്ചില്ല. മറിച്ച് ഞാന്‍ അവയെ വല്ലാതെ സ്‌നേഹിക്കുകയായിരുന്നു. മിഡില്‍ ഈസ്റ്റിലെ എഴുത്തുകാരെ അറിഞ്ഞതും വായിച്ചതും പ്രവാസത്തില്‍ എത്തിയതിനു ശേഷമാണ്. ഒര്‍ഹാന്‍ പാമുക്കിനെയും നജീബ് മഹ്ഫൂസിനെയും എഡ്വേര്‍ഡ് സയിദിനെയും ഖാലിദ് ഹുസൈനിയെയും കൂടുതല്‍ അറിഞ്ഞു. അവര്‍ തങ്ങളുടെ രചനകളില്‍ പ്രതിനിധീകരിക്കുന്ന ജനസമൂഹത്തിന്റെ പ്രതിരൂപങ്ങളെ ദുബായുടെ ബഹുസ്വരതയില്‍ കണ്ടെടുക്കാനായി. കാണാദേശങ്ങളില്‍ വസിക്കുന്ന മനുഷ്യരുടെ ജീവിതങ്ങളെ സ്വാനുഭവത്തിലേക്ക് ഉയര്‍ത്തുവാന്‍ സാധ്യമായത് അത്തരം ചില സമ്പര്‍ക്കങ്ങളിലൂടെയാണ്. ചുറ്റുമുള്ള സാംസ്‌കാരിക വൈവിധ്യത്തോടൊപ്പം എന്റെ വായനയും നാനാരൂപങ്ങള്‍ ആര്‍ജ്ജിച്ചു. അതിജീവനത്തിന്റെയും ഒന്നാകലിന്റെയും പ്രക്രിയയില്‍ ഒരു പ്രവാസി ചിലത് പകുത്തുനല്‍കുന്നു, മറ്റു ചിലത് ആര്‍ജ്ജിക്കുന്നു. എങ്കിലും കഥകളുടെ ലോകത്തേക്ക് പാസ്‌പോര്‍ട്ടോ എമിഗ്രെഷന്‍ ചട്ടങ്ങളോ അതിര്‍ത്തികളോ ഇല്ലല്ലോ. കല്പനാസൃഷ്ടികള്‍ ആസ്വദിക്കുന്നവര്‍ക്ക് ദ്രാവകരൂപിയായ വ്യക്തിത്വമാണുള്ളത്. അത് ഒഴുകിക്കൊണ്ടേയിരിക്കും. വായന ശരിയായ രീതിയില്‍ ഏതൊരാളില്‍ പ്രവര്‍ത്തിക്കുന്നുവോ അയാള്‍ക്ക് സ്ഥിരരൂപിയായ ഏകജാതീയ സ്വത്വം സാധ്യമല്ല. ബോധി വൃക്ഷത്തിന്റെ ഇലകള്‍ എന്ന പുസ്തകത്തില്‍ പി.എന്‍. ദാസ് പറയുന്നുണ്ട് - നിങ്ങള്‍ സ്വയം ഇന്ത്യക്കാരനെന്നോ മുസ്ലിം എന്നോ ഹിന്ദു എന്നോ വിളിക്കുമ്പോള്‍ നിങ്ങള്‍ ഹിംസാത്മകനാവുകയാണ്. നിങ്ങളെ ബാക്കിയുള്ള മനുഷ്യരാശിയില്‍ നിന്ന് നിങ്ങള്‍ തന്നെ വിഭജിച്ചു നിര്‍ത്തുന്നു. നിങ്ങളുടെ വിശ്വാസം, ദേശീയത, പാരമ്പര്യം എന്നിവയുടെ പേരില്‍ സ്വയം വിഭജിക്കുമ്പോള്‍ അത് ഹിംസയെ പെറ്റുകൂട്ടുന്നു. ഇത്തരത്തില്‍ വായനയിലൂടെ സ്വായത്തമാക്കുന്ന ചിന്താജീവിതം ഒരു മനുഷ്യനെ സാമൂഹികവും മാനസികവുമായി സംസ്‌കരിക്കുന്നു. ആ വിധം കലയെ സ്‌നേഹിച്ച് സാഹിത്യം ശീലിച്ച് വളര്‍ന്നു വരുന്ന ഒരു തലമുറയില്‍ മാത്രമേ ബോധോദയം സാധ്യമാവുകയുള്ളു. 

വായനയിലേക്ക് കടന്നുവന്ന പുസ്തകങ്ങളില്‍ ഫിക്ഷനും നോണ്‍ ഫിക്ഷനും ശാസ്ത്രവും ചരിത്രവും യാത്രയും എല്ലാം ഉണ്ട്. ഫിക്ഷന്‍ വായനയില്‍ സമയം മാത്രമല്ല നാം നിക്ഷേപിക്കുക, ഒരു ബദല്‍ പ്രപഞ്ചം സൃഷ്ടിക്കുകയും അതില്‍ ആഴത്തില്‍ വസിക്കുകയും ചെയ്യേണ്ടി വരുന്നു. അതിനായി തലച്ചോറിനുള്ളില്‍ സ്വയം സൃഷ്ടിക്കുന്ന ഒരിടം ആവശ്യമാണ്. ആ ഇടമാണ് എനിക്ക് സ്വന്തമെന്ന് തോന്നുന്ന ഒരേയൊരിടം! ഫ്രഞ്ച് നോവലിസ്റ്റായ ഗുസ്താവ് ഫ്‌ലോബേര്‍ പറഞ്ഞിട്ടുണ്ട് 'ഞാന്‍ ആണ് മാഡം ബോവറി' എന്ന്. അദ്ദേഹം രചിച്ച മാഡം ബോവറി എന്ന വിഖ്യാത നോവലിലെ ആ കഥാപാത്രവുമായി ഫ്‌ലോബേറിനു യാതൊരു ബന്ധവുമില്ല. അദ്ദേഹം ഒരു സ്ത്രീയല്ല, വിവാഹിതനുമല്ല. എങ്കിലും അവളുടെ ഇന്ദ്രിയാനുഭവങ്ങള്‍ക്ക് സാക്ഷിയായ ഒരുവനായി ഫ്‌ലോബേര്‍ നോവലില്‍ ജീവിച്ചു. തന്റെ കാഴ്ചപ്പാടുകളെ ആ സ്ത്രീയുടെ നോട്ടത്തിലൂടെ വിശ്വസനീയമായി അവതരിപ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. അത്തരത്തില്‍ ഒരു എഴുത്തുകാരന്‍ സൃഷ്ടിച്ച ലോകത്തെ അതേ അനുഭൂതിയോടെ ഉള്ളിലേക്ക് ആവാഹിക്കുകയും ബദല്‍ ലോകം നിര്‍മ്മിക്കുകയും ചെയ്യുന്ന പ്രക്രിയയിലൂടെ വായനക്കാരനും ആ നോവലിസ്റ്റിന്റെ ഹൃദയത്തെ കയ്യെത്തി തൊടുന്നു. കൈമാറ്റം ചെയ്യപ്പെടുന്ന ഈ അനുഭൂതിയെ കുറിച്ചാണ് ബോര്‍ഹസും പറഞ്ഞത് - I am not sure that i exist, actually. I am all the writers that I have read, all the people that I have met, all the women that I have loved, all the cities I have visited.' 

ചെറുപ്പം മുതല്‍ക്ക് തന്നെ കുടുംബത്തില്‍ പാരമ്പര്യമായി ഉണ്ടായിരുന്ന അന്ധത ബോര്‍ഹസിനെ ബാധിച്ചിരുന്നു. ശ്രേഷ്ഠമായ കൃതികള്‍ രചിച്ചുകൊണ്ടിരിക്കവേ അന്‍പത്തഞ്ചാം വയസ്സില്‍ അദ്ദേഹത്തിന് പൂര്‍ണ്ണമായി കാഴ്ച നഷ്ടപ്പെട്ടു. ആകസ്മികമായി അദ്ദേഹം അര്‍ജന്റീന നാഷണല്‍ ലൈബ്രറിയുടെ ഡയറക്ടറായി നിയമിക്കപ്പെടുകയും ചെയ്തു. ലക്ഷക്കണക്കിന് പുസ്തകങ്ങളുടെ പരിപാലകനായി ആ കൂറ്റന്‍ ഗ്രന്ഥാലയത്തിന്റെ അധിപനായി ഇരിക്കുന്ന അന്ധനായ ബോര്‍ഹസിന്റെ അവസ്ഥ ആലോചിച്ചു നോക്കൂ. തന്നെ മൂടിനില്‍ക്കുന്ന പുസ്തകപര്‍വ്വതത്തിന്റെ നിഴലില്‍ അദ്ദേഹം അഭയം തേടിയിട്ടുണ്ടാവും. അതില്‍ പിടഞ്ഞുവീണിട്ടുണ്ടാവും. അന്നുവരെ വായിച്ച കഥകളുടെയും കവിതകളുടെയും നോവലുകളുടെയും മാസ്മരിക ലോകത്ത് അലഞ്ഞുനടന്നിട്ടുണ്ടാവും. ആ കണ്ണുകളെ തഴുകിപ്പോയ വാക്കുകള്‍ ഓര്‍മകളായി വീണ്ടും വീണ്ടും എത്തിനോക്കിയിട്ടുണ്ടാവും. ആ വാക്കുകള്‍ ഒരു മാന്ത്രിക പരവതാനിയില്‍ അദ്ദേഹത്തെയും വഹിച്ച് കാലങ്ങളും ദേശങ്ങളും പിന്നിട്ട് സഞ്ചരിച്ചുകൊണ്ടിരുന്നു. അക്ഷരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച, ഭാവനയില്‍ വശംവദനായ ഏതൊരാള്‍ക്കും പ്രാപ്യമായൊരു മാന്ത്രിക പരവതാനി. സര്‍വ്വവിധ പോരായ്മകളെയും അപൂര്‍ണ്ണതകളെയും മറികടന്ന് പര്‍വ്വതങ്ങള്‍ക്കും അതിര്‍ത്തികള്‍ക്കും അപ്പുറം സഞ്ചരിക്കുവാന്‍ അത് നമ്മെ ധൈര്യപ്പെടുത്തുന്നു.