പാലക്കാടിന്റെ ഭൂമികയും ജീവിതങ്ങളും പശ്ചാത്തലമായ പുസ്തകശേഖരവുമായി 'മധുരം ഗായതി'
പാലക്കാട് : വായനദിനത്തില്‍ പുതുപ്പരിയാരത്തെ ''വിഹ'' എന്ന വീട്ടിന്റെ മുകള്‍നിലയില്‍ 'മധുരം ഗായതി'യെന്ന പുസ്തകക്കലവറ മിഴിതുറക്കുന്നത് പാലക്കാടിന്റെ സാഹിത്യചരിത്രത്തിലേക്കാണ്. പാലക്കാടിന്റെ ഭൂമികയും ജീവിതങ്ങളും പശ്ചാത്തലമാവുന്ന തിരഞ്ഞെടുക്കപ്പെട്ട നാല്പതോളം കൃതികളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഈ പുസ്തകങ്ങള്‍ വായിക്കാനും വിലയിരുത്താനും വായനപക്ഷാചരണത്തില്‍ 'മധുരം ഗായതി'യുടെ വാതിലുകള്‍ തുറന്നിരിക്കും.
150വര്‍ഷംമുന്‍പ് അനങ്ങന്‍മലയുടെ താഴ്വാരത്തെ കോതകുറുശ്ശിയില്‍നിന്ന് അപ്പു നെടുങ്ങാടി കുന്ദലതയുടെ രചയിതാവായതുമുതല്‍ ആരംഭിക്കുന്ന പാലക്കാടിന്റെ സാഹിത്യചരിത്രത്തെ പുതിയ കാലത്തിലേക്ക് ആവാഹിക്കാനാണ് ശ്രമമെന്ന് സംഘാടകനായ എഴുത്തുകാരന്‍ രാജേഷ് മേനോന്‍ പറഞ്ഞു.
''പാലക്കാടെന്നുകേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുക പുതിയകാലത്തെ വരവേല്‍ക്കാന്‍ ശ്രമിക്കുന്ന എം.ടി.യുടെ 'നാലുകെട്ടാ'ണ്. കൂടെ ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസ'വുമുണ്ട്. കൊല്ലങ്കോട് പുതിയകാലത്തിന്റെ സുന്ദരഗ്രാമമാവും മുമ്പേതന്നെ കവിമാഷ് ആ ചിത്രം വരച്ചിട്ടു. പാലക്കാട്ടുകാരനല്ലാത്ത വൈശാഖന്‍ 'വണ്ടിവേഷ'ങ്ങളിലൂടെ പാലക്കാടന്‍ ജീവിതത്തിന്റെ മറ്റൊരുമുഖം വരച്ചിട്ടു''.
മഹാകവി ഒളപ്പമണ്ണയുടെ നങ്ങേമക്കുട്ടി, ബാലാമണിയമ്മയുടെ പ്രിയപ്പെട്ട 101 കവിതകള്‍, ഇടശ്ശേരിയുടെ കൂട്ടുകൃഷി, ചെറുകാടിന്റെ നമ്മളൊന്ന്, മലയാറ്റൂരിന്റെ പൊന്നി, പി. നരേന്ദ്രനാഥിന്റെ പറയിപെറ്റ പന്തിരുകുലം, ഒ.വി. വിജയന്റെ തലമുറകള്‍ തുടങ്ങിയ രചനകള്‍ കൂട്ടത്തിലുണ്ട്.
ഭാഷാപിതാവ് എഴുത്തച്ഛന്‍മുതല്‍ ചമ്പത്തില്‍ ചാത്തുക്കുട്ടി മന്ദാടിയാരില്‍ തുടങ്ങി മുണ്ടൂര്‍ ദ്വയങ്ങള്‍, എം. ഗോവിന്ദന്‍, മുത്തിരിങ്ങോട് ഭവത്രാതന്‍ നമ്പൂതിരിപ്പാട്, എം. സുകുമാരന്‍, വി.ടി. ഭട്ടതിരിപ്പാട്, ആര്യന്‍ കണ്ണനൂര്‍, ടി.കെ. ശങ്കരനാരായണന്‍, കെ.പി. ഉണ്ണി, മഹാകവി അക്കിത്തം, പക്ഷിനിരീക്ഷകന്‍ ഇന്ദുചൂഡന്‍, വി.കെ. ജയപ്രകാശ്, ആലങ്കോട് ലീലാകൃഷ്ണന്‍ വരെയുള്ള രചയിതാക്കളുടെ പുസ്തകങ്ങള്‍ ഇതിലുള്‍പ്പെടുന്നു. ഒറ്റ പുസ്തകം മാത്രമെഴുതിയ പുലാപ്പറ്റ ജയപ്രകാശിന്റെ കളംമായ്ക്കുന്ന നാഗങ്ങള്‍, മണികണ്ഠന്‍ അട്ടപ്പാടി രചിച്ച അട്ടപ്പാടിയിലെ ഗോത്രഭാഷയിലുള്ള മല്ലീസ് പറമുടി തുടങ്ങിയവയും ഇവിടെയുണ്ട്.
Content Highlights: Palakkad's Literary Legacy: "Madhuram Gayathi" Unveils a Rich Collection of Books
Published: 19 Jun 2025, 12:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented