ഴുത്തിന്റെ സൗന്ദര്യവും വാക്കുകൾ കൂടിച്ചേരുമ്പോഴുള്ള കാഴ്ചയുമൊക്കെ ഞാൻ മനസ്സിലാക്കി തുടങ്ങിയത് വായനയിൽ നിന്നാണ്. ആ കാഴ്ചയിലേക്ക് എന്നെ ആദ്യം കൈപിടിച്ച് നടത്തിയത് വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളാണ്. ബഷീറിന്റെ പാത്തുമ്മയുടെ ആട് ഒമ്പതാം ക്ലാസിലെ മലയാളം സെക്കന്റിൽ പഠിക്കാനുണ്ടായിരുന്നു. എന്റെ ഫസ്റ്റ് ലാംഗ്വേജ് സംസ്‌കൃതം ആയിരുന്നു. മലയാളം കൈവിട്ട് പോകരുതെന്ന് അച്ഛന്റെ നിർബന്ധം കൊണ്ടായിരുന്നു മലയാളം സെക്കന്റ് ലാംഗ്വേജ് ആയി എടുത്തത്. ബഷീറിന്റെ പാത്തുമ്മയുടെ ആട്, തകഴിയുടെ വെള്ളപ്പൊക്കത്തിൽ തുടങ്ങിയ കൃതികളിലൂടെ സഞ്ചരിക്കാൻ വിദ്യാർഥിയായ എനിക്ക് ഒരു അവസരമുണ്ടായി എന്നുവേണം പറയാൻ. 

To advertise here,

 വായന ഒരു ദൃശ്യമായി എനിക്കുമുന്നിൽ വന്നുനിന്നത് വെള്ളപ്പൊക്കത്തിൽ വായിച്ചപ്പോഴാണ്. അതിഭീകരമായ മഴയും കഥയിലെ നായകനായ നായയുടെ ഒറ്റപ്പെടലും ഒരു സിനിമ കാണുന്നതുപോലെ എനിക്ക് മുന്നിൽ തെളിഞ്ഞു. ആ നായയോടൊപ്പം നമ്മളും വെള്ളപ്പൊക്കത്തിൽ പെട്ടുപോകുന്നത് അക്ഷരാർഥത്തിൽ അനുഭവിപ്പിച്ച, എഴുത്തിന്റെ കൗതുകം എന്നിൽ ജനിപ്പിച്ച, കൃതിയായിരുന്നു വെള്ളപ്പൊക്കത്തിൽ. 

എഴുത്തിന്റെ ഭംഗിയും നർമ്മവും വാക്കുകളുടെ പ്രയോഗങ്ങളിലെ കൃത്യതയും എല്ലാം കൊണ്ടും വായനയിൽ ഒരുപോലെ കൗതുകവും ഉദ്വേഗവും ജനിപ്പിച്ച നോവലാണ് പാത്തുമ്മയുടെ ആട്. ഈ രണ്ട് കൃതികളിലൂടെയും കടന്നുപോകാൻ കഴിഞ്ഞത് സ്‌കൂൾ വിദ്യാർഥിയായ എന്നിൽ സൃഷ്ടിച്ച ചലനം ചെറുതല്ലായിരുന്നു എന്ന് ഞാൻ ഇപ്പോൾ തിരിച്ചറിയുകയാണ്. ആവിഷ്‌കാരത്തിലും വാക്കുകളുടെ പ്രയോഗത്തിലും തകഴികൊണ്ടുവന്ന ദൃശ്യചാരുതയും ബഷീറിന്റെ കഥാപാത്രങ്ങൾ വെച്ചുനീട്ടിയ പച്ചയായ ജീവിതവും വാക്കുകളുടെ നൈർമല്യവും കാരണം ആ എഴുത്തുകാരുടെ ആരാധകനാക്കി മാറ്റിയിരുന്നു. എഴുതാനുള്ള ഒരു കൊതി എന്നിൽ സൃഷ്ടിക്കാൻ ഈ രണ്ട് എഴുത്തുകാർക്കും കഴിഞ്ഞിരുന്നു.

എന്നാൽ പിന്നീട് എല്ലാ ദിവസവും വായിക്കുക എന്നൊരു രീതിയൊന്നും എന്റെ ശീലത്തിൽ  ഉണ്ടായിട്ടില്ല. ഞാനതിലൊക്കെ ഒരു മടിയുള്ള കൂട്ടത്തിലായിരുന്നു. പിന്നീട് തിരക്കഥയെഴുതാൻ തുടങ്ങിയപ്പോൾ എങ്ങനെ എഴുതണം എന്നൊക്കെയുള്ള ആശയക്കുഴപ്പങ്ങൾ അലട്ടിയപ്പോൾ വൈക്കം മുഹമ്മദ് ബഷീറിന്റെ കുറെ കഥാസമാഹാരങ്ങൾ അച്ഛൻ എനിക്കുനേരെ നീട്ടി.''ഇതൊക്കെ ഒന്ന് വായിക്ക്, ഒരു വെളിവും ബോധവും വരും'' എന്നായിരുന്നു അന്ന് അച്ഛൻ പറഞ്ഞത്. അദ്ദേഹത്തിന്റെ ഓരോ പുസ്തകത്തിനും ചെറിയ കനമേ ഉണ്ടായിരുന്നുള്ളൂ. 

എന്റെ വായനാനുഭവം എന്നത് വൈക്കം മുഹമ്മദ് ബഷീറിന്റെ ഇതുവരെ അച്ചടിച്ച എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ട് എന്നതാണ്. വലിയ എഴുത്തുകാരെ വായിച്ചോ എന്നതിനുള്ള ഉത്തരവും അതുതന്നെയാണ്. ജീവിതം പറയുന്നതിൽ ബഷീർ ഉണ്ടാക്കിയിട്ടുള്ള ആഴം മലയാളത്തിൽ ഇന്നോളം വേറെ ആരും തിരക്കഥാ രചനയിലോ കഥാരചനയിലോ മറ്റേതെങ്കിലും ആഖ്യാനസങ്കേതങ്ങളിലോ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് അറിയില്ല. വായിക്കുമ്പോൾ ഓരോ കഥാപാത്രവും ഇങ്ങനെയുള്ള ആളാണ്, ഇതാണ് അയാളുടെ രൂപം, ഇങ്ങനെയാണ് മാനറിസം എന്നൊക്കെ അക്ഷരങ്ങളാൽ ദൃശ്യാവിഷ്‌കാരം സൃഷ്ടിക്കുന്ന മാജിക് കണ്ടു. കഥാപാത്രങ്ങളുടെ ഡീറ്റെയ്‌ലിങ്ങ് അത്രയേറെ അദ്ദേഹം കൃതികളിൽ കൊണ്ടുവന്നു. തിരക്കഥയെഴുതുമ്പോൾ അത്തരത്തിൽ ഡീറ്റെയ്‌ലിങ്ങ് കൊണ്ടുവരാൻ ഞാൻ ശ്രമിച്ചത് ഈ വായനാനുഭവത്തിൽ നിന്നാണ്. 

തിരക്കഥാസംബന്ധിയായ കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയുക, പഠിക്കുക എന്നീ ലക്ഷ്യങ്ങളോടെ വായിച്ചത് ശ്രീനിവാസന്റെയും ബ്ലെസിയുടെയും തിരക്കഥകളാണ്. ഇവർ രണ്ടുപേരുമാണ് എന്റെ 'ബുക്ക് ഓഫ് റഫറൻസ്' ആയിട്ടുള്ളത്. സീൻ എങ്ങനെ എഴുതണം, ഇമോഷണൽ മൂഡ് എങ്ങനെ ബിൽഡ് ചെയ്യണം എന്നതിനെക്കുറിച്ചൊക്കെ ഇവരുടെ തിരക്കഥകൾ വഴികാട്ടിയായി. ശ്രീനിവാസന്റെ നർമ്മം, ബ്ലെസിയുടെ ഇമോഷണൽ സീനുകൾ ഇതെല്ലാം എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. എന്റെ തിരക്കഥ വായിക്കുന്നവർക്ക് അതിന്റെ വിഷ്വൽ സ്‌കേപ് കിട്ടാറുണ്ട് എന്ന് പറയാറുണ്ട്. അതെനിക്ക് തോന്നുന്നു തകഴിയുടെ വെള്ളപ്പൊക്കത്തിൽ നിന്ന് കിട്ടിയതായിരിക്കാം. തകഴിയുടെ ദൃശ്യാത്മകത, ബഷീറിന്റെ ജീവിതം, ശ്രീനിവാസന്റെ നർമം, ബ്ലസിയുടെ വൈകാരികത...ഇതുനാലും എന്റെ സിനിമാഎഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്. 

സൗദി വെള്ളക്കയിലെയും തുടരും എന്ന സിനിമയിലെയും ജീവിതഗന്ധിയായ നർമങ്ങൾക്ക് ഞാൻ ബഷീറിനോട് കടപ്പെട്ടിരിക്കുന്നു. വൈകാരികമായി നല്ല തിരക്കഥയാണെന്ന് പറയുന്നത് കാഴ്ചയും തന്മാത്രയും വായിച്ചപ്പോൾ ബ്ലെസിയിൽ നിന്ന് സ്വാധീനം കൊണ്ടായിരിക്കാം. രണ്ട് ഉപദേശങ്ങളാണ് എഴുത്തിന്റെ കാര്യത്തിൽ കിട്ടിയിട്ടുള്ളത്. പി. ബാലചന്ദ്രൻ എനിക്ക് ഗുരുസ്ഥാനീയനാണ്. അദ്ദേഹം തന്ന ഉപദേശം ഇതായിരുന്നു- ഒരു ഗ്രാമറുമില്ലാതെ, നിന്റെ മനസ്സിൽ എന്തുണ്ടോ അത് കടലാസിൽ പകർത്തുക എന്നുള്ളത് മാത്രമേ ഉള്ളൂ തിരക്കഥ. അത് വായിക്കാനോ വായിച്ചു മനസ്സിലാക്കണമെന്നോ യാതൊരു നിർബന്ധവുമില്ല. പക്ഷേ എഴുതിയിരിക്കുന്നത് വാക്കാൽ മറ്റൊരാൾക്ക് പറഞ്ഞ് കൊടുത്ത് ദൃശ്യം മനസ്സിലാക്കാനുള്ള ശേഷി നിനക്ക് ഉണ്ടാവണം. ഗ്രാമർ ഇല്ലാതെ, വാക്കുകളുടെ ഭംഗിയെപ്പറ്റി ചിന്തിക്കാതെ, മനസ്സിനെ കടലാസിലേക്ക് പകർത്താൻ ശ്രമിക്കാനാണ് അദ്ദേഹം തന്ന ഉപദേശം.  

രണ്ടാമത്തെ ഉപദേശം തന്നത് അച്ഛനാണ്- 'പുസ്തക വായനയോ ഇല്ല നിനക്ക്, ചുറ്റുമുള്ള മനുഷ്യരുടെ ജീവിതം വായിച്ചാൽ നല്ലൊരു ജീവിതം കിട്ടും' എന്ന് അച്ഛൻ പറഞ്ഞു. അത് മാക്‌സിമം ശ്രമിക്കാറുണ്ട്. ആളുകളെ കേൾക്കാറുണ്ട് ഞാൻ. ആ കേൾവിയാണ് എന്റെ വായന. മുന്നിൽ വന്നിരിക്കുന്ന മനുഷ്യരെ വായിക്കാൻ ശ്രമിക്കാറുണ്ട്. അതാണ് എന്നെ മുന്നോട്ടുനയിക്കുന്നത്.