'Hungry man, reach for the book: it is a weapon'.. ബ്രഹ്‌തോള്‍ ബ്രഹ്തിന്റെ 'In Praise of Learning' എന്ന കവിതയിലെ ഭാഗമാണിത്. മുല്ലനേഴി മാഷാണ് ഇത് മലയാളത്തിലേക്ക് മൊഴിമാറ്റിയത്.

To advertise here,

''പട്ടിണിയായ മനുഷ്യാ നീ പുസ്തകം കൈയിലെടുത്തോളൂ... 
പുത്തനൊരായുധമാണ് നിനക്കത് പുസ്തകം കൈയിലെടുത്തോളൂ...'

പിന്നീട് കേരള / മലയാള സക്ഷരതാപ്രസ്ഥാനത്തിന്റെ മുദ്രാഗീതമായി ഈ വരികള്‍ മാറി. മലയാളികള്‍ ഒന്നാകെ അതേറ്റെടുത്തു. പുസ്തകവായനയിലേക്ക് മലയാളിയെ നയിച്ചതില്‍ ഈ വരികള്‍ക്ക് അസമാനമായ പങ്കുണ്ട്. ഈ വരികളെ നെഞ്ചോടുചേര്‍ത്ത ഒരു മലയാളിയെക്കുറിച്ചാണ് ഈ കുറിപ്പ്

നാട്ടിലെ കടയില്‍ വില്‍ക്കാന്‍ തൂക്കിയിട്ടിരിക്കുന്ന ബാലരമയും ബാലഭൂമിയും ബാലമംഗളവും പത്രങ്ങളും മാസികകളും ആഴ്ചപ്പതിപ്പുകളും കടക്കാരന്റെ മകനോടുള്ള സൗഹൃദത്തിന്റെയും അതുവഴി കടക്കാരനുണ്ടായ സ്‌നേഹത്തിന്റെയും പേരില്‍ വായിച്ചിരുന്ന ബാല്യത്തില്‍നിന്നും മലയാളികളുടെ വായനാഭിരുചിക്കനുയോജ്യമായ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്ന ആളായി 'പുസ്തകലോകം നൗഷാദ് കൊല്ലം' എന്ന നൗഷാദിക്ക മാറിയിട്ട് കാല്‍നൂറ്റാണ്ടു കഴിഞ്ഞു. അക്ഷരങ്ങളുടെ ലോകം കടലാസുമാത്രമായിരുന്ന കാലത്തുനിന്നും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ കാലത്തേക്ക് വലിയൊരു ദൂരം സഞ്ചരിച്ചെത്തിയ നൗഷാദിക്ക ഇപ്പോള്‍ 'സൈബര്‍തെരുവിലെ പുസ്തകവില്‍പ്പക്കാരന്‍' ആണ്. 

നൗഷാദിക്കയുടെ വായനവഴികള്‍ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അതേക്കുറിച്ച് പല സന്ദര്‍ഭങ്ങളില്‍ കേട്ട കഥകള്‍ ഒരു സ്ഥിരോത്സാഹിയെ നമുക്കു മുന്നില്‍ വെളിപ്പെടുത്തും. കൊല്ലം മടത്തറ തുമ്പമണ്‍തൊടിയിലെ മുറുക്കാന്‍ കടയും വളവുപച്ച സി. കേശവന്‍ ഗ്രന്ഥശാലയും നൗഷാദിക്കയുടെ കഥ കേട്ടിട്ടുള്ളവര്‍ക്കു സുപരിചിതമായിരിക്കും. ഒരുപക്ഷേ, 1990-കളില്‍ തന്റെ ബാല്യകൗമാരങ്ങള്‍ ജീവിച്ചുതീര്‍ത്ത, വായന ഇഷ്ടപ്പെടുന്ന ഏതൊരു മലയാളിയുടെയും അനുഭവമാണ് നൗഷാദിക്കയെയും മൂടുന്നത്. മുറുക്കാന്‍ കടയില്‍ തൂക്കി വില്‍ക്കാനെത്തിച്ച പഴയ പ്രസിദ്ധീകരണങ്ങള്‍, വീട്ടിലേക്ക് സാധനം പൊതിഞ്ഞുകൊണ്ടുവരുന്ന കടലാസുതുണ്ടുകള്‍, നാട്ടിന്‍പുറത്തെ ഗ്രന്ഥശാല തുടങ്ങി പൊതുമലയാളി അനുഭവിച്ച വായനാജീവിതമാണ് നൗഷാദിക്കയും പരിചയപ്പെടുത്തുന്നത്.

മനോരമയും മംഗളവുമാണ് ഒരുകാലത്തെ ശരാശരി മലയാളിയുടെ വായനയെ തൃപ്തിപ്പെടുത്തിയ പ്രസിദ്ധീകരണങ്ങള്‍. കണ്ണീരും കിനാവും, ഇരുളും വെളിച്ചവും തുടങ്ങി പല പംക്തികള്‍ക്കും സ്ഥിരംവായനക്കാരുണ്ടായിരുന്നു. അവിടെനിന്നാണ് എം.ടി. യിലേക്കും മുകുന്ദനിലേക്കും മാധവിക്കുട്ടിയിലേക്കും തകഴിയിലേക്കും ഉറൂബിലേക്കും പമ്മനിലേക്കുമൊക്കെ യാത്രചെയ്യുന്നത്. ശേഷം കേരള സര്‍വകലാശാലയിലെ ഡിഗ്രി, എം.എ വിദ്യാഭ്യാസത്തിന് ഐച്ഛിക വിഷയമായി ഇംഗ്ലീഷ് തിരഞ്ഞെടുത്തത്തോടെ പാശ്ചാത്യകൃതികളെ അടുത്തറിയുന്നതിനുള്ള സന്ദര്‍ഭമൊരുങ്ങി.

ഇക്കാലത്തുതന്നെ മലയാള മനോരമ, മാതൃഭൂമി, മാധ്യമം, കേരളകൗമുദി, ദീപിക, മംഗളം തുടങ്ങി വിവിധ പത്രസ്ഥാപനങ്ങളിലെ താല്ക്കാലിക ജോലികളിലൂടെ മലയാളത്തിലെ ഒട്ടുമിക്ക പ്രസിദ്ധീകരണങ്ങളും ആനുകാലികങ്ങളും വായിക്കാനും അദ്ദേഹത്തിന് അവസരമൊരുങ്ങി. പഠനത്തോടൊപ്പം സാംസ്‌കാരിക-രാഷ്ട്രീയപ്രവര്‍ത്തനവും നൗഷാദ് നടത്തിവന്നു. ഈ വഴിയും വായന വളരാനുള്ള കാരണങ്ങളിലൊന്നായി. പിന്നീട് നാരങ്ങാകച്ചവടവും ബാങ്ക് ജോലിയുമുള്‍പ്പെടെ പലയിടങ്ങളില്‍ പല തൊഴിലുകള്‍. ഡി സി ബുക്‌സ്, പൂര്‍ണ്ണ, ലേബര്‍ ഇന്ത്യ, മലയാള മനോരമ, മാതൃഭൂമി, കേരളകൗമുദി, മംഗളം, മാധ്യമം, രാഷ്ട്രദീപിക അങ്ങനെയങ്ങനെ തൊഴിലിടങ്ങളും തൊഴില്‍സ്വഭാവങ്ങളും മാറിക്കൊണ്ടേയിരുന്നു. അതിലേറ്റവും സ്‌നേഹം തോന്നിയത് പുസ്തകവില്‍പനയോടാണെന്ന് നൗഷാദിക്ക പറയും.

കൊല്ലത്തെ ഒരു മലയോരഗ്രാമത്തില്‍നിന്ന് കോഴിക്കോട് എന്ന സാഹിത്യനഗരത്തിലേക്ക് ജീവിതം പറിച്ചുനടപ്പെടുന്നതോടെയാണ് നൗഷാദ് കൊല്ലം എന്ന പേരുകാരന്‍, 'പുസ്തകലോകം നൗഷാദ്' എന്ന പുതിയ പേരിലേക്കും സൈബര്‍തെരുവിലേക്കും ജീവിതം ക്രമീകരിക്കുന്നത്. ബസുകളിലും തെരുവുകളിലും ഉത്സവപ്പറമ്പുകളിലുമായി മനുഷ്യരെ നേരില്‍ക്കണ്ടും വീടുവീടാന്തരം കയറിയിറങ്ങിയുമാണ് അതുവരെ അദ്ദേഹം പുസ്തകം വിറ്റിരുന്നത്. എന്നാല്‍, കോഴിക്കോടെന്ന സ്വപ്നനഗരവും ജീവിതക്രമങ്ങളും സാങ്കേതികവിദ്യയുടെ വരവും വളര്‍ച്ചയും പുസ്തകവില്‍പ്പനയിലെ പുതുവഴികള്‍ തേടാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു. 

അങ്ങനെയാണ് പുസ്തകലോകമെന്ന സൈബര്‍ കൂട്ടായ്മ ജന്മമെടുക്കുന്നത്. അതോടെ, കൊണ്ടുനടന്നു പുസ്തകം വില്‍ക്കുകയെന്ന സാമാന്യം ശ്രമകരമായ ദൗത്യം ഒരു ഫോണിലൂടെ നിര്‍വ്വഹിക്കാമെന്ന സ്ഥിതി വന്നു. ഫേസ്ബുക്കും വാട്‌സ്ആപ്പും ടെലിഗ്രാമും ഇന്‍സ്റ്റഗ്രാമും അതിനുള്ള സര്‍ഗ്ഗാത്മകവഴികളായി. ഈ കൂട്ടായ്മകളിലെല്ലാംകൂടി ആറുലക്ഷം പേര്‍ അംഗങ്ങളാണെന്ന കൗതുകംകൂടിയുണ്ട്. നാലുകോടി മലയാളികളില്‍ ആറുലക്ഷംപേരുമായി സമ്പര്‍ക്കമുള്ള ഒരു മനുഷ്യന്‍! 

പുസ്തകലോകത്തിന്റെ ആരംഭത്തെക്കുറിച്ച് നൗഷാദിക്ക പണ്ടെഴുതിയ ഒരു കമന്റ് ഇങ്ങനെയാണ്: '2017-ല്‍ കാലിക്കറ്റ് സര്‍വകലാശാല മലയാളവിഭാഗത്തിലെ ആസിഫ് കൂരിയാട് എന്ന വിദ്യാര്‍ത്ഥിസുഹൃത്തിന്റെ സഹായത്തോടെ 'പുസ്തകലോകം' എന്ന പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി. തുടക്കം മുതല്‍ പുസ്തകങ്ങളുടെ പുറംചട്ടയും പുസ്തകത്തെപ്പറ്റിയുള്ള ചെറിയ കുറിപ്പുകളുമായി ഗ്രൂപ്പില്‍ പോസ്റ്റു ചെയ്തു. ഇതിന് നല്ല പ്രതികരണമാണ് ലഭിച്ചത്. ഇതോടെ ഗ്രൂപ്പിലുള്ളവര്‍ സ്വയമേവതന്നെ വായനയില്‍ താല്‍പ്പര്യമുള്ള അവരുടെ കൂട്ടുകാരെയും ബന്ധുക്കളെയും സഹപ്രവര്‍ത്തകരെയും ഒന്നൊന്നായി പുസ്തകലോകം ഗ്രൂപ്പിലേക്ക് ചേര്‍ക്കാന്‍ തുടങ്ങി. ദിനംപ്രതി ഗ്രൂപ്പുകള്‍ വലുതായി. 250 പേര്‍ വീതം നിറയുമ്പോള്‍  വാട്‌സ്ആപ് ഗ്രൂപ്പുകളും കൂടിക്കൂടി വന്നു. വാട്‌സ്ആപ്പില്‍ നിന്ന് ഫേസ്ബുക്കിലേക്കും ടെലിഗ്രാമിലേക്കും ഇന്‍സ്റ്റാഗ്രാമിലേക്കും കൂട്ടായ്മകള്‍ വളര്‍ന്നു. 25 പേരുമായി തുടങ്ങിയ പുസ്തകലോകം എന്ന ആശയത്തിന്റെ തുടര്‍ച്ച 2025-ലെത്തുമ്പോള്‍ 2000 ഗ്രൂപ്പുകളിലായി 6 ലക്ഷത്തോളം മലയാളിവായനക്കാരിലെത്തി നില്‍ക്കുന്നു.''

അധ്വാനമെന്നാല്‍ ശാരീരികാധ്വാനം മാത്രമല്ലെന്ന് നൗഷാദിക്ക തെളിയിക്കുന്നു. തന്റെ അധ്വാനംവഴി താന്‍ രൂപപ്പെടുന്നുവെന്നും തനിക്കൊപ്പമുള്ളവരെയും അത് സ്വാധീനിക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ആറുലക്ഷം മനുഷ്യരെ കൂട്ടിപ്പിടിക്കുക ചെറിയ കാര്യമല്ലല്ലോ! അപ്പോഴും, നേരിട്ടുകണ്ടിട്ടില്ലാത്ത മനുഷ്യരെന്ന തോന്നല്‍ ഒരു അപകര്‍ഷതാബോധമായി മാറാന്‍ അദ്ദേഹം ഒരിക്കലും അനുവദിക്കുന്നില്ല. തനിക്കു കഴിയുംവിധം കേരളത്തില്‍ അങ്ങോളമിങ്ങോളം പുസ്തകങ്ങളുമായി ഓടിനടന്ന്, ആളുകളെ പരിചയപ്പെട്ട്, അവരോട് ഇടപെട്ടാണ് ഈ സൈബര്‍ കൂട്ടായ്മ ഇത്രയും വിപുലീകരിച്ചത്. ഇന്നു കേരളത്തിലെ തന്നെ അറിയപ്പെടുന്ന പുസ്തകവില്‍പന കൂട്ടായ്മയായി പുസ്തകലോകം മാറിയതില്‍ ഇന്റര്‍നെറ്റിനും സോഷ്യല്‍ മീഡിയക്കുമെന്ന പോലെ നൗഷാദിക്കക്കും പങ്കുണ്ട്. ഇതേക്കുറിച്ച് ചോദിച്ചാല്‍, ''മനുഷ്യരില്ലാതെ ഒരു യന്ത്രത്തിനും നിലനില്‍പ്പില്ല'' -എന്ന് ചിരിച്ചുകൊണ്ടൊരു മറുപടിയുമുണ്ടാകും.

കേരളത്തിനുപുറത്തും പുസ്തകങ്ങളുടെ വില്‍പനയില്‍ അദ്ദേഹം ഇടപെടുന്നുണ്ട്. സിംഗപ്പൂര്‍ മലയാളി അസോസിയേഷന് ഗ്രന്ഥശാലയൊരുക്കുന്നതിനാവശ്യമായ 20 ലക്ഷത്തിലധികം രൂപയുടെ പുസ്തകങ്ങള്‍ വിവിധപ്രസാധകരില്‍നിന്നും ചെറുകിടവില്‍പ്പനക്കാരില്‍നിന്നും സമാഹരിച്ച് സിംഗപ്പൂരിലെത്തിച്ച ഒരു കഥകൂടി പറയാനുണ്ട് അദ്ദേഹത്തിന്. 

കടന്നുവന്ന കാലങ്ങളെ, പിന്നിട്ട വഴികളെ, തൊട്ടുപോയ മനുഷ്യരെയൊന്നും അത്രവേഗത്തില്‍ മറക്കാനവില്ലെന്നാണ് നൗഷാദിക്കയുടെ പക്ഷം. 

പുസ്തകവില്‍പ്പനയുടെ ലോകത്തേക്ക് കൂട്ടുവന്ന കൊല്ലം സിനിമാപറമ്പ് സ്റ്റാര്‍ ബുക്‌സിന്റെ പുസ്തകവില്‍പ്പനക്കാരായ കാട്ടാക്കട സ്വദേശി സജീര്‍, സിനിമാപ്പറമ്പ് സ്വദേശി മുനീര്‍, അധ്വാനത്തിന്റെ മഹത്വം ജീവിതത്തിലൂടെ പഠിപ്പിച്ച പിതാവ് അബ്ദുല്‍ഖരീം, സ്‌നേഹം അനുഭവിപ്പിച്ച മാതാവ് നസീമ, കോഴിക്കോടെന്ന സ്വപനനഗരത്തിലേക്ക് കൈപിടിച്ചെത്തിച്ച പങ്കാളി ജംഷീറ, മക്കളായ അന്‍ജും, കരീം, അനുംഹസന്‍, അജല്‍ മുഹമ്മദ്, വളവുപച്ച സി. കേശവന്‍ ലൈബ്രറിയുടെ പ്രസിഡന്റായിരുന്ന കെ. പി. കരുണാകന്‍ മാഷ്, സ്‌കൂളില്‍നിന്ന് പടിയിറക്കിവിട്ട അധ്യാപകന്‍, ചെന്നുമുട്ടിയപ്പോഴൊക്കെ തൊഴില്‍തന്നു സഹായിച്ച മനുഷ്യര്‍, സ്ഥാപനങ്ങള്‍, സൈബറിടം തൊഴിലിടമാക്കാന്‍ ഉപദേശിച്ച റോവിത്ത് കുട്ടോത്ത്, സഹായവും സഹകരണവുമായി കൂടെ നിന്ന ആസിഫ് കൂരിയാട്, അധ്യാപകനും അത്മസുഹൃത്തുമായ അശോക് ഡിക്രൂസ്,... അങ്ങനെ നീളുന്നൊരു പട്ടികയുണ്ട് നൗഷാദിക്കയ്ക്ക്. 
   
സമൂഹമാധ്യമങ്ങള്‍ പുസ്തകവായനയ്ക്ക് ഭീഷണിയാകുന്നുവെന്ന വാദങ്ങളുയരുന്ന കാലത്ത് സമൂഹമാധ്യമങ്ങളിലൂടെതന്നെ ഈ വാദത്തെ നിഷ്പ്രഭമാക്കിക്കൊണ്ട്, വായനയിലൂടെ വളരുന്ന, അതിജീവനം പ്രാപ്തമാക്കുന്ന ഒരു തലമുറയെ ഉണ്ടാക്കുകയാണ് അദ്ദേഹം ചെയ്തത്. അഞ്ചുലക്ഷത്തോളം പുസ്തകങ്ങളാണ് അദ്ദേഹം സമൂഹമാധ്യമം ഉപയോഗിച്ച് ലോകത്തുള്ള മലയാളിവായനക്കാരുടെ കൈകളിലെത്തിച്ചത്. 

ഈ വായനാദിനത്തില്‍ ഇതുപോലൊരു ജീവിതം പരിചയപ്പെടുത്തുക ആവശ്യമാണെന്ന് കരുതുന്നു. 'പുസ്തകലോകം നൗഷാദ്' എന്ന ഒറ്റ പേരില്‍ മലയാളിയുടെ വായനാസംസ്‌കാരം ചുരുങ്ങാതിരിക്കട്ടെയെന്ന് പ്രത്യാശിക്കുന്നു. അദ്ദേഹം വെട്ടിയ വഴിയിലൂടെ നടക്കാന്‍ ഒട്ടനവധി മനുഷ്യരെ സ്വാഗതം ചെയ്യുന്നു. വായിക്കുന്ന മനുഷ്യര്‍ കുറേക്കൂടി നല്ലൊരു സമൂഹവും കുറേക്കൂടി നല്ലൊരു ജീവിതവും അര്‍ഹിക്കുന്നു; വായിപ്പിക്കുന്ന മനുഷ്യരും.