നടുവണ്ണൂർ: ഗൗരവമേറിയ വായനയെ പ്രോത്സാഹിപ്പിക്കാനും വായനക്കാർക്കായി സൗകര്യമൊരുക്കാനുമുള്ള തിരക്കിലാണ് ശാസ്ത്രസാഹിത്യപരിഷത്തിന്റെ മുൻ പ്രസിഡന്റും എഴുത്തുകാരനുമായ പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണൻ. സർക്കാർ കോളേജുകളിൽ ധനശാസ്ത്ര അധ്യാപകനായിരുന്ന ഇദ്ദേഹം കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ ഗ്രാമപ്പഞ്ചായത്തിൽപ്പെട്ട കാവുന്തറയിലെ വീട്ടിലാണ് വായനയ്ക്കുള്ള സംവിധാനമൊരുക്കിയത്.

To advertise here,

ഉൾനാട്ടിലെ തച്ചിനാനി പീടികയിൽ എന്ന വീട്ടിൽത്തന്നെ വായനസൗകര്യമൊരുക്കാൻ കാരണമുണ്ട്. പഠിക്കുന്നകാലത്തും ഇപ്പോഴും ഗൗരവമുള്ള വായനയ്ക്കുള്ള പുസ്തകങ്ങളോ ആനുകാലികങ്ങളോ പ്രദേശത്ത് ലഭിച്ചിരുന്നില്ല. അതിനാൽ നാട്ടുകാരും വിദ്യാർഥികളും നേരിടുന്ന ആ കുറവ് ഹോം ലൈബ്രറിയിലൂടെ പരിഹരിക്കുകയാണ്. ഇദ്ദേഹം എഴുതിയതും ബാല്യംമുതൽ വിലയ്ക്കുവാങ്ങിയതുമായ പുസ്തകങ്ങളും ആനുകാലികങ്ങളും ചേർത്തുള്ളവ പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19-ന് രാവിലെ പത്തുമണിയോടെ വായനയ്ക്ക് സമർപ്പിക്കും.

6000 പുസ്തകങ്ങളാണ് ശേഖരത്തിലുള്ളത്. വായനക്കാർക്ക് ഇവിടെയെത്തി വായിക്കാം. 90 വയസ്സുള്ള അമ്മ ഓമന അമ്മയാണ് ഗ്രന്ഥപ്പുരയുടെ മേൽനോട്ടം. വായനക്കുറിപ്പുകളെഴുതാനുള്ള സൗകര്യവുമുണ്ടാവും. അച്ഛനമ്മമാർ മികച്ച വായനക്കാരല്ലെങ്കിലും മകന്റെ എഴുത്തും വായനയും എന്നും അവർ പ്രോത്സാഹിപ്പിച്ചിരുന്നു. കർഷകനായിരുന്ന അച്ഛൻ പരേതനായ ഗോപാലൻനായർ ചെറുപ്പത്തിലേ അധ്യാത്മരാമായണം വായിപ്പിച്ചു. വായന തെറ്റിയാൽ ശിക്ഷയും ലഭിക്കുമായിരുന്നു. മഹാഭാരതവും ഭാഗവതവും അക്കൂട്ടത്തിൽ വായിച്ചു. താൻ വളർന്നുവലുതായ തറവാട്ടുവീട് ഈയിടെ പുതുക്കിപ്പണിതപ്പോൾ വായിക്കാനും പുസ്തകങ്ങൾ സൂക്ഷിക്കാനുമായി ഗ്രന്ഥപ്പുര തയ്യാറാക്കി.

ഇക്കാലത്ത് ഓൺലൈൻ വായനക്കാർ കൂടുന്നുണ്ടെങ്കിലും പുസ്തകപ്രസിദ്ധീകരണം കുറയുന്നില്ല. ലൈബ്രറികളിൽനിന്ന് പുസ്തകമെടുത്ത് വായിക്കുന്നവരെക്കാൾ സ്വന്തമായി പുസ്തകം വിലയ്ക്കുവാങ്ങി വായിക്കാൻ ആളുകൾ തയ്യാറാകുന്നതായി അദ്ദേഹം പറഞ്ഞു. കൃഷ്ണമേനോനെ കൂടുതൽ അടുത്തറിയാനുള്ള വായനയിലാണിപ്പോൾ. അമർത്ത്യാസെന്നിന്റെ സംഭാവനകളെ മലയാളത്തിൽ പരിചയപ്പെടുത്തുന്നതിനുള്ള പണിപ്പുരയിലാണ്. ഭാര്യ: എം. സുമ കുമാരി (റിട്ട. അധ്യാപിക). മക്കൾ: ഹരിലാൽ, ശ്രീലാൽ. മരുമക്കൾ: സ്വാതി, അശ്വതി.