ബാലുശ്ശേരി: തൃക്കുറ്റിശ്ശേരി ഗവ. യുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി ആരോമലിന്റെ വായനാലോകം വിശാലമാണ്. ഫെയ്സ്ബുക്കിൽ ‘കവിതായനം’ എന്നപേരിൽ കവിതകൾ ചൊല്ലി അവതരിപ്പിക്കുന്ന ആരോമൽ ഇതിനോടകം നൂറിലധികം കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്.

To advertise here,

സോമൻ കടലൂർ, പ്രകാശ് ചെന്തളം, ഷീജാ വക്കം, സുബീഷ് തെക്കൂട്ട് തുടങ്ങിയവരുടെ കവിതകളാണ് ഇതിനകം കവിതായനത്തിലൂടെ അവതരിപ്പിച്ചിട്ടുള്ളത്. പുതിയ കവിതാസമാഹാരങ്ങളുടെ ഒരു കോപ്പി ആരോമലിനായി കരുതിവെക്കുന്നരീതിയിൽ എഴുത്തുകാരുമായുള്ള സൗഹൃദം അനുദിനം വളർന്നുകൊണ്ടിരിക്കുന്നു. അക്ഷരശ്ലോകഗുരുവായ സുധീർകുമാറിന്റെ പ്രോത്സാഹനം ആരോമലിന്റെ വായനാലോകത്തെ വിപുലപ്പെടുത്താൻ സഹായകമായിട്ടുണ്ട്.

തൃക്കുറ്റിശ്ശേരി ഗവ. യുപി സ്കൂളിൽ പഠിക്കുന്ന ആരോമൽ അവധിക്കാല വായനയുടെ ചുവടുപിടിച്ചാണ് സർഗാത്മകയാത്ര തുടങ്ങിയത്. വായനയോടൊപ്പം ആ പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ തയ്യാറാക്കാനും ആരോമൽ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുത്ത ഏറ്റവും പ്രായംകുറഞ്ഞ എഴുത്തുകാരൻ എന്ന ബഹുമതിയും ആരോമൽ നേടിയിട്ടുണ്ട്.

വായനയുടെ ലോകത്ത് മാത്രമല്ല എഴുത്തിന്റെലോകത്തും എട്ടുവയസ്സുകാരൻ ഏറെ ശ്രദ്ധേയനായിട്ടുണ്ട്. ആരോമലിന്റെ ‘ആദ്യ അക്ഷരങ്ങൾ’ എന്ന പ്രഥമപുസ്തകം ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്.

തൃക്കുറ്റിശ്ശേരി ഗവ. യുപി സ്കൂളിലെ അന്തരീക്ഷം ആരോമലിന് ഏറെ പ്രിയപ്പെട്ടതാണ്. ഒന്നാം ക്ലാസിലെ അധ്യാപികയായ ഇന്ദുജ ടീച്ചറും സ്കൂളിലെ അധ്യാപകനായ പ്രകാശൻ മാഷും ഉൾപ്പെടെയുള്ളവരുടെ പ്രോത്സാഹനം ‘കവിതായനം’ എന്ന തന്റെ കവിതാലാപനയാത്ര തുടരാൻ ആരോമലിന് തുണയാകുന്നു. കിഴക്കയിൽ പ്രബീഷിന്റെയും ബിനിലയുടെയും മകനാണ് ആരോമൽ.