അബുദാബി: പുണ്യമാസത്തെ വരവേല്‍ക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി യു.എ.ഇ. വൈവിധ്യമാര്‍ന്ന ആഘോഷപരിപാടികളുടെ നീണ്ടനിരയാണ് റംസാനില്‍ ഒരുക്കിയിട്ടുളളത്. ഇമിറാത്തി മൂല്യങ്ങളും ആചാരങ്ങളും ഉള്‍ക്കൊള്ളുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് വിവിധ എമിറേറ്റുകളിലായി നടക്കുക. വിശുദ്ധ മാസത്തെ വരവേല്‍ക്കാനായി തെരുവുകളും പൊതുയിടങ്ങളും ഷോപ്പിങ് മാളുകളുമെല്ലാം അലങ്കരിച്ചിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 20 പണ്ഡിതന്മാരെ ഈ വര്‍ഷം ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് എന്‍ഡോവ്മെന്റ്‌സ് യു.എ.ഇ.യില്‍ സ്വീകരിക്കും. അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് ഉള്‍പ്പടെയുള്ള വിവിധ പള്ളികളില്‍ പണ്ഡിതന്മാര്‍ പ്രഭാഷണങ്ങള്‍ നടത്തും.

To advertise here,

യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ മഹത്തായ പാരമ്പര്യത്തെ ആദരിക്കുന്നതിനായി റംസാന്‍ 19-ന് സായിദ് ഹ്യുമാനിറ്റേറിയന്‍ ദിനമാചരിക്കും.

യു.എ.ഇ.യില്‍ മാനുഷികപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ അടിത്തറ പാകിയ ശൈഖ് സായിദിനോടുള്ള ആദരസൂചകമായുള്ള ദിനാചരണത്തില്‍ പണ്ഡിതന്മാര്‍ പങ്കെടുക്കും. ദുബായ് അന്താരാഷ്ട്ര വിശുദ്ധ ഖുര്‍ആന്‍ പുരസ്‌കാരവും ഖുര്‍ആന്‍ മെമ്മറൈസേഷന്‍ ആന്‍ഡ് സയന്‍സസ് പുരസ്‌കാരവും റംസാനില്‍ പ്രഖ്യാപിക്കും. മതപരവും സാംസ്‌കാരികപരവുമായ മൂല്യങ്ങള്‍ക്ക് പ്രാധന്യം നല്‍കാനായി യു.എ.ഇ. റംസാന്‍ മജ്ലിസുകളൊരുക്കും. ഇമിറാത്തി സമൂഹത്തിന്റെ ഐക്യത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പരിപാടികളില്‍ ഉന്നത ഉദ്യോഗസ്ഥരും പൊതു പ്രവര്‍ത്തകരും പങ്കെടുക്കും.

അവശ്യസാധനങ്ങളുടെ വിലവര്‍ധനയ്ക്ക് വിലക്ക്

റംസാനില്‍ അനുമതിയില്ലാത്ത വിലക്കയറ്റം തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പാചകയെണ്ണ, മുട്ട, പാലുത്പന്നങ്ങള്‍, അരി, പഞ്ചസാര, കോഴിയിറച്ചി, പയര്‍വര്‍ഗങ്ങള്‍, റൊട്ടി, ഗോതമ്പ് എന്നിവയുടെ വില വര്‍ധിപ്പിക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്.

എല്ലാ ഉപഭോക്താക്കള്‍ക്കും ന്യായമായ വിലയില്‍ അവശ്യവസ്തുക്കള്‍ ലഭ്യമാക്കാനാണ് തീരുമാനം. നിയമവിരുദ്ധ വിലവര്‍ധന തടയാനും റംസാനിലെ പ്രത്യേക കിഴിവുകള്‍ നിരീക്ഷിക്കാനും ദേശീയ ടാസ്‌ക് ഫോഴ്‌സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഭക്ഷണശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിത്തുടങ്ങി

റംസാനിലുടനീളം ഭക്ഷ്യവില്പനശാലകള്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ അതത് എമിറേറ്റുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. പകല്‍സമയം പ്രവര്‍ത്തിക്കുന്നതിന് ഭക്ഷ്യസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിത്തുടങ്ങി.

പകല്‍സമയത്ത് ഭക്ഷണം തയ്യാറാക്കുന്നതിനും വില്‍ക്കുന്നതിനും മാത്രമല്ല ഇഫ്താറിന് മുമ്പായി ഭക്ഷ്യവിഭവങ്ങള്‍ കടകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനും അനുമതി വേണം. ഷോപ്പിങ് മാളുകളില്‍ ഉള്‍പ്പെടെയുള്ള എല്ലാ ഭക്ഷ്യസ്ഥാപനങ്ങള്‍ക്കും തീരുമാനം ബാധകമാണ്. ഉപഭോക്താക്കള്‍ക്ക് ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണംകഴിക്കാന്‍ അനുവാദമുണ്ടായിരിക്കില്ല.

റംസാന്‍ സൂഖുകള്‍ സജീവം

റംസാനിലെ അവശ്യസാധനങ്ങളുമായി റംസാന്‍ സൂഖുകള്‍ രാജ്യത്തുടനീളം സജീവമായിട്ടുണ്ട്.

പുണ്യമാസത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ റംസാന്‍ ഇന്‍ ദുബായ്, ഷാര്‍ജ റംസാന്‍ ഫെസ്റ്റിവല്‍, ദിബ്ബ റംസാന്‍ ഫെസ്റ്റിവല്‍ എന്നിങ്ങനെ വിവിധ കാമ്പയിനുകളും ആരംഭിച്ചിട്ടുണ്ട്.

സംഭാവനകള്‍ ഔദ്യോഗികസംഘടനകള്‍ മുഖേന

വ്യാജ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ കരുതിയിരിക്കണമെന്നും സംഭാവനകള്‍ ഔദ്യോഗികസംഘടനകള്‍ മുഖേന മാത്രം നല്‍കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. സഹായധനം നല്‍കുന്നതിന് മുമ്പായി പ്രസ്തുത സംഘടനയുടെ വിശ്വാസ്യത പരിശോധിക്കാന്‍ ദാതാക്കള്‍ തയ്യാറാകണം.

നേരിട്ടും ബാങ്ക് അക്കൗണ്ട് വഴിയും ഔദ്യോഗിക ജീവകാരുണ്യസംഘടനകള്‍ക്ക് സംഭാവനകള്‍ നല്‍കാം. അര്‍ഹരായവര്‍ക്ക് ഭക്ഷണം, വസ്ത്രം, സക്കാത്ത് എന്നിവ നല്‍കുന്നതിന് അംഗീകൃത ചാരിറ്റി സംഘടനകളിലൂടെമാത്രം സംഭാവനകള്‍ നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നിയമപരമായി സംഭാവനകള്‍ ശേഖരിക്കാന്‍ അനുമതിയുള്ള സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയുടെ പട്ടിക www.mocd.gov.ae -ല്‍ അറിയാം.

റംസാനില്‍ പണം സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 800623-ല്‍ വിളിച്ചറിയിക്കണം.

അനുമതിയില്ലാതെ പണം സ്വരൂപിക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തിക്കള്‍ക്കും അഞ്ചുലക്ഷം ദിര്‍ഹംവരെ പിഴയും തടവുമാണ് ശിക്ഷ.