കുട്ടിക്കാലത്തെ നോമ്പിന് ജീരോക്കഞ്ഞിയുടെ മണമാണ്. സ്‌കൂള്‍ വിട്ടുവരുമ്പോഴേ ഇടവഴി മുഴുവന്‍ നോമ്പിന്റെ ഗന്ധംപരക്കും. അപ്പോള്‍ വയറിലൊരാന്തലാണ്. ഇന്നെന്താവും നോമ്പുതുറക്കാന്‍....
വീട്ടില്‍ക്കയറി ബാഗ് നിലത്തിട്ട് നേരേ ഓടുന്നത് അടുക്കളയിലേക്കാണ്. കാച്ചിത്തുണിയും തട്ടവുമിട്ട് കാതില്‍നിറയെ ചുറ്റുമിട്ട് നില്‍ക്കുന്ന പപ്പമ്മ (ഉപ്പയുടെ ഉമ്മ) വാഴയിലയില്‍ കൈപ്പത്തില്‍ പരത്തി ചുട്ടെടുക്കുന്ന കാഴ്ചയാണ് കാണാറ്. അന്നൊന്നും ഗ്യാസ് അടുപ്പില്ല പകരം വിറകടുപ്പാണ്. പപ്പമ്മയുടെ കായ്കറി (പുഴുക്കും) മീന്‍കറിയും ഒരു പ്രത്യേക രുചിയായിരുന്നു.
അടുക്കളയില്‍ എന്നെ കണ്ടതും ഉമ്മയുടെ താക്കീതാണ് ''പോയി കുളിച്ചിട്ടു വാ''. കുളിക്കുമ്പോള്‍ ചിലപ്പോള്‍ വെള്ളം പതുക്കേ വയറിലേക്കും എത്തും. നീണ്ട കുളിയാണ് ക്ഷീണം മാറ്റാന്‍ എന്നപേരില്‍.
എന്റെ വീടിനടുത്താണ് മൂത്താപ്പയുടെ(ഉപ്പയുടെ ജ്യേഷ്ഠന്‍) വീട്. പിന്നീട് അവിടേക്കൊരു സര്‍ക്കീട്ടാണ്. അവിടെ മൂത്താപ്പയുടെ മക്കളുമായി സൊറ പറഞ്ഞിരിക്കും, കളിയൊന്നുമില്ല... എല്ലാവരും ക്ഷീണത്തിലായിരിക്കും.
അഞ്ച് അഞ്ചരമണിയാകുമ്പോള്‍ ഉമ്മയുടെ വിളി വീണ്ടുമെത്തും ഐസ് വാങ്ങിവരാനാണ്. അന്ന് ചുരുക്കംചില വീടുകളില്‍മാത്രമേ ഫ്രിഡ്ജുണ്ടാകൂ, അതിലൊന്ന് മൂത്താപ്പയുടെ വീട്ടിലാണ്. ഓടി പാത്രവുമെടുത്ത് ഐസും കൊണ്ട് വീട്ടിലേക്ക്. മനസ്സിലൊരു സന്തോഷമാണ്.. നോമ്പുതുറക്കാന്‍ സമയമായി. ഐസിട്ട നാരങ്ങവെള്ളമില്ലാതെ എന്ത് നോമ്പുതുറ.
കുറച്ച് മുതിര്‍ന്നപ്പോള്‍ നാരങ്ങാവെള്ളത്തിന്റെ ഡ്യൂട്ടി എനിക്കായി. ഉപ്പ ഗള്‍ഫിലായതുകൊണ്ട് ഞങ്ങള്‍ മക്കളും ഉമ്മയും പപ്പമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത് (പപ്പമ്മ ഇന്ന് ജീവിച്ചിരിപ്പില്ല. ഇന്നും അതെനിക്കൊരു നൊമ്പരമാണ്.) അടുക്കളയില്‍ പലകയിട്ട് അതിലായിരുന്നു ഞങ്ങള്‍ കുട്ടികള്‍ നോമ്പുതുറക്കാന്‍ ഇരിക്കുക. അന്നൊന്നും ഇന്നത്തെപ്പോലെ കൊറേ പലഹാരങ്ങളൊന്നും ഉണ്ടാക്കാറില്ല. നോമ്പുതുറക്കുമ്പോള്‍ ഉണക്ക കാരക്കയും തരിക്കഞ്ഞിയും നാരങ്ങാവെള്ളവും ഒന്നോ രണ്ടോ പലഹാരവും. ജ്യൂസൊക്കെ ഞാന്‍ കുറച്ച് വലുതായതിനുശേഷമാണ് നോമ്പുതുറക്കാരനായത്.തരിക്കഞ്ഞി നിര്‍ബന്ധിച്ച് കുടിപ്പിക്കുമായിരുന്നു; ക്ഷീണം മാറാനെന്നനിലയ്ക്ക്. നോമ്പുമുറിച്ചാല്‍ പിന്നെ മഗ്രിബ് നിസ്‌കാരമൊന്നുമില്ല. നേരേ ബെഡിലേക്കാണ്. പപ്പമ്മ പറയും -നോമ്പിനെപ്പോലെ നിര്‍ബന്ധമാണ് നിസ്‌കാരവുമെന്ന്. ആരുകേള്‍ക്കാന്‍. പിന്നെ പത്തിരിയും കറിയും ഞങ്ങള്‍ കുട്ടികള്‍ കഴിക്കുക തറാവീഹ് നമസ്‌കാരത്തിനുശേഷമാണ്. കൂടെ എന്റെ പ്രിയപ്പെട്ട ജീരോക്കഞ്ഞിയും.
പിന്നെ അത്താഴത്തിനുള്ള ഒരുക്കം അടുക്കളയില്‍ തകൃതിയായി നടക്കും. ഉമ്മയും പപ്പമ്മയും ചോറും മീന്‍പൊരിച്ചതും ഉപ്പേരിയുമൊക്കെ അത്താഴത്തിനായി ഉണ്ടാക്കിവെച്ചതിനുശേഷമാണ് കിടന്നുറങ്ങുന്നത്. അതിരാവിലെത്തന്നെ ചോറാണ്. ഉറക്കച്ചടവില്‍ ചോറുപോയിട്ട് പച്ചവെള്ളംപോലും കുടിക്കാന്‍ തോന്നില്ല. എങ്ങനെയെങ്കിലും രണ്ടുപിടിച്ചോറ് വാരിവിഴുങ്ങും.. പിന്നെ ഉമ്മയുടെ കൂടെ നോമ്പിന്റെ നിയ്യത്താണ്- ''നവയ്തു സൗമഇദിന്‍....''
നോമ്പിന് സകാത്തും സദഖയും കൊടുക്കുന്ന ഏര്‍പ്പാടുണ്ട്. അതിനായി ഞങ്ങളുടെ വീട്ടിലും ആളുകളെത്താറുണ്ടായിരുന്നു. കൂടുതലും സ്ത്രീകളാണ്. പപ്പമ്മയ്ക്ക് പണംസൂക്ഷിക്കാന്‍ ഒരു കറുത്തപെട്ടിയുണ്ട്. യത്തീംഖാന പെട്ടി എന്നാണ് ഞങ്ങളതിനെ വിളിച്ചിരുന്നത്. ആരുവന്നാലും അതില്‍നിന്നാണ് പണം നല്‍കുന്നത്. ചിലര്‍ക്ക് അരിയും ഡ്രസ്സും നല്‍കും. 27-ാം രാവിന് അടുത്തവീടുകളില്‍ പലഹാരമുണ്ടാക്കിക്കൊടുക്കുന്ന ഒരേര്‍പ്പാടും അന്നുണ്ടായിരുന്നു.
നോമ്പുതുറകളില്ലാത്ത നോമ്പുകാലത്തെക്കുറിച്ച് ഓര്‍ക്കാന്‍ വയ്യാ. എല്ലാ നോമ്പിനും നോമ്പുതുറക്കാന്‍ ഞങ്ങള്‍ കുട്ടികള്‍ മൂത്താപ്പയുടെ വീട്ടിലെത്തും. അത്താഴവും മുത്താഴവും കഴിച്ച് പിറ്റേദിവസമേ വീട്ടിലേക്ക് മടക്കമുള്ളൂ. ഞങ്ങള്‍ക്ക് നോമ്പുതുറക്കാന്‍ പലഹാരങ്ങള്‍ മൂത്തമ്മ പലതും ഉണ്ടാക്കുമെങ്കിലും ഉള്ളിയും മൈദയും ഇട്ട് പൊരിച്ചെടുക്കുന്ന മൊരിഞ്ഞ പൊക്കുവടയുടെ സ്വാദ് അതൊന്നു വേറെത്തന്നെയാണ്.
അത്താഴച്ചോറിന് ചെമ്മീന്‍ കറിയും പൊരിച്ചതും മറ്റൊരു മൂത്തമ്മാ സ്‌പെഷ്യല്‍ ആണ്. ഇന്നും ഞാന്‍ ചെമ്മീനൊക്കെ പൊരിക്കാറുണ്ടെങ്കിലും നാവിനും മനസ്സിനും ഒരുപോലെ ആനന്ദം നല്‍കിയിരുന്ന ആ രുചിയൊന്നുമില്ല. അതൊക്കെ ഒരു കാലം...
ഇയ്യമ്മ(ഉമ്മയുടെ ഉമ്മ)യുടെ വീട്ടില്‍ നോമ്പുതുറക്കാനായി ഞാന്‍ പോകാറുണ്ട്. ഞാനവിടെ പോകുമ്പോള്‍ എനിക്ക് സ്‌പെഷ്യലായി പല വിഭവങ്ങളും ഇയ്യമ്മ ഒരുക്കിവെക്കാറുണ്ട്.
(ഇയ്യമ്മയും ഞങ്ങളോട് യാത്രപറഞ്ഞു. ഓര്‍ക്കുമ്പോള്‍ കണ്ണുകള്‍ ഈറനണിയും.) നൈസായി പരത്തിയ പത്തിരിയും ചിക്കന്‍ തേങ്ങയരച്ച കൂട്ടാനും അമ്മായിമാരുടെ സ്‌പെഷ്യലാണ്. പിന്നെ സമൂസ, ഉള്ളിവട അങ്ങനെ പോകുന്നു വിഭവങ്ങള്‍. ചിക്കന്‍ അന്ന് വിരളമായേ വാങ്ങാറുള്ളൂ. നോമ്പുതുറകള്‍ക്കോ അല്ലെങ്കില്‍ എപ്പോഴെങ്കിലുമൊക്കെയോ.
ഓര്‍മകള്‍ അങ്ങനെയാണ്, ഉള്ളിലങ്ങനെ ഒതുങ്ങിക്കൂടി സുഖമുള്ള ഒരു നിര്‍വൃതിയാകും. ഇനിയും എത്രനോമ്പുകള്‍ കടന്നുപോയാലും എന്നും കുട്ടിക്കാലം തിരിച്ചുവന്നെങ്കിലെന്നാണ് ആഗ്രഹം.
Content Highlights: ramadan memories by shamli puliyakkadi
Published: 06 Apr 2024, 11:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented