ഓരോ രാജ്യത്തെയും പ്രദേശത്തെയും നോമ്പുകാല അനുഭവങ്ങള്‍ വ്യത്യസ്തമായിരിക്കും.നോമ്പ് സംബന്ധിച്ച് മുഹമ്മദ് നബിക്ക് ലഭിച്ച ദൈവിക സന്ദേശം ഇങ്ങനെയായിരുന്നു: ''വിശ്വാസികളേ, നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്ക് നോമ്പ് നിശ്ചയിക്കപ്പെട്ടതുപോലെ നിങ്ങള്‍ക്കും നോമ്പ് നിശ്ചയിച്ചിരിക്കുന്നു.'' തുടര്‍ന്ന് നോമ്പിന്റെ ലക്ഷ്യം ഇങ്ങനെ വിവരിച്ചു. നിങ്ങള്‍ തഖ്വ ഉള്ളവരാകാന്‍ വേണ്ടി ഈ വാക്യം മുസ്ലിങ്ങള്‍ക്ക് മാത്രമല്ല മറ്റു സമുദായങ്ങള്‍ക്കും നോമ്പുണ്ടെന്ന് വ്യക്തമാക്കുന്നു. ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും നോമ്പ് എല്ലാവര്‍ക്കും സുപരിചിതമാണ്. നോമ്പ് മനുഷ്യ പ്രകൃതിക്കുതന്നെ അനിവാര്യമാണെന്ന് ഈ സാര്‍വത്രികത വ്യക്തമാക്കുന്നു.

To advertise here,

നോമ്പുകൊണ്ട് ലഭിക്കേണ്ട നേട്ടം തഖ്വാ ആണ്. അള്ളാഹുവിന്റെ കല്പനകളും നിരോധനങ്ങളുമെല്ലാം യഥാവിധി പാലിച്ചു രഹസ്യവും പരസ്യവുമായ ജീവിതത്തില്‍ ദൈവത്തെ സൂക്ഷിച്ചു ഭക്തിപൂര്‍വം ജീവിക്കുന്നതാണ് തഖ്വാ. വിശുദ്ധ ഖുര്‍ആന്റെ മാസമായ പരിശുദ്ധ റംസാന്‍ അള്ളാവിനോടുള്ള കൃപാ നോട്ടത്തിന്റെയും പശ്ചാത്താപത്തിന്റെ നരക മോചനാഭ്യര്‍ഥനയുടെയും രാപകലുകളാണ് സമ്മാനിക്കുന്നത്. ദാനധര്‍മത്തിന്റെ കൂടി മാസമാണ് റംസാന്‍, കാരണം സത്യവിശ്വാസിയുടെ എല്ലാം സംസ്‌കരിക്കപ്പെട്ടതായിരിക്കണം. മനസ്സും ശരീരവും സമ്പത്തുമെല്ലാം ദൈവസ്മരണയിലൂടെയും ആരാധനാനുഷ്ഠാനങ്ങളിലൂടെയുമാണ് മനുഷ്യന്റെ അകവും പുറവും സംസ്‌കരിക്കപ്പെടുന്നതെങ്കില്‍ ദാനധര്‍മത്തിലൂടെയാണ് സാമ്പത്തികരംഗം ശുദ്ധമാകുന്നത്.

ദാന ഔദാര്യങ്ങള്‍ കൊണ്ട് ധന്യരാകുന്നവര്‍ക്ക് സ്വര്‍ഗവഴി എളുപ്പമാക്കി പകരം നല്‍കുമെന്നാണ് ഖുര്‍ആന്‍ ഭാഷ്യം. വിശ്വാസികള്‍ റംസാനില്‍ സ്രഷ്ടാവിന് ആരാധനകളര്‍പ്പിക്കുന്നതോടൊപ്പം സൃഷ്ടികള്‍ക്കും ഉപകാരകര്‍മങ്ങള്‍ ചെയ്യേണ്ടിരിക്കുന്നു. അതില്‍ പ്രധാനമാണ് ദാനം. സുകൃതങ്ങളുടെ സ്വര്‍ഗീയ പാതയാണ് ദാനധര്‍മം.

റംസാന്‍ പുണ്യമാസത്തില്‍ ചെയ്യാനാവുന്ന ദാനങ്ങളാണ് ഭക്ഷണദാനവും നോമ്പുകാരനെ നോമ്പുതുറപ്പിക്കലും. ഭക്ഷണം നല്‍കുന്നവന് സ്വര്‍ഗം നല്‍കുമെന്നാണ് ദൈവവാഗ്ദാനം. ആയിരം മാസങ്ങളെക്കാള്‍ പുണ്യമേറിയ രാവ് കടന്നുവരുന്നതും ഈ മാസത്തിലാണെന്നത് ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ ലോകത്ത് സ്രഷ്ടാവില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും വലിയ വാഗ്ദാനമാണെന്നതില്‍ സംശയമില്ല. പരിശുദ്ധ റംസാനിലെ ഓരോ നിമിഷങ്ങളും സല്‍കര്‍മങ്ങളിലും നല്ല ചിന്തകളിലും മുഴുകുന്നതില്‍ ഓരോരുത്തരും പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു.

ഇനി ഈ വസന്ത രാവുകള്‍ അടുത്ത വര്‍ഷം ഒരിക്കല്‍ക്കൂടി നമ്മെ തേടിയെത്തുമെന്ന് ആര്‍ക്കും പറയാനാവില്ല. കഴിഞ്ഞവര്‍ഷം നോമ്പെടുത്തവര്‍, ഈ വര്‍ഷത്തെ നോമ്പിനുവേണ്ടി കാത്തിരുന്നവര്‍, ഒട്ടേറെ പദ്ധതികള്‍ ആസൂത്രണം ചെയ്തവര്‍. എന്നാല്‍, അവരില്‍ പലരും ഈ വര്‍ഷത്തെ നോമ്പുകാലം ആസ്വദിക്കാന്‍ നമ്മോടൊപ്പമില്ല. ഇത്തവണ വിശ്വസചൈതന്യത്തിന്റെ സുഗന്ധം നുകരാന്‍ അവരില്‍ പലര്‍ക്കുമായില്ല.

അടുത്ത റംസാനെ വരവേല്‍ക്കാന്‍ നമ്മില്‍ എത്ര പേര്‍ക്ക് കഴിയുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല.

അതുകൊണ്ട് തന്നെ, ഓരോ നിമിഷങ്ങളും ചിന്തോദ്ദീപമാക്കി മാറ്റുകയും പരലോകത്തേക്ക് ഉപകാരപ്രദമായ കാര്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുകയെന്നത് വിശ്വാസിയെ സംബന്ധിച്ച് പ്രധാനമാണ്. അറിഞ്ഞും അറിയാതെയും പാഴായിപ്പോകുന്ന നിമിഷങ്ങള്‍ ജീവിതത്തെത്തന്നെ പാഴാക്കിക്കളയുമെന്ന ചിന്ത ഓരോ വിശ്വാസിയിലും സദാ ഉണ്ടായിരിക്കേണ്ടതുണ്ട്.

മാനവകുലത്തിലെ സര്‍വരും ഒത്തിണങ്ങിയ നബി(സ) പരിശുദ്ധ റംസാനിലെ ഓരോ നിമിഷങ്ങളെയും എത്രമാത്രം ആദരത്തോടെയാണ് പ്രയോജനപ്പെടുത്തിയതെന്ന് ചരിത്ര സംഭവങ്ങളില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. പുണ്യറംസാന്‍ എല്ലാ ആപത്തുകളില്‍നിന്നും പാപങ്ങളില്‍നിന്നും മോചനംനേടാനുള്ള ഒറ്റമൂലിയാണ് എന്നു പറഞ്ഞാല്‍ തെറ്റാവില്ല. എന്നാല്‍, പ്രയോജനപ്പെടുത്താനുള്ള പ്രയത്‌നമാണ് പരമപ്രധാനം.

പാപമോചനത്തിന്റെ നാളുകള്‍ പാപം ഇരട്ടിപ്പിക്കുന്ന വിധത്തിലാക്കി മാറാതിരിക്കാന്‍ ഓരോ വിശ്വാസിയും പ്രത്യേകം ശ്രദ്ധിക്കണം. ആത്മീയസംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല ചിന്തകളിലും അത് ഏറ്റവും കൂടുതല്‍ പ്രതിഫലിക്കണം.

നാം ഈ ലോകത്തെ വിരുന്നുകാരന്‍ മാത്രമാണെന്നും ശാശ്വതമായ പാരത്രിക ജീവിതയാത്രയ്ക്കിടയിലെ ഇടത്താവളം മാത്രമായ ഇഹലോകം നശ്വരമാണെന്നുമുള്ള ചിന്തയും വിശ്വാസികളുടെ മനസ്സുകളില്‍ അലയൊലികള്‍ സൃഷ്ടിക്കട്ടെ. നന്മ നിറഞ്ഞ മനസ്സും ആത്മാവിന് കുളിരു നല്‍കുന്ന പ്രാര്‍ഥനകളുമാണ് നിത്യജീവിതത്തിന് നിദാനമായിത്തീരുക.

വിശ്വാസി സമൂഹത്തിന് ആനന്ദംപകര്‍ന്നുകൊണ്ട് പുണ്യ റംസാന്‍ ഒരിക്കല്‍ക്കൂടി കടന്നുവന്നിരിക്കുന്ന ഈ മുഹൂര്‍ത്തത്തില്‍, ജീവിതം ചൈതന്യവത്താക്കി മാറ്റാനുള്ള ഏറ്റവും വലിയ സൗഭാഗ്യമാണ് കൈവന്നിരിക്കുന്നത്. ജീവിതവിശുദ്ധിയാണ് പരിശുദ്ധ റംസാന്‍ വിളിച്ചോതുന്നത്.

പുണ്യമാസത്തിലെ ഓരോനിമിഷവും നന്മയിലേക്കുള്ള വഴിവിളക്കായി മാറാന്‍ സര്‍വ ലോകതമ്പുരാന്‍ അനുഗ്രഹിക്കട്ടെ.