വേങ്ങര(മലപ്പുറം): ഇരുകുളം ഗ്രാമവാസികള്‍ റംസാന്‍ മാസത്തില്‍ നോമ്പുതുറക്കുന്നത് മസാലക്കഞ്ഞി കുടിച്ച്. ഗ്രാമത്തിലെ എല്ലാ വീടുകളിലും സൗജന്യമായി കഞ്ഞിയെത്തിക്കുന്നത് ഇരുകുളം മഹല്ല് കമ്മിറ്റിയും.

To advertise here,

ഇരുകുളം ജുമാ മസ്ജിദിലാണ് നോമ്പനുഷ്ഠിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ശരീരത്തിനും മനസ്സിനും ആരോഗ്യം നല്‍കുന്ന ഔഷധക്കഞ്ഞി ഒരുക്കി വിതരണംചെയ്യുന്നത്.

ഏറെ ഔഷധഗുണമുള്ളതും ദഹിക്കാനെളുപ്പമുള്ളതും ദാഹവും ക്ഷീണമകറ്റുന്നതുമാണ് ഈ വിഭവം.

ഖയമ അരിയുടെ നുറുക്ക്, നെയ്യ്, ഏലം, പട്ട, ജീരകം, കുരുമുളക്, മഞ്ഞള്‍പ്പൊടി തുടങ്ങിയവും ഏതാനും ഔഷധക്കൂട്ടുകളും ചേര്‍ത്താണ് കഞ്ഞി തയ്യാറാക്കുന്നത്. തമിഴ്നാട്ടില്‍ ബിസിനസ് നടത്തുന്ന മഹല്ല് കാരണവര്‍കൂടിയായ മല അലവി ഹാജിയുടെ മനസ്സില്‍ ഉദിച്ചതാണ് ഈ ആശയം.

പള്ളി പുതുക്കിപ്പണിതതോടെ ഈ ആശയം പ്രാവര്‍ത്തികമാക്കാന്‍ മഹല്ലുകാരും ഒപ്പം ചേര്‍ന്നു. കോയമ്പത്തൂരില്‍നിന്ന് ഇതിനായി വിദഗ്ധരായ പാചകക്കാരെയും കൊണ്ടുവന്നു. റാഫിയും സഹായിയായ ഖാദറുമാണ് കഞ്ഞി തയ്യാറാക്കുന്നത്. പ്രദേശങ്ങളിലെ 1500-ഓളം വീടുകളിലേക്ക് എത്തിക്കുന്നുണ്ട്. കൂടാതെ സമീപപ്രദേശങ്ങളില്‍നിന്ന് നിരവധിപേര്‍ കഞ്ഞിക്കായി എത്തുന്നുമുണ്ട്. റംസാനിലെ 30 ദിവസങ്ങളിലും കഞ്ഞിവിതരണമുണ്ടാകും.