മലപ്പുറം: നോമ്പുകാലം വ്രതാനുഷ്ഠാനത്തോടൊപ്പം ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ട കാലമാണ്. കടുത്ത വേനല്‍ക്കാലമായതിനാല്‍ പ്രത്യേക കരുതല്‍ വേണം. പല ഭാഗങ്ങളിലും ശുദ്ധജലത്തിന്റെ ലഭ്യത കുറവാണ്. അതിനാല്‍ ജലജന്യരോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ട്.
അമിതമായ ചൂടും വയറിളക്കവും കാരണം നിര്‍ജലീകരണമുണ്ടായാല്‍ സങ്കീര്‍ണ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. ചൂട് വളരെ കൂടുതലായതുകൊണ്ട് ശരീരത്തില്‍നിന്ന് ജലവും ലവണങ്ങളും നഷ്ടപ്പെടും. ഇത് പ്രത്യേകം ശ്രദ്ധിക്കണം. രോഗപ്രതിരോധത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍-
• തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
• ഭക്ഷണപാനീയങ്ങളില്‍ ഈച്ച, കൊതുക് തുടങ്ങിയ പ്രാണികള്‍ കടക്കാതെ അടച്ചുസൂക്ഷിക്കുക.
• ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങള്‍ ശുദ്ധജലത്തില്‍ മാത്രം കഴുകുക.
• കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ആഹാരം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുന്‍പ് കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.
• ജ്യൂസുകളും മറ്റു പാനീയങ്ങളും തയ്യാറാക്കാനാണെങ്കിലും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
• പാനീയങ്ങള്‍ തയ്യാറാക്കുമ്പോള്‍ അംഗീകൃത രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളില്‍നിന്ന് ഭക്ഷ്യയോഗ്യമായ ഐസ് കട്ടകള്‍ മാത്രം ഉപയോഗിക്കുക. അല്ലെങ്കില്‍ പ്രത്യേക ശ്രദ്ധയോടെ ഐസ് വീട്ടില്‍ തയ്യാറാക്കുക.
• നിര്‍ജലീകരണം തടയുന്നതിനായി നോമ്പില്ലാത്ത സമയങ്ങളില്‍ ധാരാളം ശുദ്ധജലം കുടിക്കുക.
• പഴങ്ങളും പച്ചക്കറികളും ഇലവര്‍ഗങ്ങളും നന്നായി കഴുകിയശേഷം മാത്രം ഉപയോഗിക്കുക.
• ആരാധനാലയങ്ങളില്‍ അംഗശുദ്ധി വരുത്തുന്നതിനും ഭക്ഷണം തയ്യാറാക്കുന്നതിനും ശുദ്ധജലം മാത്രം ഉപയോഗിക്കുക.
• നോമ്പുതുറക്കുന്ന സമയങ്ങളില്‍ എരിവും പുളിയും കൂടുതലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക.
• വേനല്‍ക്കാലമായതിനാല്‍ പാനീയങ്ങളും ദ്രാവകരൂപത്തിലുള്ള പദാര്‍ത്ഥങ്ങളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
• നോമ്പുതുറ പരിപാടികളില്‍ ഭക്ഷണം തയ്യാറാക്കുമ്പോള്‍ ശുചിത്വമാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുക. ഭക്ഷണം പാകം ചെയ്യുന്നവരും വിതരണം ചെയ്യുന്നവരും തികഞ്ഞ വ്യക്തിശുചിത്വം പാലിക്കുക.
• ഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യാന്‍ ഡിസ്പോസിബിള്‍ പ്ലെയിറ്റ്/ഗ്ലാസ് എന്നിവ കഴിവതും ഒഴിവാക്കുക. പരിസരശുചിത്വം പാലിക്കുക.
• സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ ചികിത്സിക്കുന്ന ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുന്ന സമയം ക്രമപ്പെടുത്തുക.
• ക്ഷീണം, തലകറക്കം, ഛര്‍ദ്ദി എന്നിവയുണ്ടായാല്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. ആവശ്യമെങ്കില്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക.
• അംഗീകൃതമല്ലാത്ത മരുന്നുകളും അശാസ്ത്രീയമായ ചികിത്സകളും സ്വയംചികിത്സയും ഒഴിവാക്കുക.
ഡോ. ആര്‍. രേണുക
ജില്ലാ മെഡിക്കല്‍ ഓഫീസര്‍, മലപ്പുറം
Content Highlights: ramadan health care and ramadan health tips
Published: 12 Mar 2024, 11:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented