തൃശ്ശൂര്‍: വര്‍ഷംതോറും വ്യത്യസ്തങ്ങളായ വസ്ത്രങ്ങളാണ് ഓണവിപണി കീഴടക്കാനെത്തുന്നത്. ഇത്തവണ അതിനൊരു പ്രത്യേകതയുണ്ട്. കുറച്ച് 'പഴയ' സ്‌റ്റൈല്‍ വസ്ത്രങ്ങളില്‍ 'പുതിയ' ട്രെന്‍ഡുകള്‍ പരീക്ഷിച്ചാണ് വിപണി കീഴടക്കിയിരിക്കുന്നത്. സെറ്റുസാരിയും സെറ്റുമുണ്ടും ദാവണിയും എല്ലാം ന്യൂജെന്‍ മുഖത്തോടെയാണ് ഇക്കുറി വസ്ത്രവിപണി കൈയടക്കിയത്.

To advertise here,

ബനാറസി പ്രിന്റ് പാവാടയും ബനാറസി പ്രിന്റിന്റെ കുടുംബത്തില്‍പ്പെട്ട വിചിത്ര എന്നറിയപ്പെടുന്ന തുണിത്തരത്തിലുള്ള ടോപ്പും ജോര്‍ജറ്റില്‍ ഗോള്‍ഡന്‍ വര്‍ക്ക് വരുന്ന ദുപ്പട്ടയും കൂടെയാകുമ്പോള്‍ മോഡേണ്‍ ഹാഫ് സാരി അഥവാ പിള്ളേര്‍സെറ്റിന്റെ അടിപൊളി ഓണം ലുക്ക് പൂര്‍ണമാകും. പരക്കെ ഇതാണ് ഇത്തവണത്തെ ഫാഷന്‍ എന്നു പറയുമ്പോഴും ഇതില്‍പ്പെടാതെ സ്വന്തം ട്രെന്‍ഡ് മുറിക്കിപ്പിടിച്ച സ്ത്രീകളും പെണ്‍കുട്ടികളും ഏറെയാണ്.

കസവൊക്കെ പണ്ട്...

ഓണം എന്നു പറഞ്ഞാല്‍ കസവുസാരിയും സെറ്റുമുണ്ടും ഒക്കെയാണ് പ്രധാനം എന്ന് വിചാരിക്കുമ്പോള്‍, എല്ലാവരും അതല്ലേ നമുക്ക് ഒന്ന് വെറൈറ്റി പിടിക്കാം എന്ന ചിന്തയില്‍ പലരും നിറങ്ങളുള്ള വസ്ത്രങ്ങളിലേക്ക് 'ഫോക്കസ് ഏരിയ' മാറ്റിയിട്ടുണ്ട്. അതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് ഓറഞ്ച്, റാണി പിങ്ക് തുടങ്ങിയ നിറങ്ങള്‍ക്കാണ്.

യുണീക് ഈസ് സ്‌റ്റൈല്‍

സെറ്റുസാരി, ദാവണി, സെറ്റുമുണ്ട് ഇതിനൊക്കെത്തന്നെയാണ് ഓണത്തിന് മേല്‍ക്കോയ്മ, എങ്കിലുംഇപ്പോള്‍ സ്ത്രീകള്‍ കൂടുതലും തിരഞ്ഞെടുക്കുന്നത് ക്രോപ്‌ടോപ്പും പലസോ പാന്റ്സും വരുന്ന പുത്തന്‍ ഓണം കളക്ഷനാണ്. പലരും 'കസ്റ്റമൈസ്' ചെയ്‌തെടുക്കുന്ന രീതിയാണ് ഇതില്‍ കൂടുതലായി കാണുന്നത്. ഐവറി, ക്രീം, കസവ് തുടങ്ങിയവയിലെയും മറ്റു നിറങ്ങളിലെ പട്ടിന്റെയോ ഗോള്‍ഡന്‍ ചേര്‍ന്നതോ ആയിട്ടുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുത്തു. ട്രെഡീഷണല്‍ രീതി പിന്തുടരുന്നവരും മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നവരുമേറെയാണ്.

കൂടുതല്‍ പേരും തിരഞ്ഞെടുക്കുന്ന മറ്റൊരു മോഡലാണ് ഷറാറ. ഫ്രില്ലുകളോട് കൂടിയ പാന്റ്സും ഇറക്കം കുറഞ്ഞ ചുരിദാര്‍ ടോപ്പും ഷോളും കൂടിയാകുമ്പോള്‍ ഷറാറ സെറ്റാണ്. കഫ്ത്താനുളും യുണീക്ക് ലുക്കിനായി തിരഞ്ഞെടുക്കുന്നവരുണ്ട്.

സാരിയിലെ പൂക്കാലം

ഈ ഓണക്കാലത്ത് പൂക്കാലം സാരിയിലാണ്. ചെമ്പരത്തി, റോസ്, ആമ്പല്‍, താമര, സൂര്യകാന്തി അങ്ങനെയങ്ങനെ വിവിധതരം പൂക്കളാണ് സാരിയിലുള്ളത്. അതില്‍ കൂടുതല്‍ ആരാധകരുള്ളതാകട്ടെ, താമരയ്ക്കും.

സാരിയില്‍ മാത്രമല്ല പട്ടുപാവാടകളിലും ചുരിദാറുകളിലും തുടങ്ങി കഫ്ത്താനിലും കോഡ് സെറ്റിലും വരെ ഇത്തരത്തിലുള്ള പൂക്കളുടെ പ്രിന്റുകള്‍ തിരഞ്ഞെടുക്കുന്നവരുണ്ട്. ഒരു പൂവിന്റെ വ്യത്യസ്ത വലുപ്പത്തിലുള്ള പ്രിന്റുകള്‍ ഉള്ളതും രണ്ടോ അതില്‍ കൂടുതലോ പൂക്കളുടെ പ്രിന്റുകളുള്ളതും വിപണിയില്‍ താരങ്ങളാണ്.

പുളിയിലക്കര കിട്ടാനില്ല

സാമൂഹികമാധ്യമങ്ങളിലും മറ്റും വൈറല്‍ ആയതോടെ പണ്ടത്തെ അമ്മൂമ്മമാരുടെ പ്രിയപ്പെട്ട പുളിയിലക്കര സെറ്റുമുണ്ടിന് ആരാധകര്‍ ഏറെയാണ്. അതിനാല്‍, പല ടെക്‌സ്‌റ്റൈലുകളിലും കയറിയിറങ്ങിയിട്ടും പുളിയിലക്കര കിട്ടാനില്ലെന്നാണ് പലരുടെയും പരാതി. അതില്‍ കൂടുതല്‍പേര്‍ക്കും ആവശ്യം കറുപ്പുകരയോടുകൂടിയ പുളിയിലക്കര സെറ്റുമുണ്ടുകളാണ്. സിമ്പിള്‍ ലുക്കിനോട് താത്പര്യമുള്ള പുതുതലമുറയാണ് പുളിയിലക്കര തേടിയിറങ്ങുന്നത്.

പഴമയെ മുറുകെപ്പിടിക്കുന്നവര്‍...

ടെമ്പിള്‍ ഡിസൈന്‍ തിരഞ്ഞെടുത്ത് ഓണത്തിന്റെ പരമ്പരാഗതരീതി ചിലര്‍ മുറുകെ പിടിക്കുന്നു. കൃഷ്ണനും ഓടക്കുഴലും മയില്‍പ്പീലിയും തുടങ്ങി നിരവധി പ്രിന്റുകള്‍ വിപണിയില്‍ ലഭ്യമാണ്. പണ്ട് ഗോള്‍ഡന്‍ നിറമുള്ള കസവുസാരികളും മുണ്ടുകളുമാണ് ലഭിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ സില്‍വറും റോസ് ഗോള്‍ഡും നിറങ്ങളിലുള്ള കസവുസാരികളും മുണ്ടുകളും ലഭ്യമാണ്. കള്ളികളുള്ള കസവുവസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നവരുമുണ്ട്. അജ്‌റക്ക് പ്രിന്റുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്.

മഴവില്ലഴകില്‍ ദാവണികള്‍

ഓണത്തിന് താരമാകാന്‍ ഭൂരിപക്ഷംപേരും കേരളസാരികളും സെറ്റുമുണ്ടുകളും തേടുമ്പോള്‍ അല്പം മാറിച്ചിന്തിക്കുന്നവരുമുണ്ട്. 'വെറൈറ്റി' തേടുന്ന അത്തരക്കാര്‍ക്കായി ഇത്തവണ വിപണിയിലെത്തിയിരിക്കുന്നത് ഡബിള്‍ ഷെയ്ഡ് ദാവണികളാണ്. 'മഴവില്‍ ദാവണികള്‍' എന്ന പേരില്‍ വിപണിയിലെത്തുന്ന ഇവയ്ക്ക് ആവശ്യക്കാര്‍ ഏറെയാണെന്ന് കച്ചവടക്കാര്‍ പറയുന്നു.

ഇളംനിറത്തില്‍ തുടങ്ങി കടുംനിറത്തിലേക്ക് പടരുംവിധമാണ് മഴവില്ലഴകു പകരുന്നത്. കൂടുതലും സില്‍ക്ക് മിക്‌സഡ്, ഷിഫോണ്‍, എന്നിവയിലാണിവയെത്തുന്നത്. ചില സാരികളില്‍ ഗോള്‍ഡന്‍ സ്ട്രിപ്പ്‌സും കാണാം. മുഴുവനായും ചെറിയ സ്വര്‍ണക്കുത്തുകളാല്‍ അലങ്കരിച്ചവയുമുണ്ട്.

കോണ്‍ട്രാസ്റ്റ് കളറുകളായ പച്ച, ചുവപ്പ്, മെറൂണ്‍, ഗോള്‍ഡന്‍ വര്‍ക്ക് എന്നിവയിലാണ് ഇവയെത്തുന്നത്. വിവിധ നിറങ്ങളില്‍ ഗോള്‍ഡന്‍ ഫ്‌ലോറല്‍ എംബ്രോയ്ഡറി ഡിസൈനുകളുള്ളവയുമുണ്ട്. വെള്ള സ്‌കര്‍ട്ടുകളില്‍ ഗോള്‍ഡന്‍ ബ്യൂട്ടി വര്‍ക്കുകള്‍ ചേര്‍ത്തവയ്ക്കും പ്രിയപ്പെട്ടവരേറെയാണ്. ഈ സ്‌കര്‍ട്ടുകള്‍ ക്രോപ്‌ടോപ്പ്, ഷോര്‍ട്ട് കുര്‍ത്തി, സാരി ബ്ലൗസ് എന്നിവക്കൊപ്പം ധരിക്കാം.