
ആനുകാലികങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും സുപരിചിതയായ എഴുത്തുകാരിയാണ് സ്മിത ഗിരീഷ്. ചില ആകസ്മിക പ്രതിസന്ധികളില്‍ വായനയുടേയും എഴുത്തിന്‍റേയും ലോകമാണ് അഭയത്തിനായി സ്മിത കൂട്ടുപിടിക്കുന്നതും. അക്ഷരങ്ങളെ അത്രയധികം ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന എഴുത്തുകാരി തന്റെ എഴുത്തിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഓണം ഓര്‍മകളെക്കുറിച്ചുമെല്ലാം മനസ്സുതുറക്കുന്നു;
എഴുത്ത്, വായന; ഓര്‍മകളും അനുഭവങ്ങളും
എനിക്ക് ഓര്‍മവെച്ച നാള്‍ മുതലേ എന്റെ വീട്ടില്‍ പുസ്തകങ്ങളും ആനുകാലികങ്ങളുമെല്ലാം കണ്ടിരുന്നു. അന്നൊക്കെ വായിക്കുക എന്നതല്ലാതെ മറ്റ് വഴികളൊന്നുമില്ല. റേഡിയോ കേള്‍ക്കുമായിരുന്നു. പാവകളും ഉടുപ്പുമൊക്കെ സമ്മാനമായി കിട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിക്കാലത്ത് പപ്പയെനിക്ക് സമ്മാനിച്ചത് പുസ്തകമാണ്. കുഞ്ഞിക്കൂനന്‍ എന്ന പുസ്തകമാണ് അദ്ദേഹം ആദ്യം സമ്മാനിച്ചത്. അങ്ങനെ നാല്, അഞ്ച് വയസ്സുള്ളപ്പോഴേ പതിയെ വായന തുടങ്ങിയിരുന്നു.
പിന്നീട് ഭക്ഷണം കഴിക്കുന്ന പോലെയായി പുസ്തകവായന. അന്നൊക്കെ ബാലപ്രസിദ്ധീകരണങ്ങള്‍, അമര്‍ ചിത്രകഥ, ക്ലാസിക് ചിത്രകഥകള്‍ ഒക്കെ വായിച്ചു. വീട്ടില്‍ മുതിര്‍ന്നവര്‍ വായിച്ചിരുന്ന വാരികകളും പുസ്തകങ്ങളുമെല്ലാം ഞാനും കൈയിലെടുത്തുതുടങ്ങി. വായിക്കുന്നതിന്റെ അര്‍ഥമൊന്നും അന്ന് മനസ്സിലായിരുന്നില്ല. എങ്കിലും വായന നിര്‍ത്തിയില്ല. വായനയില്‍ ഒരു സുഖവും രസവും കണ്ടെത്തി. വിജ്ഞാനത്തിന് വേണ്ടിയായിരുന്നില്ല അത്. ഒറ്റയ്ക്കിരിക്കാന്‍ ഇഷ്ടമുള്ള, ഏകാന്തമായ മനസ്സുള്ള ഒരു കുട്ടിയായിരുന്നു. അങ്ങനെയെപ്പോഴോ എഴുതാനും തുടങ്ങി. മാറിയിരുന്ന് കഥകളെഴുതും. ശേഷം ചുരുട്ടിക്കൂട്ടി മുറിയില്‍ ഏതെങ്കിലുമൊരു മൂലയിലേക്കെറിയും. ചുരുട്ടിയെറിഞ്ഞ കടലാസുകള്‍ കാണുന്ന മമ്മി അതെല്ലാം എടുത്തുകൊണ്ട് വന്ന് സൂക്ഷിച്ചുവെക്കുമായിരുന്നു.
കുറച്ച് മുതിര്‍ന്നപ്പോള്‍ എന്ത് വായിക്കണം എങ്ങനെ വായിക്കണം എന്നതിനെക്കുറിച്ച് പപ്പ പറഞ്ഞുതരുമായിരുന്നു. പുരാണേതിഹാസങ്ങള്‍, രാഷ്ട്രീയം എന്നിവയെക്കുറിച്ചെല്ലാം എന്നില്‍ ഒരു ധാരണ വളര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. എന്നാല്‍, കഥകളായിരുന്നു എനിക്ക് താല്‍പര്യമുള്ള മേഖല. വീട്ടില്‍ കഥകള്‍ പറഞ്ഞുതരാന്‍ ഒരുപാടുപേരുണ്ടായിരുന്നു. സിന്‍ബാദിന്റെയും സിന്‍ഡ്രെല്ലയുടെയും കഥകള്‍ പറഞ്ഞുതരികയും നാടന്‍പാട്ടുകള്‍ പാടിക്കേള്‍പ്പിക്കുകയും ചെയ്യുമായിരുന്നു പപ്പ.
ഏകാകിയായിരുന്ന എനിക്ക് എഴുത്തിലേക്ക് സഞ്ചരിക്കാതെ കഴിയുമായിരുന്നില്ല. സ്പോര്‍ട്സോ പാട്ടോ ഡാന്‍സോ ഒന്നും അറിയാതിരുന്ന എന്നില്‍ അപകര്‍ഷതാബോധം നിറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഉള്ളില്‍ മറ്റൊരു ലോകവുമായി ഞാന്‍ വളര്‍ന്നു. മനസ്സില്‍ നിറയെ ഭാവനകളായിരുന്നു. ഒപ്പം ചിത്രംവരയും. അക്കാലത്ത് ഒരുപാട് സ്ത്രീരൂപങ്ങള്‍ വരച്ചിരുന്നു. യു.പി. സ്‌കൂളിലായിരുന്നപ്പോള്‍ സാരിയുടുപ്പിച്ച പെണ്ണുങ്ങളെ വരച്ചുകിട്ടാനായി കൂട്ടുകാരികള്‍ എന്നെ സമീപിക്കുമായിരുന്നു. അക്കാലത്ത് ചിത്രരചനാ മത്സരങ്ങള്‍ക്ക് പങ്കെടുത്തിരുന്നു. പപ്പ തന്നെയാണ് അതിന്റെയും അടിസ്ഥാനകാര്യങ്ങള്‍ പറഞ്ഞുതന്നത്.
തകഴി, നന്തനാര്‍, കാരൂര്‍, എം.ടി. എന്നിവരുടെയൊക്കെ ചെറുകഥകള്‍, നോവലുകള്‍, വിശ്വസാഹിത്യകഥകള്‍ ഒക്കെ വായിച്ച് വളര്‍ന്നു. കൈയില്‍ കിട്ടുന്നതെന്തും വായിക്കുമായിരുന്നു. എന്നാല്‍ എഴുത്തിലേക്ക് വന്നപ്പോഴാണ് വായന ഗൗരവമായെടുത്തത്. മികച്ച വായനക്കാരന്‍ കൂടിയായ ജയകൃഷ്ണനെ പരിചയപ്പെട്ടതിന് ശേഷമാണ് വായനയെ അത്രമേല്‍ ഗൗരവമായി കണ്ടത്. അദ്ദേഹത്തിന്റെ വായനാവൈപുല്യം, അപൂര്‍വമായ പുസ്തകങ്ങളെക്കുറിച്ചുള്ള അറിവ് തുടങ്ങിയവ എന്നെ സ്വാധീനിച്ചു. എനിക്ക് നിത്യപ്രണയം പുസ്തകങ്ങളോടാണ്. സിനിമയോടോ സംഗീതത്തോടോ പുസ്തകങ്ങളോടുള്ളത്ര ഇഷ്ടം തോന്നിയിട്ടില്ല. എവിടെപ്പോവുമ്പോഴും കൈയില്‍ പുസ്തകം കരുതും. കിടക്കുമ്പോള്‍ തലയണയ്ക്കടിയില്‍ വെക്കും. ആ വായനയില്‍ നിന്നാണ് എഴുത്ത് വന്നത്. ഫിക്ഷന് പുറമേ ശാസ്ത്രം, ചരിത്രം, ആത്മീയ പുസ്തകങ്ങള്‍, ജ്യോതിശ്ശാസ്ത്രം, എന്നിങ്ങനെ വിവിധതരം പുസ്തകവായനകള്‍ എനിക്കുണ്ട്.
വായനയുടെ സ്വാധീനം എഴുത്തില്‍
ധാരാളം വായിക്കുമ്പോള്‍ നമുക്ക് സ്വന്തമായി ഒരു ഭാഷ രൂപപ്പെടുമല്ലോ. അങ്ങനെയെപ്പോഴോ സ്‌കൂള്‍ കാലത്ത് ഞാന്‍ ഫിക്ഷനെഴുതിത്തുടങ്ങി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് കഥയ്ക്ക് സമ്മാനം കിട്ടിയിരുന്നു. കോളേജ് തലത്തിൽ രചനാമത്സരങ്ങളില്‍ മുന്നിലെത്തുകയും ചെയ്തു. ചിത്രരചനയെ ഞാന്‍ പിന്നീട് കൈവിട്ടു. കുറേക്കഴിഞ്ഞ് എഴുത്തും എനിക്ക് വേണ്ട എന്ന തീരുമാനമെടുത്തിരുന്നു. കാരണം എഴുത്ത് എന്റെ ഉള്ളിലെ അതീവ വിഷാദജീവിയും ഏകാകിയും പ്രണയിയുമായ സ്ത്രീയെ സ്വപ്നലോകത്തേക്ക് തള്ളിയിടുമെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ പതിനെട്ട്-പത്തൊന്‍പത് വയസ്സിലൊക്കെ എഴുതരുത് എന്നുറപ്പിച്ചിരുന്നു.
എന്നാല്‍ ജീവിതത്തിൽ എവിടെയോവെച്ച് ഞാന്‍ എന്തിനെ ഭയന്നോ അത് മാത്രമേ എന്നെയിനി തുണയ്ക്കുകയുള്ളൂ എന്നെനിക്ക് മനസ്സിലായി. ആകെ സ്വന്തമായുള്ളത് എഴുത്താണെന്ന് തിരിച്ചറിഞ്ഞു. എഴുത്തുകാരിയാകാന്‍ വേണ്ടിയായിരുന്നില്ല മറിച്ച്, അതിജീവനമാണെനിക്ക് എഴുത്ത്.
അത് ആരൊക്കെയോ വായിക്കുന്നു, അഭിനന്ദിക്കുന്നു, അവരെന്നെ തേടി വരുന്നു. ആത്യന്തികമായി മനുഷ്യരുടെ സ്നേഹവും പരിഗണനയുമെല്ലാം എഴുത്ത് തരും എന്നെനിക്ക് മനസ്സിലായി. എന്റെ ജീവിതത്തില്‍ അത് വലിയൊരു ആശ്വാസമായിരുന്നു. ഞാന്‍ പ്രതീക്ഷിക്കാത്ത ഒരുപാട് വലിയ സൗഹൃദങ്ങള്‍, മൂല്യമുള്ള ബന്ധങ്ങള്‍, ഞാന്‍ വായിക്കുകയും സ്വപ്നം കാണുകയും ചെയ്തിട്ടുള്ള മനുഷ്യരെ കാണാനുള്ള അവസരങ്ങള്‍ എല്ലാം എഴുത്ത് എനിക്ക് സമ്മാനിച്ചു.
നിരന്തരം എഴുതാന്‍ തുടങ്ങിയതിനുശേഷം എന്തെങ്കിലുമൊന്ന് എഴുതാത്ത ദിവസമുണ്ടായിട്ടില്ല. ആനുകാലികങ്ങളിലും സാമൂഹികമാധ്യമങ്ങളിലും ധാരാളം എഴുതി. ഫോണില്‍ വിരല്‍കൊണ്ടാണ് ഞാന്‍ എഴുതുക. ലാപ്‌ടോപ്പിലോ മേശയില്‍ വെച്ചോ എഴുതാനുള്ള സാവകാശം എനിക്കിപ്പോഴില്ല. ഓടിനടക്കുന്നതിനിടയിലും പാചകത്തിനിടയിലും പുറത്തു പോകുന്നതിനിടയിലും എന്തെങ്കിലുമൊക്കെ ഞാന്‍ കുത്തിക്കുറിക്കും. ആരെങ്കിലും വന്ന് അത് വായിക്കുകയോ ഇനിയും എഴുതാന്‍ പറയുകയോ ചെയ്തപ്പോള്‍ ആദ്യമൊക്കെ കൗതുകമായിരുന്നു. അങ്ങനെ എഴുത്തില്‍ ഞാന്‍ ആക്ടീവായി മാറി. ഗദ്യമാണ് എന്റെ വഴി എന്നെനിക്ക് തോന്നാറുണ്ട്. പത്തുനൂറ് കവിതകള്‍ എഴുതിയിട്ടുണ്ട്. പുസ്തകങ്ങളില്‍ ആദ്യത്തേത് കവിതാസമാഹാരമായിരുന്നു- 'ബൊഹീമിയന്‍ റിപ്പബ്ലിക്'. പിന്നീട് 'കോട്ടയം ഡയറി', 'സ്വപ്നമെഴുത്തുകാരി', 'മ്യൂസിക് ഡയറി' എന്നീ പുസ്തകങ്ങള്‍ വന്നു.
എന്നെ സംബന്ധിച്ച് വായന പുസ്തകങ്ങളിലൂടെ മാത്രമല്ല, മൊബൈല്‍ ഫോണിന്റെ സാധ്യതയും ഉപയോഗിക്കാറുണ്ട്. ഇഷ്ടപ്പെട്ട എഴുത്തുകാരേറെയുണ്ട്. അവരുടെ എഴുത്തുകള്‍ വായിക്കുമ്പോഴാണ് ബുദ്ധിക്കും ഹൃദയത്തിനും ഒരുപോലെ സന്തോഷം കിട്ടാറുള്ളത്. ജീവിതത്തിരക്കുകള്‍ കാരണം എല്ലാം കഴിഞ്ഞ് വായിക്കാം എന്ന് വിചാരിക്കുമ്പോള്‍ നടക്കാറില്ല.
എന്നെ തേടി വരുന്ന എഴുത്ത്
ഏതൊരവസ്ഥയിലാണെങ്കിലും എനിക്ക് എഴുതാനാകും. എന്തു ചെയ്യുകയാണെങ്കിലും എഴുതാനുള്ള സ്പാര്‍ക്ക് കിട്ടും. ഒരു നിഴല്‍, തകര്‍ന്ന ഒരു വീട്, എന്നെ കടന്നുപോകുന്ന ഒരാള്‍, ഒരു സംഭാഷണ ശകലം, എന്റെ തന്നെ ഫോട്ടോയെടുപ്പ് എന്നിവയില്‍ നിന്നെല്ലാം എഴുത്തുവരും.
നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷത്തിലും കഥയുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അറിവില്ലായ്മയുടെയും ഉറപ്പില്ലായ്മയുടെയും മേലെയാണ് നമ്മള്‍ ജീവിക്കുന്നത്. എല്ലാം സങ്കല്‍പമാണെന്ന് വിചാരിച്ച് ജീവിക്കുമ്പോള്‍ ഇത് കഥകളുടെ ലോകമാണെന്ന് എനിക്ക് തോന്നാറുണ്ട്.
എഴുതുമ്പോള്‍, അവസാനത്തെ വരി ആദ്യം കിട്ടുന്ന കഥകള്‍ നന്നാകുമെന്ന് സങ്കല്‍പിക്കാറുണ്ട്. എന്‍റേതായി അടുത്തത് ഒരു കഥാസമാഹാരമാണ് വരിക എന്നെനിക്ക് തോന്നുന്നു. മനസ്സ് നിറയെ എഴുത്ത് മാത്രമേ ഉള്ളൂ. എഴുത്തുമേശയൊക്കെ എനിക്ക് ഒരു സങ്കല്‍പം മാത്രമാണ്. സ്വസ്ഥമായിരുന്ന് എഴുതാന്‍ സാധിക്കാറില്ല. ഞാന്‍ വളരെ കംഫര്‍ട്ട് സോണിലായിരുന്ന സമയത്ത് ഒരു വരി എഴുതിയിട്ടില്ല. വായിച്ചു നടക്കുക മാത്രമാണ് അന്ന് ചെയ്തത്. വളരെ സന്തോഷത്തിലും സമാധാനത്തിലും സ്നേഹബന്ധത്തിലുമാണെങ്കില്‍ എനിക്ക് എഴുത്ത് വരില്ല. എഴുത്ത് വരുന്നത് അല്ലാത്തപ്പോഴാണ്. ഹൃദയമിടിപ്പുള്ള, ചിന്തയുള്ള എല്ലാ മനുഷ്യര്‍ക്കും എഴുതാന്‍ കഴിയും. എഴുത്തുകാര്‍ അത് കുറേക്കൂടി മോടിപിടിപ്പിച്ച് ആവിഷ്‌കരിക്കുന്നു എന്നുമാത്രം.

ഇപ്പോള്‍ ഓരോ തിരക്കുകള്‍ക്കിടയില്‍ ആയതുകൊണ്ടാവാം വേഗത്തില്‍ എഴുതാന്‍ സാധിക്കുന്നത്. ഞാന്‍ ഇനി എന്തെഴുതണം എന്നതിനെക്കുറിച്ച് ഇപ്പോള്‍ കൃത്യമായ ധാരണയുണ്ട്.
ഓര്‍മയിലെ ഓണം
ഓണത്തിന്റെ ഒരുപാട് ഓര്‍മകളുള്ള, കൂട്ടുകുടുംബത്തിലൊന്നുമല്ല ഞാന്‍ ജീവിച്ചത്. പപ്പ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്നതുകൊണ്ട് വീട്ടില്‍ ദൈവവിശ്വാസമൊന്നും ഉണ്ടായിരുന്നില്ല. ഓണക്കാലത്ത് ഹൈറേഞ്ചിലുള്ള അമ്മയുടെ വീട്ടില്‍ പോകുമായിരുന്നു. അവിടെ ചാണകംകൊണ്ട് കളംമെഴുകി ചെമ്പരത്തിയുടെ ഇതളുകള്‍കൊണ്ട് പൂക്കളമൊരുക്കിയിരുന്നത്, വീട്ടിലെ ഭക്ഷണം, ഊഞ്ഞാല്‍ എല്ലാം ഓര്‍മയുണ്ട്. തൊടുപുഴയില്‍ മിനി പബ്ലിസിറ്റി ബ്യൂറോ എന്ന സാംസ്‌കാരിക സംഘടനയുണ്ടായിരുന്നു. പെരുമ്പാവൂരുള്ള ഉണ്ണി ചേട്ടന്‍ ഒറ്റയ്ക്കായിരുന്നു ഓണാഘോഷമത്സരം നടത്തിയിരുന്നത്. ഇന്നത്തെ പ്രശസ്ത ഗായികയായ ബിന്നി കൃഷ്ണകുമാര്‍ അന്ന് അവിടെ ലളിതഗാനത്തിനും ശാസ്ത്രീയസംഗീതത്തിനുമെല്ലാം മത്സരിക്കാനെത്തിയിരുന്നു. തൊടുപുഴക്കാരുടെ മൊത്തം ആഘോഷമായിരുന്നു അത്. ഞങ്ങള്‍ കുട്ടികളൊക്കെ പരിപാടികള്‍ക്ക് പങ്കെടുക്കുമായിരുന്നു. രാവിലെ തന്നെ ഞങ്ങള്‍ ഒരുങ്ങിയിറങ്ങും. ഉത്രാടദിനത്തിലായിരുന്നു ഓണപ്പരിപാടി. പൂക്കളം, സദ്യ, പപ്പയുടെ വക ഓണപ്പുടവ, പൊട്ടുതൊട്ട് മുടി രണ്ടുഭാഗത്തും മെടഞ്ഞ് കെട്ടിയ കുട്ടിക്കാലം ഇവയൊക്കെയാണ് ഓര്‍മയിലേക്കോടി എത്തുന്നത്.
സ്‌കൂള്‍ തുറക്കുമ്പോള്‍ ഓണക്കോടിയിട്ടാണ് ക്ലാസിലേക്കുള്ള പോക്ക്. ഓണത്തിന് തിയേറ്ററില്‍ പോയി സിനിമ കാണിക്കുന്ന പതിവുമുണ്ടായിരുന്നു. എല്ലാ ആഘോഷങ്ങളിലും വിഷാദിയായി മാറിനില്‍ക്കുന്ന ഒരു പെണ്‍കുട്ടി എന്നിലെപ്പോഴും ഉണ്ടായിരുന്നു. അവധിക്കാലത്തും ഞാന്‍ ഒറ്റക്കിരുന്ന് വായിക്കുന്ന കുട്ടിയായിരുന്നു. ഒരു വീട്ടില്‍ വിരുന്നു പോയാല്‍ അവിടെ എന്തെങ്കിലും വായിക്കാനുണ്ടോ എന്ന് നോക്കും. വായനയിലായിരുന്നു സുഖം കണ്ടെത്തിയിരുന്നത്. മമ്മിയോട് ഞാന്‍ ഏറ്റവും അധികം വഴക്കിട്ടിട്ടുള്ളത് പുസ്തകം വാങ്ങി നല്‍കാത്തതിനായിരുന്നു.
സാമൂഹിക മാധ്യമങ്ങളിലെ എഴുത്ത്
2014 മുതല്‍ 2019 വരെ ആനുകാലികങ്ങളിലാണ് ഞാന്‍ കൂടുതല്‍ എഴുതിയത്. ഭര്‍ത്താവ് ഗിരീഷിനൊപ്പം ദുബായിലായിരിക്കെ എനിക്ക് ചുറ്റും ഏകാന്തത തോന്നിയിരുന്നു. എനിക്ക് ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടായിരുന്നെങ്കിലും അതിലൂടെ എഴുതിയിരുന്നില്ല. കൊറോണക്കാലത്ത് സോഷ്യല്‍ മീഡിയയുടെ സാധ്യത മനസ്സിലാക്കി എഴുത്തിനായി ഫലപ്രദമായി ഉപയോഗിച്ചു. ആ സമയത്ത് ഒരുപാട് കവിതകള്‍ എഴുതി. ആളുകള്‍ അതു നന്നായി എന്ന് അഭിപ്രായപ്പെട്ടപ്പോള്‍ എഴുത്ത് എന്നെ തുണയ്ക്കും എന്ന ചിന്തയുണ്ടായി. വീട്ടിലൊതുങ്ങിക്കഴിഞ്ഞ എനിക്ക് വായനക്കാരുടെ പ്രതികരണങ്ങള്‍ ജീവിതത്തിന് അര്‍ഥമുണ്ടെന്ന് തോന്നിച്ചു.
അവസാനമായി എന്റെ കഥ അച്ചടിച്ചു വന്നത് ഗൃഹലക്ഷ്മിയിലാണ്. അന്നൊക്കെ ജുഡീഷ്യല്‍ ടെസ്റ്റ് എഴുതുക, പാസാവുക, ജഡ്ജിയാവുക എന്നതായിരുന്നു എന്റെ ആഗ്രഹം. അച്ഛന് എന്നെക്കുറിച്ച് ഉണ്ടായിരുന്ന ആഗ്രഹങ്ങളിലൊന്ന് മകള്‍ ജഡ്ജിയാവുക അല്ലെങ്കില്‍ ഒരു എഴുത്തുകാരിയാവുക എന്നുള്ളതായിരുന്നു.
എന്റെ മകന്‍ ഇഷാന് പത്തുവയസ്സാണ്. അവന് ആശയവിനിമയം നടത്താന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. അവന്റെ തെറാപ്പി പരിശീലനത്തിന്റെ ഭാഗമായി എനിക്ക് കോട്ടയത്ത് പോയി നില്‍ക്കേണ്ടി വന്നു. അക്കാലത്ത് ഞാന്‍ കണ്ട കോട്ടയം, ഇടപെട്ട ആളുകള്‍, ഓട്ടോറിക്ഷക്കാര്‍, ദൈനംദിന കാര്യങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകളായി എഴുതി പോസ്റ്റ് ചെയ്തിരുന്നു. ഒരിക്കല്‍ എഴുത്തുകാരന്‍ കെ.സി. നാരായണന്‍ സാര്‍ അത് പുസ്തകമാക്കണം എന്നെന്നോട് പറയുകയുണ്ടായി. വീട്ടിലെത്തി കുറച്ച് കുറിപ്പുകള്‍ കൂടി ചേര്‍ത്ത് പുസ്തകം പൂര്‍ത്തിയാക്കി. അങ്ങനെയാണ് 'കോട്ടയം ഡയറി' എന്ന പുസ്തകമുണ്ടായത്. ആ എഴുത്ത് ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടാക്കി.
അന്ന് സോഷ്യല്‍ മീഡിയയില്‍ സെല്‍ഫികളും എഴുത്തും ചേര്‍ത്തുകൊണ്ട് പോസ്റ്റുകളിട്ടു തുടങ്ങിയിരുന്നു. ആ എഴുത്തില്‍ കഥ കയറിവരാന്‍ തുടങ്ങി. അങ്ങനെ ഒരു പരമ്പര ഫെയ്സ്ബുക്കിൽ എഴുതിത്തുടങ്ങി. ആ സമാഹാരമാണ് 'സ്വപ്നമെഴുത്തുകാരി' എന്ന പുസ്തകം.
അതിജീവനത്തിന്റെ നാളുകള്‍
വിവാഹശേഷം വൈകിയാണ് മകന്‍ ജീവിതത്തിലേക്ക് വന്നത്. പകുതി പാസ്സായ ജുഡീഷ്യല്‍ ടെസ്റ്റ് എനിക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാതെവന്നു. ക്രിമിനല്‍ കോടതിയില്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. കുന്നംകുളത്ത് സ്വന്തമായി ഒരു ഓഫീസുണ്ട്. മകന്‍ പിറന്നശേഷം പലപ്പോഴും സ്ഥിരമായി ഓഫീസിലേക്ക് എത്താനായില്ല. ലീഗല്‍ അഡ്വൈസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫുള്‍ ടൈം കരിയര്‍ എനിക്കിപ്പോള്‍ പ്രാക്ടിക്കലല്ല. പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് ഓഫീസ് കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ചെയ്യുന്നത്.
ഒരു മനുഷ്യന്റെ ജീവിതത്തിലെ വലിയ പ്രതിസന്ധി എന്നുപറയുന്നത് കുഞ്ഞുങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ വരുന്നതാണെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. കുഞ്ഞുങ്ങളെ നമ്മള്‍ നിധികളായി കാണുന്നു. ജീവിതത്തിലെ മരണം, പ്രണയം, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, ദാരിദ്ര്യം ഇതിനെല്ലാം പരിഹാരമുണ്ട്. എന്നാല്‍ നമ്മുടെ കുഞ്ഞിന് ഒരു പ്രതിസന്ധിയുണ്ടാവുകയും നമുക്ക് നമ്മുടെ ബുദ്ധികൊണ്ടോ യുക്തികൊണ്ടോ കഠിനാധ്വാനംകൊണ്ടോ പരിഹരിക്കാന്‍ സാധിക്കാത്ത വിധത്തില്‍ അനുഭവിക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥ ഒരു രക്ഷിതാവിന്റെ ഏറ്റവും വലിയ ദുഃഖമാണ്. മകന്റെ കൂടെയിരിക്കുന്നന്നതാണ് എനിക്ക് ഏറ്റവും സന്തോഷമുള്ള കാര്യം.
എന്റെ എഴുത്തുകളിലെ ആഴത്തിനുള്ള കാരണവുമിതാണ്. ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍ എഴുത്താണ് എനിക്ക് തുണയായത്. ഞാന്‍ സന്തോഷം കണ്ടെത്തുന്നത് ഏകാന്തതയിലാണ്, ഇപ്പോള്‍ എഴുത്തിലും. ചരിത്രം, മതം, ശാസ്ത്രം, തുടങ്ങി എല്ലാ വിഭാഗം പുസ്തകങ്ങളും എനിക്കിഷ്ടമാണ്. ഇപ്പോള്‍ ഫിക്ഷനോട് താല്‍പര്യം കുറഞ്ഞു. ഫേസ്ബുക്കില്‍ വളരെ നന്നായി എഴുതുന്ന ഒരുപാട് പേരുണ്ട്.. അവരുടെ എഴുത്തുകളും എനിക്കിഷ്ടമാണ്. ഞാനവയൊക്കെ വായിക്കാറുണ്ട്.

എന്റെയുള്ളിലൊരു ആന്തരിക ലോകമുണ്ട്. എന്റെ സങ്കല്‍പത്തില്‍ മനുഷ്യരുണ്ട്. അവരുമായി സംസാരിച്ചുകൊണ്ടിരിക്കും. സ്നേഹം എപ്പോഴും ഒരു പ്രതിസന്ധിയാണ്. ഭയമുണ്ടാക്കുന്ന കാര്യമാണത്. പോസിറ്റീവായി ജീവിതത്തെ കൊണ്ടുപോകാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. എല്ലാ മുറിവിലൂടെയും ഒരു വെളിച്ചം ഉള്ളിലേക്ക് കടക്കും എന്നല്ലേ?
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇഷാനെ പോലുള്ള കുട്ടികള്‍ക്ക് സ്കൂളുകളുടെ അഭാവമുണ്ട്. മകനെപ്പോലെ കമ്മ്യൂണിക്കേഷന്‍ പ്രതിസന്ധികളുള്ള ധാരാളം കുട്ടികള്‍ ഈ തലമുറയിലുണ്ട്. അവരെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായം ഇപ്പോഴില്ല. അവര്‍ക്കായി സ്‌കൂളുകളോ സൗകര്യങ്ങളോ ഇവിടെയില്ല. അതിനര്‍ഥം അവരെ വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ പറ്റിയ ഇടമില്ല എന്നുകൂടിയാണ്. ഇതിനെല്ലാമായി മുറവിളി കൂട്ടിയിട്ട് അധികാരികളോ സര്‍ക്കാരോ ശ്രദ്ധിക്കുന്നില്ല, അതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നില്ല. സ്വന്തം വീട്ടില്‍ അങ്ങനെ ഒരു പ്രതിസന്ധി വരുമ്പോഴാണ് അതിന്റെ ആവശ്യകത ആളുകള്‍ മനസ്സിലാക്കുക.
എവിടെ ചെന്നാലും എല്ലാവരും ഉപദേശിക്കും. അതൊന്നും ഞാന്‍ സ്വീകരിക്കാറില്ല. കാരണം കുട്ടികള്‍ വ്യത്യസ്തരാണ്. കുട്ടി ക്ലാസില്‍ ഒന്നാമനായില്ല, മെഡിസിന് കിട്ടിയില്ല എന്നൊക്കെ കേള്‍ക്കുമ്പോള്‍ എനിക്ക് തോന്നും, ആ കുട്ടി രക്ഷിതാക്കളോട് അവന്റെ ആവശ്യം എന്താണെന്ന് പറയുന്നുണ്ടല്ലോ എന്ന്. അതൊന്നുമില്ലാത്ത ഒരു അമ്മയുടെ അവസ്ഥ ഒന്ന് ഓര്‍ത്തുനോക്കൂ. കുടിലില്‍ താമസിക്കുന്നവര്‍ക്ക് നല്ലൊരു വീടായിരിക്കും സ്വപ്നം. കുറച്ചുകൂടെ വലിയ വീടുള്ളവര്‍ക്ക് കൊട്ടാരമായിരിക്കും സ്വപ്നം.
ജീവിതത്തില്‍ എല്ലാം അനുഗ്രഹങ്ങളാണ് എന്നെനിക്ക് തോന്നും. എനിക്ക് ഇത്രയൊക്കെ ചെയ്യാന്‍ കഴിയുന്നുണ്ടല്ലോ. മരണത്തെക്കാള്‍ ഭീകരമാണ് വിഷാദം. അനുഭവിച്ചറിഞ്ഞപ്പോള്‍ അത് മറികടക്കാന്‍ ഏറെ പ്രയാസപ്പെട്ടു. ഡിപ്രഷനുണ്ടാകും എന്നുകരുതി എഴുതാതിരുന്ന ഞാനാണ് പിന്നീട് എഴുത്തിലേക്ക് വന്നത്. എന്റെ ഏറ്റവും വലിയ അനുഗ്രഹം മകനാണ്. വൈകിയുണ്ടായ അവന്‍ എനിക്കൊരു ഭാഗ്യമാണെന്നാണ് ഞാന്‍ കരുതുന്നത്. എഴുതിയ പുസ്തകങ്ങളും വായനക്കാരും സ്നേഹബന്ധങ്ങളും എല്ലാം അനുഗ്രഹങ്ങളാണ്.
സാമൂഹിക മാധ്യമത്തിലെ ഇടപെടല്‍
കൊറോണക്കാലത്താണ് സോഷ്യല്‍ മീഡിയയുടെ വൈബ് ഞാന്‍ മനസ്സിലാക്കിയത്. അതില്‍ വന്നുപോകാത്ത ആളുകള്‍ വിരളമാണെന്ന് എനിക്ക് മനസ്സിലായി. ധാരാളം ഇന്റലക്ച്വല്‍ ആയ, വായനാശീലമുള്ള ആളുകള്‍ അവിടെയുണ്ട്. സോഷ്യല്‍മീഡിയ എന്റെ ജീവിതത്തില്‍ നിര്‍ണായകമായി സ്വാധീനിച്ചിട്ടുണ്ട്. ഞാന്‍ കാണാന്‍ ആഗ്രഹിച്ച പല ആളുകളെയും കണ്ടു, പരിചയപ്പെടാനും സാധിച്ചു.
സ്മിത ഗിരീഷിന്റെ പുസ്തകങ്ങള്‍ വാങ്ങാം
പുതിയ പുസ്തകങ്ങളെക്കുറിച്ചും എഴുത്തുകളെക്കുറിച്ചുമെല്ലാം ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നാണ് അറിയാറുള്ളത്. അതുവഴിയാണ് എന്റെ പുസ്തകങ്ങള്‍ കൂടുതല്‍ പേരിലേക്കെത്തുന്നതും. സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്ന അഭിപ്രായങ്ങള്‍ മുഖവിലയ്ക്കെടുക്കാറുണ്ട്. അതിലൂടെ ഞാനിപ്പോള്‍ എഴുത്തില്‍ ഒരുപാട് തിരുത്തി. ഇനിയും ഒരുപാട് ശ്രദ്ധിക്കണമെന്ന ബോധ്യം വന്നു. സാമൂഹ്യമാധ്യമം നന്നായി ഉപയോഗിച്ചാല്‍ വളരെ നല്ലതാണെന്നാണ് എന്‍റെ അഭിപ്രായം. സോഷ്യല്‍മീഡിയയില്‍ നിന്ന് എനിക്കിതുവരെ പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല. മോശം പെരുമാറ്റം നേരിടുമ്പോള്‍ ബ്ലോക്ക് ചെയ്ത് പരിഹരിക്കുന്ന പതിവില്ല. നിശബ്ദമായി ബ്ലോക്ക് ചെയ്തിട്ട് ഒരു പ്രയോജനവുമില്ല. പ്രതികരിക്കുകയാണ് വേണ്ടത്.
കൈവിടാത്ത സൗഹൃദങ്ങള്‍
കുട്ടിക്കാലം മുതലേ എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. അവരാണെന്റെ ബലം. സൗഹൃദങ്ങള്‍ എനിക്കൊരുപാട് ആശ്വാസം നല്‍കിയിട്ടുണ്ട്. നല്ല സുഹൃത്തുക്കളുള്ളതുകൊണ്ട് പോസിറ്റീവായിരിക്കുന്ന വ്യക്തിയാണ് ഞാന്‍. എഴുത്തിടത്തില്‍ എനിക്ക് ഒരുപാട് സൗഹൃദങ്ങളില്ല. എഴുതുന്ന എല്ലാ സ്ത്രീകളേയും എനിക്കിഷ്ടമാണ്. ഒരുവീട് ഒരിക്കലും സ്ത്രീയോട് എഴുതിക്കോളൂ എന്ന് പറയാറില്ല. കംഫര്‍ട്ട് സോണിലുള്ള സ്ത്രീക്കും എഴുത്തുമേശയിലേക്ക് വരണമെങ്കില്‍ ഒരുപാട് ത്യാഗം ചെയ്യേണ്ടിവരും. ഒരു പുസ്തകം വായിക്കണമെങ്കില്‍ അവര്‍ക്ക് ഒരുപാട് കടമ്പകള്‍ കടക്കേണ്ടതുണ്ട്. അങ്ങനെയും എഴുതുന്ന സ്ത്രീകളുണ്ട്. അവരൊക്കെ എഴുതുമ്പോള്‍ ഞാന്‍ എഴുതുന്ന പോലെയാണ് എനിക്ക് തോന്നാറുള്ളത്. എഴുതുന്ന ഓരോ സ്ത്രീകള്‍ക്കും പറയാന്‍ ഓരോ കഥയുണ്ടാകുമെന്നതാണ് യാഥാര്‍ഥ്യം!
Content Highlights: Interview with writer Smitha Girish
Published: 14 Sept 2024, 04:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented